വിവരങ്ങള്‍ കാണിക്കുക

ഒരു പ്രളയം സന്തോ​ഷ​വാർത്ത എത്തിക്കു​ന്നു

2017-ൽ നിക്കരാ​ഗ്വ​യി​ലെ മിസ്‌കി​റ്റൊ കോസ്റ്റ്‌ പ്രദേ​ശ​ത്തു​നിന്ന്‌ 12 സാക്ഷികൾ ഒരു ബോട്ടിൽ യാത്ര തുടങ്ങി. അവരുടെ ബോട്ടിന്‌ ഒരു പേരു​ണ്ടാ​യി​രു​ന്നു, സ്റ്റുരി യാമ്‌നി. ആ കൂട്ടത്തിൽ ഉണ്ടായി​രുന്ന സ്റ്റീഫൻ ഇങ്ങനെ ഓർക്കു​ന്നു: “ഞങ്ങളുടെ യാത്ര​യ്‌ക്ക്‌ രണ്ടു ലക്ഷ്യങ്ങൾ ഉണ്ടായി​രു​ന്നു. ഒരു ഒറ്റപ്പെട്ട സ്ഥലത്തു താമസി​ക്കുന്ന സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക, ഒപ്പം ആ വലിയ പ്രദേ​ശത്ത്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ അവരെ സഹായി​ക്കുക.”

യാത്രാ​സം​ഘം പേൾ ലഗൂണിൽനിന്ന്‌ റിയോ ഗ്രാൻഡെ ഡി മാറ്റാ​ഗെൽപാ നദിയി​ലൂ​ടെ 200 കിലോ​മീ​റ്റർ വരുന്ന അവരുടെ യാത്ര ആരംഭി​ച്ചു. മിസ്‌കി​റ്റൊ ഭാഷയിൽ ആ ബോട്ടി​ന്റെ പേരിന്‌ “സന്തോ​ഷ​വാർത്ത” എന്നാണ്‌ അർഥം. ആ പേരിന്‌ നദീതീ​രത്ത്‌ താമസി​ക്കുന്ന ആളുക​ളു​ടെ ജീവി​ത​ത്തിൽ വലി​യൊ​രു അർഥമു​ണ്ടാ​കു​മെന്ന്‌ അവർ ചിന്തി​ച്ച​തേ​യില്ല. ലാ ക്രൂസ്‌ ഡി റിയോ ഗ്രാൻഡെ ആയിരു​ന്നു അവരുടെ ലക്ഷ്യസ്ഥാ​നം. യാത്ര​യ്‌ക്കു​തന്നെ 12 മണിക്കൂർ വേണ്ടി​വന്നു. രണ്ടു ദിവസം​കൊ​ണ്ടാണ്‌ ആ യാത്ര പൂർത്തി​യാ​ക്കി​യത്‌. അവരെ സ്വീക​രി​ക്കാ​നാ​യി ആറു സഹോ​ദ​രങ്ങൾ അവിടെ കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു.

ആ രാത്രി​യിൽ അവിടെ അപ്രതീ​ക്ഷി​ത​മായ ഒരു ദുരന്തം ആഞ്ഞടിച്ചു. വലി​യൊ​രു കൊടു​ങ്കാ​റ്റു​ണ്ടാ​യി, പിന്നാലെ ശക്തമായ മഴയും. മണിക്കൂ​റു​കൾക്കു​ള്ളിൽ നദി കരകവി​ഞ്ഞൊ​ഴു​കാൻ തുടങ്ങി. ഇത്‌ രണ്ടു ദിവസം തുടർന്നു. ലാ ക്രൂസി​ലെ രാജ്യ​ഹാ​ളി​ലും അവിടത്തെ ചില വീടു​ക​ളി​ലും വെള്ളം കയറി. ആ പ്രദേ​ശത്തെ ആളുകളെ വീടു​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടു​ത്താൻ അവി​ടേക്കു ചെന്ന ആ സഹോ​ദ​രങ്ങൾ സഹായി​ച്ചു. അടുത്ത രണ്ടു രാത്രി​ക​ളിൽ ഒരു സഹോ​ദ​രി​യു​ടെ രണ്ടുനില വീട്ടി​ലാണ്‌ പലരും തങ്ങിയത്‌.

ലാ ക്രൂസി​ലെ രാജ്യ​ഹാ​ളിൽ വെള്ളം കയറി​യ​പ്പോൾ

മൂന്നാ​മ​ത്തെ ദിവസം രാത്രി ലാ ക്രൂസി​ലെ മേയർ അവിടം സന്ദർശിച്ച ആ സാക്ഷി​കളെ കാണാൻ വന്നു. കരകവി​ഞ്ഞൊ​ഴു​കിയ ആ നദിയി​ലൂ​ടെ പോകാൻ കെൽപ്പു​ണ്ടാ​യി​രു​ന്നത്‌ ഇവരുടെ സ്റ്റുരി യാമ്‌നി എന്ന ബോട്ടി​നു മാത്ര​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പ്രളയം ബാധിച്ച മറ്റു സ്ഥലങ്ങളി​ലെ ആളുകളെ രക്ഷിക്കാൻ ഈ ബോട്ടിൽ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​കരെ കൊണ്ടു​പോ​കാ​നാ​കു​മോ എന്ന്‌ മേയർ ചോദി​ച്ചു. സഹായി​ക്കാൻ ആ സാക്ഷി​കൾക്ക്‌ നൂറു മനസ്സാ​യി​രു​ന്നു.

പിറ്റേന്ന്‌ രാവി​ലെ​തന്നെ മൂന്നു സാക്ഷികൾ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ക​രോ​ടൊ​പ്പം പോയി. സ്റ്റീഫൻ പറയുന്നു: “നദി ആകെ കലങ്ങി​മ​റിഞ്ഞ അവസ്ഥയി​ലാ​യി​രു​ന്നു. കടപു​ഴ​കിയ വൻമരങ്ങൾ നദിയി​ലൂ​ടെ ഒഴുകി​വന്നു. അങ്ങിങ്ങാ​യി വലിയ ചുഴി​ക​ളും രൂപ​പ്പെട്ടു. ഒഴുക്കി​ന്റെ വേഗത​യാ​ണെ​ങ്കിൽ മണിക്കൂ​റിൽ 18 കിലോ​മീ​റ്റ​റിൽ അധിക​വും.” ഈ ദുഷ്‌ക​ര​മായ സാഹച​ര്യ​ത്തി​ലും ആ ബോട്ടിന്‌ മൂന്നു പ്രദേ​ശ​ങ്ങ​ളി​ലെ ആളുക​ളു​ടെ അടു​ത്തേക്ക്‌ എത്താൻ കഴിഞ്ഞു.

ഈ മൂന്നു സാക്ഷികൾ വിഷമി​ച്ചി​രുന്ന ഗ്രാമ​ത്തി​ലു​ള്ള​വരെ ആശ്വസി​പ്പി​ച്ചു. കൂടാതെ, “ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ—ജീവൻ രക്ഷിക്കാ​നുള്ള മാർഗങ്ങൾ” എന്ന വിഷയ​ത്തി​ലുള്ള 2017-ലെ ഉണരുക! മാസി​ക​യും അവർക്കു കൊടു​ത്തു.

സാക്ഷികൾ കൊടുത്ത പ്രാ​യോ​ഗിക സഹായ​വും ബൈബി​ളിൽനി​ന്നുള്ള ആശ്വാ​സ​വും ആ നദീതീ​രത്ത്‌ താമസി​ക്കുന്ന ആളുകൾ അതിയാ​യി വിലമ​തി​ച്ചു. ചിലർ ഇങ്ങനെ പറഞ്ഞു: “കഷ്ടപ്പാ​ടി​ന്റെ സമയത്ത്‌ സഹായി​ക്കു​ന്ന​വ​രാണ്‌ അവർ.” “അവർക്ക്‌ അയൽക്കാ​രോട്‌ ശരിക്കും സ്‌നേ​ഹ​മുണ്ട്‌” എന്നു മറ്റു ചിലർ അഭി​പ്രാ​യ​പ്പെട്ടു. സഹോ​ദ​ര​ങ്ങ​ളെ​യും മറ്റുള്ള​വ​രെ​യും സഹായി​ക്കാ​നാ​യി സാക്ഷികൾ ചെയ്‌ത കാര്യങ്ങൾ കണ്ട അവർ ഇപ്പോൾ ബൈബി​ളിൽനി​ന്നുള്ള സന്ദേശം കേൾക്കാൻ കൂടുതൽ മനസ്സു​കാ​ണി​ക്കു​ന്നു.

യാത്രാസംഘത്തിലെ ഒരാളായ മാർക്കൊ സ്റ്റുരി യാമ്‌നി​യിൽനിന്ന്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​യി ഗ്രമത്തി​ലേക്കു പോകു​ന്നു

സ്റ്റുരി യാമ്‌നി ഗ്രാമ​ത്തി​ലെ വള്ളക്കട​വിൽ