വിവരങ്ങള്‍ കാണിക്കുക

വീടു​തോ​റു​മു​ള്ള സുവി​ശേ​ഷ​വേ​ല​യി​ലൂ​ടെ രക്ഷ നേടി​യെ​ടു​ക്കാ​നാ​ണോ യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നത്‌?

വീടു​തോ​റു​മു​ള്ള സുവി​ശേ​ഷ​വേ​ല​യി​ലൂ​ടെ രക്ഷ നേടി​യെ​ടു​ക്കാ​നാ​ണോ യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നത്‌?

ഞങ്ങൾ പതിവാ​യി വീടു​തോ​റു​മു​ള്ള സുവി​ശേ​ഷ​വേല ചെയ്യു​ന്ന​വ​രാ​ണെ​ന്നു​ള്ളതു ശരിയാണ്‌. പക്ഷേ ഞങ്ങൾ അതു ചെയ്യു​ന്നത്‌ രക്ഷ നേടി​യെ​ടു​ക്കാൻ വേണ്ടിയല്ല. അങ്ങനെ ചെയ്യാ​നാ​കു​മെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു​മി​ല്ല. (എഫെസ്യർ 2:8) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കു​ക: വളരെ ആദരണീ​യ​നും ഉദാര​മ​തി​യും ആയ ഒരാൾ, ഒരു നിശ്ചിത തീയതി​യിൽ നിശ്ചിത സ്ഥലത്ത്‌ ഹാജരാ​കു​ന്ന എല്ലാവർക്കും വിലകൂ​ടി​യ ഒരു സമ്മാനം കൊടു​ക്കു​ന്ന​താ​യി​രി​ക്കും എന്ന്‌ പ്രഖ്യാ​പി​ക്കു​ന്നു എന്നിരി​ക്ക​ട്ടെ. അദ്ദേഹ​ത്തി​ന്റെ ആ വാഗ്‌ദാ​നം നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കിൽ അദ്ദേഹം പറയു​ന്ന​തു​പോ​ലെ നിങ്ങൾ ചെയ്യു​ക​യി​ല്ലേ? ഒരു സംശയ​വു​മി​ല്ല. അതുമാ​ത്ര​മല്ല, നിങ്ങളു​ടെ കുടും​ബ​ത്തോ​ടും ബന്ധുമി​ത്രാ​ദി​ക​ളോ​ടും അക്കാര്യ​ത്തെ​ക്കു​റി​ച്ചു പറയു​ക​യും ചെയ്യും, അല്ലേ? കാരണം അവർക്കും ആ സമ്മാനം കിട്ടാൻ നിങ്ങൾ ആഗ്രഹി​ക്കും. അദ്ദേഹ​ത്തി​ന്റെ നിർദേ​ശ​ങ്ങൾ അനുസ​രി​ച്ചു എന്നതു​കൊണ്ട്‌ ആ സമ്മാനം നിങ്ങൾക്ക്‌ നേടി​യെ​ടു​ക്കാ​നാ​വില്ല. സമ്മാനം സമ്മാനം തന്നെയാണ്‌. നിങ്ങൾ പ്രത്യേ​ക​മാ​യി എന്തെങ്കി​ലും അവിടെ ചെയ്യു​ന്ന​തു​കൊ​ണ്ടല്ല നിങ്ങൾക്ക്‌ അത്‌ കിട്ടു​ന്നത്‌.

അതു​പോ​ലെ​ത​ന്നെ​യാണ്‌ രക്ഷയുടെ കാര്യ​വും. ദൈവത്തെ അനുസ​രി​ക്കു​ന്ന എല്ലാ മനുഷ്യർക്കും ദൈവം നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക​റി​യാം, അവർ അതു വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. (റോമർ 6:23) ഞങ്ങൾ വിശ്വ​സി​ക്കു​ന്ന ആ കാര്യം മറ്റുള്ള​വ​രോട്‌ പറയാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു. അവർക്കും ദൈവ​ത്തി​ന്റെ ആ വാഗ്‌ദാ​ന​ത്തിൽനിന്ന്‌ പ്രയോ​ജ​നം നേടാ​മെന്ന പ്രത്യാ​ശ​യി​ലാണ്‌ അങ്ങനെ ചെയ്യു​ന്നത്‌. എന്നാൽ സുവി​ശേ​ഷ​വേ​ല​യി​ലൂ​ടെ ഞങ്ങൾക്ക്‌ രക്ഷ നേടി​യെ​ടു​ക്കാ​മെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല. (റോമർ 1:17; 3:28) ദൈവ​ത്തിൽനിന്ന്‌ അത്തര​മൊ​രു മഹനീ​യ​മാ​യ അനു​ഗ്ര​ഹം നേടി​യെ​ടു​ക്കാ​നു​ള്ള യോഗ്യ​ത​യിൽ സ്വയം എത്തി​ച്ചേ​രാൻ ഒരു മനുഷ്യർക്കും കഴിയു​മെ​ന്നും തോന്നു​ന്നി​ല്ല. കാരണം, ‘അവിടു​ന്നു നമുക്കു രക്ഷ നൽകി​യത്‌ നമ്മുടെ നീതി​യു​ടെ പ്രവൃ​ത്തി​കൾകൊ​ണ്ടല്ല; പിന്നെ​യോ അവിടു​ത്തെ കാരു​ണ്യം​മൂ​ല​മാണ്‌.’—തീത്തൊസ്‌ 3:4, 5, പി.ഒ.സി.ബൈബിൾ.