വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോവയുടെ സാക്ഷികൾ ക്രിസ്‌മസ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

യഹോവയുടെ സാക്ഷികൾ ക്രിസ്‌മസ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

പൊതുവിലുള്ള തെറ്റിദ്ധാരണകൾ

മിഥ്യ: യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കാത്തതുകൊണ്ടാണ്‌ അവർ ക്രിസ്‌മസ്‌ ആഘോഷിക്കാത്തത്‌.

സത്യം: ഞങ്ങൾ ക്രിസ്‌ത്യാനികളാണ്‌. യേശുക്രിസ്‌തുവിലൂടെ മാത്രമാണ്‌ രക്ഷ വരുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.—പ്രവൃത്തികൾ 4:12.

മിഥ്യ: ക്രിസ്‌മസ്‌ ആഘോഷിക്കരുതെന്ന് പഠിപ്പിച്ചുകൊണ്ട് നിങ്ങൾ കുടുംബങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നു.

സത്യം: സമൂഹത്തിൽ കുടുംബങ്ങളുടെ കെട്ടുറപ്പിനുവേണ്ടി ആത്മാർഥമായി ശ്രമിക്കുന്നവരാണ്‌ ഞങ്ങൾ. ബൈബിളിന്‍റെ ഉപദേശങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് കുടുംബബന്ധം ശക്തമാക്കാൻ ആളുകളെ സഹായിക്കുന്നവരാണ്‌ ഞങ്ങൾ.

മിഥ്യ: ക്രിസ്‌മസുകാലം, സമ്മാനങ്ങൾ കൈമാറുന്ന സന്തോഷകാലമാണ്‌; ഭൂമിയിൽ ശാന്തിയും സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിക്കുന്ന സന്ദേശം ലോകമെങ്ങും പ്രചരിക്കുന്ന സമയം! നിങ്ങൾ അതിൽനിന്നെല്ലാം വിട്ടുനിൽക്കുകയല്ലേ?

സത്യം: ആ ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും ഔദാര്യം കാണിക്കാനും സമാധാനത്തോടെ പെരുമാറാനും ആത്മാർഥമായി ശ്രമിക്കുന്നവരാണ്‌ ഞങ്ങൾ. (സദൃശവാക്യങ്ങൾ 11:25; റോമർ 12:18) ഉദാഹരണം പറഞ്ഞാൽ, ഞങ്ങളുടെ യോഗങ്ങളും ഞങ്ങളുടെ സുവിശേഷവേലയും യേശു തന്ന ഈ നിർദേശം അനുസരിച്ചുകൊണ്ടുള്ളതാണ്‌: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ.” (മത്തായി 10:8) മാത്രമല്ല, ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ ഭൂമിയിൽ എല്ലായിടത്തും യഥാർഥസമാധാനം പുലരുമെന്ന് ഞങ്ങൾ ആളുകളോടു പറയുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു.—മത്തായി 10:7.

യഹോവയുടെ സാക്ഷികൾ ക്രിസ്‌മസ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

  • തന്‍റെ ജനനമല്ല, മരണത്തിന്‍റെ ഓർമ ആചരിക്കാനാണ്‌ യേശു നമ്മളോടു കല്‌പിച്ചത്‌.—ലൂക്കോസ്‌ 22:19, 20.

  • യേശുവിന്‍റെ അപ്പൊസ്‌തലന്മാരും ആദ്യകാലത്തെ ശിഷ്യന്മാരും ക്രിസ്‌മസ്‌ ആഘോഷിച്ചില്ല. ദ ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ പറയുന്നത്‌, “(എ.ഡി.) 243-നു മുമ്പ് തിരുപ്പിറവി ആഘോഷങ്ങൾ ഇല്ലായിരുന്നു” എന്നാണ്‌. അപ്പൊസ്‌തലന്മാരിൽ അവസാനത്തെയാളും മരിച്ച് പിന്നെയും ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞാണ്‌ ഇത്‌ രംഗപ്രവേശം ചെയ്യുന്നതുതന്നെ.

  • യേശു ഡിസംബർ 25-നാണ്‌ ജനിച്ചത്‌ എന്നുള്ളതിന്‌ ഒരു തെളിവുമില്ല. അവന്‍റെ ജനനത്തീയതി ബൈബിളിൽ നൽകിയിട്ടുമില്ല.

  • ക്രിസ്‌മസിന്‌ ദൈവാംഗീകാരം ഇല്ലെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്‌. കാരണം, അത്‌ പുറജാതി ആചാരരീതികളിൽ വേരുറച്ചുകിടക്കുന്നതാണ്‌.—2 കൊരിന്ത്യർ 6:17.

ക്രിസ്‌മസിനെക്കുറിച്ച് ഇത്രയൊക്കെ ചിന്തിക്കേണ്ടതുണ്ടോ?

ക്രിസ്‌മസിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടില്ലെന്നും ഒരു പുറജാതി ഉത്ഭവമാണ്‌ അതിനുള്ളതെന്നും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെ പലരും ക്രിസ്‌മസ്‌ ആഘോഷിക്കാറുണ്ട്. അവർ ഇങ്ങനെ ചോദിച്ചേക്കാം: ക്രിസ്‌ത്യാനികൾ ഇത്രത്തോളം ഒറ്റപ്പെട്ട ഒരു നിലപാട്‌ എന്തിനു സ്വീകരിക്കണം? അത്രത്തോളമൊക്കെ ചിന്തിക്കേണ്ടതുണ്ടോ?

ഏതു കാര്യത്തിലും, സ്വയം ചിന്തിക്കാനും “കാര്യബോധത്തോടെ” വിലയിരുത്താനും ആണ്‌ ബൈബിൾ നമ്മളോടു പറയുന്നത്‌. (റോമർ 12:1, 2) സത്യത്തെ വിലപ്പെട്ടതായി കാണണമെന്നും അതു പഠിപ്പിക്കുന്നു. (യോഹന്നാൻ 4:23, 24) മറ്റുള്ളവർ ഞങ്ങളെ എങ്ങനെ കാണും എന്ന കാര്യത്തിൽ ഞങ്ങൾക്ക് താത്‌പര്യമുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഞങ്ങൾ ബൈബിൾനിലവാരങ്ങളോടു പറ്റിനിൽക്കുന്നു. അതിന്‌ ഒട്ടുംതന്നെ ജനസമ്മിതി ഇല്ലെങ്കിൽപ്പോലും.

ഞങ്ങൾ ക്രിസ്‌മസ്‌ ആഘോഷിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഓരോരുത്തരുടെയും അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ക്രിസ്‌മസ്‌ ആഘോഷങ്ങളിൽ ഞങ്ങൾ ഇടപെടാറുമില്ല.

 

കൂടുതല്‍ അറിയാന്‍

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ക്രിസ്‌തുസ്സിനെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നത്‌?

ക്രിസ്‌തുസ്സിനോടു ബന്ധപ്പെട്ട 6 ആചാരങ്ങളുടെ ചരിത്രം നിങ്ങളെ അമ്പരപ്പിച്ചേക്കാം.