വിവരങ്ങള്‍ കാണിക്കുക

Blue Planet Archive/Mark Conlin

ആരുടെ കരവി​രുത്‌?

ഗ്രൂണി​യൻ മത്സ്യങ്ങ​ളു​ടെ മുട്ടയി​ടൽ വിദ്യ

ഗ്രൂണി​യൻ മത്സ്യങ്ങ​ളു​ടെ മുട്ടയി​ടൽ വിദ്യ

 യു.എസ്‌.എ-യിലെ കാലി​ഫോർണി​യ​യി​ലും മെക്‌സി​ക്കോ​യി​ലെ ബാഹാ കാലി​ഫോർണി​യ​യി​ലും ഉള്ള പസിഫിക്‌ സമു​ദ്ര​തീ​ര​ങ്ങ​ളി​ലാണ്‌ കാലി​ഫോർണിയ ഗ്രൂണി​യൻ എന്ന ചെറു​മ​ത്സ്യ​ങ്ങൾ മുട്ടയി​ടു​ന്നത്‌. മുട്ട നശിച്ചു​പോ​കാ​തെ അതു വിരി​യു​ന്ന​തിന്‌, ഏതു ദിവസം ഏതു സമയത്ത്‌ മുട്ടയി​ട​ണ​മെന്ന്‌ ഈ മത്സ്യങ്ങൾക്ക്‌ അറിയാം.

 സവി​ശേ​ഷത: വസന്ത​കാല​ത്തെയും വേനൽ​ക്കാല​ത്തെയും വെളു​ത്ത​വാ​വോ കറുത്ത​വാ​വോ മൂലം ഉണ്ടാകുന്ന ഏറ്റവും ശക്തി​യേ​റിയ വേലി​യേ​റ്റ​ത്തി​നു ശേഷമുള്ള മൂന്നോ നാലോ ദിവസ​ങ്ങ​ളി​ലെ രാത്രി​ക​ളി​ലാണ്‌ ഗ്രൂണി​യൻ മത്സ്യങ്ങൾ മുട്ടയി​ടു​ന്നത്‌. വെളു​ത്ത​വാ​വി​നോ കറുത്ത​വാ​വി​നോ മുമ്പുള്ള രാത്രി​ക​ളി​ലാണ്‌ ഇവ മുട്ടയി​ടു​ന്ന​തെ​ങ്കിൽ ശക്തമായ വേലി​യേറ്റം ഉണ്ടാകു​മ്പോൾ മണലി​നൊ​പ്പം ഈ മുട്ടകൾ തീരത്തു​നിന്ന്‌ ഒഴുകി​പ്പോ​കും. എന്നാൽ ശക്തമായ വേലി​യേ​റ്റ​ത്തി​നു ശേഷം മുട്ടയി​ടു​ന്ന​തു​കൊണ്ട്‌ മുട്ടകൾ മണലിന്‌ അടിയിൽ സുരക്ഷി​ത​മാ​യി​രി​ക്കും. കാരണം, തിരമാ​ല​ക​ളു​ടെ ശക്തി കുറയു​ക​യും തീരത്ത്‌ വീണ്ടും മണൽ അടിയു​ക​യും ചെയ്യുന്ന സമയമാണ്‌ അത്‌.

Wally Skalij/Los Angeles Times via Getty Images

 ഗ്രൂണി​യൻ മത്സ്യങ്ങൾ മുട്ടയി​ടു​ന്നത്‌ വസന്തകാ​ല​ത്തെ​യും വേനൽക്കാ​ല​ത്തെ​യും രാത്രി​ക​ളി​ലാണ്‌. ആ കാലങ്ങ​ളിൽ പകലിനെ അപേക്ഷിച്ച്‌ രാത്രി​യിൽ വേലി​യേ​റ്റ​ത്തി​ന്റെ ശക്തി കൂടു​ത​ലാ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ രാത്രി​യി​ലെ വേലി​യേറ്റ സമയത്ത്‌ ഈ മീനു​കൾക്ക്‌ തീരങ്ങ​ളി​ലേക്കു കൂടുതൽ ദൂരം കയറാ​നാ​കും. കടലിൽനിന്ന്‌ അത്രയും ദൂരം മാറി മുട്ടയി​ടു​ന്ന​തു​കൊണ്ട്‌ പിന്നീടു വരുന്ന വേലി​യേ​റ്റ​ങ്ങ​ളിൽപ്പോ​ലും മുട്ടകൾ സുരക്ഷി​ത​മാ​യി​രി​ക്കും.

 ഗ്രൂണി​യൻ മത്സ്യങ്ങൾ ശക്തമായ ഒരു തിരമാ​ല​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ക​യും ആ തിരമാ​ല​യോ​ടൊ​പ്പം തീര​ത്തേക്കു പരമാ​വധി കയറു​ക​യും ചെയ്യും. വെള്ളം ഇറങ്ങു​മ്പോൾ പെൺമ​ത്സ്യ​ങ്ങൾ നനഞ്ഞ മണലിൽ തന്റെ ശരീരം​കൊണ്ട്‌ ഒരു കുഴി ഉണ്ടാക്കു​ക​യും ആദ്യം വാൽ ഭാഗം അതി​ലേക്ക്‌ ഇറക്കു​ക​യും ചെയ്യും. എന്നിട്ട്‌ മുട്ടകൾ ഇടും. ഏകദേശം അഞ്ചുമു​തൽ എട്ട്‌ സെന്റി​മീ​റ്റർവരെ (രണ്ടുമു​തൽ മൂന്ന്‌ ഇഞ്ചുവരെ) ആഴത്തി​ലാ​യി​രി​ക്കും ആ മുട്ടകൾ. അവ മുട്ടക​ളിട്ട്‌ കഴിയു​മ്പോൾ ഒന്നോ അതില​ധി​ക​മോ ആൺമത്സ്യ​ങ്ങൾ ആ മുട്ടക​ളിൽ ബീജസ​ങ്ക​ലനം (fertilization) നടത്തും. പിന്നീട്‌ ഈ മത്സ്യങ്ങൾ പുളഞ്ഞു​പു​ളഞ്ഞ്‌ വെള്ളത്തിൽ എത്തി അടുത്ത തിരമാ​ല​യോ​ടൊ​പ്പം തിരിച്ച്‌ കടലി​ലേക്കു പോകും.

 അങ്ങനെ നനവുള്ള ആ മണലിൽ മുട്ടകൾ വളർച്ച പ്രാപി​ക്കു​ന്നു. എന്നാൽ തിരമാ​ലകൾ വീണ്ടും വന്ന്‌ മണലി​നെ​യും മുട്ടക​ളെ​യും അനക്കു​മ്പോൾ മാത്രമേ മുട്ടകൾ വിരി​ഞ്ഞു​തു​ടങ്ങൂ. അതു​കൊണ്ട്‌ ഏകദേശം രണ്ടാഴ്‌ച​യ്‌ക്കു ശേഷം അടുത്ത ഏറ്റവും ശക്തി​യേ​റിയ വേലി​യേ​റ്റ​മു​ണ്ടാ​കു​മ്പോൾ ഈ മുട്ടകൾ വിരി​യു​ന്നു. എന്നാൽ അതു നടന്നി​ല്ലെ​ങ്കിൽ രണ്ടാഴ്‌ച കഴിഞ്ഞുള്ള അടുത്ത ശക്തമായ വേലി​യേ​റ്റം​വരെ അവ കാത്തി​രി​ക്കും.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? എപ്പോൾ, എങ്ങനെ മുട്ടയി​ട​ണ​മെന്ന്‌ തീരു​മാ​നി​ക്കാ​നുള്ള ഗ്രൂണി​യൻ മത്സ്യങ്ങ​ളു​ടെ ഈ കഴിവ്‌ പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ, അല്ലെങ്കിൽ അത്‌ ആരുടെ കരവി​രുത്‌?