സ്വവർഗരതിയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
മനുഷ്യരെ സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമനുസരിച്ച്, പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹക്രമീകരണത്തിനുള്ളിൽ മാത്രമേ ലൈംഗികബന്ധം പാടുള്ളൂ. (ഉൽപത്തി 1:27, 28; ലേവ്യ 18:22; സുഭാഷിതങ്ങൾ 5:18, 19) ഭാര്യാഭർത്താക്കന്മാർ തമ്മിലല്ലാത്ത ഏതൊരു ലൈംഗികബന്ധത്തെയും ബൈബിൾ കുറ്റംവിധിക്കുന്നു, അത് ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലായാലും എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലായാലും തെറ്റാണ്. (1 കൊരിന്ത്യർ 6:18) ഇതിൽ ലൈംഗികവേഴ്ച, മറ്റൊരാളുടെ ജനനേന്ദ്രിയങ്ങൾ തഴുകൽ, അധരഭോഗം, ഗുദഭോഗം എന്നിവ ഉൾപ്പെടുന്നു.
സ്വവർഗരതിയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബൈബിൾ അംഗീകരിക്കുന്നില്ലെങ്കിലും സ്വവർഗരതിക്കാരായ ആളുകളോടു വെറുപ്പും വിദ്വേഷവും കാണിക്കുന്നതിനെ ബൈബിൾ പിന്തുണയ്ക്കുന്നില്ല. ‘എല്ലാ മനുഷ്യരെയും ബഹുമാനിക്കാനാണ്’ ബൈബിൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നത്.—1 പത്രോസ് 2:17.
സ്വവർഗാനുരാഗം എന്ന പ്രവണത ജന്മനാ ഉണ്ടാകുന്ന ഒന്നാണോ?
സ്വവർഗാനുരാഗത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ച് ബൈബിൾ നേരിട്ട് ഒന്നും പറയുന്നില്ല. എങ്കിലും ദൈവത്തിന്റെ കല്പനകൾക്ക് എതിരെ പ്രവർത്തിക്കാനുള്ള ഒരു പ്രവണതയോടെയാണ് മനുഷ്യൻ ജനിക്കുന്നത് എന്നു ബൈബിൾ പറയുന്നുണ്ട്. (റോമർ 7:21-25) ആളുകൾ സ്വവർഗരതിയിൽ ഏർപ്പെടുന്നതിന്റെ കാരണത്തിൽ ശ്രദ്ധയൂന്നുന്നതിനു പകരം, ബൈബിൾ വ്യക്തമായി അത്തരം പ്രവർത്തനങ്ങളെ കുറ്റംവിധിക്കുന്നു.
ഒരേ ലിംഗത്തിൽപ്പെട്ടവരോടു താത്പര്യം ഉണ്ടായിരിക്കെത്തന്നെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്ന വിധം.
ബൈബിൾ പറയുന്നു: “ശരീരം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. തെറ്റായ എല്ലാ ലൈംഗികാഗ്രഹങ്ങളെയും കൊന്നുകളയുക.” (കൊലോസ്യർ 3:5, സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം) തെറ്റായ പ്രവർത്തനത്തിലേക്കു നയിക്കുന്ന മോശമായ ആഗ്രഹങ്ങളെ കൊന്നുകളയുന്നതിനു നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കേണ്ടതുണ്ട്. നല്ല ചിന്തകൾകൊണ്ട് ക്രമമായി മനസ്സു നിറയ്ക്കുന്നെങ്കിൽ തെറ്റായ ആഗ്രഹങ്ങളെ തള്ളിക്കളയാൻ എളുപ്പമായിരിക്കും. (ഫിലിപ്പിയർ 4:8; യാക്കോബ് 1:14, 15) ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും പതിയെപ്പതിയെ അത് എളുപ്പമായിത്തീരും. ‘നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടിരിക്കാൻ’ നിങ്ങളെ സഹായിക്കുമെന്നു ദൈവം ഉറപ്പുതരുന്നു.—എഫെസ്യർ 4:22-24.
ബൈബിൾനിലവാരങ്ങളോടു പറ്റിനിൽക്കാൻ ആഗ്രഹിക്കുന്ന വിപരീതലിംഗത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകളും ഇതേ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഉദാഹരണത്തിന്, വിവാഹം കഴിക്കാനുള്ള പ്രതീക്ഷയൊന്നുമില്ലാത്ത ഏകാകികളായ വ്യക്തികളും ലൈംഗികശേഷിയില്ലാത്ത ഇണയുള്ള വിവാഹിതരായ വ്യക്തികളും ഒക്കെ പല പ്രലോഭനങ്ങളുണ്ടായിട്ടും തങ്ങളുടെ ലൈംഗികാഗ്രഹങ്ങൾ നിയന്ത്രിച്ചുനിറുത്തുന്നു. അവർക്കൊക്കെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്. അതുപോലെ, ദൈവത്തെ പ്രീതിപ്പെടുത്താൻ ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ ഒരേ ലിംഗത്തിൽപ്പെട്ടവരോടു താത്പര്യം തോന്നുന്ന വ്യക്തികൾക്കും സന്തോഷത്തോടെ ജീവിക്കാനാകും.—ആവർത്തനം 30:19.