വിവരങ്ങള്‍ കാണിക്കുക

ആരുടെ കരവി​രുത്‌?

എവി​ടെ​യും ഒട്ടിപ്പി​ടി​ക്കുന്ന റിമോ​റാ

എവി​ടെ​യും ഒട്ടിപ്പി​ടി​ക്കുന്ന റിമോ​റാ

 റിമോ​റാ എന്ന മത്സ്യം മറ്റു കടൽജീ​വി​ക​ളു​ടെ പുറത്ത്‌ പറ്റിപ്പി​ടി​ച്ചി​രി​ക്കാൻ ബഹു​കേ​മ​നാണ്‌. മുറു​കെ​പ്പി​ടി​ച്ചി​രി​ക്കു​മെ​ങ്കി​ലും എളുപ്പ​ത്തിൽ വിട്ടു​പോ​രാ​നും ഈ വിദ്വാ​നു കഴിയും, മറ്റേ ജീവിയെ വേദനി​പ്പി​ക്കാ​തെ. റിമോ​റാ​യു​ടെ ഈ കഴിവ്‌ ഗവേഷ​കരെ തെല്ലൊ​ന്നു​മല്ല അമ്പരപ്പി​ച്ചി​ട്ടു​ള്ളത്‌.

 സവി​ശേ​ഷത: തെരണ്ടി​യു​ടെ​യോ സ്രാവി​ന്റെ​യോ കടലാ​മ​യു​ടെ​യോ തിമിം​ഗ​ല​ത്തി​ന്റെ​യോ മറ്റു കടൽജീ​വി​ക​ളു​ടെ​യോ പുറത്ത്‌ റിമോ​റാ മുറുക്കെ പറ്റിപ്പി​ടി​ച്ചി​രി​ക്കും. അവയുടെ തൊലി​യോ പുറ​ന്തോ​ടോ എങ്ങനെ​യു​ള്ള​താ​ണെ​ങ്കി​ലും അവന്‌ അതൊരു പ്രശ്‌നമേ അല്ല. റിമോ​റാ​യു​ടെ ഭക്ഷണവും കുശാ​ലാണ്‌. ആതി​ഥേ​യ​മ​ത്സ്യം മിച്ചം വരുത്തിയ ആഹാര​വും അതിന്റെ പുറത്തി​രി​ക്കുന്ന പരാദ​ജീ​വി​ക​ളെ​യും കഴിച്ചാണ്‌ ഇവൻ വയറു നിറയ്‌ക്കു​ന്നത്‌. അതു​പോ​ലെ ആതി​ഥേ​യനെ പറ്റിപ്പി​ടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ ശത്രു​ക്ക​ളിൽനി​ന്നുള്ള സംരക്ഷ​ണ​വും സവാരി​യും ഫ്രീ. ഇങ്ങനെ ഒട്ടിപ്പി​ടി​ച്ചി​രി ക്കാൻ റിമോ​റാ​യെ സഹായി​ക്കു​ന്നത്‌ അതിന്റെ സക്ഷൻ ഡിസ്‌ക്കാണ്‌. പലതരം പ്രതല​ങ്ങ​ളിൽ മുറുക്കെ, എന്നാൽ മൃദു​വാ​യി പറ്റിപ്പി​ടി​ക്കാ​നുള്ള ഇതിന്റെ പ്രാപ്‌തി​യെ​ക്കു​റിച്ച്‌ ഗവേഷകർ പഠനം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

 ഒരു തിമിം​ഗ​ല​സ്രാ​വി​നൊ​പ്പം നീന്തുന്ന റിമോ​റാ​കൾ

 റിമോ​റാ​യു​ടെ തലയുടെ പുറകി​ലാ​യാണ്‌ വട്ടത്തി​ലുള്ള ഈ സക്ഷൻ ഡിസ്‌ക്‌ ഉള്ളത്‌. ഈ ഡിസ്‌കി​നു​ള്ളിൽ ഉടനീളം തുറക്കു​ക​യും അടയു​ക​യും ചെയ്യുന്ന പാളികൾ കാണാം. ഈ പാളി​ക​ളു​ടെ അറ്റത്ത്‌ ചെറി​യ​ചെ​റിയ കട്ടിയുള്ള മുള്ളു​കൾപോ​ലുള്ള ഭാഗങ്ങ​ളുണ്ട്‌. ഈ പാളികൾ തുറക്കു​മ്പോൾ മുള്ളു​പോ​ലുള്ള ഭാഗങ്ങൾ ആതി​ഥേ​യ​മ​ത്സ്യ​ത്തി​ന്റെ തൊലി​യിൽ ഉരസു​ക​യും ഘർഷണം അഥവാ ഫ്രിക്ഷൻ ഉണ്ടാകു​ക​യും ചെയ്യുന്നു. സക്ഷൻ ഡിസ്‌കിൽ സക്ഷൻമൂ​ലം ഒരു ശൂന്യ​ത​യു​ണ്ടാ​കു​ന്നു. ആ ശൂന്യത നിലനി​റു​ത്താൻ അതിനു ചുറ്റു​മുള്ള തടിച്ച ചുണ്ടു​പോ​ലുള്ള ഭാഗങ്ങൾ സഹായി​ക്കു​ന്നു. ആതി​ഥേ​യ​മ​ത്സ്യം വേഗത്തിൽ വെട്ടി​ത്തി​രിഞ്ഞ്‌ പോയാൽപ്പോ​ലും പറ്റിപ്പി​ടി​ച്ചി​രി​ക്കാൻ ഈ ഘർഷണ​വും ശൂന്യ​ത​യും കൂടി​ച്ചേ​രു​മ്പോ​ഴു​ണ്ടാ​കുന്ന ബലം റിമോ​റാ​യെ സഹായി​ക്കു​ന്നു.

 റിമോ​റാ​യു​ടെ ഡിസ്‌കിൽനിന്ന്‌ പ്രചോ​ദനം ഉൾക്കൊ​ണ്ടു​കൊണ്ട്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ കൃത്രി​മ​മാ​യി ഒരു ഡിസ്‌ക്‌ ഉണ്ടാക്കി​യെ​ടു​ത്തു. വട്ടത്തി​ലുള്ള ഈ ഡിസ്‌കി​നു വ്യത്യ​സ്‌ത​പ്ര​ത​ല​ങ്ങ​ളിൽ ഉറപ്പോ​ടെ പറ്റിപ്പി​ടി​ച്ചി​രി​ക്കാ​നുള്ള കഴിവുണ്ട്‌. ഗവേഷകർ അതിന്റെ ഭാരത്തി​ന്റെ നൂറു മടങ്ങ്‌ ബലം കൊടുത്ത്‌ വലിച്ചി​ട്ടു​പോ​ലും അതു പിടി​ച്ചു​നി​ന്നു.

 റിമോ​റാ​യു​ടെ ഡിസ്‌കി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള സാങ്കേ​തി​ക​വി​ദ്യ​ക്കു ധാരാളം ഉപയോ​ഗ​സാ​ധ്യ​ത​ക​ളുണ്ട്‌. കടൽജീ​വി​ക​ളു​ടെ ശരീര​ത്തിൽ ഗവേഷ​ണ​ത്തി​നാ​യി പിടി​പ്പി​ക്കുന്ന റ്റാഗു​ക​ളു​ടെ നിർമാ​ണ​ത്തി​ലും ആഴക്കട​ലി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​ലും കപ്പലു​ക​ളു​ടെ​യോ പാലങ്ങ​ളു​ടെ​യോ വെള്ളത്തിന്‌ അടിയി​ലുള്ള ഭാഗങ്ങ​ളിൽ ലൈറ്റു​ക​ളും ഉപകര​ണ​ങ്ങ​ളും ഉറപ്പി​ക്കു​ന്ന​തി​ലും ഒക്കെ ഈ സാങ്കേ​തി​ക​വി​ദ്യ പ്രയോ​ജ​ന​പ്പെ​ട്ടേ​ക്കും.

 നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? റിമോ​റാ​യു​ടെ ഈ സക്ഷൻ ഡിസ്‌ക്‌ പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ, അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?