വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ഉൽപത്തി 1:26—‘നാം നമ്മുടെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ ഉണ്ടാക്കുക’

ഉൽപത്തി 1:26—‘നാം നമ്മുടെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ ഉണ്ടാക്കുക’

 “ദൈവം പറഞ്ഞു: ‘നമുക്കു നമ്മുടെ ഛായയിൽ, നമ്മുടെ സാദൃ​ശ്യ​ത്തിൽ മനുഷ്യ​നെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവജാ​തി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തട്ടെ; വളർത്തു​മൃ​ഗ​ങ്ങ​ളും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളും മുഴു​ഭൂ​മി​യും അവർക്കു കീഴട​ങ്ങി​യി​രി​ക്കട്ടെ.’”—ഉൽപത്തി 1:26, പുതിയ ലോക ഭാഷാ​ന്തരം.

 “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂ​പ​ത്തിൽ നമ്മുടെ സാദൃ​ശ്യ​പ്ര​കാ​രം മനുഷ്യ​നെ ഉണ്ടാക്കുക; അവർ സമു​ദ്ര​ത്തി​ലുള്ള മത്സ്യത്തി​ന്മേ​ലും ആകാശ​ത്തി​ലുള്ള പറവജാ​തി​യി​ന്മേ​ലും മൃഗങ്ങ​ളി​ന്മേ​ലും സർവ്വഭൂ​മി​യി​ന്മേ​ലും ഭൂമി​യിൽ ഇഴയുന്ന എല്ലാ ഇഴജാ​തി​യി​ന്മേ​ലും വാഴട്ടെ എന്നു കല്പിച്ചു.”—ഉൽപത്തി 1:26, സത്യ​വേ​ദ​പു​സ്‌തകം.

ഉൽപത്തി 1:26-ന്റെ അർഥം

 ദൈവം തന്റെ സ്വരൂ​പ​ത്തിൽ അഥവാ ഛായയിൽ ആണ്‌ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. എന്നുപ​റ​ഞ്ഞാൽ സ്‌നേ​ഹ​വും സമാനു​ഭാ​വ​വും നീതി​യും പോലുള്ള ദൈവ​ത്തി​ന്റെ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും പ്രകടി​പ്പി​ക്കാ​നും മനുഷ്യ​നു കഴിവുണ്ട്‌. ദൈവ​ത്തി​ന്റെ വ്യക്തി​ത്വം മനുഷ്യന്‌ അനുക​രി​ക്കാൻ കഴിയു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

 “ദൈവം പറഞ്ഞു: ‘നമുക്കു നമ്മുടെ ഛായയിൽ . . . മനുഷ്യ​നെ ഉണ്ടാക്കാം.’” ദൈവ​മായ യഹോവ a എല്ലാറ്റി​നും മുമ്പ്‌ ആദ്യം സൃഷ്ടി​ച്ചത്‌ ശക്തനായ ഒരു ആത്മജീ​വി​യെ​യാണ്‌. പിന്നീട്‌ യേശു എന്ന്‌ അറിയ​പ്പെട്ട ഈ ആത്മജീ​വി​യി​ലൂ​ടെ​യാണ്‌ ‘സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം സൃഷ്ടി​ച്ചത്‌.’ (കൊ​ലോ​സ്യർ 1:16) ദൈവ​ത്തി​ന്റേ​തു​പോ​ലുള്ള ഒരു വ്യക്തി​ത്വ​മാണ്‌ യേശു​വി​നും—ശരിക്കും ‘അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂ​പം.’ (കൊ​ലോ​സ്യർ 1:15) അതു​കൊ​ണ്ടാണ്‌ യേശു​വി​നോട്‌ ഇങ്ങനെ പറയാൻ ദൈവ​ത്തി​നു കഴിഞ്ഞത്‌: “നമുക്കു നമ്മുടെ ഛായയിൽ . . . മനുഷ്യ​നെ ഉണ്ടാക്കാം.”

 “വളർത്തു​മൃ​ഗ​ങ്ങ​ളും . . . മുഴു​ഭൂ​മി​യും അവർക്കു കീഴട​ങ്ങി​യി​രി​ക്കട്ടെ.” ദൈവ​ത്തി​ന്റെ ഛായയിൽ അല്ല മൃഗങ്ങളെ സൃഷ്ടി​ച്ചത്‌. മനുഷ്യർ കാണി​ക്കു​ന്ന​തു​പോ​ലെ സ്‌നേ​ഹ​മോ മറ്റു ഗുണങ്ങ​ളോ ഒന്നും കാണി​ക്കാൻ കഴിയുന്ന വിധത്തി​ലല്ല ദൈവം അവയെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. മനുഷ്യ​രു​ടേ​തു​പോ​ലെ ഒരു മനസ്സാ​ക്ഷി​യും അവയ്‌ക്കില്ല. എങ്കിലും ഈ ജീവജാ​ല​ങ്ങ​ളു​ടെ കാര്യ​ത്തിൽ ദൈവം ചിന്തയു​ള്ള​വ​നാണ്‌. അതു​കൊ​ണ്ടാണ്‌ മൃഗങ്ങളെ മനുഷ്യ​രു​ടെ കീഴി​ലാ​ക്കി​യി​രി​ക്കു​ന്നത്‌. “കീഴട​ങ്ങി​യി​രി​ക്കട്ടെ” എന്നു ദൈവം പറഞ്ഞ ആ പദപ്ര​യോ​ഗത്തെ “അധികാ​രം ഉണ്ടായി​രി​ക്കട്ടെ” (ഓശാന ബൈബിൾ) എന്നും “ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കട്ടെ” (കോമൺ ഇംഗ്ലീഷ്‌ ബൈബിൾ) എന്നും ഒക്കെ പരിഭാ​ഷ​പ്പെ​ടു​ത്താം. മൃഗങ്ങളെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം അതിലൂ​ടെ ദൈവം മനുഷ്യ​രെ ഏൽപ്പിച്ചു. (സങ്കീർത്തനം 8:6-8; സുഭാ​ഷി​തങ്ങൾ 12:10) ഭൂമി​യെ​യും അതിലുള്ള സകല ജീവജാ​ല​ങ്ങ​ളെ​യും മനുഷ്യൻ നന്നായി പരിപാ​ലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.

ഉൽപത്തി 1:26-ന്റെ സന്ദർഭം

 പ്രപഞ്ചം, നമ്മുടെ ഈ ഭൂമി, അതിലെ ജീവജാ​ലങ്ങൾ എന്നിവ​യു​ടെ​യെ​ല്ലാം സൃഷ്ടി​യെ​ക്കു​റി​ച്ചാണ്‌ ഉൽപത്തി പുസ്‌ത​ക​ത്തി​ന്റെ ആദ്യത്തെ രണ്ട്‌ അധ്യാ​യങ്ങൾ പറയു​ന്നത്‌. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ല്ലാം വിസ്‌മ​യി​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഭൂമി​യി​ലെ സൃഷ്ടി​ക​ളിൽ ഏറ്റവും ശ്രേഷ്‌ഠർ മനുഷ്യ​രാണ്‌. സകലതും സൃഷ്ടിച്ച്‌ കഴിഞ്ഞ​പ്പോൾ “താൻ ഉണ്ടാക്കി​യ​തെ​ല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു കണ്ടു.”—ഉൽപത്തി 1:31.

 ഉൽപത്തി പുസ്‌ത​ക​ത്തി​ലെ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തെ​പ്പറ്റി കൂടുതൽ മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

ഉൽപത്തി 1:26-നെക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ദൈവ​ത്തി​ന്റെ ഗുണങ്ങൾ പകർത്താ​നുള്ള കഴിവ്‌ പുരു​ഷ​ന്മാർക്കു മാത്രമേ ഉള്ളൂ, സ്‌ത്രീ​കൾക്കില്ല.

 വസ്‌തുത: പല ബൈബി​ളു​ക​ളി​ലും ‘മനുഷ്യൻ’ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണു​മ്പോൾ പുരു​ഷ​ന്മാ​രെ മാത്ര​മാണ്‌ ഇതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്ന​തെന്ന്‌ ഒരു വായന​ക്കാ​രൻ ചിന്തി​ച്ചേ​ക്കാം. എന്നാൽ ബൈബിൾ ആദ്യം എഴുതി​യ​പ്പോൾ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രാ​യ​പദം എല്ലാ മനുഷ്യ​രെ​യും, പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും കുറി​ക്കു​ന്നു. പുരു​ഷ​ന്മാർക്കു മാത്രമല്ല സ്‌ത്രീ​കൾക്കും ദൈവ​ത്തി​ന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കാ​നാ​കും. ദൈവ​ത്തി​ന്റെ പ്രീതി​യും നിത്യ​ജീ​വൻ എന്ന സമ്മാന​വും നേടാൻ രണ്ടു കൂട്ടർക്കും അവസര​മുണ്ട്‌, ഒരേ​പോ​ലെ.—യോഹ​ന്നാൻ 3:16.

 തെറ്റി​ദ്ധാ​രണ: ദൈവ​ത്തി​നു നമ്മു​ടേ​തു​പോ​ലുള്ള ഒരു ശരീര​മുണ്ട്‌.

 വസ്‌തുത: “ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌.” (യോഹ​ന്നാൻ 4:24) അതായത്‌, ഗ്രഹങ്ങ​ളും നക്ഷത്ര​ങ്ങ​ളും ഒക്കെ അടങ്ങുന്ന ഭൗതിക പ്രപഞ്ച​ത്തി​നു വെളി​യി​ലാണ്‌ ദൈവം വസിക്കു​ന്നത്‌. ബൈബി​ളിൽ ചില​പ്പോ​ഴൊ​ക്കെ ദൈവ​ത്തി​ന്റെ മുഖം, കൈ, ഹൃദയം എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ പറയു​ന്നുണ്ട്‌. എന്നാൽ മനുഷ്യർക്കു മനസ്സി​ലാ​കുന്ന ഭാഷയിൽ ദൈവത്തെ വർണി​ക്കാൻവേണ്ടി മാത്ര​മാണ്‌ ആ പ്രയോ​ഗ​ങ്ങ​ളൊ​ക്കെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—പുറപ്പാട്‌ 15:6; 1 പത്രോസ്‌ 3:12.

 തെറ്റി​ദ്ധാ​രണ: യേശു ദൈവ​മാ​ണെന്ന്‌ ഉൽപത്തി 1:26 കാണി​ക്കു​ന്നു.

 വസ്‌തുത: ദൈവ​വും യേശു​വും തമ്മിൽ ഒരു അപ്പനും മകനും എന്ന നിലയി​ലുള്ള ഉറ്റബന്ധ​മുണ്ട്‌. പക്ഷേ അവർ രണ്ടു പേരും ഒന്നല്ല. യേശു പഠിപ്പി​ച്ചത്‌, ദൈവം തന്നെക്കാൾ വലിയ​വ​നാണ്‌ എന്നാണ്‌. (യോഹ​ന്നാൻ 14:28) കൂടുതൽ വിവര​ങ്ങൾക്ക്‌, യേശു​ക്രി​സ്‌തു ദൈവ​മാ​ണോ? എന്ന വീഡി​യോ കാണുക, അല്ലെങ്കിൽ “യേശു​വി​നെ ദൈവ​പു​ത്ര​നെന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” എന്ന ലേഖനം വായി​ക്കുക.

 ഉൽപത്തി പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.