വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ സുവർണ​നി​യമം?

എന്താണ്‌ സുവർണ​നി​യമം?

ബൈബി​ളി​ന്റെ ഉത്തരം

 “സുവർണ​നി​യമം” എന്ന പദപ്ര​യോ​ഗം ബൈബി​ളിൽ എവി​ടെ​യും ഇല്ല. ആളുക​ളോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചു. ആ നിയമത്തെ കുറി​ക്കാ​നാണ്‌ പലരും ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്നത്‌. യേശു തന്റെ പ്രസി​ദ്ധ​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്കണം.”—മത്തായി 7:12; ലൂക്കോസ്‌ 6:31.

 സുവർണ​നി​യ​മ​ത്തി​ന്റെ അർഥം എന്താണ്‌?

 മറ്റുള്ളവർ നമ്മളോട്‌ എങ്ങനെ ഇടപെ​ടാ​നാ​ണോ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, അതു​പോ​ലെ നമ്മൾ അവരോട്‌ ഇടപെ​ടാ​നാണ്‌ സുവർണ​നി​യമം പറയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ളവർ നമ്മളോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും ആദര​വോ​ടെ​യും ഒക്കെ ഇടപെ​ടാ​നാണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ​യാ​ണെ​ങ്കിൽ അതു​പോ​ലെ​തന്നെ നമ്മൾ ‘അവർക്കും ചെയ്‌തു​കൊ​ടു​ക്കേ​ണ്ട​തല്ലേ?’—ലൂക്കോസ്‌ 6:31.

 സുവർണ​നി​യമം അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

 ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും സുവർണ​നി​യമം പ്രയോ​ജനം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌ . . .

  •   വിവാ​ഹ​യി​ണകൾ തമ്മിലുള്ള ബന്ധം ശക്തമാ​ക്കും.—എഫെസ്യർ 5:28, 33.

  •   നല്ല രീതി​യിൽ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ മാതാ​പി​താ​ക്കളെ സഹായി​ക്കും.—എഫെസ്യർ 6:4.

  •   സുഹൃ​ത്തു​ക്കൾ, അയൽക്കാർ, സഹജോ​ലി​ക്കാർ എന്നിവർ തമ്മിൽ നല്ല ബന്ധങ്ങൾ വളരാൻ ഇടയാ​ക്കും.—സുഭാ​ഷി​തങ്ങൾ 3:27, 28; കൊ​ലോ​സ്യർ 3:13.

 സുവർണ​നി​യ​മ​ത്തി​ന്റെ തത്ത്വമാണ്‌ പഴയനി​യ​മ​ത്തി​ലെ മിക്ക ഭാഗങ്ങ​ളി​ലും കാണു​ന്നത്‌. “നിയമ​ത്തി​ന്റെ​യും (ബൈബി​ളി​ലെ ആദ്യത്തെ അഞ്ച്‌ പുസ്‌ത​കങ്ങൾ) പ്രവാ​ച​ക​വ​ച​ന​ങ്ങ​ളു​ടെ​യും (പ്രവച​ന​പു​സ്‌ത​കങ്ങൾ) സാരം” യേശു​വി​ന്റെ ഈ നിയമ​മാണ്‌. (മത്തായി 7:12) അയൽക്കാ​രനെ സ്‌നേ​ഹി​ക്കുക എന്ന പഴയനി​യ​മ​ത്തി​ലെ അടിസ്ഥാ​ന​സ​ത്യ​ത്തി​ന്റെ ഒരു സംഗ്ര​ഹ​മാണ്‌ സുവർണ​നി​യമം.—റോമർ 13:8-10.

 തിരി​ച്ചു​കി​ട്ടാൻവേണ്ടി കൊടു​ക്കു​ന്ന​തി​നെ​യാ​ണോ സുവർണ​നി​യ​മം​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌?

 അല്ല. മറ്റുള്ള​വർക്കു കൊടു​ക്കു​ന്ന​തി​നാണ്‌ യേശു ഊന്നൽ നൽകി​യത്‌. ശത്രു​ക്ക​ളോ​ടു​പോ​ലും എങ്ങനെ ഇടപെ​ട​ണ​മെന്നു പറഞ്ഞ സമയത്താണ്‌ യേശു സുവർണ​നി​യമം നൽകി​യത്‌. (ലൂക്കോസ്‌ 6:27-31, 35) അതെ, എല്ലാ ആളുകൾക്കും നന്മ ചെയ്യണ​മെ​ന്നാണ്‌ സുവർണ​നി​യ​മ​ത്തി​ലൂ​ടെ യേശു ഉദ്ദേശി​ച്ചത്‌.

 സുവർണ​നി​യ​മ​ത്തി​ന​നു​സ​രിച്ച്‌ ജീവി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും?

  1.  1. നന്നായി നിരീ​ക്ഷി​ക്കു​ന്ന​വ​രാ​യി​രി​ക്കുക. നിങ്ങളു​ടെ ചുറ്റു​മു​ള്ള​വ​രു​ടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, കടയിൽനിന്ന്‌ വാങ്ങിയ സാധനങ്ങൾ എടുക്കാൻ ഒരാൾ ബുദ്ധി​മു​ട്ടു​ന്ന​താ​യി നിങ്ങൾ കാണു​ന്നെ​ങ്കി​ലോ? നിങ്ങളു​ടെ വീടിന്‌ അടുത്തുള്ള ആരെങ്കി​ലും ആശുപ​ത്രി​യി​ലാ​ണെന്ന്‌ അറിയു​ന്നെ​ങ്കി​ലോ? നിങ്ങളു​ടെ​കൂ​ടെ ജോലി ചെയ്യുന്ന ഒരാൾ വിഷമി​ച്ചി​രി​ക്കു​ന്ന​താ​യി ശ്രദ്ധി​ക്കു​ന്നെ​ങ്കി​ലോ? നിങ്ങൾ ‘മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്കൂ​ടി നോക്കു​ന്ന​വ​രാ​ണെ​ങ്കിൽ’ ഇതെല്ലാം മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി കാണും.—ഫിലി​പ്പി​യർ 2:4.

  2.  2. സഹാനു​ഭൂ​തി കാണി​ക്കുക. നിങ്ങ​ളെ​ത്തന്നെ മറ്റുള്ള​വ​രു​ടെ സ്ഥാനത്തു​വെച്ച്‌ കാണുക. നിങ്ങളാ​യി​രു​ന്നു ആ സാഹച​ര്യ​ത്തി​ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നു​മാ​യി​രു​ന്നു? (റോമർ 12:15) മറ്റുള്ള​വ​രു​ടെ സാഹച​ര്യം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അവരെ സഹായി​ക്കാൻ തോന്നും.

  3.  3. വഴക്കമു​ള്ള​വ​രാ​യി​രി​ക്കുക. എല്ലാവ​രും വ്യത്യ​സ്‌ത​രാ​ണെന്ന്‌ ഓർക്കണം. മറ്റുള്ള​വ​രിൽനിന്ന്‌ നിങ്ങൾ പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളും നിങ്ങളിൽനിന്ന്‌ അവർ പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളും ഒരു​പോ​ലെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. നിങ്ങൾക്കു പല കാര്യ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ക്കാൻ കഴിയു​മാ​യി​രി​ക്കും. എങ്കിലും നിങ്ങൾ എന്തു ചെയ്‌തു തരാനാ​ണോ അവർ പ്രതീ​ക്ഷി​ക്കു​ന്നത്‌, അതു ചെയ്‌തു​കൊ​ടു​ക്കുക.—1 കൊരി​ന്ത്യർ 10:24.