വിവരങ്ങള്‍ കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—അൽബേ​നി​യ​യി​ലും കൊ​സോ​വോ​യി​ലും

 “യഹോ​വ​യ്‌ക്കു​വേണ്ടി ഇത്ര​യൊ​ക്കെ ചെയ്യാൻ പറ്റു​മെന്ന്‌ ഞാൻ ഒരിക്ക​ലും വിചാ​രി​ച്ചി​രു​ന്നില്ല.” ആവശ്യം അധിക​മുള്ള അൽബേനിയയിൽ * സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇംഗ്ലണ്ടു​കാ​രി​യായ ഗ്വെൻ പറഞ്ഞ വാക്കു​ക​ളാണ്‌ ഇത്‌.

 ‘ജനതക​ളു​ടെ അമൂല്യ​വ​സ്‌തു​ക്കളെ’ കൂട്ടി​ച്ചേർക്കാൻ അൽബേ​നി​യ​യി​ലേക്കു മാറി​ത്താ​മ​സിച്ച അനേകം സാക്ഷി​ക​ളിൽ ഒരാളാണ്‌ ഗ്വെൻ. (ഹഗ്ഗായി 2:7) ഇങ്ങനെ ചെയ്യാൻ ഈ സുവി​ശേ​ഷ​കരെ എന്താണു പ്രേരി​പ്പി​ക്കു​ന്നത്‌? മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു​വേണ്ടി അവർ എന്തെല്ലാം മാറ്റങ്ങ​ളാ​ണു വരുത്തി​യത്‌? സന്തോഷം തരുന്ന എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ബുദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സഹിച്ചു​നിൽക്കാൻ അവരെ സഹായി​ക്കു​ന്നത്‌?

സാഹച​ര്യ​ങ്ങൾ പലത്‌, പക്ഷേ ആഗ്രഹം ഒന്ന്‌

 അൽബേ​നി​യ​യി​ലേക്കു മാറി​വ​രുന്ന എല്ലാ പ്രചാ​ര​ക​രെ​യും അതിനു പ്രേരി​പ്പി​ക്കു​ന്നത്‌ ഒരേ കാര്യ​മാണ്‌: യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള ആഗ്രഹ​വും.

 മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു മുമ്പു​തന്നെ തങ്ങളുടെ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താ​നുള്ള ചില കാര്യങ്ങൾ അവർ ചെയ്‌തു. അത്‌ മറ്റൊരു രാജ്യത്ത്‌ പോയി സേവി​ക്കു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു​കളെ തരണം ചെയ്യാൻ അവരെ സഹായി​ച്ചു. ഗ്വെൻ പറയുന്നു: “ആദ്യം എന്റെ സ്ഥലത്തു​തന്നെ അൽബേ​നി​യൻ ഭാഷ സംസാ​രി​ക്കുന്ന ഒരു ഗ്രൂപ്പിൽ ഞാൻ പ്രവർത്തി​ച്ചു​തു​ടങ്ങി. പിന്നീട്‌ അൽബേ​നി​യ​യി​ലെ ഒരു കൺ​വെൻ​ഷനു ഞാൻ പങ്കെടു​ത്തു. പിന്നെ, ആ ഭാഷ നന്നായി പഠിക്കാൻ കുറച്ചു​നാൾ ഞാൻ അവിടെ പോയി നിന്നു.”

ഗ്വെൻ

 ഇറ്റലി​ക്കാ​രി​യാ​യ മാന്വെല തനിക്ക്‌ 23 വയസ്സു​ള്ള​പ്പോൾ തന്റെ രാജ്യ​ത്തു​ത​ന്നെ​യുള്ള ഒരു ചെറിയ സഭയിൽ പ്രവർത്തി​ക്കാ​നാ​യി അവി​ടേക്കു മാറി​ത്താ​മ​സി​ച്ചു. ആ സഹോ​ദരി പറയുന്നു: “ഞാൻ അവിടെ നാലു വർഷം സേവിച്ചു. അപ്പോ​ഴാണ്‌ അൽബേ​നി​യ​യിൽ കൂടുതൽ ആവശ്യ​മു​ണ്ടെന്ന്‌ ഞാൻ അറിഞ്ഞത്‌. അതു​കൊണ്ട്‌ കുറച്ച്‌ മാസം അവിടെ പോയി മുൻനി​ര​സേ​വനം ചെയ്യാൻ ഞാൻ കാര്യങ്ങൾ ക്രമീ​ക​രി​ച്ചു.”

മാന്വെല (നടുക്ക്‌)

 ഫെഡറി​ക്ക​യ്‌ക്ക്‌ വെറും 7 വയസ്സു​ള്ള​പ്പോ​ഴാണ്‌ ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ അൽബേ​നി​യ​യെ​ക്കു​റിച്ച്‌ കേൾക്കു​ന്നത്‌. അവൾ പറയുന്നു: “അൽബേ​നി​യ​യി​ലെ പ്രചാ​രകർ അനേകം ബൈബിൾപ​ഠ​നങ്ങൾ ആരംഭി​ച്ചെ​ന്നും താത്‌പ​ര്യ​ക്കാർ മീറ്റി​ങ്ങി​നു വരുന്നു​ണ്ടെ​ന്നും പരിപാ​ടി നടത്തിയ ഒരു സഹോ​ദരൻ പറഞ്ഞു. അന്നു തുടങ്ങി അൽബേ​നി​യ​യി​ലേക്കു പോക​ണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. എന്റെ ആഗ്രഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ പപ്പയോ​ടും മമ്മി​യോ​ടും പറയു​മാ​യി​രു​ന്നു. അത്‌ അവരെ അതിശ​യി​പ്പി​ച്ചെ​ങ്കി​ലും പപ്പ പറഞ്ഞു, ‘അതെക്കു​റിച്ച്‌ പ്രാർഥിക്ക്‌. അത്‌ യഹോ​വ​യു​ടെ ഇഷ്ടമാ​ണെ​ങ്കിൽ യഹോവ ആ പ്രാർഥന കേൾക്കും.’ കുറച്ച്‌ മാസങ്ങൾക്കു ശേഷം അൽബേ​നി​യ​യിൽ സേവി​ക്കാൻ ഞങ്ങളുടെ കുടും​ബത്തെ ക്ഷണിച്ചു!” വർഷങ്ങൾ കുറെ കടന്നു​പോ​യി. ഇപ്പോൾ ഫെഡറി​ക്ക​യും ഭർത്താ​വായ ഓർഗെ​സും അൽബേ​നി​യ​യിൽ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​ക​രാ​യി സേവി​ക്കു​ന്നു.

ഓർഗെ​സും ഫെഡറി​ക്ക​യും

 ജോലി​യിൽനിന്ന്‌ വിരമി​ച്ച​തി​നു ശേഷം ജാൻ പിയാ​രോ, ഭാര്യ​യായ ഗ്ലോറി​യ​യോ​ടൊ​പ്പം അൽബേ​നി​യ​യി​ലേക്കു മാറി​ത്താ​മ​സി​ച്ചു. അതെക്കു​റിച്ച്‌ സഹോ​ദരൻ പറയുന്നു: “ഞങ്ങളുടെ അഞ്ച്‌ ആൺമക്ക​ളും വളർന്നത്‌ ഇറ്റലി​യി​ലാണ്‌. അവരിൽ മൂന്നു പേർ ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കാ​നാ​യി മറ്റൊരു രാജ്യ​ത്തേക്കു പോയി. ‘നിങ്ങൾക്ക്‌ മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലാ​മോ?’ എന്ന വീക്ഷാ​ഗോ​പുര ലേഖനം ഞങ്ങളെ ശരിക്കും സ്വാധീ​നി​ച്ചു. പിന്നെ, എനിക്കു കിട്ടുന്ന പെൻഷൻകൊണ്ട്‌ അൽബേ​നി​യ​യിൽ എങ്ങനെ സേവി​ക്കാ​മെന്ന്‌ ഞങ്ങൾ ഇരുന്ന്‌ കണക്കു​കൂ​ട്ടി​നോ​ക്കി.”

ജാൻ പിയാ​രോ​യും ഗ്ലോറി​യ​യും

അവർ നന്നായി പ്ലാൻ ചെയ്‌തു

 ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറണ​മെ​ങ്കിൽ കാര്യങ്ങൾ മുന്ന​മേ​തന്നെ നന്നായി പ്ലാൻ ചെയ്യു​ക​യും ചില മാറ്റങ്ങൾ വരുത്തു​ക​യും ഒക്കെ ചെയ്യേ​ണ്ട​തുണ്ട്‌. (ലൂക്കോസ്‌ 14:28) അതിൽ ഒരു കാര്യ​മാണ്‌ ജീവി​ക്കാൻ ആവശ്യ​മായ പണം കണ്ടെത്തു​ന്നത്‌. മുന്നമേ പറഞ്ഞ ഗ്വെൻ എന്താണു ചെയ്‌തത്‌? ഇംഗ്ലണ്ടി​ലാ​യി​രു​ന്ന​പ്പോൾ അവൾ കുറച്ചു​നാൾ ചേച്ചി​യു​ടെ​കൂ​ടെ താമസി​ച്ചു. അങ്ങനെ ചെലവ്‌ ചുരു​ക്കി​യ​പ്പോൾ ആവശ്യം അധിക​മുള്ള സ്ഥലത്തേക്കു പോകാ​നുള്ള പണം കണ്ടെത്താൻ അവൾക്കാ​യി. ഇംഗ്ലണ്ടിൽനി​ന്നു​ത​ന്നെ​യുള്ള സോഫി​യ​യും ക്രിസ്റ്റ​ഫ​റും ഇങ്ങനെ പറയുന്നു: “ഞങ്ങൾ കാറും കുറച്ച്‌ ഫർണി​ച്ച​റു​ക​ളും വിറ്റു. ഒരു വർഷ​മെ​ങ്കി​ലും അൽബേ​നി​യ​യിൽ നിൽക്ക​ണ​മെ​ന്നാ​യി​രു​ന്നു ഞങ്ങളുടെ ആഗ്രഹം.” എന്നാൽ അതിലും കൂടുതൽ കാലം അവർക്കു നിൽക്കാൻ കഴിഞ്ഞു.

ക്രിസ്റ്റ​ഫ​റും സോഫി​യ​യും

 ചില പ്രചാ​രകർ ഏതാനും മാസം അൽബേ​നി​യ​യിൽ നിൽക്കും. എന്നിട്ട്‌ അവർ സ്വദേ​ശ​ത്തേക്കു പോയി ജോലി​യൊ​ക്കെ ചെയ്‌ത്‌ കുറച്ച്‌ പൈസ ഉണ്ടാക്കും. പിന്നെ അൽബേ​നി​യ​യി​ലേക്കു മടങ്ങി​വ​രും. എലീസി​യോ​യും മിര്യ​മും അതാണു ചെയ്‌തത്‌. എലീസി​യോ പറയുന്നു: “ഇറ്റലി​യി​ലെ ഒരു ടൂറിസ്റ്റ്‌ സ്ഥലത്താണ്‌ മിര്യ​മി​ന്റെ വീട്‌. കുറച്ച്‌ കാല​ത്തേക്കു മാത്രം ചെയ്യാൻ പറ്റുന്ന ജോലി​കൾ അവിടെ ഇഷ്ടം​പോ​ലെ കിട്ടും. ഞങ്ങൾ വേനൽക്കാ​ലത്ത്‌ അങ്ങോ​ട്ടു​പോ​യി മൂന്നു മാസം ജോലി ചെയ്യും. അങ്ങനെ കിട്ടുന്ന പണം​കൊണ്ട്‌ ഞങ്ങൾ അൽബേ​നി​യ​യി​ലേക്കു തിരി​ച്ചു​വന്ന്‌ പിന്നെ​യുള്ള ഒൻപത്‌ മാസം അവിടെ പ്രവർത്തി​ക്കും. അഞ്ചു വർഷം ഞങ്ങൾ ഇങ്ങനെ​തന്നെ ചെയ്‌തു.”

മിര്യ​മും എലീസി​യോ​യും

തടസ്സങ്ങൾ മറിക​ട​ക്കു​ന്നു

 ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്കു മാറി​ക്ക​ഴി​ഞ്ഞാൽ പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​തെ പറ്റില്ല. എന്നാൽ ആ സ്ഥലത്തെ സഹോ​ദ​രങ്ങൾ പറഞ്ഞു​കൊ​ടു​ക്കുന്ന കാര്യ​ങ്ങ​ളും ആ സഹോ​ദ​രങ്ങൾ ചെയ്യു​ന്ന​തൊ​ക്കെ കണ്ട്‌ പഠിക്കു​ന്ന​തും തടസ്സങ്ങൾ മറിക​ട​ക്കാൻ ഇവരെ സഹായി​ക്കു​ന്നു. നമ്മൾ മുമ്പു കണ്ട സോഫിയ ഇങ്ങനെ പറയുന്നു: “തണുപ്പു​കാ​ല​മാ​യാൽ എന്റെ നാട്ടി​ലെ​പ്പോ​ലെ​യൊ​ന്നു​മല്ല, അൽബേ​നി​യ​യിൽ ഭയങ്കര തണുപ്പാണ്‌. അതു​കൊണ്ട്‌ ആ സമയത്ത്‌ ഇവി​ടെ​യുള്ള സഹോ​ദ​രി​മാർ എങ്ങനെ​യാണ്‌ വസ്‌ത്രം ധരിക്കു​ന്ന​തെന്ന്‌ ഞാൻ നോക്കി​പ്പ​ഠി​ച്ചു.” പോള​ണ്ടിൽനി​ന്നുള്ള ഗിഷേ​ഗോ​ഷും ഭാര്യ സോന​യും കൊസോവോയിലെ * മനോ​ഹ​ര​മായ പ്രിസ്രൺ ടൗണി​ലേക്കു മാറി. സഹോ​ദരൻ പറയുന്നു: “ഇവി​ടെ​യുള്ള സഹോ​ദ​രങ്ങൾ താഴ്‌മ​യും ദയയും ക്ഷമയും ഉള്ളവരാണ്‌. ഭാഷ പഠിക്കാൻ മാത്രമല്ല മറ്റു പല കാര്യ​ങ്ങൾക്കും ഞങ്ങളെ അവർ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, വിലക്കു​റ​വിൽ സാധനങ്ങൾ കിട്ടുന്ന കടകൾ കാണി​ച്ചു​തന്നു. ഇനി, ഇവിടു​ത്തെ മാർക്ക​റ്റിൽ പോയി എങ്ങനെ സാധനങ്ങൾ വാങ്ങി​ക്കാ​മെ​ന്നും അവർ പറഞ്ഞു​തന്നു.”

സന്തോ​ഷി​ക്കാൻ പല കാരണങ്ങൾ

 മറ്റൊരു സ്ഥലത്ത്‌ പോയി സേവി​ക്കു​ന്ന​വർക്ക്‌ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സാഹച​ര്യ​ങ്ങൾ അറിയാ​നും അവരെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​ക്കാ​നും കഴിയു​ന്നു. സോന അതെക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ഇവിടു​ത്തെ സഹോ​ദ​ര​ങ്ങളെ കാണു​മ്പോൾ യഹോ​വ​യു​ടെ സ്‌നേഹം എത്ര ശക്തമാ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നുണ്ട്‌. കാരണം യഹോ​വ​യെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ അവർക്ക്‌ അവരുടെ വിശ്വാ​സ​ത്തി​ലും ജീവി​ത​ത്തി​ലും വലിയ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. അത്‌ എന്റെ വിശ്വാ​സം ബലപ്പെ​ടു​ത്തു​ന്നു. ഇനി, സഭയി​ലാ​ണെ​ങ്കിൽ ഞങ്ങളെ ഇവിടെ ശരിക്കും ആവശ്യ​മു​ണ്ടെന്ന്‌ ഞങ്ങൾക്കു തോന്നാ​റുണ്ട്‌. ഇവി​ടെ​യുള്ള സഹോ​ദ​രങ്ങൾ ഞങ്ങളുടെ അടുത്ത കൂട്ടു​കാ​രാണ്‌.” (മർക്കോസ്‌ 10:29, 30) തന്നെ പ്രോ​ത്സാ​ഹി​പ്പിച്ച കാര്യ​ത്തെ​ക്കു​റിച്ച്‌ ഗ്ലോറിയ പറയു​ന്നതു ശ്രദ്ധി​ക്കുക: “ശക്തമായ വിശ്വാ​സം കാണി​ക്കുന്ന ഇവി​ടെ​യുള്ള പല സഹോ​ദ​രി​മാ​രെ​യും എനിക്ക്‌ അറിയാം. സാക്ഷി​കൾക്കെ​തി​രെ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ ക്രൂര​മായ ഉപദ്ര​വങ്ങൾ അവർ സഹിച്ചു​നിൽക്കു​ന്നു. യഹോ​വ​യോട്‌ അത്രയ്‌ക്കു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണ​ല്ലോ അവർക്ക്‌ അതു പറ്റുന്നത്‌.”

ഗിഷേ​ഗോ​ഷും സോന​യും

 നാട്ടി​ലാ​യി​രു​ന്നെ​ങ്കിൽ പഠിക്കു​ക​യി​ല്ലാത്ത പല പുതിയ കാര്യ​ങ്ങ​ളും ആവശ്യം അധിക​മുള്ള സ്ഥലത്തേക്കു പോകു​മ്പോൾ പഠിക്കാ​നാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചെയ്യാൻ ബുദ്ധി​മു​ട്ടു​ള്ള​തെന്നു കരുതിയ ഒരു കാര്യം ചെയ്‌തു​നോ​ക്കു​ന്നത്‌ ശരിക്കും സന്തോഷം തരു​മെന്ന്‌ പലരും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. അതെക്കു​റിച്ച്‌ സ്റ്റെഫാ​നോ പറയു​ന്നതു കേൾക്കുക: “എന്റെ രാജ്യത്ത്‌ ഞങ്ങൾ പൊതു​വെ സാക്ഷീ​ക​രി​ക്കാ​റു​ള്ളത്‌ വീടു​കൾക്കു പുറത്തു​നിന്ന്‌ ഇന്റർകോ​മി​ലൂ​ടെ​യാണ്‌. വളരെ ചെറിയ അവതര​ണ​ങ്ങ​ളാണ്‌ ഞങ്ങൾ നടത്തി​യി​രു​ന്നത്‌. പക്ഷേ അൽബേ​നി​യ​ക്കാർ ഒരു കാപ്പി​യൊ​ക്കെ കുടിച്ച്‌, കുറെ നേരം സംസാ​രി​ക്കാൻ ഇഷ്ടമു​ള്ള​വ​രാണ്‌. തുടക്ക​ത്തിൽ എനിക്ക്‌ അത്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം ഞാൻ പൊതു​വെ സംസാ​രി​ക്കാൻ മടിയുള്ള കൂട്ടത്തി​ലാണ്‌. പക്ഷേ പിന്നെ​പ്പി​ന്നെ ഞാൻ ആളുക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻതു​ടങ്ങി. ഇപ്പോൾ എനിക്ക്‌ ആളുക​ളോട്‌ സംസാ​രി​ക്കു​ന്നത്‌ വലിയ ഇഷ്ടമാണ്‌. മുമ്പ​ത്തെ​ക്കാ​ളും സന്തോ​ഷ​ത്തോ​ടെ​യാണ്‌ ഞാൻ ഇപ്പോൾ ശുശ്രൂഷ ചെയ്യു​ന്നത്‌.”

അലിഡ​യും സ്റ്റെഫാ​നോ​യും

 ഭർത്താ​വാ​യ വില്യ​മി​നോ​ടൊ​പ്പം ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ അൽബേ​നി​യ​യി​ലേക്കു മാറിയ ലിയ പറയുന്നു: “ഇവിടു​ത്തെ ജീവിതം കുറെ​ക്കൂ​ടി വിശാ​ല​മാ​യി ചിന്തി​ക്കാൻ ഞങ്ങളെ പഠിപ്പി​ച്ചു. ആതിഥ്യ​ത്തെ​ക്കു​റി​ച്ചും ബഹുമാ​നം കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സൗഹൃ​ദ​ത്തെ​ക്കു​റി​ച്ചും ഒക്കെ ഞങ്ങൾ പലതും പഠിച്ചു. പ്രസം​ഗി​ക്കാ​നും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം ചെയ്യാ​നും കാര്യങ്ങൾ പറഞ്ഞു​ഫ​ലി​പ്പി​ക്കാ​നും ഉള്ള പുതിയ രീതികൾ ഞങ്ങൾ മനസ്സി​ലാ​ക്കി.” വില്യം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അൽബേ​നിയ കാണാൻവ​രുന്ന ഒട്ടുമിക്ക ആളുക​ളെ​യും ആകർഷി​ക്കു​ന്നത്‌ ഇവിടു​ത്തെ മനോ​ഹ​ര​മായ ബീച്ചു​ക​ളാണ്‌. എനിക്ക്‌ പക്ഷേ ഇഷ്ടം, ഇവിടു​ത്തെ കുന്നും മലകളും ഒക്കെ കയറി​ന​ട​ക്കാ​നാണ്‌. എന്നാൽ അതിലും എനിക്ക്‌ ഇഷ്ടം ഇവിടു​ത്തെ ആളുക​ളെ​യാണ്‌. ഇവി​ടെ​യുള്ള പല ഗ്രാമ​ങ്ങ​ളി​ലും പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ സമയത്ത്‌ മാത്രമേ അല്‌പ​മെ​ങ്കി​ലും പ്രവർത്തി​ച്ചി​ട്ടു​ള്ളൂ. അതു​കൊണ്ട്‌ നമ്മൾ ചെന്നു​ക​ഴി​ഞ്ഞാൽ ആളുകൾക്ക്‌ കേട്ടി​രി​ക്കാൻ ഇഷ്ടമാണ്‌. ചില​പ്പോൾ ഏതാനും വീടുകൾ കയറു​മ്പോൾത്തന്നെ ഒരു ദിവസം കഴിയും.”

വില്യ​മും ലിയയും

 ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​വർക്ക്‌ ഏറ്റവും വലിയ സന്തോഷം തോന്നു​ന്നത്‌ അവി​ടെ​യു​ള്ളവർ സത്യം സ്വീക​രി​ക്കു​ന്നതു കാണു​മ്പോ​ഴാണ്‌. (1 തെസ്സ​ലോ​നി​ക്യർ 2:19, 20) ഏകാകി​യാ​യി​രുന്ന ലോറ അൽബേ​നി​യ​യി​ലേക്കു മാറി​ത്താ​മ​സി​ച്ചു. ലോറ​യു​ടെ വാക്കുകൾ ഇതാണ്‌: “കുറെ​ക്കാ​ലം ഞാൻ ഫിയെ​റിൽ പ്രവർത്തി​ച്ചു. വെറും രണ്ടര വർഷം​കൊണ്ട്‌ 120 പേരാണ്‌ പ്രചാ​ര​ക​രാ​യത്‌. അവരിൽ 16 പേരെ എനിക്കു പഠിപ്പി​ക്കാ​നാ​യി!” സാന്ദ്ര എന്ന മറ്റൊരു സഹോ​ദരി പറയു​ന്നതു കേട്ടോ: “മാർക്ക​റ്റിൽ ജോലി ചെയ്യുന്ന ഒരു സ്‌ത്രീ​യോട്‌ ഞാൻ സാക്ഷീ​ക​രി​ച്ചു. ആ സ്‌ത്രീ ഇപ്പോൾ നമ്മുടെ ഒരു സഹോ​ദ​രി​യാണ്‌. പിന്നീട്‌ സഹോ​ദരി സ്വന്തം ഗ്രാമ​ത്തി​ലേക്കു മടങ്ങി​പ്പോ​യി. ഞാൻ അവസാനം സംസാ​രി​ച്ച​പ്പോൾ സഹോ​ദരി പറഞ്ഞത്‌ സഹോ​ദ​രിക്ക്‌ അവിടെ 15 ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാ​നാ​യെന്നാ!”

ലോറ

സാന്ദ്ര

സഹിച്ചു​നിൽക്കു​ന്ന​തു​കൊ​ണ്ടുള്ള അനു​ഗ്ര​ഹ​ങ്ങൾ

 വർഷങ്ങൾക്കു മുമ്പ്‌ ആവശ്യം അധിക​മുള്ള അൽബേ​നി​യ​യി​ലേക്കു മാറി​ത്താ​മ​സിച്ച ചിലർ ഇപ്പോ​ഴും അവി​ടെ​യുണ്ട്‌. അവർ അവരുടെ സേവനം നന്നായി ആസ്വദി​ക്കു​ന്നു. പണ്ട്‌ ഇവരിൽനിന്ന്‌ സന്തോ​ഷ​വാർത്ത കേട്ട ആളുകൾ പിന്നീട്‌ സത്യം പഠിച്ച്‌ സാക്ഷി​ക​ളാ​യി​ത്തീർന്നെന്ന്‌ അറിയു​മ്പോൾ അവർ അതിശ​യി​ച്ചു​പോ​കു​ന്നു. (സഭാ​പ്ര​സം​ഗകൻ 11:6) നേരത്തെ കണ്ട ക്രിസ്റ്റഫർ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “ഞാൻ ഒരു ദിവസം ഒരു മനുഷ്യ​നെ അവിചാ​രി​ത​മാ​യി കണ്ടുമു​ട്ടി. സംസാ​രി​ച്ചു​വ​ന്ന​പ്പോ​ഴാ അറിയു​ന്നത്‌ ഞാൻ അൽബേ​നി​യ​യിൽ ആദ്യം വന്നപ്പോൾ തുടങ്ങിയ ഒരു ബൈബിൾപ​ഠ​ന​മാ​യി​രു​ന്നു അതെന്ന്‌. അന്നൊക്കെ ഞങ്ങൾ ബൈബി​ളിൽനിന്ന്‌ ചർച്ച ചെയ്‌ത കാര്യങ്ങൾ അക്ഷരം​വി​ടാ​തെ അദ്ദേഹം പറയു​ന്നതു കേട്ട​പ്പോൾ എനിക്കു ശരിക്കും സന്തോഷം തോന്നി. ഇപ്പോൾ അദ്ദേഹ​വും ഭാര്യ​യും സ്‌നാ​ന​പ്പെട്ട യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌.” നമ്മൾ നേരത്തെ പരിച​യ​പ്പെട്ട ഫെഡറി​ക്ക​യു​ടെ വാക്കുകൾ ഇതാണ്‌: “ഒരു സഭയിൽ ചെന്ന​പ്പോൾ ഒരു സഹോ​ദരി എന്റെ അടുത്ത്‌ വന്നിട്ട്‌ എന്നെ ഓർക്കു​ന്നു​ണ്ടോ എന്നു ചോദി​ച്ചു. ഒൻപതു വർഷം മുമ്പ്‌ ഞാൻ ആ സഹോ​ദ​രി​യോ​ടു സാക്ഷീ​ക​രി​ച്ചി​ട്ടു​ണ്ടെന്ന്‌ അവർ പറഞ്ഞു. ഞാൻ അവി​ടെ​നിന്ന്‌ മറ്റൊരു ടൗണി​ലേക്കു പോയി കുറച്ച്‌ കഴിഞ്ഞാണ്‌ അവർ ബൈബിൾ പഠിക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തത്‌. അൽബേ​നി​യ​യി​ലെ ആദ്യവർഷങ്ങൾ വെറു​തെ​യാ​യി​പ്പോ​യി എന്നാണ്‌ ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. പക്ഷേ എനിക്ക്‌ ശരിക്കും തെറ്റി​പ്പോ​യി.”

 അൽബേ​നി​യ​യി​ലേ​ക്കോ കൊ​സോ​വോ​യി​ലേ​ക്കോ ഒക്കെ മാറി​ത്താ​മ​സിച്ച സഹോ​ദ​രങ്ങൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉള്ള ഒരു ജീവിതം കിട്ടി​യ​തി​ലും യഹോവ തങ്ങളുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തി​ലും വളരെ നന്ദിയു​ള്ള​വ​രാണ്‌. അൽബേ​നി​യ​യിൽ ഒത്തിരി വർഷം സേവിച്ച എലീസി​യോ തന്റെ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ജീവിതം സുരക്ഷി​ത​മാ​ക്കാൻ ലോകം പലതും വെച്ചു​നീ​ട്ടു​ന്നുണ്ട്‌. അതിന്റെ പിന്നാ​ലെ​പോ​കാൻ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ അതു മണ്ടത്തര​മാണ്‌. ശരിക്കും യഹോ​വ​യു​ടെ തത്ത്വങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​താണ്‌ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​വും സുരക്ഷി​ത​ത്വ​വും ഒക്കെ നൽകു​ന്നത്‌. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ ഇത്രയും നാളും സേവി​ച്ച​പ്പോൾ എനിക്ക്‌ അതാണു മനസ്സി​ലാ​യത്‌. എനിക്ക്‌ എന്തൊ​ക്കെ​യോ ചെയ്യാൻപ​റ്റു​ന്നു, എന്നെ​ക്കൊണ്ട്‌ ഇവിടെ ആവശ്യ​മുണ്ട്‌ എന്നൊ​ക്കെ​യുള്ള തോന്നൽ എനിക്കു സന്തോഷം തരുന്നു. ഒരേ ലക്ഷ്യത്തിൽ പ്രവർത്തി​ക്കുന്ന ഒരുപാ​ടു കൂട്ടു​കാ​രുണ്ട്‌ എനിക്ക്‌ ഇവിടെ.” സാന്ദ്ര പറയുന്നു: “ഒരു മിഷന​റി​യാ​കുക എന്നുള്ളത്‌ എന്റെ ഒരുപാ​ടു നാളാ​യി​ട്ടുള്ള ഒരു ആഗ്രഹ​മാ​യി​രു​ന്നു. ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ച്ച​പ്പോൾ ആ ആഗ്രഹം എനിക്ക്‌ യഹോവ സാധി​ച്ചു​ത​ന്ന​തു​പോ​ലെ​യാണ്‌ തോന്നി​യത്‌. അൽബേ​നി​യ​യി​ലേക്കു പോന്നത്‌ അബദ്ധമാ​യ​ല്ലോ എന്ന ഒരു ചിന്തയേ എനിക്കില്ല. മുമ്പൊ​രി​ക്ക​ലും ഇല്ലാതി​രുന്ന സന്തോ​ഷ​മാണ്‌ ഞാൻ ഇപ്പോൾ അനുഭ​വി​ക്കു​ന്നത്‌.”

^ അൽബേനിയയിലെ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 2010 നോക്കുക.

^ കൊസോവോ സ്ഥിതി ചെയ്യു​ന്നത്‌ അൽബേ​നി​യ​യു​ടെ വടക്കു​കി​ഴ​ക്കാ​യി​ട്ടാണ്‌. ഈ പ്രദേ​ശ​ത്തുള്ള പല ആളുക​ളും സംസാ​രി​ക്കു​ന്നത്‌ അൽബേ​നി​യൻ ഭാഷയു​ടെ​തന്നെ ഒരു പ്രാ​ദേ​ശി​ക​രൂ​പ​മാണ്‌. ഈ ഭാഷ സംസാ​രി​ക്കുന്ന കൊ​സോ​വോ​യി​ലുള്ള ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​യി അൽബേ​നി​യ​യിൽനി​ന്നും യൂറോ​പ്പ്യൻ രാജ്യ​ങ്ങ​ളിൽനി​ന്നും ഐക്യ​നാ​ടു​ക​ളിൽനി​ന്നും ഒക്കെ സാക്ഷികൾ അവി​ടേക്കു മാറി​ത്താ​മ​സി​ച്ചി​ട്ടുണ്ട്‌. 2020-ലെ കണക്കനു​സ​രിച്ച്‌ എട്ട്‌ സഭകളി​ലും മൂന്നു ഗ്രൂപ്പു​ക​ളി​ലും രണ്ടു പ്രീ-ഗ്രൂപ്പു​ക​ളി​ലും ആയി 256 പ്രചാ​രകർ അവി​ടെ​യുണ്ട്‌.