വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

കാബേജ്‌ ശലഭത്തി​ന്റെ V-ആകൃതി

കാബേജ്‌ ശലഭത്തി​ന്റെ V-ആകൃതി

 പാറി​പ്പ​റ​ന്നുള്ള സഞ്ചാരം തുടങ്ങു​ന്ന​തി​നു മുമ്പേ ചിത്ര​ശ​ല​ഭങ്ങൾ സൂര്യ​പ്ര​കാ​ശ​ത്തിൽ അതിന്റെ പേശികൾ ചൂടാ​ക്കു​ന്നു. എന്നാൽ വെളുത്ത കാബേജ്‌ ശലഭത്തിന്‌ ഒരു പ്രത്യേ​ക​ത​യുണ്ട്‌. മഴക്കാ​റു​ളള ദിവസം മറ്റു ചിത്ര​ശ​ല​ഭങ്ങൾ പറക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ഇവയ്‌ക്കു പറക്കാൻ കഴിയും. എന്തു​കൊണ്ട്‌?

 സവി​ശേ​ഷത: പറക്കു​ന്ന​തി​നു മുമ്പേ പല ചിത്ര​ശ​ല​ഭ​ങ്ങ​ളും ചിറക്‌ അടച്ചു​പി​ടി​ച്ചോ വിരി​ച്ചു​പി​ടി​ച്ചോ സൂര്യ​പ്ര​കാ​ശം കായുന്നു. എന്നാൽ വെളുത്ത കാബേജ്‌ ശലഭം ചിറകു​കൾ പിടി​ക്കു​ന്നത്‌ V-ആകൃതി​യി​ലാണ്‌. ഇങ്ങനെ ചിറകു​കൾ പിടിക്കുമ്പോൾ, ഉള്ള സൂര്യ​പ്ര​കാ​ശ​ത്തിൽനിന്ന്‌ ഇതിനു പരമാ​വധി ചൂട്‌ കിട്ടു​മെ​ന്നാ​ണു പഠനങ്ങൾ തെളി​യി​ക്കു​ന്നത്‌. ഈ വിധത്തിൽ പേശി​കൾക്കു പെട്ടെന്ന്‌ ഊർജം കിട്ടു​ന്ന​തു​കൊണ്ട്‌ മറ്റുള്ള​വ​യ്‌ക്കു മുമ്പേ പറന്നു​യ​രാൻ ഇവയ്‌ക്കു സാധി​ക്കു​ന്നു.

 ഇംഗ്ലണ്ടി​ലെ എക്‌സ്റ്റർ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ കാബേജ്‌ ശലഭത്തി​ന്റെ V-ആകൃതി അനുക​രി​ച്ചു​കൊണ്ട്‌ സോളാർ പാനലു​കൾ നിർമി​ക്കാൻ പറ്റുമോ എന്നു ഗവേഷണം നടത്തി. അങ്ങനെ ചെയ്‌താൽ 50 ശതമാ​ന​ത്തോ​ളം കൂടുതൽ ഊർജം ഉത്‌പാ​ദി​പ്പി​ക്കാ​നാ​കു​മെന്ന്‌ അവർ കണ്ടെത്തി.

 ഈ ചിത്ര​ശ​ല​ഭ​ത്തി​ന്റെ ചിറകു​ക​ളു​ടെ പ്രതല​ത്തി​നു ചൂടും പ്രകാ​ശ​വും നന്നായി പ്രതി​ഫ​ലി​പ്പി​ക്കാ​നുള്ള കഴിവു​ണ്ടെന്നു ഗവേഷകർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. അതിന്റെ V-ആകൃതി​യും ചിറകു​ക​ളു​ടെ ഘടനയും അനുക​രി​ച്ചു​കൊണ്ട്‌ വളരെ കട്ടി കുറഞ്ഞ, കാര്യ​ക്ഷ​മ​മായ സോളാർ പാനലു​കൾ ഗവേഷകർ നിർമി​ച്ചി​ട്ടുണ്ട്‌. ഈ ഗവേഷ​ണ​വി​ഭാ​ഗ​ത്തി​ലെ ഒരംഗ​മായ പ്രൊ​ഫസർ റിച്ചാർഡ്‌ ഫ്രഞ്ച്‌ കോൺസ്റ്റെന്റ്‌, കാബേജ്‌ ചിത്ര​ശ​ല​ഭത്തെ “സൗരോർജം ശേഖരി​ക്കു​ന്ന​തിൽ വിദഗ്‌ധൻ” എന്നാണു വിളി​ക്കു​ന്നത്‌.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? വെളുത്ത കാബേജ്‌ ശലഭത്തി​ന്റെ ഈ സവി​ശേഷത പരിണ​മി​ച്ചു​വ​ന്ന​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?