വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവിരുത്‌?

ഒച്ചിന്റെ പശ

ഒച്ചിന്റെ പശ

 ശസ്‌ത്രക്രിയയുടെ സമയത്ത്‌ ഡോക്ടർമാർക്ക്‌ ഒഴിവാക്കാനാകാത്ത ഒന്നാണ്‌ പശയുടെ ഉപയോഗം. ശരീരകലകളിലുണ്ടാകുന്ന (കോശസമൂഹം) മുറിവ്‌ ഉണക്കാൻ പശ ഉപയോഗിക്കുന്നു. എന്നാൽ പല പശകളിലും വിഷമയമുള്ളതുകൊണ്ട്‌ ശരീരത്തിനുള്ളിൽ ഉപയോഗിക്കാൻ പറ്റില്ല. ഇനി നനവുള്ള ശരീരകലകളിൽ അത്‌ ഒട്ടിപ്പിടിച്ചിരിക്കുകയും ഇല്ല. ഒരു പ്രത്യേക തരം ഒച്ചിന്റെ a പശയെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്‌ ശാസ്‌ത്രജ്ഞന്മാർക്ക്‌ ഈ പ്രശ്‌നത്തിനുള്ള പരിഹാരം കിട്ടിയത്‌.

 സവിശേഷത: ആപത്‌ഘട്ടങ്ങളിൽ ഈ ഒച്ച്‌ പശപോലെ ഒരു ദ്രാവകം പുറപ്പെടുവിക്കും. നനഞ്ഞ ഇലയിൽപ്പോലും പറ്റിപ്പിടിച്ചിരിക്കാൻ ആ ദ്രാവകം ഒച്ചിനെ സഹായിക്കുന്നു. ഈ പ്രതിരോധസംവിധാനം ഒച്ചിന്‌ ഒരു സംരക്ഷണമാണ്‌. എന്നാൽ ഒട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ അത്‌ ആകുന്നുമില്ല.

 ഗവേഷകർ ഒച്ചിന്റെ പശയെക്കുറിച്ച്‌ വിശദമായി പഠിച്ചു. പ്രകൃതിദത്തമായ ഈ പശയെ ഇത്രയും മേന്മയുള്ളതാക്കുന്നത്‌ പല ഘടകങ്ങളുടെയും പ്രവർത്തനമാണെന്ന്‌ അവർ കണ്ടെത്തി. ഉദാഹരണത്തിന്‌, ഈ പശ ഒരു പ്രതലത്തിൽ ഒട്ടിപ്പിടിക്കാൻ രാസപ്രവർത്തനവും ഇലക്ട്രിക്‌ ചാർജുകളുടെ ആകർഷണശക്തിയും പ്രയോജനപ്പെടുത്തുന്നു. ഈ പശയ്‌ക്ക്‌ ഒരു പ്രതലത്തിലേക്കു തുളച്ചിറങ്ങാനുള്ള ശക്തിയുണ്ട്‌. എന്നാൽ അതോടൊപ്പം ബലം പ്രയോഗിച്ചാൽ റബ്ബറുപോലെ വലിയാനുള്ള ഇലാസ്‌തികതയും അതിനുണ്ട്‌. ഒച്ചിന്റെ പശ പ്രവർത്തിക്കുന്ന വിധം അനുകരിച്ചുകൊണ്ട്‌ ഗവേഷകർ ഒരു പശ നിർമിച്ചു. അത്‌ ഇപ്പോൾ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ഏതു പശയേക്കാളും ശക്തവും ശരീരത്തിലെ അവയവങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാൻ കഴിവുള്ളതും ആണ്‌. “തരുണാസ്ഥി എത്ര നന്നായി അസ്ഥികളോടു പറ്റിപ്പിടിച്ചിരിക്കുമോ അത്രയും ശക്തമായി അവയവങ്ങളോടു പറ്റിപ്പിടിച്ചിരിക്കാൻ” ഈ പശയ്‌ക്കു പറ്റുമെന്നു പറയപ്പെടുന്നു.

 എല്ലാ ശസ്‌ത്രക്രിയാവിദഗ്‌ധരും അധികം വൈകാതെ ഈ പശ ഉപയോഗിച്ചുതുടങ്ങിയേക്കാം എന്നാണു വിദഗ്‌ധരുടെ അഭിപ്രായം. അതോടെ മുറിവ്‌ തുന്നിക്കെട്ടുന്നതും പിൻ ചെയ്‌തുപിടിപ്പിക്കുന്നതും ഒക്കെ പഴങ്കഥയായേക്കാം. തരുണാസ്ഥിക്കു സംഭവിക്കുന്ന തകരാറുകൾ ശരിയാക്കാനും ഇവ ഉപയോഗിക്കാം. ഡോക്ടർമാർക്ക്‌ അവർ ഉദ്ദേശിച്ച ശരീരഭാഗത്തുതന്നെ ഒരു വൈദ്യോപകരണം കൃത്യമായി ഘടിപ്പിച്ചുവെക്കാനും ഈ പശ വളരെ ഫലപ്രദമാണ്‌. പന്നിയുടെ ഹൃദയത്തിലെ ദ്വാരവും എലിയുടെ കരളിലെ സുഷിരങ്ങളും ഈ പശ ഉപയോഗിച്ച്‌ വളരെ ഫലപ്രദമായി അടയ്‌ക്കാൻ പറ്റുമെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നു.

 നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഉള്ള അതിവിദഗ്‌ധമായ പരിഹാരം ശാസ്‌ത്രജ്ഞർ കണ്ടെത്തുന്നത്‌ പ്രകൃതിയെക്കുറിച്ച്‌ പഠിച്ചുകൊണ്ടാണ്‌. ഈ പശ കൃത്രിമമായി വികസിപ്പിച്ചെടുത്ത സ്ഥാപനത്തിന്റെ മേധാവിയായ ഡോണാൾഡ്‌ ഇങ്ക്‌ബെർ പറയുന്നത്‌: “പലതും ഈ പ്രകൃതിയിൽത്തന്നെയുണ്ട്‌. അത്‌ എവിടെയാണെന്നു മനസ്സിലാക്കുന്നതിലും ചിന്തിക്കുന്നതിലും ആണ്‌ കാര്യം.”

 നിങ്ങൾക്ക്‌ എന്ത്‌ തോന്നുന്നു? ഒച്ചിന്റെ പശ പരിണമിച്ചുവന്നതാണോ? അതോ ആരെങ്കിലും രൂപകല്‌പന ചെയ്‌തതാണോ?

a ആരിയൺ സബ്‌ഫസ്‌കസ്‌ (Arion subfuscus) എന്ന ശാസ്‌ത്രീയ നാമമുള്ള ഒച്ചാണ്‌ ഇത്‌.