വിവരങ്ങള്‍ കാണിക്കുക

വെളി​പാട്‌ 13-ാം അധ്യാ​യ​ത്തി​ലെ ഏഴു തലയുള്ള കാട്ടു​മൃ​ഗം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

വെളി​പാട്‌ 13-ാം അധ്യാ​യ​ത്തി​ലെ ഏഴു തലയുള്ള കാട്ടു​മൃ​ഗം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

ബൈബി​ളി​ന്റെ ഉത്തരം

 വെളി​പാട്‌ 13:1-ൽ പറഞ്ഞി​രി​ക്കു​ന്ന ഏഴു തലയുള്ള കാട്ടു​മൃ​ഗം ലോക​മെ​ങ്ങു​മു​ള്ള രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യെ ചിത്രീ​ക​രി​ക്കു​ന്നു.

  •   അതിന്‌ അധികാ​ര​വും ശക്തിയും സിംഹാ​സ​ന​വും ഉണ്ട്‌ എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​നാൽ ഇത്‌ ഒരു രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യാ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു.—വെളി​പാട്‌ 13:2.

  •   അത്‌ “എല്ലാ ഗോ​ത്ര​ങ്ങ​ളു​ടെ​യും വംശങ്ങ​ളു​ടെ​യും ഭാഷക്കാ​രു​ടെ​യും ജനതക​ളു​ടെ​യും മേൽ” ഭരണം നടത്തുന്നു. അതു​കൊണ്ട്‌ അത്‌ ഏതെങ്കി​ലും ഒരു ദേശീ​യ​ഗ​വൺമെ​ന്റി​നെ​ക്കാൾ ഉയർന്ന​താണ്‌ എന്നു വ്യക്തം.—വെളി​പാട്‌ 13:7.

  •   ദാനി​യേൽ 7:2-8-ലെ പ്രവച​ന​ത്തിൽ വർണി​ച്ചി​രി​ക്കു​ന്ന നാലു കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ പ്രത്യേ​ക​ത​ക​ളു​മാ​യി ഈ മൃഗം ഒത്തുവ​രു​ന്നു. ഇതിന്റെ ചില പ്രത്യേ​ക​ത​കൾ: പുള്ളി​പ്പു​ലി​യോ​ടു സദൃശം, കരടി​യു​ടേ​തു​പോ​ലുള്ള പാദം, സിംഹ​ത്തി​ന്റേ​തു​പോ​ലുള്ള വായ്‌, പത്തു കൊമ്പു​കൾ. ദാനി​യേൽ പ്രവച​ന​ത്തി​ലെ മൃഗങ്ങൾ, സാമ്രാ​ജ്യ​ങ്ങ​ളു​ടെ മേൽ ഒന്നിനു പുറകേ ഒന്നായി അധികാ​രം നടത്തി​യി​ട്ടു​ള്ള രാജാ​ക്ക​ന്മാ​രോ രാഷ്‌ട്രീ​യ​ഗ​വൺമെ​ന്റു​ക​ളോ ആണ്‌. (ദാനി​യേൽ 7:17, 23) അതു​കൊണ്ട്‌ വെളി​പാട്‌ 13-ാം അധ്യാ​യ​ത്തി​ലെ കാട്ടു​മൃ​ഗം ഒരു സംയു​ക്ത​രാ​ഷ്‌ട്രീ​യ​സം​ഘ​ട​നയെ ചിത്രീ​ക​രി​ക്കു​ന്നു.

  •   അത്‌ “കടലിൽനിന്ന്‌. . . കയറി​വ​രു​ന്ന”താണ്‌, അതായത്‌, മനുഷ്യ​ഗ​വൺമെ​ന്റു​ക​ളു​ടെ പ്രഭവ​സ്ഥാ​ന​മാ​യ പ്രക്ഷു​ബ്ധ​മാ​യ മനുഷ്യ​സാ​ഗ​ര​ത്തിൽനിന്ന്‌.—വെളി​പാട്‌ 13:1; യശയ്യ 17:12, 13.

  •   ഈ കാട്ടു​മൃ​ഗ​ത്തി​ന്റെ പേര്‌ അല്ലെങ്കിൽ സംഖ്യ “ഒരു മനുഷ്യ​ന്റെ സംഖ്യ​യാണ്‌” എന്നു ബൈബിൾ പറയുന്നു, അതായത്‌ 666. (വെളി​പാട്‌ 13:17, 18) ആ പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നത്‌ വെളി​പാട്‌ 13-ാം അധ്യാ​യ​ത്തി​ലെ കാട്ടു​മൃ​ഗ​ത്തിന്‌ ഒരു മനുഷ്യ​ന്റെ അസ്‌തി​ത്വ​മാ​ണു​ള്ളത്‌ എന്നാണ്‌. അല്ലാതെ ആത്മീയ​മോ പൈശാ​ചി​ക​മോ അല്ല.

 ചില കാര്യ​ങ്ങ​ളിൽ രാഷ്‌ട്ര​ങ്ങൾ തമ്മിൽ വിയോ​ജി​പ്പു​ണ്ടെ​ങ്കി​ലും ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​നു കീഴ്‌പെ​ടാ​തെ തങ്ങളുടെ അധികാ​രം നിലനി​റു​ത്തു​ന്ന കാര്യ​ത്തിൽ അവർ ഒറ്റക്കെ​ട്ടാണ്‌. (സങ്കീർത്ത​നം 2:2) അർമ​ഗെ​ദോ​നിൽ യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വ​ത്തി​ലു​ള്ള സ്വർഗീ​യ​സൈ​ന്യം രാഷ്‌ട്ര​ങ്ങൾക്ക്‌ എതിരെ യുദ്ധം ചെയ്യു​മ്പോ​ഴും രാഷ്‌ട്ര​ങ്ങൾ ഒന്നിച്ചു​ത​ന്നെ നിൽക്കും. എന്നാൽ ഈ യുദ്ധത്തിന്‌ ഒടുവിൽ രാഷ്‌ട്ര​ങ്ങൾ നശിപ്പി​ക്ക​പ്പെ​ടും.—വെളി​പാട്‌ 16:14, 16; 19:19, 20.

“പത്തു​കൊ​മ്പും ഏഴുത​ല​യും”

 ചില സംഖ്യകൾ പ്രതീ​കാ​ത്മ​ക​മാ​യാ​ണു ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പത്തും ഏഴും പൂർണ​ത​യെ കുറി​ക്കു​ന്നു. വെളി​പാട്‌ 13-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന “പത്തു​കൊ​മ്പും ഏഴുത​ല​യും” ഉള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ അർഥം എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന ഒരു സൂചന വെളി​പാട്‌ 17-ാം അധ്യാ​യ​ത്തി​ലുണ്ട്‌. ഈ ‘മൃഗത്തി​ന്റെ പ്രതി​മ​യാ​യ’ ഏഴുത​ല​യും പത്തു​കൊ​മ്പും ഉള്ള കടുഞ്ചു​വ​പ്പു​ള്ള കാട്ടു​മൃ​ഗ​ത്തെ​ക്കു​റിച്ച്‌ അവിടെ പറയുന്നു. (വെളി​പാട്‌ 13:1, 14, 15; 17:3) കടുഞ്ചു​വ​പ്പു​ള്ള ഈ കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴു തലകൾ “ഏഴുരാജാക്കന്മാർ” അഥവാ ഗവൺമെ​ന്റു​ക​ളാ​ണെ​ന്നു ബൈബിൾ പറയുന്നു.—വെളി​പാട്‌ 17:9, 10.

 സമാന​മാ​യി, വെളി​പാട്‌ 13:1-ലെ കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴു തലകൾ ഏഴു ഗവൺമെ​ന്റു​ക​ളെ​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. ചരി​ത്ര​ത്തി​ലു​ട​നീ​ളം ആധിപ​ത്യം നടത്തി​യി​ട്ടു​ള്ള​തും ദൈവ​ജ​ന​ത്തെ ഞെരു​ക്കു​ന്ന​തിൽ മുൻനി​ര​യിൽ നിന്നി​ട്ടു​ള്ള​തും ആയ ഈജി​പ്‌ത്‌, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം, ആംഗ്ലോ-അമേരിക്ക എന്നീ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ അതു കുറി​ക്കു​ന്നു. ചെറു​തും വലുതും ആയ പരമാ​ധി​കാ​ര രാഷ്‌ട്ര​ങ്ങ​ളെ​യെ​ല്ലാ​മാ​ണു പത്തു കൊമ്പു​കൾ കുറി​ക്കു​ന്നത്‌. ഓരോ കൊമ്പി​നും മുകളി​ലു​ള്ള കിരീ​ട​ങ്ങൾ ചിത്രീ​ക​രി​ക്കു​ന്നത്‌ എല്ലാ പരമാ​ധി​കാ​ര​രാ​ഷ്‌ട്ര​ങ്ങ​ളും അക്കാലത്തെ പ്രധാന ലോക​ശ​ക്തി​യോ​ടൊ​പ്പം ഭരണാ​ധി​കാ​രം പ്രയോ​ഗി​ക്കും എന്നാണ്‌.