വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ വിശദീകരണം

യോശുവ 1:9—‘ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക’

യോശുവ 1:9—‘ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക’

 “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ ഞാൻ നിന്നോ​ടു കല്‌പി​ച്ചി​ട്ടു​ള്ള​തല്ലേ? പേടി​ക്കു​ക​യോ ഭയപര​വ​ശ​നാ​കു​ക​യോ അരുത്‌. കാരണം നീ എവിടെ പോയാ​ലും നിന്റെ ദൈവ​മായ യഹോവ നിന്റെ​കൂ​ടെ​യുണ്ട്‌.”—യോശുവ 1:9, പുതിയ ലോക ഭാഷാ​ന്തരം.

 “ശക്തനും ധീരനു​മാ​യി​രി​ക്ക​ണ​മെ​ന്നും ഭയപ്പെ​ടു​ക​യോ പരി​ഭ്ര​മി​ക്കു​ക​യോ ചെയ്യരു​തെ​ന്നും നിന്നോ​ടു ഞാൻ കൽപി​ച്ചി​ട്ടി​ല്ല​യോ? നിന്റെ ദൈവ​മായ കർത്താവ്‌ നീ പോകു​ന്നി​ട​ത്തെ​ല്ലാം നിന്നോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും.”—യോശുവ 1:9, പി.ഒ.സി. ബൈബിൾ.

യോശുവ 1:9-ന്റെ അർഥം

 ദൈവ​മായ യഹോവ a തന്റെ വിശ്വ​സ്‌ത​ദാ​സ​നായ യോശു​വ​യോ​ടു പറഞ്ഞ വാക്കു​ക​ളാണ്‌ ഇവ. യോശു​വ​യ്‌ക്ക്‌ ബുദ്ധി​മു​ട്ടു​നി​റഞ്ഞ സാഹച​ര്യ​ങ്ങ​ളും തളർത്തി​ക്ക​ള​യു​മാ​യി​രുന്ന പല പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വന്നു. എങ്കിലും, അപ്പോ​ഴെ​ല്ലാം “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ” യോശു​വ​യ്‌ക്കു കഴിയു​മെന്നു ദൈവം ഉറപ്പു​കൊ​ടു​ത്തു. ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ ഭാവി​യെ​ക്കു​റിച്ച്‌ യോശു​വ​യ്‌ക്ക്‌ ഒരു പേടി​യും തോ​ന്നേ​ണ്ട​തി​ല്ലാ​യി​രു​ന്നു. കാരണം, വിജയം നേടി​ത്ത​രാൻ യഹോവ യോശു​വ​യു​ടെ കൂടെ​ത്തന്നെ ഉണ്ടാകു​മാ​യി​രു​ന്നു. അതെ, യഹോവ വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തു​കൊ​ണ്ടും ശത്രു​ക്കളെ കീഴ്‌പെ​ടു​ത്താൻ സഹായി​ച്ചു​കൊ​ണ്ടും യോശു​വ​യു​ടെ​കൂ​ടെ നിന്നു.

 യോശു​വ​യ്‌ക്ക്‌ എങ്ങനെ “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കാൻ” കഴിയു​മാ​യി​രു​ന്നു? അന്ന്‌ യഹോവ കൊടു​ത്തി​ട്ടു​ണ്ടാ​യി​രുന്ന ദൈവ​പ്ര​ചോ​ദി​ത​മായ എഴുത്തു​ക​ളിൽനിന്ന്‌ യോശു​വ​യ്‌ക്കു ധൈര്യ​വും മനക്കരു​ത്തും നേടാ​നാ​കു​മാ​യി​രു​ന്നു. ഈ എഴുത്തു​ക​ളിൽ, ‘യഹോ​വ​യു​ടെ ദാസനായ മോശ യോശു​വ​യോ​ടു കല്‌പിച്ച നിയമം മുഴു​വ​നും’ ഉൾപ്പെട്ടു. b (യോശുവ 1:7) ‘രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കാൻ’ (‘ധ്യാനി​ക്കാൻ,’ പി.ഒ.സി. ബൈബിൾ ) യഹോവ യോശു​വ​യോട്‌ ആവശ്യ​പ്പെട്ടു. (യോശുവ 1:8) അങ്ങനെ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തത്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​മെന്ന ഉറച്ചതീ​രു​മാ​ന​മെ​ടു​ക്കാൻ യോശു​വയെ സഹായി​ച്ചു. കൂടാതെ, ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ച്ചു​കൊണ്ട്‌ അദ്ദേഹം ‘അതിൽ എഴുതി​യി​രി​ക്കു​ന്ന​തെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്ക​ണ​മാ​യി​രു​ന്നു.’ അങ്ങനെ, അദ്ദേഹ​ത്തി​നു ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കാ​നും വിജയി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. യോശുവ അതുതന്നെ ചെയ്‌തു. പ്രശ്‌ന​ങ്ങ​ളൊ​ക്കെ നേരി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌താ​രാ​ധ​ക​നാ​യി സംതൃ​പ്‌ത​മായ ഒരു ജീവിതം അദ്ദേഹം ആസ്വദി​ച്ചു.—യോശുവ 23:14; 24:15.

 യഹോവ യോശു​വ​യോ​ടു പറഞ്ഞ ആ വാക്കുകൾ ഇന്നു നമുക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. യഹോവ തന്റെ ആരാധ​ക​രെ​ക്കു​റിച്ച്‌ എത്രമാ​ത്രം ചിന്തയു​ള്ള​വ​നാ​ണെന്ന്‌ ഈ വാക്കുകൾ കാണി​ച്ചു​ത​രു​ന്നു. പ്രത്യേ​കി​ച്ചും, ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മ്പോൾ യഹോവ അവരുടെ കൂടെ​ത്തന്നെ ഉണ്ട്‌. യോശു​വ​യെ​പ്പോ​ലെ അവരും ജീവി​ത​ത്തിൽ വിജയി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു! അതു​പോ​ലെ ദൈവ​വ​ച​ന​മായ ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും, അതിലെ നിർദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോൾ യോശു​വ​യെ​പ്പോ​ലെ ‘ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കാ​നും’ അവർക്കു കഴിയും.

യോശുവ 1:9-ന്റെ സന്ദർഭം

 മോശ​യു​ടെ മരണ​ശേഷം ഇസ്രാ​യേൽ ജനത്തെ നയിക്കാൻ യഹോവ യോശു​വ​യോട്‌ ആവശ്യ​പ്പെട്ടു. (യോശുവ 1:1, 2) അവർ അപ്പോൾ ദൈവം വാഗ്‌ദാ​നം ചെയ്‌ത കനാൻ ദേശ​ത്തേക്കു കടക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ അവർക്കു ശക്തരായ എതിരാ​ളി​കളെ നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അങ്ങേയറ്റം ദുഷ്ടന്മാ​രാ​യി​രുന്ന കനാന്യ​രോട്‌ യോശു​വ​യ്‌ക്കു യുദ്ധം ചെയ്യേ​ണ്ടി​വന്നു. c (ആവർത്തനം 9:5; 20:17, 18) അവരാ​ണെ​ങ്കിൽ ധാരാളം ആയുധ​ങ്ങ​ളും ആൾബല​വും ഉള്ള ഒരു ജനത. (യോശുവ 9:1, 2; 17:18) എന്നാൽ യോശുവ ധൈര്യ​ത്തോ​ടെ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ ദൈവം അവരോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. അങ്ങനെ, വെറും ആറു വർഷം​കൊണ്ട്‌ ഭൂരി​ഭാ​ഗം ശത്രു​ക്ക​ളെ​യും ഇസ്രാ​യേ​ല്യർ കീഴ്‌പെ​ടു​ത്തി.—യോശുവ 21:43, 44.

a יהוה(യ്‌ഹ്‌വ്‌ഹ്‌) എന്ന നാല്‌ എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതുന്ന ദൈവ​ത്തി​ന്റെ പേര്‌ മലയാ​ള​ത്തിൽ “യഹോവ” എന്നാണു പൊതു​വേ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ നാല്‌ അക്ഷരങ്ങൾ ചതുര​ക്ഷരി എന്നും അറിയ​പ്പെ​ടു​ന്നു. പി.ഒ.സി. ബൈബി​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ ദൈവ​ത്തി​ന്റെ പേരിനു പകരം കർത്താവ്‌ എന്നാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌. യഹോ​വ​യെ​ക്കു​റി​ച്ചും ചില ബൈബിൾ പരിഭാ​ഷ​ക​ളിൽ യഹോവ എന്ന പേര്‌ ഇല്ലാത്ത​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചും അറിയു​ന്ന​തി​നാ​യി “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.

b മോശ എഴുതിയ, ബൈബി​ളി​ലെ ആദ്യത്തെ അഞ്ച്‌ പുസ്‌ത​ക​ങ്ങ​ളും (ഉൽപത്തി, പുറപ്പാട്‌, ലേവ്യ, സംഖ്യ, ആവർത്തനം) ഇയ്യോ​ബി​ന്റെ പുസ്‌ത​ക​വും ഒന്നോ രണ്ടോ സങ്കീർത്ത​ന​ങ്ങ​ളും ആയിരി​ക്കാം സാധ്യ​ത​യ​നു​സ​രിച്ച്‌ യോശു​വ​യ്‌ക്ക്‌ അന്നു ലഭ്യമാ​യി​രുന്ന ദൈവ​പ്ര​ചോ​ദി​ത​മായ എഴുത്തു​കൾ.

c അത്തരമൊരു യുദ്ധം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയു​ന്ന​തി​നാ​യി, 2010 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “ദൈവം എന്തു​കൊ​ണ്ടാണ്‌ കനാന്യർക്കെ​തി​രെ യുദ്ധം ചെയ്‌തത്‌?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.