വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

അവരുടെ വിശ്വാ​സം അനുക​രി​ക്കുക |ഇയ്യോബ്‌

“ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത ഞാൻ ഉപേക്ഷിക്കില്ല!”

അദ്ദേഹം നിലത്തി​രി​ക്കു​ക​യാണ്‌. വേദന​കൊണ്ട്‌ പുളയു​ന്നു. ശരീരം മുഴുവൻ, തലമുതൽ ഉള്ളങ്കാൽവരെ, നിറയെ വ്രണങ്ങ​ളാണ്‌. തനിക്കു ചുറ്റി​ലും പറക്കുന്ന പ്രാണി​കളെ ആട്ടിപ്പാ​യ്‌ക്കാൻപോ​ലും ത്രാണി​യി​ല്ലാ​തെ തലകു​നിച്ച്‌, തൂങ്ങിയ തോളു​മാ​യി ഒറ്റയ്‌ക്കി​രി​ക്കുന്ന അദ്ദേഹത്തെ നിങ്ങൾക്കു ഭാവന​യിൽ കാണാൻ കഴിയു​ന്നു​ണ്ടോ? ചാരത്തി​ലി​രുന്ന്‌ വിലപി​ക്കു​ക​യാണ്‌ ആ പാവം. അതിനി​ടെ ഒരു മൺപാ​ത്ര​ത്തി​ന്റെ കഷണം എടുത്ത്‌ ശരീരം ചൊറി​യു​ക​യും ചെയ്യു​ന്നുണ്ട്‌. ഒരിക്കൽ അദ്ദേഹം വളരെ പ്രശസ്‌ത​നാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അതെല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തെ വളരെ ബഹുമാ​ന​ത്തോ​ടെ കണ്ടിരുന്ന ആളുകൾ ഇപ്പോൾ വെറു​പ്പോ​ടെ​യാ​ണു കാണു​ന്നത്‌. കൂട്ടു​കാർ, അയൽക്കാർ, ബന്ധുക്കൾ എല്ലാവ​രും ഉപേക്ഷി​ച്ച​മ​ട്ടാണ്‌. കുട്ടി​കൾപോ​ലും അദ്ദേഹത്തെ കളിയാ​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. തന്റെ ദൈവ​മായ യഹോവ തനിക്ക്‌ എതിരെ തിരി​ഞ്ഞെ​ന്നാണ്‌ അദ്ദേഹം വിചാ​രി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അക്കാര്യ​ത്തിൽ അദ്ദേഹ​ത്തി​നു തെറ്റി.—ഇയ്യോബ്‌ 2:8; 19:18, 22.

ഇദ്ദേഹ​ത്തി​ന്റെ പേരാണ്‌ ഇയ്യോബ്‌. ദൈവം ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അവനെ​പ്പോ​ലെ മറ്റാരും ഭൂമി​യി​ലില്ല.” (ഇയ്യോബ്‌ 1:8) നൂറ്റാ​ണ്ടു​കൾ കഴിഞ്ഞും യഹോവ ഇയ്യോ​ബി​നെ നീതി​നി​ഷ്‌ഠ​രിൽ മികച്ച മാതൃ​ക​യാ​യി​ട്ടാ​ണു കണ്ടത്‌. —യഹസ്‌കേൽ 14:14, 20.

നിങ്ങൾക്ക്‌ ഇപ്പോൾ ബുദ്ധി​മു​ട്ടും കഷ്ടപ്പാ​ടും നിറഞ്ഞ സാഹച​ര്യ​മാ​ണോ? ഇയ്യോ​ബി​ന്റെ കഥ നിങ്ങൾക്കു വലിയ ആശ്വാസം തരും. ദൈവ​ത്തി​ന്റെ എല്ലാ വിശ്വ​സ്‌ത​ദാ​സർക്കും ഉണ്ടായി​രി​ക്കേണ്ട ഒരു ഗുണ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിവ്‌ പകർന്നു​ത​രാൻ ഈ കഥയ്‌ക്കു കഴിയും. ഈ ഗുണമാ​ണു നിഷ്‌ക​ളങ്കത. ദൈവ​ത്തോ​ടു സമ്പൂർണ്ണ​ഭക്തി കാണി​ക്കുന്ന ആളുകൾ, എത്ര പ്രയാസം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ തുടർന്നു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത അഥവാ ധർമനിഷ്‌ഠ കാണി​ക്കും. ഇയ്യോ​ബിൽനിന്ന്‌ നമുക്കു കുറച്ച്‌ കാര്യങ്ങൾ പഠിക്കാം.

ഇയ്യോ​ബിന്‌ അറിയാൻ കഴിയാ​ഞ്ഞത്‌

ഇയ്യോബ്‌ മരിച്ച്‌ കുറച്ച്‌ നാളു​കൾക്കു ശേഷമാ​ണു വിശ്വസ്‌ത ദൈവ​ദാ​സ​നായ മോശ, ഇയ്യോ​ബി​ന്റെ ജീവി​ത​ക​ഥ​യെ​ക്കു​റിച്ച്‌ എഴുതി​യത്‌. ദൈവ​പ്ര​ചോ​ദ​ന​ത്താൽ, ഇയ്യോ​ബി​നു സംഭവിച്ച കാര്യങ്ങൾ രേഖ​പ്പെ​ടു​ത്താൻ മാത്രമല്ല, സ്വർഗ​ത്തിൽ സംഭവിച്ച ചില കാര്യ​ങ്ങൾകൂ​ടി രേഖ​പ്പെ​ടു​ത്താൻ മോശ​യ്‌ക്കു കഴിഞ്ഞു.

ഈ ബൈബിൾവി​വ​ര​ണ​ത്തി​ന്റെ തുടക്ക​ത്തിൽ, സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ഒരു ജീവിതം നയിക്കുന്ന ഇയ്യോ​ബി​നെ​യാ​ണു നമ്മൾ കാണു​ന്നത്‌. ഊസ്‌ ദേശത്ത്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ വടക്കേ​അ​റേ​ബ്യ​യിൽ, ആണ്‌ ഇയ്യോബ്‌ താമസി​ച്ചി​രു​ന്നത്‌. ധനിക​നും പ്രശസ്‌ത​നും ബഹുമാ​ന്യ​നും ആയിരു​ന്നു ഇയ്യോബ്‌. വളരെ ഉദാര​മ​തി​യും പാവങ്ങളെ സഹായി​ക്കു​ക​യും ചെയ്‌തി​രുന്ന ഒരു നല്ല മനുഷ്യൻ. പത്തു മക്കളെ നൽകി​ക്കൊണ്ട്‌ ദൈവം ഇയ്യോ​ബി​നെ​യും ഭാര്യ​യെ​യും അനു​ഗ്ര​ഹി​ച്ചു. ഏറ്റവും പ്രധാ​ന​മാ​യി, ഇയ്യോ​ബി​നു ദൈവ​വു​മാ​യി ശക്തമായ ഒരു ബന്ധമു​ണ്ടാ​യി​രു​ന്നു. തന്റെ അകന്ന ബന്ധുക്ക​ളായ അബ്രാ​ഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌, യോ​സേഫ്‌ എന്നിവ​രെ​പ്പോ​ലെ ഇയ്യോ​ബും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ കഠിന​ശ്രമം ചെയ്‌തു. ആ ഗോ​ത്ര​പി​താ​ക്കാ​ന്മാ​രെ​പ്പോ​ലെ ഇയ്യോ​ബും തന്റെ കുടും​ബ​ത്തി​ന്റെ പുരോ​ഹി​ത​നാ​യി പ്രവർത്തി​ച്ചു, തന്റെ മക്കൾക്കു​വേണ്ടി ക്രമമാ​യി ബലികൾ അർപ്പിച്ചു.—ഇയ്യോബ്‌ 1:1-5; 31:16-22.

എന്നാൽ പെട്ടെ​ന്നാണ്‌ ഇയ്യോ​ബി​ന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞത്‌. സ്വർഗ​ത്തിൽ നടന്ന ചില കാര്യങ്ങൾ അന്ന്‌ ഇയ്യോ​ബിന്‌ അറിയാൻ കഴിയാ​തെ​പോ​യി. പക്ഷേ അതിലെ ചില കാര്യങ്ങൾ നമുക്ക്‌ ഇന്ന്‌ അറിയാം. വിശ്വ​സ്‌ത​രായ ദൂതന്മാ​രെ​ല്ലാം ഒരിക്കൽ യഹോ​വ​യു​ടെ മുമ്പാകെ കൂടി​വന്നു. എതിരാ​ളി​യായ സാത്താൻ എന്ന ദൂതനും അവിടെ എത്തി. നീതി​മാ​നായ ഇയ്യോ​ബി​നെ സാത്താന്‌ ഇഷ്ടമ​ല്ലെന്ന്‌ യഹോവ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ഇയ്യോ​ബി​ന്റെ തികഞ്ഞ നിഷ്‌ക​ള​ങ്ക​ത​യെ​ക്കു​റിച്ച്‌ യഹോവ സാത്താ​നോ​ടു സംസാ​രി​ക്കു​ന്നു. ഉടനെ സാത്താൻ ധിക്കാ​ര​ത്തോ​ടെ പറഞ്ഞു: “വെറു​തേ​യാ​ണോ ഇയ്യോബ്‌ ദൈവ​ത്തോട്‌ ഇത്ര ഭയഭക്തി കാട്ടു​ന്നത്‌? അവനും അവന്റെ വീടി​നും അവനുള്ള എല്ലാത്തി​നും ചുറ്റും അങ്ങ്‌ ഒരു വേലി കെട്ടി​യി​രി​ക്കു​ക​യല്ലേ?” നിഷ്‌ക​ളങ്കത അല്ലെങ്കിൽ ധർമനിഷ്‌ഠ കാണി​ക്കു​ന്ന​വരെ സാത്താൻ വെറു​ക്കു​ന്നു. കാരണം ദൈവ​മായ യഹോ​വ​യോ​ടു സമ്പൂർണ്ണ​ഭക്തി കാണി​ക്കു​ന്നവർ സാത്താൻ സ്‌നേ​ഹ​ശൂ​ന്യ​നായ ഒരു ചതിയ​നാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ സാത്താൻ ഇയ്യോ​ബി​ന്റെ മേൽ കള്ളക്കുറ്റം ചുമത്തു​ന്നു. സ്വാർഥ​കാ​ര​ണ​ങ്ങൾകൊ​ണ്ടാണ്‌ ഇയ്യോബ്‌ ദൈവത്തെ സേവി​ക്കു​ന്ന​തെന്നു സാത്താൻ ആരോ​പി​ക്കു​ന്നു. തനിക്കു​ള്ള​തെ​ല്ലാം നഷ്ടപ്പെ​ട്ടാൽ ഇയ്യോബ്‌ യഹോ​വയെ മുഖത്ത്‌ നോക്കി ശപിക്കു​മെ​ന്നാ​ണു സാത്താന്റെ വാദം.—ഇയ്യോബ്‌ 1:6-11.

പക്ഷേ, ഇയ്യോബ്‌ ഇതൊ​ന്നും അറിയു​ന്നില്ല. സാത്താൻ ഒരു നുണയ​നാ​ണെന്ന കാര്യം തെളി​യി​ക്കാ​നുള്ള വലി​യൊ​രു അവസരം യഹോവ ഇപ്പോൾ ഇയ്യോ​ബി​നു കൊടു​ക്കു​ന്നു. ഇയ്യോ​ബി​നു​ള്ള​തെ​ല്ലാം കവർന്നെ​ടു​ക്കാൻ സാത്താന്‌ അനുവാ​ദം ലഭി​ച്ചെ​ങ്കി​ലും ഇയ്യോ​ബി​നെ മാത്രം ഒന്നും ചെയ്യാൻപാ​ടി​ല്ലാ​യി​രു​ന്നു. അങ്ങനെ സാത്താൻ ഇയ്യോ​ബി​നെ വേദനി​പ്പിച്ച്‌ അതിൽ ആനന്ദം കണ്ടെത്തുന്ന ജോലി തുടങ്ങി. വെറും ഒറ്റ ദിവസം​കൊണ്ട്‌ ദുരന്ത​ങ്ങ​ളു​ടെ ഒരു പേമാ​രി​തന്നെ ഇയ്യോ​ബി​ന്റെ മേൽ പെയ്‌തി​റങ്ങി. ആദ്യം തന്റെ മൃഗസ​മ്പ​ത്തു​ക​ളെ​ല്ലാം, കാളക​ളും കഴുത​ക​ളും ആടുക​ളും ഒട്ടകങ്ങ​ളും എല്ലാം, നഷ്ടമായി. പിന്നെ അവയെ മേയ്‌ച്ചു​കൊ​ണ്ടി​രുന്ന ദാസന്മാ​രും കൊല്ല​പ്പെട്ടു. ഒരു കൂട്ടം നശിപ്പി​ക്ക​പ്പെ​ട്ടതു “ദൈവ​ത്തിൽനി​ന്നുള്ള തീ” ഇറങ്ങി​യാ​ണെ​ന്നാ​ണു വിവരം കിട്ടി​യത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇടിമി​ന്ന​ലാ​യി​രി​ക്കും. തന്റെ ദാസന്മാ​രു​ടെ ജീവൻ പോയ​തി​നെ​ക്കു​റി​ച്ചും താൻ ഇനി അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന ദാരി​ദ്ര്യ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കാൻപോ​ലും സമയം കിട്ടി​യില്ല. അതാ, അതിനു മുമ്പ്‌ അതിലും വലിയ ഒരു ദുരന്ത​ത്തെ​ക്കു​റിച്ച്‌ ഇയ്യോബ്‌ കേൾക്കു​ന്നു: മക്കളെ​ല്ലാ​വ​രും മരിച്ചെന്ന വാർത്ത. മൂത്ത മകന്റെ വീട്ടി​ലി​രുന്ന്‌ അവർ ഭക്ഷണം കഴിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ഒരു കൊടു​ങ്കാറ്റ്‌ അടിച്ച്‌ വീടു തകർന്നു​വീ​ണു. —ഇയ്യോബ്‌ 1:12-19.

ഇയ്യോ​ബി​ന്റെ മാനസി​കാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ ഒരുപക്ഷേ നമുക്കു ചിന്തി​ക്കാൻപോ​ലും കഴിയില്ല. വസ്‌ത്രം കീറി, മുടി മുറിച്ച്‌ നിലത്ത്‌ തറയിൽ കിടക്കു​ക​യാ​ണു ഇയ്യോബ്‌. ദൈവം തന്നു, ദൈവം​തന്നെ തിരികെ എടുത്തു എന്നാണ്‌ ഇയ്യോബ്‌ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നത്‌. ഈ ദുരന്ത​ങ്ങ​ളെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ വന്നതാ​ണെന്നു സാത്താൻ കൗശല​പൂർവം വരുത്തി​ത്തീർത്തു. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നി​ട്ടും സാത്താൻ പറഞ്ഞതു​പോ​ലെ ഇയ്യോബ്‌ ദൈവത്തെ ശപിച്ചില്ല. പകരം ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ പേര്‌ സ്‌തു​തി​ക്ക​പ്പെ​ടട്ടെ.”—ഇയ്യോബ്‌ 1:20-22.

ദൈവമുമ്പാകെ സാത്താൻ തന്നെ കുറ്റ​പ്പെ​ടു​ത്തുന്ന കാര്യം ഇയ്യോബ്‌ അറിഞ്ഞില്ല

“അവൻ അങ്ങയെ മുഖത്ത്‌ നോക്കി ശപിക്കും”

സാത്താന്റെ കോപം ജ്വലിച്ചു. അവനു വിടാൻ ഭാവമില്ല. ദൂതന്മാർ യഹോ​വ​യു​ടെ മുമ്പാകെ കൂടിവന്ന മറ്റൊരു അവസര​ത്തിൽ സാത്താൻ പിന്നെ​യും വന്നു. അപ്പോൾ യഹോവ ഇയ്യോ​ബി​നെ പ്രശം​സിച്ച്‌ സംസാ​രി​ക്കു​ന്നു. സാത്താന്റെ ശക്തമായ ആക്രമ​ണങ്ങൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടും ഇയ്യോബ്‌ നിഷ്‌ക​ളങ്കത കൈ​വെ​ടി​ഞ്ഞില്ല. ഉടനെ സാത്താൻ കോപി​ഷ്‌ഠ​നാ​യി ഇങ്ങനെ പറഞ്ഞു: “തൊലി​ക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കു​ള്ള​തെ​ല്ലാം കൊടു​ക്കും. കൈ നീട്ടി അവന്റെ അസ്ഥിയി​ലും മാംസ​ത്തി​ലും ഒന്നു തൊട്ടു​നോക്ക്‌. . . . അവൻ അങ്ങയെ മുഖത്ത്‌ നോക്കി ശപിക്കും.” ഇയ്യോ​ബി​നു കഠിന​മായ രോഗം വന്നാൽ ദൈവത്തെ ശപിക്കു​മെന്നു സാത്താന്‌ ഉറപ്പാ​യി​രു​ന്നു. ഇപ്പോൾ യഹോവ സാത്താനെ അതിനും അനുവ​ദി​ക്കു​ന്നു. യഹോ​വ​യ്‌ക്ക്‌ ഇയ്യോ​ബി​നെ പൂർണ​വി​ശ്വാ​സ​മാണ്‌. എന്നാൽ ഇയ്യോ​ബി​ന്റെ പ്രാണൻ മാത്രം തൊട​രു​തെന്നു ദൈവം സാത്താ​നോ​ടു കല്‌പി​ച്ചു.—ഇയ്യോബ്‌ 2:1-6.

ഇങ്ങനെ​യാ​ണു തുടക്ക​ത്തിൽ നമ്മൾ കണ്ട അവസ്ഥയിൽ ഇയ്യോബ്‌ എത്തി​ച്ചേർന്നത്‌. പാവം ഇയ്യോ​ബി​ന്റെ ഭാര്യ. പത്തു മക്കൾ നഷ്ടപ്പെ​ട്ട​തി​ന്റെ ദുഃഖ​ത്തിൽ ഇപ്പോൾതന്നെ തകർന്നി​രി​ക്കുന്ന അവർക്ക്‌, ഭർത്താ​വി​ന്റെ പരിതാ​പ​ക​ര​മായ അവസ്ഥ കണ്ടിട്ട്‌ നിസ്സഹാ​യാ​യി നോക്കി​നിൽക്കാ​നേ കഴിയു​ന്നു​ള്ളൂ. സങ്കടം സഹിക്ക​വ​യ്യാ​തെ അവർ ഇങ്ങനെ പറഞ്ഞു: “ഇപ്പോ​ഴും നിഷ്‌ക​ളങ്കത മുറുകെ പിടിച്ച്‌ ഇരിക്കു​ക​യാ​ണോ? ദൈവത്തെ ശപിച്ചിട്ട്‌ മരിക്കൂ!” ഇങ്ങനെ തന്റെ ഭാര്യ സംസാ​രി​ക്കു​ന്നതു ഇയ്യോബ്‌ ഇതുവരെ കേട്ടി​ട്ടില്ല. സുബോ​ധം നഷ്ടപ്പെ​ട്ട​തു​പോ​ലെ​യാണ്‌ അവൾ സംസാ​രി​ക്കു​ന്ന​തെ​ന്നാണ്‌ ഇയ്യോ​ബി​നു തോന്നി​യത്‌. ഇങ്ങനെ​യൊ​ക്കെ​യാ​യി​ട്ടും ഇയ്യോബ്‌ ദൈവത്തെ ശപിച്ചില്ല. തെറ്റായ ഒരു വാക്കും ഇയ്യോ​ബി​ന്റെ വായിൽനിന്ന്‌ വന്നില്ല. —ഇയ്യോബ്‌ 2:7-10.

ഈ ദുരന്തകഥ നിങ്ങ​ളെ​യും ബാധി​ക്കു​മെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? സാത്താന്റെ വിഷം കുത്തി​വെച്ച ആരോ​പ​ണങ്ങൾ ഇയ്യോ​ബി​നെ​തി​രെ മാത്രമല്ല എല്ലാ മനുഷ്യ​രോ​ടും ആണെന്ന കാര്യം നിങ്ങൾ ശ്രദ്ധി​ച്ചോ? സാത്താൻ പറഞ്ഞത്‌, “സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കു​ള്ള​തെ​ല്ലാം കൊടു​ക്കും” എന്നാണ്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ദൈവ​മായ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കാൻ ഒരു മനുഷ്യ​നും കഴിയില്ല എന്നാണ്‌. നിങ്ങൾക്കു ദൈവ​ത്തോ​ടു ഒരു സ്‌നേ​ഹ​വു​മി​ല്ലെ​ന്നും, സ്വയര​ക്ഷ​യു​ടെ കാര്യം വരു​മ്പോൾ നിങ്ങൾ ദൈവത്തെ തള്ളിക്ക​ള​യു​മെ​ന്നും ആണ്‌ അവന്റെ വാദം. സാത്താ​നെ​പോ​ലെ നിങ്ങളും സ്വാർഥ​രാണ്‌ എന്നാണ്‌ ഫലത്തിൽ അവൻ പറഞ്ഞു​വ​രു​ന്നത്‌. അത്‌ തെറ്റാ​ണെന്നു തെളി​യി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മി​ല്ലേ? നമുക്ക്‌ ഓരോ​രു​ത്തർക്കും അതിനുള്ള അവസര​മുണ്ട്‌. (സുഭാ​ഷി​തങ്ങൾ 27:11) ഇയ്യോബ്‌ നേരി​ടുന്ന അടുത്ത പ്രശ്‌നം എന്താ​ണെന്നു നോക്കാം.

വേദനി​പ്പി​ക്കു​ന്ന ആശ്വാ​സ​കർ

ഇയ്യോ​ബി​നു സംഭവിച്ച കഷ്ടതക​ളെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ആശ്വസി​പ്പി​ക്കാ​നാ​യി മൂന്നു പേർ എത്തി. അവരെ ‘കൂട്ടു​കാർ’ അഥവാ പരിച​യ​ക്കാർ എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. ദൂരെ​നിന്ന്‌ ഇയ്യോ​ബി​നെ കണ്ടപ്പോൾ അവർക്കു മനസ്സി​ലാ​യില്ല. രോഗം ബാധിച്ച്‌, കടുത്ത വേദന​കൊണ്ട്‌ പുളയുന്ന അദ്ദേഹ​ത്തി​ന്റെ തൊലി​യൊ​ക്കെ കറുത്ത്‌ കരിവാ​ളി​ച്ചി​രു​ന്നു. തിരി​ച്ച​റി​യാൻ ആകാത്ത​വി​ധം അദ്ദേഹം ആളാകെ മാറി​യി​രി​ക്കു​ന്നു. ഉറക്കെ കരഞ്ഞും തലയിൽ മണ്ണു വാരി​യെ​റി​ഞ്ഞും വലിയ ദുഃഖ​പ്ര​ക​ട​ന​ങ്ങ​ളൊ​ക്കെ കാണിച്ച്‌ എലീഫ​സും ബിൽദാ​ദും സോഫ​റും ഇയ്യോ​ബി​ന്റെ അടുത്ത്‌ ഒന്നും മിണ്ടാതെ ഇരിക്കു​ന്നു. അങ്ങനെ അവർ ഒരാഴ്‌ച്ച, രാത്രി​യും പകലും കൂടെ​യി​രി​ക്കു​ന്നു. ഒരു അക്ഷരം പോലും മിണ്ടി​യില്ല. അവരുടെ ഈ നിശ്ശബ്ദത ഒരു ആശ്വസി​പ്പി​ക്ക​ലാ​യി നമ്മൾ തെറ്റി​ദ്ധ​രി​ക്ക​രുത്‌. കാരണം ഇയ്യോ​ബി​നോട്‌ ഒന്നും ചോദി​ച്ച​റി​യാൻ അവർ ശ്രമി​ച്ചില്ല. ആകെ അവർക്കു മനസ്സി​ലാ​യത്‌ ഇയ്യോബ്‌ കഠിന​മായ വേദന​യി​ലാ​ണെന്നു മാത്രം.—ഇയ്യോബ്‌ 2:11-13; 30:30.

ഒടുവിൽ ഇയ്യോ​ബു​തന്നെ സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. താൻ ജനിച്ച ദിവസത്തെ ശപിച്ചു​കൊ​ണ്ടാ​ണു തുടങ്ങു​ന്നത്‌. ഇയ്യോബ്‌ എത്രമാ​ത്രം വേദന സഹിക്കു​ന്നു​ണ്ടെന്ന്‌ ആ വാക്കു​ക​ളിൽനിന്ന്‌ വായി​ച്ചെ​ടു​ക്കാം. ഈ പരിതാ​പ​ക​ര​മായ അവസ്ഥയ്‌ക്കുള്ള കാരണം അദ്ദേഹം പറയുന്നു, ‘എന്റെ പ്രശ്‌ന​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവ​മാണ്‌.’ അതാണ്‌ അദ്ദേഹ​ത്തി​ന്റെ ചിന്ത. (ഇയ്യോബ്‌ 3:1, 2, 23) ദൈവ​ത്തി​ലുള്ള വിശ്വാ​സ​മൊ​ന്നും ഇയ്യോ​ബി​നു നഷ്ടപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഇപ്പോൾ അദ്ദേഹ​ത്തി​നു​വേ​ണ്ടത്‌ ആശ്വാ​സ​മാണ്‌. തന്റെ കൂട്ടുകാർ സംസാ​രി​ക്കാൻ തുടങ്ങി​യ​പ്പോ​ഴാണ്‌ അവരുടെ നിശ്ശബ്ദത എത്രയോ നല്ലതാ​യി​രു​ന്നെന്ന്‌ ഇയ്യോബ്‌ മനസ്സി​ലാ​ക്കു​ന്നത്‌. —ഇയ്യോബ്‌ 13:5.

എലീഫസ്‌ സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, കൂട്ടത്തിൽ മൂത്തയാൾ എലീഫ​സാണ്‌. അയാൾക്ക്‌ ഇയ്യോ​ബി​നെ​ക്കാൾ നല്ല പ്രായ​കൂ​ടു​തൽ കാണും. പിന്നെ ബാക്കി രണ്ടു പേരും എലീഫ​സി​നോ​ടൊ​പ്പം ചേരുന്നു. അവരും എലീഫ​സി​നെ​പോ​ലെ​തന്നെ കുത്തു​വാ​ക്കു​ക​ളാ​ണു പറയു​ന്നത്‌. തുടക്കം​മു​തലേ ഇയ്യോ​ബി​നോ​ടുള്ള അവരുടെ സംസാ​ര​ത്തിൽ ഒട്ടും​തന്നെ ദയയു​ണ്ടാ​യി​രു​ന്നില്ല. അവർ പറയുന്ന ചില ന്യായങ്ങൾ കേട്ടാൽതോ​ന്നും വലിയ കുഴപ്പ​മി​ല്ലാ​ത്ത​താ​ണെന്ന്‌. പല ആളുക​ളും ദൈവ​ത്തെ​ക്കു​റിച്ച്‌ പറയുന്ന, ശരിയാ​ണെന്നു തോന്നി​ക്കുന്ന ചില കാര്യ​ങ്ങ​ളാണ്‌ അവരും പറയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവം നല്ല ആളുകൾക്ക്‌ പ്രതി​ഫലം കൊടു​ക്കും, ചീത്ത ആളുകളെ ശിക്ഷി​ക്കും എന്നൊക്കെ. വളരെ ലളിത​മായ യുക്തി​യു​പ​യോ​ഗി​ച്ചാണ്‌ എലീഫസ്‌ സംസാ​രി​ക്കു​ന്നത്‌. ദൈവം നല്ലവനാ​ണെ​ങ്കിൽ തെറ്റു ചെയ്‌ത​വരെ ശിക്ഷി​ക്കും. ഇയ്യോ​ബിന്‌ ഇപ്പോൾ ശിക്ഷ ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്‌ അർഥം ഇയ്യോബ്‌ തെറ്റു​ചെ​യ്‌തെ​ന്നല്ലേ?—ഇയ്യോബ്‌ 4:1, 7, 8; 5:3-6.

അവരുടെ ആ വാദങ്ങൾക്കൊ​ന്നും ഇയ്യോബ്‌ ചെവി​കൊ​ടു​ത്തില്ല. അതെല്ലാം ശക്തിയു​ക്തം നിരസി​ച്ചു. (ഇയ്യോബ്‌ 6:25) എന്നാൽ ഇയ്യോബ്‌ എന്തോ തെറ്റു ചെയ്‌തിട്ട്‌ അത്‌ മറച്ചു​വെ​ക്കാൻ മനഃപൂർവം ശ്രമി​ക്കു​ക​യാ​ണെന്ന്‌ ഉറപ്പി​ച്ചി​രി​ക്കു​ക​യാണ്‌ ആ മൂന്നു കൂട്ടുകാർ. ഇപ്പോൾ സംഭവി​ക്കുന്ന മോശം കാര്യ​ങ്ങൾക്കൊ​ക്കെ ഇയ്യോബ്‌ അർഹനാ​ണെ​ന്നാ​ണു അവരുടെ പക്ഷം. ഇയ്യോബ്‌ അഹങ്കാ​രി​യും ദുഷ്ടനും ദൈവ​ഭ​യ​മി​ല്ലാ​ത്ത​വ​നും ആണെന്ന്‌ എലീഫസ്‌ കുറ്റ​പ്പെ​ടു​ത്തു​ന്നു. (ഇയ്യോബ്‌ 15:4, 7-9, 20-24; 22:6-11) പാപം ചെയ്യു​ന്ന​തും അതിൽ സന്തോഷം കണ്ടെത്തു​ന്ന​തും നിറു​ത്താൻ സോഫർ ഇയ്യോ​ബി​നോ​ടു പറഞ്ഞു. (ഇയ്യോബ്‌ 11:2, 3, 14; 20:5, 12, 13) അതിലും ക്രൂര​മായ വാക്കു​ക​ളാ​യി​രു​ന്നു ബിൽദാ​ദി​ന്റേത്‌. ഇയ്യോ​ബി​ന്റെ മക്കൾ ദൈവ​ത്തോട്‌ എന്തെങ്കി​ലും പാപം ചെയ്‌തി​രി​ക്കും. അതായി​രി​ക്കാം അവർ മരിക്കാൻ കാരണം എന്നാണു ബിൽദാദ്‌ പറഞ്ഞത്‌.—ഇയ്യോബ്‌ 8:4, 13.

ഇയ്യോബിന്റെ മൂന്നു കൂട്ടു​കാർ ഇയ്യോ​ബി​നെ ആശ്വസി​പ്പി​ക്കു​ന്ന​തി​നു​പ​കരം വേദന കൂട്ടു​ക​യാണ്‌ ചെയ്‌തത്‌

നിഷ്‌ക​ള​ങ്ക​ത​യ്‌ക്കു നേരെ​യുള്ള ആക്രമണം

വഴി​തെ​റ്റി​പ്പോ​യ ആ കൂട്ടുകാർ അതിലും മോശ​മായ ഒരു കാര്യം പറയുന്നു. ഇയ്യോബ്‌ ദൈവ​ത്തോ​ടു പൂർണ്ണ​മാ​യി വിശ്വ​സ്‌തത കാണി​ക്കു​ന്നില്ല. മാത്രമല്ല ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വും ഇല്ല എന്നുവരെ അവർ വാദി​ക്കു​ന്നു. ഒരു ആത്മവ്യക്തി എലീഫ​സി​നോ​ടു സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സംഭാ​ഷ​ണ​ത്തി​ന്റെ തുടക്ക​ത്തിൽ അദ്ദേഹം പറയു​ന്നുണ്ട്‌. ആ ഭൂതവു​മാ​യുള്ള സംഭാ​ഷണം എലീഫ​സി​നെ തീർത്തും തെറ്റാ​യൊ​രു നിഗമ​ന​ത്തിൽ കൊ​ണ്ടെ​ത്തി​ച്ചു. “ദൈവ​ത്തി​നു തന്റെ ദാസ​രെ​പ്പോ​ലും വിശ്വാ​സ​മില്ല, തന്റെ ദൂതന്മാ​രി​ലും ദൈവം കുറ്റം കണ്ടുപി​ടി​ക്കു​ന്നു.” ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ മനുഷ്യ​നെ​ക്കൊണ്ട്‌ ഒരിക്ക​ലും കഴിയില്ല എന്നാണ്‌ ആ വാദത്തി​ലൂ​ടെ പറയു​ന്നത്‌. ഒരു പുഴു​വി​ന്റെ നിഷ്‌ക​ളങ്കത ദൈവം കണക്കി​ലെ​ടു​ക്കാ​ത്ത​തു​പോ​ലെ ഇയ്യോ​ബി​ന്റെ നിഷ്‌ക​ള​ങ്ക​ത​യും ദൈവം കണക്കി​ലെ​ടു​ക്കില്ല എന്ന്‌ ബിൽദാദ്‌ അവകാ​ശ​പ്പെ​ടു​ന്നു.—ഇയ്യോബ്‌ 4:12-18; 15:15; 22:2, 3; 25:4-6.

വളരെ വിഷമ​ത്തി​ലാ​യി​രി​ക്കുന്ന ഒരാളെ ആശ്വസി​പ്പി​ക്കാൻ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ശ്രമി​ച്ചി​ട്ടു​ണ്ടോ? അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. ഇക്കാര്യ​ത്തിൽ വഴി​തെ​റ്റി​പ്പോയ ഇയ്യോ​ബി​ന്റെ ആ മൂന്നു കൂട്ടു​കാ​രിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌. പ്രത്യേ​കിച്ച്‌ എന്തു പറയരുത്‌ എന്നതി​നെ​ക്കു​റിച്ച്‌. അവർ ആരും ഇയ്യോ​ബി​നോട്‌ അനുക​മ്പ​യോ​ടെ സംസാ​രി​ച്ചില്ല. ഇയ്യോ​ബി​ന്റെ പേരു​പോ​ലും വിളി​ച്ചില്ല. ആകെക്കൂ​ടെ അവർ പറഞ്ഞത്‌ കുറെ തെറ്റായ ന്യായ​വാ​ദ​ങ്ങ​ളും യുക്തി​യും മാത്ര​മാ​യി​രു​ന്നു. ഇയ്യോബ്‌ വളരെ വിഷമിച്ച്‌ തകർന്നി​രി​ക്കു​ക​യാ​ണെ​ന്നും ദയയോ​ടെ ഇടപെ​ട​ണ​മെ​ന്നും അവർ ചിന്തി​ച്ചതേ ഇല്ല. * വിഷമി​ച്ചി​രി​ക്കുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾ സഹായി​ക്കു​ന്നത്‌ സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും കൂടെ​യാ​യി​രി​ക്കണം. ആ വ്യക്തി​യു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്താൻ ശ്രമി​ക്കണം. അദ്ദേഹ​ത്തി​നു ധൈര്യം പകരണം. അതോ​ടൊ​പ്പം ദൈവ​ത്തിൽ ആശ്രയി​ക്കാ​നും ദൈവ​ത്തി​ന്റെ വലിയ ദയയി​ലും കരുണ​യി​ലും നീതി​യി​ലും വിശ്വാ​സ​മർപ്പി​ക്കാ​നും ആ വ്യക്തിയെ സഹായി​ക്കണം. ഇയ്യോ​ബി​ന്റെ കൂട്ടു​കാ​രു​ടെ സ്ഥാനത്ത്‌ ഇയ്യോ​ബാ​യി​രു​ന്നെ​ങ്കിൽ അങ്ങനെ ചെയ്‌തേനേ. (ഇയ്യോബ്‌ 16:4, 5) നിഷ്‌ക​ള​ങ്ക​ത​യ്‌ക്കു നേരെ​യുള്ള ഈ നിലയ്‌ക്കാത്ത ആക്രമ​ണ​ത്തോട്‌ ഇയ്യോബ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

ഇയ്യോബ്‌ ഉറച്ചു​നി​ന്നു

ഇയ്യോബ്‌ അതീവ ദുഃഖി​ത​നാ​യി​രി​ക്കുന്ന സമയത്താണ്‌ അവർ ഈ വലിയ തർക്കം തുടങ്ങി​യത്‌. തുടക്ക​ത്തിൽ ഇയ്യോബ്‌ ഇങ്ങനെ സമ്മതി​ക്കു​ന്നു. “ഞാൻ ചിന്തി​ക്കാ​തെ” അങ്ങനെ​യൊ​ക്കെ പറഞ്ഞു​പോ​യി, ‘ആശയറ്റ ഒരാളു​ടെ വാക്കു​ക​ളാണ്‌’ എന്റേത്‌ എന്നൊക്കെ. (ഇയ്യോബ്‌ 6:3, 26) അത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ നമുക്കു മനസ്സി​ലാ​ക്കാൻ പറ്റും. എത്രമാ​ത്രം വിഷമം ഇയ്യോബ്‌ അനുഭ​വി​ച്ചു​കാ​ണും! തനിക്ക്‌ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു​പോ​ലും ഇയ്യോ​ബി​നു മനസ്സി​ലാ​യി​ക്കാ​ണില്ല. മാത്രമല്ല ഈ ദുരന്ത​ങ്ങ​ളെ​ല്ലാം പെട്ടെ​ന്നാ​ണ​ല്ലോ സംഭവി​ച്ചത്‌. അതു​പോ​ലെ​തന്നെ എന്തോ അമാനു​ഷ​ശക്തി ഇതിന്റെ പിന്നിൽ പ്രവർത്തി​ച്ചെ​ന്നും ഇയ്യോ​ബി​നു തോന്നി​ക്കാ​ണും. അതു​കൊണ്ട്‌ ഇതൊക്കെ യഹോ​വ​യാ​യി​രി​ക്കും വരുത്തി​യ​തെന്ന്‌ ഇയ്യോബ്‌ കരുതി. അതേസ​മയം ഇയ്യോ​ബിന്‌ അറിയാൻപാ​ടി​ല്ലാത്ത പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇയ്യോ​ബി​ന്റെ ചില ന്യായ​വാ​ദങ്ങൾ തെറ്റി​പ്പോ​യ​തിൽ അതിശ​യി​ക്കാ​നില്ല.

ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും ഇയ്യോബ്‌ ശക്തമായ വിശ്വാ​സ​ത്തി​ന്റെ ഉടമയാ​യി​രു​ന്നു. ആ നീണ്ട സംവാ​ദ​ത്തിൽ പറഞ്ഞ വാക്കുകൾ ഇയ്യോ​ബി​ന്റെ വിശ്വാ​സ​ത്തി​ന്റെ ആഴം വെളി​പ്പെ​ടു​ത്തു​ന്നു. സത്യസ​ന്ധ​വും മനോ​ഹ​ര​വും ആയ ആ വാക്കുകൾ ഇന്നും നമുക്ക്‌ പ്രോ​ത്സാ​ഹനം തരുന്ന​വ​യാണ്‌. സൃഷ്ടി​യി​ലെ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊണ്ട്‌ ഇയ്യോബ്‌ ദൈവത്തെ സ്‌തു​തി​ച്ചു. ദൈവ​ത്തി​ന്റെ സഹായ​മി​ല്ലാ​തെ ഒരു മനുഷ്യ​നും അങ്ങനെ ചെയ്യാൻ പറ്റില്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോവ “ഭൂമിയെ ശൂന്യ​ത​യിൽ തൂക്കി​യി​ടു​ന്നു” എന്നു ഇയ്യോബ്‌ പറഞ്ഞു. നൂറു കണക്കിനു വർഷം കഴിഞ്ഞാണ്‌ ശാസ്‌ത്രജ്ഞർ അതു മനസ്സി​ലാ​ക്കി​യത്‌. * (ഇയ്യോബ്‌ 26:7) വിശ്വാ​സ​ത്തി​നു പേരു​കേട്ട മറ്റു ദൈവ​ദാ​സ​ന്മാർക്ക്‌ ഉണ്ടായി​രുന്ന അതേ പ്രത്യാ​ശ​യാണ്‌ തനിക്കും ഉള്ളതെന്ന കാര്യം ഇയ്യോബ്‌ പറഞ്ഞു. താൻ മരിച്ചാൽ ദൈവം തന്നെ ഓർക്കു​മെ​ന്നും കാണാൻ കൊതി​ക്കു​മെ​ന്നും ഒടുവിൽ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രു​മെ​ന്നും ഇയ്യോബ്‌ വിശ്വ​സി​ച്ചു.—ഇയ്യോബ്‌ 14:13-15; എബ്രായർ 11:17-19, 35.

നിഷ്‌ക​ള​ങ്ക​ത​യെ​ക്കു​റി​ച്ചുള്ള വിഷയ​മോ? മനുഷ്യ​രു​ടെ നിഷ്‌ക​ളങ്കത അഥവാ ധർമനിഷ്‌ഠ ദൈവം കാര്യ​മാ​ക്കു​ന്നില്ല എന്ന്‌ എലീഫ​സും രണ്ടു കൂട്ടു​കാ​രും അവകാ​ശ​പ്പെട്ടു. ആ തെറ്റായ ആശയ​ത്തോ​ടു ഇയ്യോബ്‌ യോജി​ച്ചോ? ഒരിക്ക​ലും ഇല്ല. മനുഷ്യ​രു​ടെ നിഷ്‌ക​ളങ്കത ദൈവം പ്രാധാ​ന്യ​ത്തോ​ടെ വീക്ഷി​ക്കു​ന്നെന്ന്‌ ഇയ്യോബ്‌ മനസ്സി​ലാ​ക്കി. യഹോ​വ​യെ​ക്കു​റിച്ച്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ ഇയ്യോബ്‌ പറഞ്ഞു: “ഞാൻ നിഷ്‌ക​ള​ങ്ക​നാ​ണെന്ന്‌ . . . ദൈവ​ത്തി​നു മനസ്സി​ലാ​കും.” (ഇയ്യോബ്‌ 31:6) കൂടാതെ തന്നെ ആശ്വസി​പ്പി​ക്കാ​നാ​ണെന്നു പറഞ്ഞു​വ​ന്ന​വ​രു​ടെ തെറ്റായ വാദമു​ഖങ്ങൾ ദൈവ​ത്തോ​ടുള്ള തന്റെ നിഷ്‌ക​ള​ങ്ക​ത​യ്‌ക്കു മേലുള്ള ആക്രമ​ണ​മാ​ണെന്ന്‌ ഇയ്യോബ്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കി. അത്‌ നീണ്ട ഒരു പ്രസംഗം നടത്താൻ ഇയ്യോ​ബി​നെ പ്രചോ​ദി​പ്പി​ച്ചു. ഒടുവിൽ അത്‌ മൂന്നു കൂട്ടു​കാ​രു​ടെ​യും വായ്‌ അടപ്പിച്ചു.

നിത്യ​ജീ​വി​ത​ത്തി​ലെ കാര്യ​ങ്ങ​ളു​മാ​യി തന്റെ നിഷ്‌ക​ള​ങ്ക​ത​യ്‌ക്കു ബന്ധമു​ണ്ടെന്ന്‌ ഇയ്യോബ്‌ മനസ്സി​ലാ​ക്കി. താൻ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളി​ലും എങ്ങനെ​യാ​ണു നിഷ്‌ക​ളങ്കത കാണി​ച്ച​തെന്ന്‌ ഇയ്യോബ്‌ വിശദീ​ക​രി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, എല്ലാ തരത്തി​ലുള്ള വിഗ്ര​ഹാ​രാ​ധ​ന​യും ഇയ്യോബ്‌ ഒഴിവാ​ക്കി. മറ്റുള്ള​വ​രോ​ടു ദയയോ​ടെ​യും മാന്യ​മാ​യും ഇടപ്പെട്ടു. ധാർമി​ക​ശു​ദ്ധി കാത്തു​സൂ​ക്ഷി​ച്ചു, തന്റെ വിവാ​ഹ​ജീ​വി​തത്തെ അമൂല്യ​മാ​യി കണ്ടു. എല്ലാത്തി​ലും ഉപരി​യാ​യി സത്യ​ദൈ​വ​മായ യഹോ​വ​യോ​ടു സമ്പൂർണ​ഭക്തി കാണിച്ചു. അങ്ങനെ ഇയ്യോ​ബിന്‌ ആത്മാർഥ​മാ​യി ഇങ്ങനെ പറയാൻ കഴിഞ്ഞു: “മരണം​വരെ ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത ഞാൻ ഉപേക്ഷി​ക്കില്ല!”—ഇയ്യോബ്‌ 27:5; 31:1, 2, 9-11, 16-18, 26-28.

ഇയ്യോബ്‌ നിഷ്‌ക​ളങ്കത ഉപേക്ഷി​ച്ചി​ല്ല

ഇയ്യോ​ബി​ന്റെ വിശ്വാ​സം അനുക​രി​ക്കുക

നിഷ്‌ക​ള​ങ്ക​ത​യെ അല്ലെങ്കിൽ ധർമനി​ഷ്‌ഠയെ ഇയ്യോബ്‌ കാണുന്ന വിധത്തി​ലാ​ണോ നിങ്ങളും കാണു​ന്നത്‌? വെറുതേ നിഷ്‌ക​ള​ങ്ക​രാ​ണെന്നു പറഞ്ഞാൽ പോരാ, പ്രവൃ​ത്തി​കൾകൊണ്ട്‌ അതു തെളി​യി​ക്കണം എന്ന കാര്യം ഇയ്യോബ്‌ മനസ്സി​ലാ​ക്കി. നമ്മുടെ അനുദി​ന​ജീ​വി​ത​ത്തിൽ വലിയ ബുദ്ധി​മു​ട്ടു​കൾ നേരി​ടു​ക​യാ​ണെ​ങ്കിൽപോ​ലും ദൈവ​ദൃ​ഷ്ടി​യിൽ ശരിയായ കാര്യം ചെയ്‌തു​കൊണ്ട്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ഭക്തി ദൈവ​ത്തി​നു കൊടു​ക്കണം. ആ വിധത്തിൽ നമ്മൾ ജീവി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യും ദൈവ​ത്തി​ന്റെ ശത്രു​വായ സാത്താനെ തോൽപ്പി​ക്കു​ക​യും ചെയ്യും. നാളു​കൾക്കു മുമ്പ്‌ ഇയ്യോബ്‌ അതാണു ചെയ്‌തത്‌. ഇയ്യോ​ബി​ന്റെ വിശ്വാ​സം അനുക​രി​ക്കാൻ കഴിയുന്ന ഏറ്റവും മികച്ച വിധം അതാണ്‌.

ഇയ്യോ​ബി​ന്റെ കഥ ഇവിടെ തീരു​ന്നില്ല. ഏറ്റവും പ്രധാ​ന​പ്പെട്ട വിഷയം ഇയ്യോബ്‌ മറക്കുന്നു. താൻ നീതി​മാ​നാ​ണെന്നു തെളി​യി​ക്കു​ന്ന​തി​ലാണ്‌ ഇയ്യോ​ബി​ന്റെ ശ്രദ്ധ മുഴുവൻ. ദൈവ​ത്തി​ന്റെ പേരി​നു​വേണ്ടി നിൽക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇയ്യോബ്‌ ചിന്തി​ക്കു​ന്നില്ല. ദൈവം കാണു​ന്ന​തു​പോ​ലെ കാര്യങ്ങൾ കാണാൻ ഇയ്യോ​ബി​നു തിരുത്തൽ വേണ്ടി​വന്നു. ഇയ്യോബ്‌ ഇപ്പോ​ഴും വലിയ ദുഃഖ​ത്തി​ലും വേദന​യി​ലു​മാണ്‌. ശരിക്കും ആശ്വാ​സം​വേണ്ട ഒരു സമയം. വിശ്വാ​സ​വും നിഷ്‌ക​ള​ങ്ക​ത​യും കാണി​ക്കുന്ന ഈ മനുഷ്യ​നു​വേണ്ടി യഹോവ എന്തു ചെയ്യും? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം മറ്റൊരു ലേഖന​ത്തിൽ വിശദീ​ക​രി​ക്കും.

^ ഖ. 23 എലീഫസും കൂട്ടു​കാ​രും വിചാ​രി​ച്ചത്‌ അവർ വളരെ ദയയോ​ടെ​യാണ്‌ ഇയ്യോ​ബി​നോ​ടു സംസാ​രി​ക്കു​ന്ന​തെ​ന്നാണ്‌. ചില​പ്പോൾ അവർ ശബ്ദം കുറച്ചാ​യി​രി​ക്കും സംസാ​രി​ച്ചത്‌. (ഇയ്യോബ്‌ 15:11) എന്നാൽ ദയയോ​ടെ പറയുന്ന വാക്കു​കൾക്കു​പോ​ലും ക്രൂര​വും മുറി​പ്പെ​ടു​ത്തു​ന്ന​തും ആയിരി​ക്കാൻ കഴിയും.

^ ഖ. 26 തെളിവനുസരിച്ച്‌ ഏതാണ്ട്‌ 3,000 വർഷം കഴിഞ്ഞാണ്‌, ഏതെങ്കി​ലും ഒരു വസ്‌തു​വി​ന്റെ​യോ സാധന​ത്തി​ന്റെ​യോ താങ്ങൊ​ന്നും കൂടാ​തെ​യാണ്‌ ഭൂമി നിൽക്കു​ന്നെന്ന കാര്യം ശാസ്‌ത്ര​ജ്ഞ​ന്മാർ മനസ്സി​ലാ​ക്കി​യത്‌. ശൂന്യാ​കാ​ശ​ത്തു​നിന്ന്‌ ഭൂമി​യു​ടെ ചിത്രം എടുത്ത​പ്പോ​ഴാണ്‌ ഇയ്യോ​ബി​ന്റെ വാക്കു​ക​ളു​ടെ സത്യത കണ്ട്‌ മനസ്സി​ലാ​ക്കാൻ മനുഷ്യർക്കു കഴിഞ്ഞത്‌.