വിവരങ്ങള്‍ കാണിക്കുക

മദ്യം-നിങ്ങളെ നിയന്ത്രിക്കുമോ അതോ നിങ്ങൾ നിയന്ത്രിക്കുമോ?

ചിലയാ​ളു​കൾ കൂടുതൽ മദ്യം കഴിക്കു​ന്നത്‌ അവർക്കു സമ്മർദം നേരി​ടു​മ്പോ​ഴോ ഏകാന്തത തോന്നു​മ്പോ​ഴോ ബോറ​ടി​ക്കു​മ്പോ​ഴോ ഒക്കെയാണ്‌. നിങ്ങൾ മുമ്പ​ത്തെ​ക്കാൾ കൂടുതൽ മദ്യം ഇപ്പോൾ കഴിക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ കാര്യങ്ങൾ കൈവി​ട്ടു​പോ​കു​ന്നി​ല്ലെ​ന്നും എന്തിനും ഏതിനും മദ്യത്തെ ആശ്രയി​ക്കു​ന്നി​ല്ലെ​ന്നും എങ്ങനെ ഉറപ്പു​വ​രു​ത്താം? മദ്യത്തി​ന്റെ ഉപയോ​ഗം വരുതി​യി​ലാ​ക്കാ​നുള്ള ചില വഴികൾ നമുക്കു നോക്കാം.

 മദ്യത്തി​ന്റെ മിതമായ ഉപയോ​ഗം

ബൈബിൾ പറയു​ന്നത്‌: ‘കണക്കി​ല​ധി​കം വീഞ്ഞു കുടി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ കൂടരുത്‌.’—സുഭാ​ഷി​തങ്ങൾ 23:20.

ചിന്തി​ക്കാൻ: മിതമായ അളവിൽ മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​നെ ബൈബിൾ വിലക്കു​ന്നില്ല. (സഭാ​പ്ര​സം​ഗകൻ 9:7) എങ്കിലും അതിന്റെ മിതമായ ഉപയോ​ഗ​ത്തെ​യും അമിത​മായ ഉപയോ​ഗ​ത്തെ​യും മദ്യത്തിന്‌ അടിമ​പ്പെ​ടു​ന്ന​തി​നെ​യും ബൈബിൾ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടുണ്ട്‌. (ലൂക്കോസ്‌ 21:34; എഫെസ്യർ 5:18; തീത്തോസ്‌ 2:3) മദ്യം കൂടുതൽ കഴിച്ചു എന്നോർത്ത്‌ നമ്മൾ അതിന്റെ അടിമ​ക​ളാ​കി​ല്ലാ​യി​രി​ക്കാം. പക്ഷേ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി​യെ​യും ആരോ​ഗ്യ​ത്തെ​യും മറ്റുള്ള​വ​രു​മാ​യുള്ള നമ്മുടെ ബന്ധത്തെ​യും ഒക്കെ അതു ബാധി​ച്ചേ​ക്കാം. —സുഭാ​ഷി​തങ്ങൾ 23:29, 30.

പല ആരോ​ഗ്യ​വി​ദ​ഗ്‌ധ​രും മദ്യത്തി​ന്റെ മിതമായ ഉപയോ​ഗ​വും അമിത​മായ ഉപയോ​ഗ​വും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ച്ചി​ട്ടുണ്ട്‌. ഇതു കണക്കാ​ക്കു​ന്നത്‌ ഒരു വ്യക്തി ഒരു ദിവസം കഴിക്കുന്ന സ്റ്റാൻഡേർഡ്‌ ഡ്രിങ്കിന്റെ * എണ്ണത്തെ​യും ആഴ്‌ച​യിൽ എത്ര ദിവസം ആ വ്യക്തി കുടി​ക്കു​ന്നു എന്നതി​നെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌. എന്നിരു​ന്നാ​ലും മദ്യം ഓരോ​രു​ത്ത​രെ​യും ബാധി​ക്കു​ന്നതു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളി​ലാണ്‌. ചില​പ്പോൾ ഒട്ടും മദ്യം കഴിക്കാ​തി​രി​ക്കു​ന്ന​താ​ണു നല്ലത്‌. ലോകാ​രോ​ഗ്യ​സം​ഘടന പറയു​ന്ന​ത​നു​സ​രിച്ച്‌:

“ഒന്നോ രണ്ടോ ഡ്രിങ്ക്‌ പോലും കൂടു​ത​ലാ​യേ​ക്കാം—ഉദാഹ​ര​ണ​ത്തിന്‌:

 • വാഹനങ്ങൾ ഓടി​ക്കു​മ്പോ​ഴോ യന്ത്രങ്ങൾ പ്രവർത്തി​പ്പി​ക്കു​മ്പോ​ഴോ.

 • ഗർഭിണിയായിരിക്കുമ്പോഴോ മുലയൂ​ട്ടു​മ്പോ​ഴോ.

 • ചില മരുന്നു​കൾ കഴിക്കു​മ്പോൾ.

 • ചില ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോൾ.

 • നിങ്ങൾക്കു മദ്യപാ​നം നിയ​ന്ത്രി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ.”

 മദ്യത്തി​ന്റെ ഉപയോ​ഗം ദുരു​പ​യോ​ഗ​മാ​യി മാറു​ന്നത്‌ എപ്പോൾ?

ബൈബിൾ പറയു​ന്നത്‌: “നമുക്കു നമ്മുടെ വഴികൾ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാം.”—വിലാ​പങ്ങൾ 3:40.

ചിന്തി​ക്കു​ക: മദ്യം ഉപയോ​ഗി​ക്കുന്ന രീതി ക്രമമാ​യി പരി​ശോ​ധി​ക്കു​ക​യും ആവശ്യ​മെ​ങ്കിൽ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യുക. അങ്ങനെ​യാ​കു​മ്പോൾ മദ്യത്തി​ന്റെ ദൂഷ്യ​ഫ​ല​ങ്ങ​ളിൽനിന്ന്‌ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കാ​നാ​കും. ഒരാൾക്കു നിയ​ന്ത്രണം നഷ്ടപ്പെ​ടു​ന്നു എന്നതിന്റെ ലക്ഷണങ്ങ​ളാ​ണു പിൻവ​രുന്ന കാര്യങ്ങൾ:

 • സന്തോഷം കിട്ടാൻ മദ്യത്തെ ആശ്രയി​ക്കേ​ണ്ടി​വ​രു​ന്നു. മനസ്സിനു സ്വസ്ഥത കിട്ടാ​നോ കൂട്ടു​കാ​രു​മാ​യി ഒന്ന്‌ കൂടാ​നോ അടിച്ചു​പൊ​ളി​ക്കാ​നോ ഒക്കെ മദ്യം കൂടിയേ തീരൂ എന്നു നിങ്ങൾക്കു തോന്നു​ന്നു. പ്രശ്‌നങ്ങൾ മറക്കാ​നും നിങ്ങൾക്കു മദ്യം വേണം.

 • മുമ്പ​ത്തെ​ക്കാ​ള​ധി​കം നിങ്ങൾ കുടി​ക്കു​ന്നു. നിങ്ങൾ കൂടുതൽ പ്രാവ​ശ്യം കുടി​ക്കു​ന്നു, മദ്യത്തി​ന്റെ അളവും കൂടി​യി​ട്ടുണ്ട്‌. പഴയ ‘കിക്ക്‌’ കിട്ടണ​മെ​ങ്കിൽ ഇപ്പോൾ കൂടുതൽ കുടി​ക്ക​ണ​മെന്ന അവസ്ഥയാണ്‌.

 • നിങ്ങൾ മദ്യം കഴിക്കു​ന്ന​തു​കൊണ്ട്‌ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നു, വീട്ടി​ലോ ജോലി സ്ഥലത്തോ. ഒരു സാഹച​ര്യം ഇതാണ്‌: നിങ്ങൾക്കു താങ്ങാ​വു​ന്ന​തി​ലും അധികം പണം മദ്യത്തി​നാ​യി ചെലവ​ഴി​ക്കു​ന്നു.

 • നിങ്ങൾ കുടി​ച്ചു​ക​ഴി​ഞ്ഞാൽ ജീവൻ അപകട​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന കാര്യങ്ങൾ ചെയ്യുന്നു. അതായത്‌, വാഹന​മോ​ടി​ക്കു​ന്ന​തോ നീന്തു​ന്ന​തോ യന്ത്രങ്ങൾ പ്രവർത്തി​പ്പി​ക്കു​ന്ന​തോ പോലുള്ള കാര്യങ്ങൾ.

 • നിങ്ങൾ കുടി​ക്കുന്ന കാര്യ​ത്തിൽ മറ്റുള്ളവർ ആശങ്ക​പ്പെ​ടു​ന്നു. അവർ അതു പറയു​മ്പോൾ നിങ്ങൾ സ്വയം ന്യായീ​ക​രി​ക്കു​ന്നു. കുടി​ക്കു​ന്നതു മറച്ചു​വെ​ക്കു​ക​യും കുടി​ക്കുന്ന അളവിന്റെ കാര്യ​ത്തിൽ നിങ്ങൾ നുണ പറയു​ക​യും ചെയ്യുന്നു.

 • അതു നിറു​ത്താൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടാണ്‌. കുടി നിറു​ത്താ​നും കുടി​ക്കു​ന്ന​തി​ന്റെ അളവ്‌ കുറയ്‌ക്കാ​നും നിങ്ങൾ ശ്രമി​ക്കു​ന്നു, പക്ഷേ പറ്റുന്നില്ല.

 മദ്യത്തി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന അഞ്ച്‌ നിർദേ​ശ​ങ്ങൾ

1. പ്ലാൻ ചെയ്യുക.

ബൈബിൾ പറയു​ന്നത്‌: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.”—സുഭാ​ഷി​തങ്ങൾ 21:5.

പരീക്ഷി​ച്ചു​നോ​ക്കൂ: ആഴ്‌ച​യി​ലെ ഏതെല്ലാം ദിവസ​മാ​ണു കുടി​ക്കു​ന്ന​തെന്നു മുൻകൂ​ട്ടി തീരു​മാ​നി​ക്കുക. ആ ദിവസ​ങ്ങ​ളിൽ ഇത്ര ഡ്രിങ്ക്‌ മാത്രമേ കഴിക്കൂ എന്നും തീരു​മാ​ന​മെ​ടു​ക്കുക. കുറഞ്ഞ​പക്ഷം ആഴ്‌ച​യിൽ രണ്ടു ദിവസ​മെ​ങ്കി​ലും മദ്യപി​ക്കി​ല്ലെന്നു വെക്കുക.

“ക്രമമായ അടിസ്ഥാ​ന​ത്തിൽ ഇടയ്‌ക്കി​ടെ മദ്യം കഴിക്കാ​തി​രി​ക്കു​ന്നതു മദ്യാ​സക്തി ഒഴിവാ​ക്കാൻ ഒരാളെ സഹായി​ക്കും” എന്ന്‌ മദ്യപാ​ന​ത്തെ​ക്കു​റിച്ച്‌ ബോധ​വ​ത്‌ക​രണം നടത്തുന്ന യു. കെ. ആസ്ഥാന​മാ​യുള്ള ഒരു സംഘടന പറയുന്നു.

2. നിങ്ങളു​ടെ പ്ലാൻ നടപ്പി​ലാ​ക്കുക.

ബൈബിൾ പറയു​ന്നത്‌: “നിങ്ങൾ തുടങ്ങി​വെച്ച അക്കാര്യം . . . ചെയ്‌തു​തീർക്കുക.”—2 കൊരി​ന്ത്യർ 8:11.

പരീക്ഷി​ച്ചു​നോ​ക്കൂ: ഒരു സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌ എത്ര അളവാ​ണെന്നു മനസ്സി​ലാ​ക്കുക. അങ്ങനെ​യാ​കു​മ്പോൾ നിങ്ങൾ എത്ര ഡ്രിങ്കാ​ണു കഴിച്ച​തെന്നു എണ്ണാനാ​കും. മദ്യം അടങ്ങി​യി​ട്ടി​ല്ലാത്ത നിങ്ങളു​ടെ ഇഷ്ടപാ​നീ​യങ്ങൾ, കൂടെ കരുതു​ന്ന​തും നല്ലതാണ്‌.

“മദ്യവു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യ​ങ്ങൾക്കു​പോ​ലും വലിയ ഫലങ്ങളു​ണ്ടാ​യി​രി​ക്കും” എന്ന്‌ മദ്യത്തി​ന്റെ ദുരു​പ​യോ​ഗ​ത്തെ​യും മദ്യാ​സ​ക്തി​യെ​യും കുറി​ച്ചുള്ള അമേരി​ക്ക​യി​ലെ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ പറയുന്നു.

3. നിങ്ങളു​ടെ തീരു​മാ​ന​ങ്ങ​ളോ​ടു പറ്റിനിൽക്കുക.

ബൈബിൾ പറയു​ന്നത്‌: “നിങ്ങളു​ടെ ‘ഉവ്വ്‌’ എന്നത്‌ ഉവ്വ്‌ എന്നും ‘ഇല്ല’ എന്നത്‌ ഇല്ല എന്നും ആയിരി​ക്കട്ടെ.”—യാക്കോബ്‌ 5:12.

പരീക്ഷി​ച്ചു​നോ​ക്കൂ: നിങ്ങളു​ടെ പ്ലാനിന്‌ വിരു​ദ്ധ​മാ​യി ആരെങ്കി​ലും മദ്യം തരുക​യാ​ണെ​ങ്കിൽ “വേണ്ട” എന്ന്‌ വിനയ​ത്തോ​ടെ​യും ബോധ്യ​പ്പെ​ടു​ത്തുന്ന വിധത്തി​ലും പറയാൻ ഒരുങ്ങി​യി​രി​ക്കുക.

“നിങ്ങൾക്ക്‌ ആരെങ്കി​ലും മദ്യം ഓഫർ ചെയ്‌താൽ എത്ര പെട്ടെന്നു നിങ്ങൾ അത്‌ വേണ്ടെന്നു പറയു​ന്നോ അത്ര​ത്തോ​ളം അതിൽ വീണു​പോ​കാ​നുള്ള സാധ്യത കുറവാ​യി​രി​ക്കും” എന്ന്‌ മദ്യത്തി​ന്റെ ദുരു​പ​യോ​ഗ​ത്തെ​യും മദ്യാ​സ​ക്തി​യെ​യും കുറി​ച്ചുള്ള അമേരി​ക്ക​യി​ലെ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ പറയുന്നു.

4. നിങ്ങളു​ടെ തീരു​മാ​ന​ങ്ങ​ളു​ടെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

ബൈബിൾ പറയു​ന്നത്‌: “ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തെ​ക്കാൾ അതിന്റെ അവസാനം നല്ലത്‌.”—സഭാ​പ്ര​സം​ഗകൻ 7:8.

പരീക്ഷി​ച്ചു​നോ​ക്കൂ: മദ്യത്തി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ എന്തെല്ലാ​മാ​ണെന്ന്‌ എഴുതി​വെ​ക്കുക. ആ കാരണ​ങ്ങ​ളിൽ നിങ്ങളു​ടെ ഉറക്കം, ആരോ​ഗ്യം, സാമ്പത്തി​ക​സ്ഥി​തി, മറ്റുള്ള​വ​രു​മാ​യുള്ള ബന്ധങ്ങൾ എന്നിവ മെച്ച​പ്പെ​ടു​ത്തു​ന്ന​തും ഉൾപ്പെ​ടു​ത്താം. നിങ്ങളു​ടെ തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​മ്പോൾ അതിന്റെ ബുദ്ധി​മു​ട്ടു​കൾക്കല്ല, പ്രയോ​ജ​ന​ങ്ങൾക്കാ​ണു ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌.

5. സഹായ​ത്തി​നാ​യി ദൈവ​ത്തി​ലേക്കു നോക്കുക.

ബൈബിൾ പറയു​ന്നത്‌: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”—ഫിലി​പ്പി​യർ 4:13.

പരീക്ഷി​ച്ചു​നോ​ക്കൂ: നിങ്ങളു​ടെ മദ്യപാ​ന​ശീ​ല​ത്തി​ന്റെ കാര്യ​ത്തിൽ ആകുല​ത​യു​ണ്ടെ​ങ്കിൽ പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു സഹായം ചോദി​ക്കുക. ശക്തിക്കും ആത്മനിയന്ത്രണത്തിനും * ആയി പ്രാർഥി​ക്കുക. ദൈവ​വ​ച​ന​മായ ബൈബിൾ നൽകുന്ന പ്രാ​യോ​ഗി​ക​ജ്ഞാ​നം മനസ്സി​ലാ​ക്കാൻ സമയ​മെ​ടു​ക്കുക. ദൈവം കൂടെ​യു​ണ്ടെ​ങ്കിൽ മദ്യത്തി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ച്ചു​നി​റു​ത്താൻ നിങ്ങൾക്കു കഴിയും.

^ ഖ. 9 ഉദാഹരണത്തിന്‌, അമേരി​ക്ക​യി​ലെ ആരോഗ്യ-മനുഷ്യ സേവന വകുപ്പ്‌ അമിത​മായ മദ്യപാ​നത്തെ നിർവ​ചി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌, “സ്‌ത്രീ​ക​ളാ​ണെ​ങ്കിൽ ഒരു ദിവസം 4-ഓ അതില​ധി​ക​മോ ഡ്രിങ്ക്‌ കഴിക്കു​ന്ന​തോ ആഴ്‌ച​യിൽ 8-ഓ അതില​ധി​ക​മോ ഡ്രിങ്ക്‌ കഴിക്കു​ന്ന​തോ ആണ്‌ അമിത​മ​ദ്യ​പാ​നം. പുരു​ഷ​ന്മാ​രാ​ണ​ങ്കിൽ ഒരു ദിവസം 5-ഓ അതില​ധി​ക​മോ ഡ്രിങ്ക്‌ കഴിക്കു​ന്ന​തോ ആഴ്‌ച​യിൽ 15-ഓ അതില​ധി​ക​മോ ഡ്രിങ്ക്‌ കഴിക്കു​ന്ന​തോ ആണ്‌ അമിത​മ​ദ്യ​പാ​നം.” സ്റ്റാൻഡേർഡ്‌ ഡ്രിങ്കി​ന്റെ അളവ്‌ ഓരോ രാജ്യ​ത്തും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങളു​ടെ കാര്യ​ത്തിൽ മദ്യത്തി​ന്റെ മിതമായ അളവ്‌ എന്താ​ണെന്ന്‌ ഉറപ്പു​വ​രു​ത്താൻ ആരോ​ഗ്യ​പ​രി​പാ​ലന വിദഗ്‌ധ​രോ​ടു ചോദി​ക്കുക.

^ ഖ. 43 മദ്യപിക്കുന്ന ശീലം നിയ​ന്ത്രി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ആ മേഖല​യി​ലെ വിദഗ്‌ധ​രു​ടെ സഹായ​വും നിങ്ങൾക്കു തേടാനാകും.