വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌ത്യാ​നി​ക​ളാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌ത്യാ​നി​ക​ളാ​ണോ?

അതെ. പിൻവ​രു​ന്ന കാരണങ്ങൾ കാണുക:

  • യേശു​ക്രി​സ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങ​ളും മാതൃ​ക​യും അടുത്തു പിൻപ​റ്റാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു.—1 പത്രോസ്‌ 2:21.

  • രക്ഷയുടെ അടിസ്ഥാ​നം യേശു​വാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. “മറ്റൊ​രു​വ​നി​ലും രക്ഷയില്ല; നാം രക്ഷിക്ക​പ്പെ​ടേ​ണ്ട​തി​നാ​യി ആകാശ​ത്തിൻകീ​ഴിൽ മനുഷ്യ​രു​ടെ​യി​ട​യിൽ നൽക​പ്പെ​ട്ടി​രി​ക്കു​ന്ന മറ്റൊരു നാമവു​മി​ല്ല.”—പ്രവൃ​ത്തി​കൾ 4:12.

  • യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്നവർ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​ന്നു.—മത്തായി 28:18, 19.

  • ഞങ്ങൾ യേശു​വി​ന്റെ നാമത്തി​ലാണ്‌ പ്രാർഥി​ക്കു​ന്നത്‌.—യോഹന്നാൻ 15:16.

  • ഏതൊരു പുരുഷന്റെയും ശിരസ്സാ​ക്കി​വെ​ച്ചി​രി​ക്കു​ന്നത്‌ അഥവാ അവന്റെ മേൽ അധികാ​രം പ്രയോ​ഗി​ക്കാൻ നിയു​ക്ത​നാ​ക്കി​യി​രി​ക്കു​ന്നത്‌ യേശു​വി​നെ​യാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.—1 കൊരി​ന്ത്യർ 11:3.

എന്നാൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അറിയ​പ്പെ​ടു​ന്ന മതവി​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാണ്‌ ഞങ്ങൾ--പലവി​ധ​ങ്ങ​ളിൽ. ഉദാഹ​ര​ണ​ത്തിന്‌, യേശു ദൈവ​ത്തി​ന്റെ പുത്ര​നാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു; അതു​കൊണ്ട്‌ യേശു ത്രിത്വ​ത്തി​ന്റെ ഭാഗമ​ല്ലെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. (മർക്കോസ്‌ 12:29) ദേഹി അമർത്യ​മാ​ണെ​ന്നോ ദൈവം മനുഷ്യ​രെ നരകത്തിൽ നിത്യ​മാ​യി ദണ്ഡിപ്പി​ക്കു​മെ​ന്നോ മതകാ​ര്യ​ങ്ങ​ളിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്ക്‌ മറ്റുള്ള​വ​രു​ടെ മീതെ അവരെ ഉയർത്തി​ക്കാ​ട്ടു​ന്ന സ്ഥാന​പ്പേ​രു​കൾ ഉണ്ടായി​രി​ക്ക​ണ​മെ​ന്നോ ഞങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല.—സഭാപ്രസംഗി 9:5; യെഹെ​സ്‌കേൽ 18:4; മത്തായി 23:8-10.