വിവരങ്ങള്‍ കാണിക്കുക

നാസി കൂട്ട​ക്കൊ​ല​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്തു സംഭവിച്ചു?

നാസി കൂട്ട​ക്കൊ​ല​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്തു സംഭവിച്ചു?

ജർമനിയിലും നാസി​ക​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലുള്ള രാജ്യ​ങ്ങ​ളി​ലും ഉണ്ടായി​രുന്ന 35,000 യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഏതാണ്ട്‌ 1,500 പേർ അക്കാലത്ത്‌ മരിച്ചു. എന്നാൽ ഇവരുടെ ഓരോ​രു​ത്ത​രു​ടെ​യും മരണകാ​രണം എന്താ​ണെന്ന്‌ അറിയില്ല. ഇപ്പോ​ഴും പഠനങ്ങൾ നടക്കു​ന്ന​തു​കൊണ്ട്‌ കണക്കു​ക​ളും മറ്റു വിശദാം​ശ​ങ്ങ​ളും പുതു​ക്ക​പ്പെ​ട്ടേ​ക്കാം.

 അവർ എങ്ങനെ മരിച്ചു?

 • നാസികൾ ഉപയോഗിച്ചിരുന്ന ശിരച്‌ഛേദനയന്ത്രം

  വധശിക്ഷ: ജർമനിയിലും നാസി​യു​ടെ അധീന​ത​യി​ലുള്ള രാജ്യ​ങ്ങ​ളി​ലും ആയി 400-നോട​ടുത്ത്‌ സാക്ഷികൾ വധശി​ക്ഷ​യ്‌ക്കു വിധേ​യ​രാ​യി. മിക്കവ​രെ​യും കോട​തി​യിൽ വിചാരണ നടത്തി വധശി​ക്ഷ​യ്‌ക്കു വിധി​ച്ച​ശേഷം തല വെട്ടി കൊല്ലു​ക​യാ​യി​രു​ന്നു. മറ്റു ചിലരെ കോട​തി​യിൽ വിസ്‌ത​രി​ക്കാ​തെ വെടി​വെ​ച്ചും തൂക്കി​യും കൊന്നു.

 • കഠിന​ത​ടവ്‌: നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും ജയിലി​ലു​മാ​യി 1,000-ത്തിലധി​കം സാക്ഷികൾ മരിച്ചു. അവർ കഠിന​മാ​യി പണി​യെ​ടു​ത്ത​തു​കൊ​ണ്ടോ ഉപദ്ര​വ​മേ​റ്റോ പട്ടിണി കിടന്നോ തണുപ്പ​ടി​ച്ചോ രോഗം വന്നോ ചികിത്സ കിട്ടാ​തെ​യോ ആണ്‌ മരിച്ചത്‌. ക്രൂര​മായ ഉപദ്ര​വ​മേറ്റ ചിലർ രണ്ടാം ലോക​യു​ദ്ധ​ത്തി​ന്റെ അവസാനം സ്വാത​ന്ത്ര്യം കിട്ടി അധികം വൈകാ​തെ മരിച്ചു.

 • മറ്റു കാരണങ്ങൾ: ചില സാക്ഷികൾ ഗ്യാസ്‌ ചേമ്പറു​ക​ളിൽവെ​ച്ചോ മാരക​മായ വൈദ്യ​പ​രീ​ക്ഷ​ണ​ങ്ങൾക്കു വിധേ​യ​രാ​യ​തു​കൊ​ണ്ടോ വിഷം കുത്തി​വെ​ച്ച​തു​കൊ​ണ്ടോ മരിച്ചു.

 എന്തിന്‌ അവരെ ഉപദ്ര​വി​ച്ചു?

ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ മുറുകെ പിടി​ച്ച​തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഉപദ്രവം ഏൽക്കേ​ണ്ടി​വ​ന്നത്‌. ബൈബിൾ വിലക്കുന്ന കാര്യങ്ങൾ ചെയ്യാൻ നാസി ഭരണകൂ​ടം സാക്ഷി​ക​ളോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ അവർ അതിനു വഴങ്ങി​യില്ല. “മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌” എന്നതാ​യി​രു​ന്നു അവരുടെ നിലപാട്‌. (പ്രവൃ​ത്തി​കൾ 5:29) അവർ ഈ നിലപാട്‌ എടുത്ത രണ്ടു മേഖലകൾ നോക്കാം.

 1. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി നിന്നു. ഇന്നുള്ള എല്ലാ രാജ്യ​ങ്ങ​ളി​ലെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ നാസി ഭരണത്തി​നു കീഴിൽ കഴിഞ്ഞ സാക്ഷി​ക​ളും നിഷ്‌പ​ക്ഷ​രാ​യി​രു​ന്നു. (യോഹ​ന്നാൻ 18:36) അതു​കൊണ്ട്‌ അവർ

  • സൈനി​ക​സേ​വ​ന​ത്തിൽ ഏർപ്പെ​ടു​ക​യോ യുദ്ധത്തെ പിന്തു​ണ​യ്‌ക്കു​ക​യോ ചെയ്‌തില്ല.—യശയ്യ 2:4; മത്തായി 26:52.

  • തെര​ഞ്ഞെ​ടു​പ്പു​ക​ളിൽ വോട്ടു ചെയ്യു​ക​യോ നാസി സംഘട​ന​ക​ളിൽ ചേരു​ക​യോ ചെയ്‌തില്ല.—യോഹ​ന്നാൻ 17:16.

  • സ്വസ്‌തി​കയെ വന്ദിക്കു​ക​യോ “ഹെയ്‌ൽ ഹിറ്റ്‌ലർ!” എന്നു പറയു​ക​യോ ചെയ്‌തില്ല.—മത്തായി 23:10; 1 കൊരി​ന്ത്യർ 10:14.

 2. വിശ്വാ​സ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു. നാസി ഭരണകൂ​ടം യഹോ​വ​യു​ടെ സാക്ഷി​കൾക്കു വിലക്ക്‌ ഏർപ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സാക്ഷികൾ തുടർന്നും

  • പ്രാർഥ​ന​യ്‌ക്കും ആരാധ​ന​യ്‌ക്കും ആയി കൂടി​വന്നു.—എബ്രായർ 10:24, 25.

  • ബൈബിൾസ​ന്ദേശം പ്രസം​ഗി​ക്കു​ക​യും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യു​ക​യും ചെയ്‌തു.—മത്തായി 28:19, 20.

  • ജൂതന്മാർ ഉൾപ്പെ​ടെ​യുള്ള തങ്ങളുടെ അയൽക്കാ​രോ​ടു ദയ കാണിച്ചു.—മർക്കോസ്‌ 12:31.

  • വിശ്വാ​സം തള്ളിപ്പ​റ​യു​ന്ന​താ​യി പ്രഖ്യാ​പി​ക്കുന്ന രേഖയിൽ ഒപ്പിടാൻ വിസമ്മ​തി​ച്ചു.—മർക്കോസ്‌ 12:30.

“മൂന്നാം സാമ്രാ​ജ്യ​ത്തിൽ മതപര​മായ വിശ്വാ​സ​ത്തി​ന്റെ പേരിൽ മാത്രം ഉപദ്രവം ഏൽക്കേ​ണ്ടി​വന്ന ഒരേ ഒരു കൂട്ടർ” യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ പ്രൊ​ഫസ്സർ റോബർട്ട്‌ ഗെർവെർത്ത്‌ നിഗമനം ചെയ്യുന്നു. * യഹോ​വ​യു​ടെ സാക്ഷി​കളെ അവരുടെ ഉറച്ച നിലപാ​ടി​നെ​പ്രതി തടങ്കൽപ്പാ​ള​യ​ത്തി​ലെ മറ്റു തടവു​കാർ പ്രശം​സി​ച്ചു. ഒരു ഓസ്‌ട്രി​യൻ തടവു​കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “അവർ യുദ്ധത്തി​നു പോകില്ല. മരി​ക്കേ​ണ്ടി​വ​ന്നാ​ലും അവർ മറ്റുള്ള​വരെ കൊല്ലില്ല.”

 എവി​ടെ​വെച്ച്‌ അവർ മരിച്ചു?

 • തടങ്കൽപ്പാ​ള​യങ്ങൾ: യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഭൂരി​ഭാ​ഗം പേരും മരിച്ചത്‌ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽവെ​ച്ചാ​യി​രു​ന്നു. അവർ ഓഷ്‌വി​റ്റ്‌സ്‌, ബൂക്കെൻവോൾട്ട്‌, ഡെക്കാവൂ, ഫ്‌ലോ​സൻബെർഗ്‌, മൗട്ട്‌ഹൗ​സെൻ, ന്യൂൻഗാ​മേ, നിഡാർഹെഗൻ, റാവൻസ്‌ബ്രൂക്‌, സാക്‌സെൻഹൗ​സെൻ എന്നീ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ തടവു​കാ​രാ​യി​രു​ന്നു. സാക്‌സെൻഹൗ​സെ​നിൽ മാത്ര​മാ​യി ഏകദേശം 200 യഹോ​വ​യു​ടെ സാക്ഷികൾ മരിച്ച​താ​യി സ്ഥിരീ​ക​രി​ച്ചി​ട്ടുണ്ട്‌.

 • ജയിലു​കൾ: ചില സാക്ഷികൾ ജയിലു​ക​ളി​ലെ ക്രൂര​മായ ഉപദ്ര​വ​മേറ്റ്‌ മരിച്ചു. മറ്റു ചിലർ മരിച്ചത്‌ ചോദ്യം ചെയ്യലി​നി​ടെ ഉണ്ടായ ഉപദ്ര​വ​ത്തി​ന്റെ ഫലമാ​യി​ട്ടാണ്‌.

 • വധശിക്ഷ നടപ്പാ​ക്കി​യി​രുന്ന സ്ഥലങ്ങൾ: യഹോ​വ​യു​ടെ സാക്ഷികൾ പ്രധാ​ന​മാ​യും വധിക്ക​പ്പെ​ട്ടത്‌ ബർലിൻ പ്ലോ​സെൻസീ, ബ്രാൻഡെൻബർഗ്‌, സാലെ ഹാലെ എന്നീ ജയിലു​ക​ളിൽവെ​ച്ചാ​യി​രു​ന്നു. ഇതു കൂടാതെ മറ്റ്‌ 70 സ്ഥലങ്ങളി​ലാ​യി യഹോ​വ​യു​ടെ സാക്ഷികൾ വധിക്ക​പ്പെ​ട്ട​തി​ന്റെ രേഖക​ളു​മുണ്ട്‌.

 വധശി​ക്ഷ​യ്‌ക്ക്‌ ഇരയായ ചിലർ

 • പേര്‌: ഹെലൻ ഗോ​ട്ടോൾഡ്‌

  വധശിക്ഷ നടപ്പാ​ക്കിയ സ്ഥലം: പ്ലോ​സെൻസീ (ബെർലിൻ)

  രണ്ടു കുട്ടി​ക​ളു​ടെ അമ്മയായ ഹെലൻ പല തവണ അറസ്റ്റി​ലാ​യി. 1937-ൽ ഒരു ചോദ്യം ചെയ്യലി​നി​ടെ ഹെലൻ ക്രൂര​മായ പെരു​മാ​റ്റ​ത്തി​നി​ര​യാ​യി. അവരുടെ വയറ്റി​ലു​ണ്ടാ​യി​രുന്ന കുഞ്ഞു മരിച്ചു. 1944 ഡിസംബർ 8-ന്‌ ബെർലി​നി​ലെ പ്ലോ​സെൻസീ ജയിലിൽവെച്ച്‌ ഹെലനെ തല വെട്ടി കൊന്നു.

 • പേര്‌: ഗെഹാഡ്‌ ലെബോൾഡ്‌

  വധശിക്ഷ നടപ്പാ​ക്കിയ സ്ഥലം: ബ്രാൻഡെൻബർഗ്‌

  ഗെഹാ​ഡി​നെ 1943 മെയ്‌ 6-ന്‌, 20-ാം വയസ്സിൽ തല വെട്ടി കൊന്നു. രണ്ടു വർഷം മുമ്പ്‌ ഇതേ ജയിലിൽവെച്ച്‌ അദ്ദേഹ​ത്തി​ന്റെ പിതാ​വി​ന്റെ​യും തല വെട്ടി​യി​രു​ന്നു. വീട്ടു​കാർക്കും പ്രതി​ശ്രു​ത​വ​ധു​വി​നും അദ്ദേഹം എഴുതിയ അവസാ​ന​ക​ത്തി​ലെ വാക്കുകൾ ഇതായി​രു​ന്നു: “കർത്താ​വി​ന്റെ ശക്തി ഇല്ലായി​രു​ന്നെ​ങ്കിൽ എനിക്ക്‌ ഈ വഴിയി​ലൂ​ടെ നടക്കാൻ കഴിയി​ല്ലാ​യി​രു​ന്നു.”

 • പേര്‌: റുഡോൾഫ്‌ ഓസ്‌ക്ക​നർ

  വധശിക്ഷ നടപ്പാ​ക്കിയ സ്ഥലം: സാലെ ഹാലെ

  1944 സെപ്‌റ്റം​ബർ 22-ന്‌ വെറും 17 വയസ്സു​ണ്ടാ​യി​രുന്ന റുഡോൾഫി​നെ തല വെട്ടി കൊന്നു. തന്റെ അമ്മയ്‌ക്കുള്ള അവസാ​ന​ക​ത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ വഴിയി​ലൂ​ടെ അനേകം സഹോ​ദ​രങ്ങൾ നടന്നി​രി​ക്കു​ന്നു, ഞാനും ആ വഴിയേ പോകു​ന്നു.”

^ ഖ. 22 ഹിറ്റ്‌ലറിന്റെ ആരാച്ചാർ: ഹൈ​ഡ്രി​ച്ചി​ന്റെ ജീവിതം (ഇംഗ്ലീഷ്‌), പേജ്‌ 105.