വിവരങ്ങള്‍ കാണിക്കുക

ആരോ​ഗ്യം പെട്ടെന്നു മോശ​മാ​യാൽ എന്തു ചെയ്യാം?

എപ്പോ​ഴെ​ങ്കി​ലും നിങ്ങളു​ടെ ആരോ​ഗ്യം പ്രതീ​ക്ഷി​ക്കാ​തെ മോശ​മാ​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ അത്‌ ഒരാളെ എത്ര​ത്തോ​ളം മാനസി​ക​മാ​യി തളർത്തു​മെന്ന്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. മാത്രമല്ല, ചികിത്സ പലപ്പോ​ഴും ചെല​വേ​റി​യ​തും ആയിരി​ക്കും. ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? ഇനി, നിങ്ങളു​ടെ ഒരു സുഹൃ​ത്തി​നോ കുടും​ബാം​ഗ​ത്തി​നോ ആണ്‌ രോഗം വരുന്ന​തെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ? അത്‌ വൈദ്യ​ശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചു പറയുന്ന പുസ്‌ത​ക​മ​ല്ലെ​ങ്കി​ലും ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ സഹായി​ക്കുന്ന ചില നല്ല നിർദേ​ശങ്ങൾ ബൈബി​ളിൽ ഉണ്ട്‌.

നിങ്ങൾക്കൊ​രു രോഗം വന്നാൽ ചെയ്യാ​നാ​കു​ന്നത്‌

 • ചികിത്സ തേടുക

  ബൈബിൾ പറയു​ന്നത്‌: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—മത്തായി 9:12.

  ആശയം: ആവശ്യ​മെ​ങ്കിൽ ഡോക്ടർമാ​രു​ടെ സഹായം സ്വീക​രി​ക്കുക.

  ഇങ്ങനെ ചെയ്‌തു​നോ​ക്കാം: കിട്ടാ​വു​ന്ന​തിൽ ഏറ്റവും നല്ല ചികിത്സ തേടുക. ചില സാഹച​ര്യ​ങ്ങ​ളിൽ രണ്ടാമ​തൊ​രു ഡോക്ട​റു​ടെ അഭി​പ്രാ​യം കൂടി ചോദി​ക്കു​ന്നത്‌ നല്ലതാണ്‌. (സുഭാ​ഷി​തങ്ങൾ 14:15) ഡോക്ട​റു​മാ​യി സംസാ​രി​ക്കു​മ്പോൾ നിങ്ങളു​ടെ രോഗ​ല​ക്ഷ​ണങ്ങൾ അദ്ദേഹം നന്നായി മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തണം, അതോ​ടൊ​പ്പം അദ്ദേഹം നൽകുന്ന നിർദേ​ശങ്ങൾ നിങ്ങൾ ശ്രദ്ധിച്ച്‌ കേൾക്കു​ക​യും വേണം. (സുഭാ​ഷി​തങ്ങൾ 15:22) നിങ്ങളു​ടെ രോഗ​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കുക. അതിന്‌ ഏതൊക്കെ ചികി​ത്സകൾ ലഭ്യമാ​ണെ​ന്നും അറിഞ്ഞി​രി​ക്കുക. അങ്ങനെ എന്തൊക്കെ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം എന്ന്‌ മനസ്സി​ലാ​ക്കു​ന്നത്‌ മാനസി​ക​മാ​യി അതി​നോ​ടു പൊരു​ത്ത​പ്പെ​ടാ​നും ഏറ്റവും നല്ല ചികിത്സ തിര​ഞ്ഞെ​ടു​ക്കാ​നും നിങ്ങളെ സഹായി​ക്കും.

 • നല്ല ആരോ​ഗ്യ​ശീ​ലങ്ങൾ നിലനി​റു​ത്തു​ക

  ബൈബിൾ പറയു​ന്നത്‌: ‘വ്യായാ​മം പ്രയോ​ജ​ന​മു​ള്ള​താണ്‌.’—1 തിമൊ​ഥെ​യൊസ്‌ 4:8.

  ആശയം: നല്ല ആരോ​ഗ്യ​ശീ​ലങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ ഗുണം ചെയ്യും. ക്രമമാ​യി വ്യായാ​മം ചെയ്യു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു.

  ഇങ്ങനെ ചെയ്‌തു​നോ​ക്കാം: ക്രമമാ​യി വ്യായാ​മം ചെയ്യുക, ആരോ​ഗ്യ​ക​ര​മായ ഭക്ഷണശീ​ലം നിലനി​റു​ത്തുക, നന്നായി ഉറങ്ങുക. നിങ്ങൾ ഇപ്പോൾ നിങ്ങളു​ടെ ആരോ​ഗ്യ​സ്ഥി​തി​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കി​ലും ഇത്തരം നല്ല ആരോ​ഗ്യ​ശീ​ലങ്ങൾ വളർത്തി​യെ​ടു​ക്കു​ന്നത്‌ തീർച്ച​യാ​യും ഗുണം ചെയ്യു​മെന്ന്‌ വിദഗ്‌ധർ പറയുന്നു. എങ്കിലും എന്തു ചെയ്യു​ന്ന​തി​നു മുമ്പും അതു നിങ്ങളു​ടെ ആരോ​ഗ്യ​സ്ഥി​തി​യെ​യും ചികി​ത്സ​യെ​യും മോശ​മാ​യി ബാധി​ക്കി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തുക.

 • മറ്റുള്ള​വ​രു​ടെ സഹായം സ്വീക​രി​ക്കു​ക

  ബൈബിൾ പറയു​ന്നത്‌: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

  ആശയം: പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്ക്‌ സഹായി​ക്കാ​നാ​കും.

  ഇങ്ങനെ ചെയ്‌തു​നോ​ക്കാം: നിങ്ങൾക്ക്‌ എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു അടുത്ത സുഹൃ​ത്തി​നോട്‌ സംസാ​രി​ക്കുക. അത്‌ നിങ്ങളു​ടെ ടെൻഷൻ കുറയ്‌ക്കാ​നും ആശ്വാസം തോന്നാ​നും സഹായി​ക്കും. നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കും നിങ്ങളെ സഹായി​ക്കാൻ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും എന്ത്‌ ചെയ്യണ​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു സഹായ​മാണ്‌ ആവശ്യ​മെന്ന്‌ അവരോട്‌ പറയുക. എന്നാൽ ന്യായ​മായ പ്രതീ​ക്ഷ​കളേ വെക്കാവൂ. അവർ ചെയ്‌തു തരുന്ന സഹായ​ങ്ങൾക്ക്‌ നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ക​യും വേണം. ചില​പ്പോ​ഴൊ​ക്കെ അവർ നല്ല ഉദ്ദേശ്യ​ത്തോ​ടെ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ ഒരു ബുദ്ധി​മുട്ട്‌ ആകാൻ ഇടയുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ചില പരിധി​കൾ വെക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, എത്ര കൂടെ​ക്കൂ​ടെ നിങ്ങളെ സന്ദർശി​ക്കാ​മെ​ന്നും എത്ര നേരം നിങ്ങളു​ടെ കൂടെ ഇരിക്കാ​മെ​ന്നും ഒക്കെ അവരോട്‌ തുറന്നു പറയാം.

 • സന്തോഷം നിലനി​റു​ത്തു​ക

  ബൈബിൾ പറയു​ന്നത്‌: “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:22.

  ആശയം: സന്തോ​ഷ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​വും കൈവി​ട​രുത്‌. അത്‌ നിങ്ങളു​ടെ ആരോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠയെ ശാന്തമാ​യി നേരി​ടാൻ സഹായി​ക്കും.

  ഇങ്ങനെ ചെയ്‌തു​നോ​ക്കാം: നിങ്ങളു​ടെ പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ക്കു​മ്പോൾ നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തെ, നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ കഴിയാ​തെ​വ​രു​മ്പോൾ നിങ്ങൾ നിരാ​ശ​പ്പെ​ട​രുത്‌. മറ്റുള്ള​വ​രു​മാ​യി നിങ്ങ​ളെ​ത്തന്നെ താരത​മ്യം ചെയ്യു​ന്ന​തും ഒഴിവാ​ക്കുക. (ഗലാത്യർ 6:4) നിങ്ങൾക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കുന്ന ന്യായ​മായ ചില ലക്ഷ്യങ്ങൾ വെച്ചു​നോ​ക്കൂ. അത്തരം ലക്ഷ്യങ്ങൾ നിങ്ങൾക്ക്‌ നാള​യെ​ക്കു​റിച്ച്‌ ഒരു ശുഭ​പ്ര​തീക്ഷ തരും. (സുഭാ​ഷി​തങ്ങൾ 24:10) ഇനി, സാഹച​ര്യം അനുവ​ദി​ക്കു​ന്ന​പോ​ലെ മറ്റുള്ള​വർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾക്കു കഴിയു​മോ? മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ ലഭിക്കുന്ന സന്തോഷം പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങളെ സഹായി​ക്കും.—പ്രവൃ​ത്തി​കൾ 20:35.

ആരോ​ഗ്യ​പ്ര​ശ്‌നത്തെ നേരി​ടാൻ ദൈവം നിങ്ങളെ സഹായി​ക്കു​മോ?

ദൈവ​മായ യഹോവയ്‌ക്കു * നിങ്ങളെ സഹായി​ക്കാ​നാ​കു​മെന്നു ബൈബിൾ പറയുന്നു. ദൈവം ഒരു അത്ഭുതം ചെയ്‌ത്‌ നമ്മളെ സുഖ​പ്പെ​ടു​ത്തും എന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയില്ല. എങ്കിലും തന്നെ ആരാധി​ക്കു​ന്ന​വരെ താഴെ പറയുന്ന ചില വിധങ്ങ​ളിൽ ദൈവം സഹായി​ക്കു​ന്നുണ്ട്‌:

സമാധാ​നം. “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” നൽകാൻ യഹോ​വ​യ്‌ക്കു കഴിയും. (ഫിലി​പ്പി​യർ 4:6, 7) ഈ സമാധാ​നം, അഥവാ മനസ്സിന്റെ ശാന്തത, അമിത​മാ​യി ടെൻഷൻ തോന്നാ​തി​രി​ക്കാൻ സഹായി​ക്കും. തന്നോടു പ്രാർഥി​ക്കു​ക​യും ഉത്‌ക​ണ്‌ഠ​ക​ളെ​ല്ലാം തുറന്നു പറയു​ക​യും ചെയ്യു​ന്ന​വർക്കു ദൈവം ആ സമാധാ​നം കൊടു​ക്കും.—1 പത്രോസ്‌ 5:7.

ജ്ഞാനം. നല്ല തീരു​മാ​നങ്ങൾ എടുക്കാൻ വേണ്ട ജ്ഞാനം തരാൻ യഹോ​വ​യ്‌ക്കാ​കും. (യാക്കോബ്‌ 1:5) എല്ലാ കാലത്തും പ്രയോ​ജനം ചെയ്യുന്ന തത്ത്വങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌. അതു പഠിക്കു​ക​യും പകർത്തു​ക​യും ചെയ്യുന്ന ഒരാൾക്കു ദൈവം തരുന്ന ആ ജ്ഞാനം നേടാൻ കഴിയും.

സന്തോഷം തരുന്ന ഒരു ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രതീക്ഷ. ‘“എനിക്കു രോഗ​മാണ്‌” എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയി​ല്ലാത്ത’ ഒരു ഭാവി യഹോവ ഉറപ്പു​ത​രു​ന്നു. (യശയ്യ 33:24) വളരെ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോ​ഴും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ഈ പ്രതീക്ഷ അനേക​രെ​യും സഹായി​ക്കു​ന്നു.—യിരെമ്യ 29:11, 12.

^ ഖ. 18 ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.