വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

സങ്കീർത്തനം 37:4—“കർത്താ​വിൽ ആനന്ദി​ക്കുക”

സങ്കീർത്തനം 37:4—“കർത്താ​വിൽ ആനന്ദി​ക്കുക”

 “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.”—സങ്കീർത്തനം 37:4, പുതിയ ലോക ഭാഷാ​ന്തരം.

 “കർത്താ​വിൽ ആനന്ദി​ക്കുക; അവിടു​ന്നു നിന്റെ ആഗ്രഹങ്ങൾ സാധി​ച്ചു​ത​രും.”—സങ്കീർത്തനം 37:4, പി.ഒ.സി. ബൈബിൾ.

സങ്കീർത്തനം 37:4-ന്റെ അർഥം

 ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്താൻ സങ്കീർത്ത​ന​ക്കാ​രൻ ദൈവ​ത്തി​ന്റെ ആരാധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. അങ്ങനെ ഒരു അടുത്ത സൗഹൃ​ദ​മു​ള്ള​വ​രു​ടെ ഉചിത​മായ ആഗ്രഹങ്ങൾ ദൈവ​മായ യഹോവ a നടത്തി​ക്കൊ​ടു​ക്കു​മെന്ന്‌ ഉറപ്പാണ്‌.

 “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ!” ഇതിനെ “യഹോ​വ​യിൽ ഏറ്റവും അധികം സന്തോഷം കണ്ടെത്തുക,” “കർത്താ​വി​നെ സേവി​ക്കു​ന്ന​തിൽ ആനന്ദി​ക്കുക,” “കർത്താവ്‌ ഉറപ്പു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ സന്തോ​ഷി​ക്കുക” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ “സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക.” എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയാ​നാ​കു​ന്നത്‌?

 യഹോ​വ​യെ ആരാധി​ക്കു​ന്നവർ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടി​ലൂ​ടെ​യാ​യി​രി​ക്കും കാര്യങ്ങൾ കാണു​ന്നത്‌. അവർ ദൈവത്തെ അറിയുക മാത്രമല്ല, ദൈവത്തെ അനുസ​രി​ക്കു​ന്ന​താണ്‌ ജ്ഞാന​മെ​ന്നും തിരി​ച്ച​റി​യും. അങ്ങനെ​യാ​കു​മ്പോൾ അവർക്കു ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കും, പല തെറ്റു​ക​ളും മോശ​മായ തീരു​മാ​ന​ങ്ങ​ളും ഒഴിവാ​ക്കാ​നു​മാ​കും. (സുഭാ​ഷി​തങ്ങൾ 3:5, 6) ഉദാഹ​ര​ണ​ത്തിന്‌, അത്യാ​ഗ്ര​ഹി​ക​ളോ സത്യസ​ന്ധ​ര​ല്ലാത്ത ആളുക​ളോ വിജയം നേടു​മെന്നു തോന്നി​യാ​ലും യഹോ​വയെ ആരാധി​ക്കു​ന്ന​വർക്ക്‌ അവരോ​ടു ദേഷ്യ​മോ അസൂയ​യോ തോന്നില്ല. (സങ്കീർത്തനം 37:1, 7-9) ദൈവം പെട്ടെ​ന്നു​തന്നെ അനീതി​യെ​ല്ലാം അവസാ​നി​പ്പി​ക്കു​മെ​ന്നും വിശ്വ​സ്‌ത​രായ ആളുകൾക്ക്‌ അവരുടെ പ്രവൃ​ത്തി​കൾക്ക്‌ പ്രതി​ഫലം കൊടു​ക്കു​മെ​ന്നും ഉള്ള അറിവ്‌ ദൈവ​ജ​നത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 37:34) അതു​പോ​ലെ സ്വർഗീ​യ​പി​താ​വി​ന്റെ പ്രീതി അവർക്കുണ്ട്‌ എന്ന അറിവും അവർക്കു സന്തോഷം നൽകുന്നു.—സങ്കീർത്തനം 5:12; സുഭാ​ഷി​തങ്ങൾ 27:11.

 “ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.” “ദൈവം നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരും” അല്ലെങ്കിൽ “നിങ്ങൾ ഏറ്റവും അധികം ആഗ്രഹി​ക്കുന്ന കാര്യം ദൈവം സാധി​ച്ചു​ത​രും” എന്നൊക്കെ ഈ വാക്കു​കളെ പരിഭാ​ഷ​പ്പെ​ടു​ത്താം. നിങ്ങൾ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്തും യഹോവ നടത്തി​ത്ത​രു​മെന്നു പറയാ​നാ​കില്ല. ഒരു നല്ല പിതാ​വി​നെ​പ്പോ​ലെ മക്കൾക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. ഇനി, നമ്മുടെ അപേക്ഷ​ക​ളും നമ്മുടെ ജീവി​ത​രീ​തി​യും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളോ​ടും ഇഷ്ടത്തോ​ടും ചേർച്ച​യി​ലു​ള്ള​തും ആയിരി​ക്കണം. (സുഭാ​ഷി​തങ്ങൾ 28:9; യാക്കോബ്‌ 4:3; 1 യോഹ​ന്നാൻ 5:14) അങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കിൽ ‘പ്രാർഥന കേൾക്കു​ന്ന​വനെ’ നമുക്കു സമീപി​ക്കാ​നാ​കും. ദൈവം നമ്മുടെ പ്രാർഥന കേൾക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നും കഴിയും.—സങ്കീർത്തനം 65:2; മത്തായി 21:22.

സങ്കീർത്തനം 37:4-ന്റെ സന്ദർഭം

 പുരാതന ഇസ്രാ​യേ​ലി​ലെ രാജാ​വായ ദാവീ​ദാണ്‌ 37-ാം സങ്കീർത്തനം രചിച്ചത്‌. ഈ സങ്കീർത്തനം അക്ഷരമാ​ലാ​ഘ​ട​ന​യിൽ അല്ലെങ്കിൽ ചിത്രാ​ക്ഷ​രി​യി​ലാണ്‌ എഴുതി​യത്‌. b

 ദാവീദ്‌ പല അനീതി​ക​ളും നേരിട്ടു. രാജാ​വായ ശൗലും മറ്റുള്ള​വ​രും ദാവീ​ദി​നെ കൊല്ലാൻവേണ്ടി വേട്ടയാ​ടി. (2 ശമുവേൽ 22:1) ആ സമയ​ത്തെ​ല്ലാം ദാവീദ്‌ ദൈവ​ത്തിൽ പൂർണ​മാ​യി ആശ്രയി​ച്ചു. ദുഷ്ടന്മാ​രെ​യെ​ല്ലാം യഹോവ ഒരിക്കൽ ശിക്ഷി​ക്കു​മെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 37:10, 11) “ഇളമ്പു​ല്ലു​പോ​ലെ” തഴച്ച്‌ വളരു​ന്ന​താ​യി തോന്നി​യാ​ലും ഒടുവിൽ അവർ ഇല്ലാതാ​കു​മെന്ന്‌ ഉറപ്പാണ്‌.—സങ്കീർത്തനം 37:2, 20, 35, 36.

 ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വർക്കുള്ള ഫലവും അവയെ അവഗണി​ക്കു​ന്ന​വർക്ക്‌ ലഭിക്കുന്ന ഫലവും തമ്മിലുള്ള വ്യത്യാ​സം 37-ാം സങ്കീർത്തനം വിശദീ​ക​രി​ക്കു​ന്നു. (സങ്കീർത്തനം 37:16, 17, 21, 22, 27, 28) അതു​കൊണ്ട്‌ ജ്ഞാനം നേടാ​നും ദൈവം അംഗീ​ക​രി​ക്കുന്ന വ്യക്തി​ക​ളാ​കാ​നും ഈ സങ്കീർത്തനം നമ്മളെ സഹായി​ക്കു​ന്നു.

 സങ്കീർത്ത​ന​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a എബ്രായ ഭാഷയി​ലുള്ള ദൈവ​ത്തി​ന്റെ പേരിന്റെ മലയാള പരിഭാ​ഷ​യാണ്‌ യഹോവ. പല ബൈബിൾപ​രി​ഭാ​ഷ​ക​ളും ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേരിനു പകരം കർത്താവ്‌ എന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം അറിയാൻ “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.

b ഈ ശൈലി​യിൽ, ആദ്യവ​രി​യോ വരിക​ളോ എബ്രായ അക്ഷരമാ​ല​യി​ലെ ആദ്യാ​ക്ഷ​രം​കൊ​ണ്ടും അതിന്‌ അടുത്ത വരികൾ രണ്ടാമത്തെ അക്ഷരം​കൊ​ണ്ടും തുടങ്ങു​ന്നു. അങ്ങനെ അക്ഷരമാ​ലാ​ക്ര​മ​ത്തിൽ അതു തുടരു​ന്നു. ആളുകൾക്ക്‌ സങ്കീർത്ത​നങ്ങൾ ഓർത്തി​രി​ക്കാൻ ഈ ശൈലി സഹായ​ക​മാ​യി​രു​ന്നി​രി​ക്കാം.