വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

പ്രസം​ഗ​വേ​ലയ്‌ക്ക് കടൽത്ത​ട്ടി​ലൂ​ടെ നടന്ന്...

പ്രസം​ഗ​വേ​ലയ്‌ക്ക് കടൽത്ത​ട്ടി​ലൂ​ടെ നടന്ന്...

വടക്കൻ കടലിൽ, ജർമൻ പ്രദേ​ശ​മാ​യ സ്ലെയ്‌സ്‌ വിക്‌-ഹോൾഷ്ടി​ന്‍റെ പടിഞ്ഞാ​റെ തീരം ചേർന്ന് ഹോളി​ഗെൻ എന്ന ചിതറി​ക്കി​ട​ക്കു​ന്ന തുരു​ത്തു​ക​ളിൽ ഏകദേശം 300-ഓളം പേർ താമസി​ക്കു​ന്നുണ്ട്. യഹോ​വ​യു​ടെ സാക്ഷി​കൾക്ക് അവരോട്‌ ബൈബി​ളി​ന്‍റെ സന്ദേശം പ്രസം​ഗി​ക്കാൻ എങ്ങനെ കഴിയും?—മത്തായി 24:14.

സാക്ഷി​കൾ ചില തുരു​ത്തു​ക​ളിൽ എത്തി​ച്ചേ​രാ​നാ​യി കടത്തു​ബോ​ട്ടു​ക​ളെ ആശ്രയി​ക്കു​ന്നു. മറ്റു തുരു​ത്തു​ക​ളി​ലെ ആളുക​ളു​ടെ അടുത്ത്‌ എത്തി​ച്ചേ​രാൻ ഒരു ചെറിയ കൂട്ടം സാക്ഷി​കൾ വളരെ വ്യത്യസ്‌ത​മാ​യ രീതി​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. കടൽത്ത​ട്ടി​നു കുറുകെ ഏകദേശം 5 കിലോ​മീ​റ്റർ നടക്കുക. ഇത്‌ എങ്ങനെ സാധി​ക്കും?

വേലി​യേറ്റ—വേലി​യി​റ​ക്ക​ങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു

വേലി​യേറ്റ—വേലി​യി​റ​ക്ക​ങ്ങ​ളി​ലാണ്‌ ഇതിന്‍റെ രഹസ്യം ഇരിക്കു​ന്നത്‌. ആറു മണിക്കൂർ ഇടവിട്ട് ഹോളി​ഗെൻ പ്രദേ​ശത്ത്‌ വടക്കൻ കടലിന്‍റെ ജലനി​രപ്പ് ഏകദേശം മൂന്നു മീറ്റർ (10 അടി) ഉയരു​ക​യോ താഴു​ക​യോ ചെയ്യും. വേലി​യി​റക്ക സമയങ്ങ​ളിൽ ഒരു വലിയ ഭൂഭാഗം മുഴു​വൻ കടലിന്‍റെ അടിത്തട്ട് തെളി​ഞ്ഞു​വ​രും. അപ്പോൾ സാക്ഷി​കൾക്ക് മൂന്നു തുരു​ത്തു​ക​ളി​ലേക്ക് കാൽന​ട​യാ​യി പോകാ​നാ​കും.

ഈ യാത്ര നടത്തു​ന്നത്‌ എങ്ങനെ​യാണ്‌? കൂട്ടത്തി​ന്‍റെ ഗൈഡാ​യി പ്രവർത്തി​ക്കു​ന്ന പരിച​യ​സ​മ്പ​ന്ന​നാ​യ ഉൾറിക്ക് പറയുന്നു: “തുരു​ത്തു​ക​ളിൽ ഒരെണ്ണ​ത്തിൽ എത്തി​ച്ചേ​രാൻ ഏകദേശം രണ്ടു മണിക്കൂർ വേണം. മിക്ക​പ്പോ​ഴും ചെരി​പ്പി​ടാ​തെ​യാണ്‌ നടക്കാ​റു​ള്ളത്‌. കടലിന്‍റെ അടിത്തട്ട് കടക്കാ​നു​ള്ള ഏറ്റവും നല്ലതും സുഖക​ര​വും ആയ രീതി ഇതുത​ന്നെ​യാണ്‌. തണുപ്പ് കാലാ​വ​സ്ഥ​യാ​ണെ​ങ്കിൽ ഞങ്ങൾ ബൂട്ട്സ്‌ ധരിക്കും.”

ഒരു സ്വപ്‌ന​ലോ​ക​ത്താ​ണെന്ന് തോന്നി​പ്പി​ക്കു​ന്ന കാഴ്‌ച​കൾ! ഉൾറിക്ക് ഇങ്ങനെ പറയുന്നു: “മറ്റൊരു ഗ്രഹത്തി​ലൂ​ടെ സഞ്ചരി​ക്കു​ക​യാ​ണെന്ന് നിങ്ങൾക്കു തോന്നി​പ്പോ​കും. കടൽത്ത​ട്ടിൽ ചില സ്ഥലത്ത്‌ ചെളി, മറ്റു ചിലയി​ട​ങ്ങ​ളിൽ പാറ​ക്കെ​ട്ടു​കൾ, ഇനിയും കടൽപ്പുല്ല് മൂടിയ സ്ഥലങ്ങളും ഉണ്ട്. പറ്റങ്ങളാ​യി പറക്കുന്ന കടൽപ്പ​ക്ഷി​കൾ, ഞണ്ടുകൾ, മറ്റു ജീവി​കൾ എന്നിവ​യൊ​ക്കെ നിങ്ങൾക്കു കാണാം.” ചില​പ്പോൾ സാക്ഷി​കൾക്ക് ചെളി അടിഞ്ഞു​ണ്ടാ​യ ചെറിയ വെള്ള​ക്കെ​ട്ടു​കൾ കടക്കേ​ണ്ടി​വ​രും. ഇതിനെ ജർമൻ ഭാഷയിൽ പ്രീലെ എന്നു വിളി​ക്കു​ന്നു.

ഈ നീണ്ട യാത്രയ്‌ക്കി​ട​യിൽ നിരവധി വെല്ലു​വി​ളി​കൾ നേരി​ടേ​ണ്ടി​വ​രാ​റുണ്ട്. ഉൾറിക്ക് ഇങ്ങനെ മുന്നറി​യി​പ്പു നൽകു​ന്നു: “കടലിലെ മൂടൽമ​ഞ്ഞിൽ എളുപ്പം കൂട്ടം​തെ​റ്റി​പ്പോ​യേ​ക്കാം. അതു​കൊണ്ട് ഞങ്ങളുടെ കൈയിൽ എപ്പോ​ഴും ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​വും ജിപി​എസ്‌ ഉപകര​ണ​വും ഉണ്ടായി​രി​ക്കും. കർശ​ന​മാ​യ സമയപ്പ​ട്ടി​ക പാലി​ക്കു​ന്ന​തു​കൊണ്ട് അടുത്ത വേലി​യേ​റ്റ​ത്തി​നു മുമ്പായി ഞങ്ങൾക്കു കരപറ്റാൻ സാധി​ക്കു​ന്നു.”

ഹോളിഗെൻ തുരു​ത്തു​ക​ളിൽ ഒന്നിൽ പ്രസം​ഗ​വേല ചെയ്യുന്നു

ഇത്രയും കഷ്ടപ്പെട്ട് ചെല്ലു​ന്ന​തു​കൊണ്ട് എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും പതിവാ​യി വായി​ക്കു​ന്ന 90 വയസ്സു​ക​ഴി​ഞ്ഞ ഒരാളു​ടെ കഥ ഉൾറിക്ക് പറയുന്നു: “ഒരു ദിവസം സമയക്കു​റ​വു​മൂ​ലം ഞങ്ങൾക്ക് അദ്ദേഹത്തെ സന്ദർശി​ക്കാൻ കഴിഞ്ഞില്ല. എന്നിരു​ന്നാ​ലും, ഞങ്ങൾ പോരു​ന്ന​തി​നു മുമ്പ് ആ മനുഷ്യൻ ഒരു സൈക്കി​ളിൽ പാഞ്ഞെത്തി ഞങ്ങളോ​ടു ചോദി​ച്ചു: ‘എനിക്കുള്ള വീക്ഷാ​ഗോ​പു​രം തരാതെ പോകു​ക​യാ​ണോ നിങ്ങൾ?’ അദ്ദേഹ​ത്തിന്‌ അത്‌ കൊടു​ക്കാൻ ഞങ്ങൾക്ക് സന്തോ​ഷ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.”