വിവരങ്ങള്‍ കാണിക്കുക

ക്രിസ്‌തു​വി​ന്റെ വരവ്‌ എങ്ങനെയായിരിക്കും?

ക്രിസ്‌തു​വി​ന്റെ വരവ്‌ എങ്ങനെയായിരിക്കും?

ബൈബി​ളി​ന്റെ ഉത്തരം

ഭൂമി​യി​ലെ മനുഷ്യ​രെ ന്യായം​വി​ധി​ക്കു​ന്ന​തിന്‌ ഭാവിയിൽ ക്രിസ്‌തു വരുന്ന​തി​നെ​ക്കു​റി​ച്ചുള്ള അനേകം പരാമർശ​ങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലുണ്ട്‌. * ഉദാഹ​ര​ണ​ത്തിന്‌, മത്തായി 25:31-33. അവിടെ ഇങ്ങനെ പറയുന്നു:

“മനുഷ്യ​പു​ത്രൻ (ക്രിസ്‌തു​യേ​ശു) സകല ദൂതന്മാ​രോ​ടു​മൊ​പ്പം തന്റെ മഹത്ത്വ​ത്തിൽ വരു​മ്പോൾ അവൻ തന്റെ മഹിമ​യാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാ​ടു​ക​ളിൽനി​ന്നു ചെമ്മരി​യാ​ടു​ക​ളെ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരി​യാ​ടു​ക​ളെ തന്റെ വലത്തും കോലാ​ടു​ക​ളെ തന്റെ ഇടത്തും നിറുത്തും.”

മനുഷ്യ​ച​രി​ത്ര​ത്തിൽ ഇന്നോളം ഉണ്ടായി​ട്ടി​ല്ലാ​ത്ത ഒരു “മഹാകഷ്ട”ത്തിന്റെ ഭാഗമാ​യി​ട്ടാ​യി​രി​ക്കും ന്യായ​വി​ധി​യു​ടെ ഈ സമയം വരുന്നത്‌. മഹാകഷ്ടം അർമ​ഗെ​ദോൻ യുദ്ധത്തിൽ മൂർധ​ന്യാ​വ​സ്ഥ​യി​ലെ​ത്തും. (മത്തായി 24:21; വെളി​പാട്‌ 16:16) ക്രിസ്‌തു​വി​ന്റെ ശത്രു​ക്ക​ളാ​യി ഉപമയിൽ പറഞ്ഞി​രി​ക്കു​ന്ന കോലാ​ടു​കൾ, “നിത്യ​നാ​ശ​മെന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കും.” (2 തെസ്സ​ലോ​നി​ക്യർ 1:9; വെളി​പാട്‌ 19:11, 15) നേരെ​മ​റിച്ച്‌, ക്രിസ്‌തു​വി​ന്റെ വിശ്വ​സ്‌ത​ദാ​സ​ന്മാർ അതായത്‌ ചെമ്മരി​യാ​ടു​കൾ ‘നിത്യ​ജീ​വന്‌’ അവകാ​ശി​ക​ളാ​കും.—മത്തായി 25:46.

ക്രിസ്‌തു എപ്പോ​ഴാണ്‌ വരുന്നത്‌?

യേശു പറഞ്ഞു: “ആ നാളും നാഴി​ക​യും ... ആർക്കും ... അറിയില്ല.” (മത്തായി 24:36, 42; 25:13) എന്നിരു​ന്നാ​ലും, യേശു തന്റെ വരവി​ലേ​ക്കു നയിക്കുന്ന കാലഘ​ട്ട​ത്തെ തിരി​ച്ച​റി​യി​ക്കു​ന്ന​തും മനുഷ്യർക്കു കാണാൻ കഴിയു​ന്ന​തും ആയ ഒരു സംയുക്ത “അടയാള”ത്തെക്കു​റി​ച്ചു പറഞ്ഞു.—മത്തായി 24:3, 7-14; ലൂക്കോസ്‌ 21:10, 11.

ക്രിസ്‌തു വരുന്നത്‌ ആത്മശരീ​ര​ത്തി​ലോ ജഡശരീ​ര​ത്തി​ലോ?

യേശു പുനരു​ത്ഥാ​നം പ്രാപി​ച്ചത്‌ ആത്മശരീ​ര​ത്തോ​ടെ ആയതി​നാൽ വരുന്ന​തും അതേ ആത്മശരീ​ര​ത്തോ​ടെ തന്നെയാ​യി​രി​ക്കും, ജഡശരീ​ര​ത്തിൽ അല്ല. (1 കൊരി​ന്ത്യർ 15:45; 1 പത്രോസ്‌ 3:18) അതു​കൊ​ണ്ടാണ്‌, മരണത്തി​ന്റെ തലേദി​വ​സം ശിഷ്യ​ന്മാ​രോട്‌ “അൽപ്പം​കൂ​ടെ കഴിഞ്ഞാൽ ലോകം ഇനി എന്നെ കാണു​ക​യി​ല്ല” എന്ന്‌ യേശു പറഞ്ഞത്‌.—യോഹ​ന്നാൻ 14:19.

ക്രിസ്‌തു​വി​ന്റെ വരവി​നെ​ക്കു​റിച്ച്‌ പരക്കെ​യു​ള്ള തെറ്റി​ദ്ധാ​ര​ണ​കൾ

തെറ്റായ ധാരണ: യേശു​വി​നെ “ആകാശ​മേ​ഘ​ങ്ങ​ളി​ന്മേൽ വരുന്നത്‌ ... കാണും” എന്ന്‌ ബൈബിൾ പറയു​ന്ന​തു​കൊണ്ട്‌ യേശു മനുഷ്യർക്ക്‌ കാണത്ത​ക്ക​വി​ധം വരു​മെ​ന്നാണ്‌ അർഥം.—മത്തായി 24:30.

വസ്‌തുത: കാഴ്‌ച​യിൽനിന്ന്‌ മറഞ്ഞി​രി​ക്കു​ന്ന എന്തി​നെ​യെ​ങ്കി​ലും പരാമർശി​ക്കാൻ ബൈബിൾ മിക്ക​പ്പോ​ഴും മേഘം എന്ന പദം ഉപയോ​ഗി​ക്കു​ന്നു. (ലേവ്യപുസ്‌തകം 16:2; സംഖ്യാ​പു​സ്‌ത​കം 11:25; ആവർത്ത​ന​പു​സ്‌ത​കം 33:26) ഉദാഹ​ര​ണ​ത്തിന്‌, ദൈവം മോശ​യോട്‌ “ഞാൻ ഇതാ, മേഘത​മ​സ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന്‌ പറഞ്ഞു. (പുറപ്പാട്‌ 19:9) ആ സമയത്ത്‌ മോശ ദൈവത്തെ അക്ഷരാർഥ​ത്തിൽ കണ്ടിരു​ന്നി​ല്ല. അതു​പോ​ലെ, യേശു ‘ആകാശ​മേ​ഘ​ങ്ങ​ളിൽ വരുന്നു’ എന്ന്‌ പറയു​മ്പോൾ യേശു​വി​നെ അക്ഷരാർഥ​ത്തിൽ കാണു​ക​യല്ല പകരം യേശു സന്നിഹി​ത​നാ​ണെന്ന്‌ ആളുകൾ മനസ്സി​ലാ​ക്കും എന്നാണ്‌ അർഥം.

തെറ്റായ ധാരണ: “എല്ലാ കണ്ണുക​ളും . . . അവനെ കാണും” എന്ന്‌ വെളി​പാട്‌ 1:7-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ അക്ഷരാർഥ​ത്തിൽ സംഭവി​ക്കു​ന്ന കാര്യ​മാണ്‌.

വസ്‌തുത: “കണ്ണുകൾ,” “കാണുക” എന്നീ ഗ്രീക്ക്‌ വാക്കുകൾ അക്ഷരാർഥ​ത്തിൽ കാണു​ന്ന​തി​നെ​യല്ല പകരം ഗ്രഹി​ക്കു​ക, മനസ്സി​ലാ​ക്കു​ക എന്നീ അർഥങ്ങ​ളിൽ ചില സമയങ്ങ​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. * (മത്തായി 13:15; ലൂക്കോസ്‌ 19:42; റോമർ 15:21; എഫെസ്യർ 1:18) പുനരു​ത്ഥാ​നം പ്രാപിച്ച യേശു, “അടുത്തു​കൂ​ടാ​ത്ത വെളി​ച്ച​ത്തിൽ വസിക്കു​ന്ന​വ​നും മനുഷ്യ​രാ​രും കാണാ​ത്ത​വ​നും” ആണെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:16) അങ്ങനെ,“എല്ലാ കണ്ണുക​ളും . . . അവനെ കാണും” എന്ന്‌ പറയു​മ്പോൾ യേശു​വാണ്‌ ദൈവ​ത്തി​ന്റെ ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തെന്ന്‌ എല്ലാവ​രും അറിയാൻ ഇടയാ​കും എന്നാണ്‌ അർഥം.—മത്തായി 24:30.

തെറ്റായ ധാരണ: 2 യോഹ​ന്നാൻ 7 പറയു​ന്നത്‌ യേശു ജഡശരീ​ര​ത്തിൽ വരു​മെ​ന്നാണ്‌.

വസ്‌തുത: “യേശു​ക്രി​സ്‌തു ജഡത്തിൽ വന്നു​വെന്ന്‌ അംഗീ​ക​രി​ക്കാ​ത്ത അനേകം വഞ്ചകർ ലോക​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നാണ്‌ ഈ വാക്യം ശരിക്കും പറയു​ന്നത്‌.

യോഹ​ന്നാൻ അപ്പൊ​സ്‌ത​ല​ന്റെ കാലത്ത്‌ ചിലർ യേശു ജഡശരീ​ര​മെ​ടുത്ത്‌ മനുഷ്യ​നാ​യി ഭൂമി​യിൽ വന്നുവെന്ന കാര്യം നിഷേ​ധി​ച്ചി​രു​ന്നു. ഇവരെ ജ്ഞാനവാ​ദി​കൾ എന്ന്‌ വിളി​ച്ചി​രു​ന്നു. അവരുടെ തെറ്റായ വാദം ഖണ്ഡിക്കു​ന്ന​തി​നാണ്‌ 2 യോഹ​ന്നാൻ 7 എഴുതി​യത്‌.

^ ഖ. 3 അനേകരും ക്രിസ്‌തു​വി​ന്റെ വരവിനെ കുറി​ക്കാൻ “രണ്ടാം വരവ്‌” അല്ലെങ്കിൽ “രണ്ടാം ആഗമനം” എന്നിങ്ങനെ പറയാ​റു​ണ്ടെ​ങ്കി​ലും ആ പദപ്ര​യോ​ഗ​ങ്ങൾ ബൈബി​ളിൽ ഇല്ലാത്ത​വ​യാണ്‌.

^ ഖ. 14 ദ ന്യൂ തായേ​ഴ്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ഓഫ്‌ ദ ന്യൂ ടെസ്റ്റ​മെന്റ്‌ (1981) 451, 470 പേജുകൾ കാണുക.