സത്യമതം എനിക്ക് എങ്ങനെ കണ്ടെത്താം?
ബൈബിളിന്റെ ഉത്തരം
സത്യമതത്തിൽപ്പെട്ടവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം, ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ പറിക്കാൻ പറ്റുമോ?” (മത്തായി 7:16) ഒരു മുന്തിരിച്ചെടിയെയും മുൾച്ചെടിയെയും അവയുടെ ഫലങ്ങളാൽ വേർതിരിച്ച് അറിയുന്നതുപോലെ സത്യമതത്തെ വ്യാജമതത്തിൽനിന്നും അവയുടെ ഫലങ്ങളാൽ അല്ലെങ്കിൽ താഴെപ്പറയുന്ന ചില സവിശേഷ അടയാളങ്ങളാൽ മനസ്സിലാക്കാം.
സത്യമതം സത്യം പഠിപ്പിക്കുന്നു. മനുഷ്യതത്ത്വചിന്തകളെ അല്ല ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള സത്യമാണ് അത്. (യോഹന്നാൻ 4:24; 17:17) ആത്മാവിനെക്കുറിച്ചുള്ള സത്യം, പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ എന്നീ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. (സങ്കീർത്തനം 37:29; യെശയ്യാവു 35:5, 6; യെഹെസ്‌കേൽ 18:4) അതുപോലെ, മതപരമായ നുണകൾ തുറന്ന് കാണിക്കുന്നതിൽനിന്ന് സത്യമതം മാറി നിൽക്കുന്നുമില്ല.—മത്തായി 15:9; 23:27, 28.
ദൈവത്തെ അറിയാൻ സത്യമതം ആളുകളെ സഹായിക്കുന്നു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് അതു പഠിപ്പിക്കുന്നു. (സങ്കീർത്തനം 83:18; യെശയ്യാവു 42:8; യോഹന്നാൻ 17:3, 6) ദൈവത്തെ നമുക്കു മനസ്സിലാക്കാൻ പറ്റില്ലെന്നോ ദൈവം അകന്നുനിൽക്കുന്ന ഒരുവനാണെന്നോ അത് ഒരിക്കലും പഠിപ്പിക്കുന്നില്ല. പകരം, ആളുകൾ വ്യക്തിപരമായി തന്നോടു അടുത്തുവരാൻ ദൈവം ആഗ്രഹിക്കുന്നെന്നാണ് അതു പഠിപ്പിക്കുന്നത്.—യാക്കോബ് 4:8.
ദൈവം രക്ഷ നൽകുന്നതു ക്രിസ്തുയേശുവിലൂടെ മാത്രമാണെന്നു സത്യമതം എടുത്തുകാണിക്കുന്നു. (പ്രവൃത്തികൾ 4:10, 12) സത്യമതം പിന്തുടരുന്നവർ യേശുവിന്റെ കൽപനകൾ അനുസരിക്കുകയും യേശുവിന്റെ മാതൃക അടുത്ത് പിന്തുടരാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 13:15; 15:14.
സത്യമതം ദൈവരാജ്യത്തെ മനുഷ്യകുടുംബത്തിന്റെ ഏകപ്രത്യാശയായി ചൂണ്ടിക്കാണിക്കുന്നു. അതു പിന്തുടരുന്നവർ തീക്ഷ്ണതയോടെ ആ രാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നു.—മത്തായി 10:7; 24:14.
സത്യമതം നിസ്സ്വാർഥമായ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുന്നു. (യോഹന്നാൻ 13:35) എല്ലാ വംശങ്ങളിലുമുള്ളവരെ ബഹുമാനിക്കാനും എല്ലാ വർഗത്തിലും സംസ്കാരത്തിലും ഭാഷയിലും പശ്ചാത്തലത്തിലും ഉള്ള ആളുകളെ സ്വാഗതം ചെയ്യാനും അതു പഠിപ്പിക്കുന്നു. (പ്രവൃത്തികൾ 10:34, 35) സത്യമതം പിന്തുടരുന്നവർ ഒരിക്കലും യുദ്ധങ്ങളിൽ പങ്കെടുക്കുകയില്ല, കാരണം അവരെ ഭരിക്കുന്നതു സ്നേഹമാണ്.—മീഖാ 4:3; 1 യോഹന്നാൻ 3:11, 12.
സത്യമതത്തിനു ശമ്പളം പറ്റുന്ന പുരോഹിതന്മാർ ഇല്ല. അതിലെ ശുശ്രൂഷകരിൽ ആർക്കും ഉന്നതസ്ഥാനം സൂചിപ്പിക്കുന്ന പദവിനാമങ്ങളും ഇല്ല.—മത്തായി 23:8-12; 1 പത്രോസ് 5:2, 3.
സത്യമതം പൂർണമായും രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. (യോഹന്നാൻ 17:16; 18:36) അതിനെ പിന്തുടരുന്നവർ അവർ ജീവിക്കുന്ന രാജ്യത്തെ ഗവണ്മെന്റിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇതു പിൻവരുന്ന ബൈബിൾകൽപനയ്‌ക്കു ചേർച്ചയിലാണ്: “സീസർക്കുള്ളതു (ഗവണ്മെന്റ് അധികാരികളെ പ്രതിനിധീകരിക്കുന്നു) സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മർക്കോസ് 12:17; റോമർ 13:1, 2.
സത്യമതം ഒരു ജീവിതരീതിയാണ്, അല്ലാതെ ഒരു കൂട്ടം ആചാരങ്ങളോ വെറും പുറമോടിയോ അല്ല. അതിനെ പിന്തുടരുന്നവർ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ബൈബിളിന്റെ ഉയർന്ന ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കുന്നു. (എഫെസ്യർ 5:3-5; 1 യോഹന്നാൻ 3:18) കടുംപിടുത്തക്കാരായിരിക്കുന്നതിനു പകരം അവർ “സന്തോഷമുള്ള ദൈവ”ത്തെ ആരാധിക്കുന്നതിൽ ആനന്ദിക്കുന്നു.—1 തിമൊഥെയൊസ് 1:11.
സത്യമതം ആചരിക്കുന്നവർ എണ്ണത്തിൽ കുറവായിരിക്കും. (മത്തായി 7:13, 14) ദൈവേഷ്ടം ചെയ്യുന്നതുകൊണ്ട് അവരെ ആളുകൾ മിക്കപ്പോഴും അവജ്ഞയോടെ കാണുകയും പരിഹസിക്കുകയും പീഡിപ്പിക്കുകയും ഒക്കെ ചെയ്യുന്നു.—മത്തായി 5:10-12.
‘എനിക്കു ശരിയാണെന്നു തോന്നുന്ന മതമാണ് സത്യമതം’ എന്ന തെറ്റായ ധാരണ
നമുക്ക് ഇഷ്ടപ്പെട്ട ഒരു മതം തിരഞ്ഞെടുക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ? ഉണ്ട്. ആളുകൾ “അന്ന് അവർ കാതുകൾക്കു രസിക്കുന്ന കാര്യങ്ങൾ പറയുന്ന (മത) ഉപദേഷ്ടാക്കന്മാരെ ഇഷ്ടാനുസരണം അവർക്കു ചുറ്റും വിളിച്ചുകൂട്ടു”ന്ന ഒരു കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 4:3) അതുകൊണ്ട്, ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത് “നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ” മതം പിൻപറ്റാനാണ്. ആ മതം ജനപ്രീതിയുള്ളത് അല്ലെങ്കിൽപ്പോലും.—യാക്കോബ് 1:27; യോഹന്നാൻ 15:18, 19.