വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

2 തിമൊ​ഥെ​യൊസ്‌ 1:7—“ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെയല്ല . . . ദൈവം നമുക്കു തന്നത്‌”

2 തിമൊ​ഥെ​യൊസ്‌ 1:7—“ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെയല്ല . . . ദൈവം നമുക്കു തന്നത്‌”

 “ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെയല്ല, ശക്തിയു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുബോ​ധ​ത്തി​ന്റെ​യും ആത്മാവി​നെ​യാ​ണ​ല്ലോ ദൈവം നമുക്കു തന്നത്‌.”—2 തിമൊ​ഥെ​യൊസ്‌ 1:7.

2 തിമൊ​ഥെ​യൊസ്‌ 1:7-ന്റെ അർഥം

 ഈ വാക്യ​ത്തിൽ ‘ഭീരു​ത്വം’ എന്നു പറയു​ന്നത്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽനിന്ന്‌ ഒരാളെ പിന്നോ​ട്ടു​വ​ലി​ക്കുന്ന അനാവ​ശ്യ​ഭ​യ​മാണ്‌. ഈ ഭീരു​ത്വ​ത്തിന്‌ ആരും കീഴ്‌പെ​ട്ടു​പോ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. ധൈര്യ​ത്തോ​ടെ ശരിയാ​യതു ചെയ്യാൻ ഒരാളെ സഹായി​ക്കാൻ ദൈവ​ത്തി​നാ​കും.

 ഭീരു​ത്വ​ത്തെ അഥവാ ഭയത്തെ മറിക​ട​ക്കാൻ ദൈവം തരുന്ന മൂന്നു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ഈ വാക്യം പറയു​ന്നുണ്ട്‌. നമുക്ക്‌ അവ ഓരോ​ന്നാ​യി നോക്കാം.

 “ശക്തി.” ക്രൂര​രായ ശത്രു​ക്ക​ളു​ടെ​യും ആപത്തു​ക​ളു​ടെ​യും നടുവി​ലും ധീരമാ​യി നിന്ന്‌ ദൈവത്തെ സേവി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു കഴിഞ്ഞി​ട്ടുണ്ട്‌. അവർ ഒരിക്ക​ലും പേടി​ച്ചു​പി​ന്മാ​റി​യി​ട്ടില്ല. (2 കൊരി​ന്ത്യർ 11:23-27) എങ്ങനെ​യാണ്‌ അവർക്ക്‌ അത്‌ സാധി​ക്കു​ന്നത്‌? അതിനുള്ള ഉത്തരം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.” (ഫിലി​പ്പി​യർ 4:13) ഏതു പ്രശ്‌ന​ത്തെ​യും മറിക​ട​ക്കു​ന്ന​തി​നുള്ള “അസാധാ​ര​ണ​ശക്തി” തന്റെ ആരാധ​കർക്കു നൽകാൻ ദൈവ​ത്തി​നു കഴിയും.—2 കൊരി​ന്ത്യർ 4:7.

 ‘സ്‌നേഹം.’ ദൈവ​ത്തോട്‌ നല്ല സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ ശരിയായ കാര്യ​ങ്ങൾക്കു​വേണ്ടി ധീരമായ നിലപാ​ടെ​ടു​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​ക്കു കഴിയും. അതു​പോ​ലെ മറ്റുള്ള​വ​രോ​ടുള്ള സ്‌നേഹം, എതിർപ്പും ആപത്തും ഒക്കെ ഉള്ളപ്പോ​ഴും തന്നെക്കാൾ അധികം മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ പ്രേരി​പ്പി​ക്കും.—യോഹ​ന്നാൻ 13:34; 15:13.

 ‘സുബോ​ധം.’ ബൈബി​ളിൽ പൊതു​വെ സുബോ​ധം എന്നു പറയു​മ്പോൾ ഉദ്ദേശി​ക്കു​ന്നത്‌ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ഒരു ക്രിസ്‌ത്യാ​നി​യു​ടെ പ്രാപ്‌തി​യെ​യാണ്‌. സുബോ​ധ​മുള്ള ഒരു വ്യക്തി പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴും കാര്യ​കാ​ര​ണ​സ​ഹി​തം ചിന്തിച്ച്‌, വിവേ​ക​ത്തോ​ടെ പ്രവർത്തി​ക്കും. ഒരു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യമല്ല ദൈവ​ത്തി​ന്റെ ചിന്തയാണ്‌ അദ്ദേഹം കണക്കി​ലെ​ടു​ക്കു​ന്നത്‌. കാരണം അദ്ദേഹം കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌ ദൈവ​വു​മാ​യുള്ള തന്റെ ബന്ധത്തി​നാണ്‌.

2 തിമൊ​ഥെ​യൊസ്‌ 1:7-ന്റെ സന്ദർഭം

 2 തിമൊ​ഥെ​യൊസ്‌ എന്ന ബൈബിൾപു​സ്‌തകം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ അടുത്ത കൂട്ടു​കാ​ര​നും സഹപ്ര​വർത്ത​ക​നും ആയിരുന്ന തിമൊ​ഥെ​യൊ​സിന്‌ എഴുതിയ കത്താണ്‌. ഈ കത്തിൽ ശുശ്രൂ​ഷ​യിൽ തുടർന്നും കഠിനാ​ധ്വാ​നം ചെയ്യാൻ ചെറു​പ്പ​ക്കാ​ര​നായ തിമൊ​ഥെ​യൊ​സി​നെ പൗലോസ്‌ സ്‌നേ​ഹ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 1:1, 2) തിമൊ​ഥെ​യൊസ്‌ അല്‌പം നാണവും പേടി​യും ഒക്കെയുള്ള ആളായി​രു​ന്നെന്നു തോന്നു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യു​ടെ പ്രവർത്ത​നങ്ങൾ ചെയ്യു​ന്ന​തിൽനിന്ന്‌ ഇത്‌ അദ്ദേഹത്തെ അല്‌പം പിന്നോട്ട്‌ വലിച്ചി​രി​ക്കാം. (1 തിമൊ​ഥെ​യൊസ്‌ 4:12) എന്നാൽ തിമൊ​ഥെ​യൊ​സിന്‌ ഒരു സമ്മാനം കിട്ടി​യി​ട്ടുള്ള കാര്യം പൗലോസ്‌ ഓർമി​പ്പി​ച്ചു. ക്രിസ്‌തീ​യ​സ​ഭ​യി​ലെ ഒരു പ്രത്യേ​ക​നി​യ​മ​ന​മാ​യി​രു​ന്നു അത്‌. സഭയിലെ ഒരു മേൽവി​ചാ​രകൻ എന്ന നിലയിൽ അധികാ​രം ഉപയോ​ഗി​ക്കാ​നും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും വിശ്വാ​സ​ത്തി​നു​വേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കാ​നും മടിച്ചു​നിൽക്ക​രുത്‌ എന്ന്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ പറഞ്ഞു.—2 തിമൊ​ഥെ​യൊസ്‌ 1:6-8.

 ഈ വാക്കുകൾ പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ എഴുതി​യ​താ​ണെ​ങ്കി​ലും ഇന്ന്‌ ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും അത്‌ പ്രയോ​ജനം ചെയ്യുന്നു. എന്തു പ്രശ്‌നം വന്നാലും തന്നെ നന്നായി സേവി​ക്കാ​നുള്ള സഹായം ദൈവം തരുമെന്ന ഉറപ്പാണ്‌ അത്‌ നമുക്ക്‌ തരുന്നത്‌.