വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യിരെമ്യ 33:3—“എന്നെ വിളി​ച്ച​പേ​ക്ഷിക്ക; ഞാൻ നിനക്കു​ത്തരം അരുളും”

യിരെമ്യ 33:3—“എന്നെ വിളി​ച്ച​പേ​ക്ഷിക്ക; ഞാൻ നിനക്കു​ത്തരം അരുളും”

 “എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം. നിനക്ക്‌ അറിയാത്ത വലുതും ദുർഗ്ര​ഹ​വും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞു​ത​രാം.”—യിരെമ്യ 33:3, പുതിയ ലോക ഭാഷാ​ന്തരം.

 “എന്നെ വിളി​ച്ച​പേ​ക്ഷിക്ക; ഞാൻ നിനക്കു​ത്തരം അരുളും; നീ അറിയാത്ത മഹത്താ​യും അഗോ​ച​ര​മാ​യും ഉള്ള കാര്യ​ങ്ങളെ ഞാൻ നിന്നെ അറിയി​ക്കും.”—യിരെമ്യ 33:3, സത്യ​വേ​ദ​പു​സ്‌തകം.

യിരെമ്യ 33:3-ന്റെ അർഥം

 പ്രാർഥ​ന​യി​ലൂ​ടെ തന്നെ സമീപി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ക്ഷണമാണ്‌ ഈ വാക്യ​ങ്ങ​ളി​ലൂ​ടെ കാണു​ന്നത്‌. ഈ ക്ഷണം സ്വീക​രിച്ച്‌ തന്നോടു പ്രാർഥി​ക്കു​ന്ന​വർക്കു ദൈവം ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കും.

 “എന്നെ വിളിക്കൂ. ഞാൻ മറുപടി പറയാം.” “എന്നെ വിളിക്കൂ” എന്ന പ്രയോ​ഗം ദൈവത്തെ വെറുതേ വിളി​ക്കു​ന്ന​തി​നെയല്ല അർഥമാ​ക്കു​ന്നത്‌. പകരം സഹായ​ത്തി​നും വഴിന​ട​ത്തി​പ്പി​നും ആയി പ്രാർഥ​ന​യിൽ ദൈവത്തെ സമീപി​ക്കു​ന്ന​താണ്‌ അതിൽ ഉൾപ്പെ​ടു​ന്നത്‌.—സങ്കീർത്തനം 4:1; യിരെമ്യ 29:12.

 സാധ്യ​ത​യ​നു​സ​രിച്ച്‌, പുരാതന ഇസ്രാ​യേൽ ജനത്തി​നു​ള്ള​താ​യി​രു​ന്നു ഈ ക്ഷണം. അവർ ദൈവ​ത്തോട്‌ അവിശ്വ​സ്‌ത​രാ​യി​ത്തീർന്നി​രു​ന്നു. അതു​പോ​ലെ ബാബി​ലോൺ​സൈ​ന്യ​ത്തി​ന്റെ ആക്രമണം നേരിട്ട ഒരു സമയവു​മാ​യി​രു​ന്നു അത്‌. (യിരെമ്യ 32:1, 2) ഇപ്പോൾ യഹോവ a അവരോട്‌ പ്രാർഥ​ന​യിൽ തന്നെ വിളി​ച്ച​പേ​ക്ഷി​ച്ചു​കൊണ്ട്‌ തന്നി​ലേക്കു തിരി​ഞ്ഞു​വ​രാൻ പറയുന്നു.

 “നിനക്ക്‌ അറിയാത്ത വലുതും ദുർഗ്ര​ഹ​വും ആയ കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞു​ത​രാം.” ദൈവം വെളി​പ്പെ​ടു​ത്തു​മെന്ന്‌ ഉറപ്പു​ത​ന്നി​രി​ക്കുന്ന കാര്യങ്ങൾ മനുഷ്യർക്കു സ്വന്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയില്ല. ആ അർഥത്തിൽ അവ ദുർഗ്രഹം (മനസ്സി​ലാ​ക്കാ​നാ​കാ​ത്തവ) ആണ്‌. ‘ദുർഗ്ര​ഹ​മായ കാര്യങ്ങൾ’ എന്നതിനെ “മറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.

 എന്തൊക്കെ ‘മറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌’ ദൈവം വെളി​പ്പെ​ടു​ത്താൻപോ​കു​ന്നത്‌? ഭാവി​യിൽ സംഭവി​ക്കാൻപോ​കുന്ന കാര്യങ്ങൾ—പ്രത്യേ​കി​ച്ചും, പുരാതന നഗരമായ യരുശ​ലേ​മി​ന്റെ നാശവും ശൂന്യ​മാ​ക്ക​ലും പിന്നെ അതു പൂർവ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തും. (യിരെമ്യ 30:1-3; 33:4, 7, 8) അതു​പോ​ലെ തന്റെ ആരാധ​കരെ ഒരു ജനതയെന്ന നിലയിൽ നശിപ്പി​ക്കി​ല്ലെ​ന്നും ദൈവം ഉറപ്പു​കൊ​ടു​ത്തു.—യിരെമ്യ 32:36-38.

യിരെമ്യ 33:3-ന്റെ സന്ദർഭം

 യിരെമ്യ പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം ലഭിക്കു​ന്നത്‌ ബി.സി. 608-ലാണ്‌, സിദെ​ക്കിയ രാജാ​വി​ന്റെ ഭരണത്തി​ന്റെ പത്താം വർഷം. യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും സിദെ​ക്കിയ രാജാ​വി​നെ ഒരു അടിമ​യാ​യി കൊണ്ടു​പോ​കു​മെ​ന്നും യിരെമ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നാൽ രാജാ​വിന്‌ ഈ സന്ദേശം ഇഷ്ടപ്പെ​ടാ​ത്ത​തു​കൊണ്ട്‌ അദ്ദേഹം യിരെ​മ്യ​യെ തടവി​ലാ​ക്കി.—യിരെമ്യ 32:1-5; 33:1; 37:21.

 ഈ സന്ദർഭ​ത്തി​ലാണ്‌ യിരെമ്യ 33:3-ലെ ക്ഷണം ദൈവം കൊടുക്കുന്നത്‌. എന്നാൽ സിദെ​ക്കിയ രാജാ​വും ഭൂരി​ഭാ​ഗം ഇസ്രാ​യേ​ല്യ​രും അവരുടെ അവിശ്വ​സ്‌ത​ത​യിൽത്തന്നെ തുടർന്നു. (യിരെമ്യ 7:26; 25:4) അവർ ദൈവ​ത്തി​ന്റെ വഴിന​ട​ത്തി​പ്പി​നാ​യി ദൈവത്തെ വിളി​ച്ചില്ല. അതു​കൊണ്ട്‌ ഒരു വർഷത്തി​നു ശേഷം സിദെ​ക്കി​യ​യ്‌ക്ക്‌ അധികാ​രം നഷ്ടപ്പെട്ടു, യരുശ​ലേം നാശത്തിന്‌ ഇരയായി, ഇനി അതിജീ​വി​ച്ച​വ​രെ​യെ​ല്ലാം ബന്ധിക​ളാ​യി ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തു.—യിരെമ്യ 39:1-7.

 യിരെമ്യ 33:3-ലെ വാക്കു​കൾക്ക്‌ ഇന്ന്‌ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ? ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ദൈവ​വ​ച​ന​മായ ബൈബിൾ പഠിക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ തന്റെ ഇഷ്ടത്തെ​ക്കു​റി​ച്ചുള്ള ‘ശരിയായ അറിവും’ ‘ഗഹനമായ കാര്യ​ങ്ങ​ളും’ ദൈവം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​മെന്ന്‌ ഈ വാക്കുകൾ അർഥമാ​ക്കു​ന്നു. (കൊ​ലോ​സ്യർ 1:9; 1 കൊരി​ന്ത്യർ 2:10) ഈ ഗഹനമായ കാര്യ​ങ്ങ​ളിൽ ഉടൻ സംഭവി​ക്കാൻപോ​കുന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു.—വെളി​പാട്‌ 21:3, 4.

 യിരെ​മ്യ​യു​ടെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.