വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

മീഖ 6:8—‘നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടക്കുക’

മീഖ 6:8—‘നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടക്കുക’

 “മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. നീതി​യോ​ടെ ജീവി​ക്കാ​നും വിശ്വ​സ്‌ത​തയെ പ്രിയ​പ്പെ​ടാ​നും ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കാ​നും അല്ലാതെ യഹോവ മറ്റ്‌ എന്താണു നിന്നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?”—മീഖ 6:8, പുതിയ ലോക ഭാഷാ​ന്തരം.

 “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു: ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നത്‌?”—മീഖ 6:8, സത്യ​വേ​ദ​പു​സ്‌തകം.

മീഖ 6:8-ന്റെ അർഥം

 ദൈവ​മായ യഹോവയെ a പ്രീതി​പ്പെ​ടു​ത്തു​ന്നത്‌ മനുഷ്യർക്ക്‌ അത്ര ബുദ്ധി​മു​ട്ടുള്ള കാര്യ​മ​ല്ലെന്ന്‌ മീഖ പ്രവാ​ചകൻ ഈ വാക്യ​ത്തിൽ വിശദീ​ക​രി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:3) ദൈവം നമ്മിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അർഥവ​ത്തായ മൂന്ന്‌ പദപ്ര​യോ​ഗ​ങ്ങ​ളി​ലാ​യി ഈ വാക്യ​ത്തിൽ ചുരു​ക്കി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. ആദ്യത്തെ രണ്ടു കാര്യങ്ങൾ പ്രധാ​ന​മാ​യും പറയു​ന്നത്‌ മറ്റു മനുഷ്യ​രോട്‌ ഇടപെ​ടു​മ്പോൾ ഒരാൾ ശ്രദ്ധി​ക്കേണ്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌. എന്നാൽ മൂന്നാ​മത്തെ കാര്യം ദൈവ​വു​മാ​യുള്ള അദ്ദേഹ​ത്തി​ന്റെ ബന്ധം എങ്ങനെ​യാ​യി​രി​ക്കണം എന്നതി​നെ​ക്കു​റി​ച്ചാണ്‌.

 ‘നീതി​യോ​ടെ ജീവി​ക്കുക.’ തന്റെ ആരാധകർ നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും പ്രവർത്തി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. എന്നു​വെ​ച്ചാൽ ദൈവം ശരി​യെന്നു പറയുന്ന കാര്യങ്ങൾ ശരിയാ​യി കാണാ​നും തെറ്റെന്നു പറയുന്ന കാര്യങ്ങൾ തെറ്റായി കാണാ​നും അതനു​സ​രിച്ച്‌ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും നമുക്കു കഴിയണം. (ആവർത്തനം 32:4) ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്നവർ എല്ലാ മനുഷ്യ​രോ​ടും സത്യസ​ന്ധ​മാ​യും പക്ഷപാ​ത​മി​ല്ലാ​തെ​യും ഇടപെ​ടാൻ പരമാ​വധി ശ്രമി​ക്കും. അവരുടെ പശ്ചാത്ത​ല​മോ രാജ്യ​മോ സമൂഹ​ത്തി​ലെ നിലയോ വിലയോ ഒന്നും നോക്കില്ല.—ലേവ്യ 19:15; യശയ്യ 1:17; എബ്രായർ 13:18.

 ‘വിശ്വ​സ്‌ത​തയെ പ്രിയ​പ്പെ​ടുക.’ ഈ പദപ്ര​യോ​ഗത്തെ ‘അചഞ്ചല​സ്‌നേ​ഹത്തെ സ്‌നേ​ഹി​ക്കുക’ എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. (മീഖ 6:8, അടിക്കു​റിപ്പ്‌) ഈ വാക്യം ആദ്യം എഴുതിയ എബ്രാ​യ​ഭാ​ഷ​യിൽ “വിശ്വ​സ്‌തത” എന്ന പദത്തിന്‌, ബന്ധങ്ങളിൽ വിശ്വ​സ്‌ത​രാ​യി​രി​ക്കുക എന്ന അർഥം മാത്രമല്ല ഉള്ളത്‌. പകരം കടപ്പെ​ട്ടി​രി​ക്കു​ന്ന​തി​ലും കൂടുതൽ ചെയ്‌തു​കൊണ്ട്‌ ഒരാ​ളോട്‌ ദയയും കരുണ​യും കാണി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി മറ്റുള്ള​വ​രോട്‌ ദയയും കരുണ​യും കാണി​ക്കുക മാത്രമല്ല, അത്തരം ഗുണങ്ങളെ സ്‌നേ​ഹി​ക്കു​ക​യും വേണ​മെന്ന്‌ ദൈവം ആഗ്രഹി​ക്കു​ന്നു. ഇതിനർഥം ദൈവ​ത്തി​ന്റെ ആരാധകർ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തണം എന്നാണ്‌, പ്രത്യേ​കി​ച്ചും സഹായം ആവശ്യ​മു​ള്ള​വർക്ക്‌ അത്‌ ചെയ്‌തു​കൊ​ടു​ക്കു​മ്പോൾ. അങ്ങനെ കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം നമുക്ക്‌ കിട്ടുന്നു.—പ്രവൃ​ത്തി​കൾ 20:35.

 ‘ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കുക.’ ബൈബി​ളിൽ “നടക്കുക” എന്ന പദത്തിന്‌ “ഒരു പ്രത്യേക ജീവി​ത​രീ​തി പിൻപ​റ്റുക” എന്ന അർഥവു​മുണ്ട്‌. ദൈവ​ത്തോ​ടൊ​പ്പം നടക്കുക എന്നു പറഞ്ഞാൽ, ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ ജീവി​ക്കുക എന്നാണ്‌. അങ്ങനെ ‘സത്യ​ദൈ​വ​ത്തോ​ടു​കൂ​ടെ നടന്ന’ വ്യക്തി​യാണ്‌ നോഹ. കാരണം നോഹ ദൈവ​ത്തി​ന്റെ കണ്ണിൽ നീതി​മാ​നും “തന്റെ തലമു​റ​യിൽ കുറ്റമ​റ്റ​വ​നും” ആയിരു​ന്നു. (ഉൽപത്തി 6:9) ദൈവ​ത്തി​ന്റെ വചനമായ ബൈബിൾ പറയു​ന്ന​തു​പോ​ലെ ജീവി​ച്ചു​കൊണ്ട്‌ നമുക്ക്‌ ഇന്ന്‌ ‘ദൈവ​ത്തോ​ടൊ​പ്പം നടക്കാ​നാ​കും.’ ഇങ്ങനെ ചെയ്യാൻ നമുക്ക്‌ എളിമ വേണം. നമ്മു​ടെ​തന്നെ പരിമി​തി​കൾ തിരി​ച്ച​റിഞ്ഞ്‌ എല്ലാ കാര്യ​ങ്ങ​ളി​ലും ദൈവ​ത്തിൽ ആശ്രയി​ക്കാൻ എളിമ ആവശ്യ​മാണ്‌.—യോഹ​ന്നാൻ 17:3; പ്രവൃ​ത്തി​കൾ 17:28; വെളി​പാട്‌ 4:11.

മീഖ 6:8-ന്റെ സന്ദർഭം

 ബി.സി. 8-ാം നൂറ്റാ​ണ്ടിൽ പുരാതന ഇസ്രാ​യേ​ലിൽ ഉണ്ടായി​രുന്ന ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു മീഖ. ആ സമയത്ത്‌ ദേശം മുഴുവൻ വിഗ്ര​ഹാ​രാ​ധ​ന​യും തട്ടിപ്പും വഞ്ചനയും അടിച്ച​മർത്ത​ലും ഒക്കെയാ​യി​രു​ന്നു. (മീഖ 1:7; 3:1-3, 9-11; 6:10-12) മിക്ക ഇസ്രാ​യേ​ല്യ​രും യഹോവ മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ങ്ങ​ളൊ​ന്നും (മോശ​യു​ടെ നിയമം എന്ന്‌ അറിയ​പ്പെ​ടു​ന്നു.) അനുസ​രി​ക്കാൻ കൂട്ടാ​ക്കി​യില്ല. അതേസ​മയം മതപര​മായ കുറെ ആചാര​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും യാഗങ്ങൾ അർപ്പി​ക്കു​ക​യും ചെയ്‌താൽ തങ്ങൾക്ക്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടി​യെ​ടു​ക്കാ​നാ​കു​മെന്ന ചിന്തയും അന്നുണ്ടാ​യി​രു​ന്നു.—സുഭാ​ഷി​തങ്ങൾ 21:3; ഹോശേയ 6:6; മീഖ 6:6, 7.

 തന്റെ പിതാവ്‌ എന്തിലാണ്‌ സന്തോ​ഷി​ക്കു​ന്ന​തെന്ന്‌ മീഖയു​ടെ കാലത്തിന്‌ നൂറ്റാ​ണ്ടു​കൾക്കു ശേഷം യേശു​വും വ്യക്തമാ​ക്കി. ആളുക​ളു​ടെ മുന്നിൽ ഭക്തി​പ്ര​ക​ട​നങ്ങൾ നടത്തു​ന്ന​തിൽ അല്ല പകരം സ്‌നേ​ഹ​വും ന്യായ​വും കരുണ​യും കാണി​ക്കു​ന്ന​വ​രി​ലാണ്‌ ദൈവം സന്തോ​ഷി​ക്കു​ന്ന​തെന്ന്‌ യേശു പറഞ്ഞു. (മത്തായി 9:13; 22:37-39; 23:23) തന്റെ ആരാധകർ എങ്ങനെ​യാ​യി​രി​ക്കാ​നാണ്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ യേശു​വി​ന്റെ ഈ വാക്കുകൾ നമുക്ക്‌ കാണി​ച്ചു​ത​രു​ന്നു.

 മീഖയു​ടെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a יהוה (യ്‌ഹ്‌വ്‌ഹ്‌) എന്ന നാല്‌ എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതുന്ന ദൈവ​ത്തി​ന്റെ പേര്‌ മലയാ​ള​ത്തിൽ “യഹോവ” എന്നാണ്‌ പൊതു​വെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ നാല്‌ അക്ഷരങ്ങൾ ചതുര​ക്ഷരി എന്നും അറിയ​പ്പെ​ടു​ന്നു. യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.