വിവരങ്ങള്‍ കാണിക്കുക

യേശു ജനിച്ചത്‌ എപ്പോ​ഴാ​യി​രു​ന്നു?

യേശു ജനിച്ചത്‌ എപ്പോ​ഴാ​യി​രു​ന്നു?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​ക്രി​സ്‌തു​വി​ന്റെ ജനനത്തീ​യ​തി കൃത്യ​മാ​യി ബൈബിൾ പറയു​ന്നി​ല്ല. പിൻവ​രു​ന്ന വിവരങ്ങൾ കാണുക:

  •   “ക്രിസ്‌തു​വി​ന്റെ ശരിയായ ജനനത്തീ​യ​തി അജ്ഞാത​മാണ്‌.” പുതിയ കത്തോ​ലി​ക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌).

  •   “ക്രിസ്‌തു​വി​ന്റെ കൃത്യ​മാ​യ ജനനത്തീ​യ​തി അറിയില്ല.” ആദ്യകാല ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌).

 ‘യേശു എപ്പോഴാണ്‌ ജനിച്ചത്‌’ എന്ന ചോദ്യ​ത്തിന്‌ ബൈബിൾ നേരിട്ട്‌ ഉത്തരം തരുന്നി​ല്ലെ​ങ്കി​ലും യേശു ജനിച്ചത്‌ ഡിസംബർ 25-ന്‌ അല്ലെന്ന്‌ നിഗമനം ചെയ്യാൻ സഹായി​ക്കു​ന്ന, യേശു​വി​ന്റെ ജനന​ത്തോ​ടു ബന്ധപ്പെട്ട രണ്ട്‌ സംഭവങ്ങൾ ബൈബി​ളിൽ പറയു​ന്നുണ്ട്‌.

മഞ്ഞുകാലത്തല്ല

  1.   പേര്‌ രേഖ​പ്പെ​ടു​ത്തൽ. യേശു ജനിക്കു​ന്ന​തിന്‌ കുറച്ച്‌ ദിവസം മുമ്പ്‌ “ഭൂവാ​സി​ക​ളൊ​ക്കെ അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്ത​ണ​മെന്ന ഒരു കല്‌പന അഗസ്റ്റസ്‌ സീസർ വിളം​ബ​രം ചെയ്‌തു.” ‘എല്ലാവ​രും അവരവ​രു​ടെ നഗരത്തിൽ’ പേര്‌ രേഖ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. പലർക്കും ഇതിനു​വേ​ണ്ടി ഒരു ആഴ്‌ച​യോ അതിൽക്കൂ​ടു​ത​ലോ യാത്ര ചെയ്യേ​ണ്ടി​വ​ന്നു. (ലൂക്കോസ്‌ 2:1-3) നികുതി പിരി​ക്കാ​നും ആളുകളെ നിർബ​ന്ധി​ത​മാ​യി സൈന്യ​ത്തിൽ ചേർക്കാ​നും ഉള്ള ഉദ്ദേശ്യ​ത്തി​ലാ​യി​രി​ക്കാം ഈ കല്‌പന പുറ​പ്പെ​ടു​വി​ച്ചത്‌. ഈ കല്‌പന വിളം​ബ​രം ചെയ്‌തത്‌ വർഷത്തി​ന്റെ ഏത്‌ സമയത്താ​യി​രു​ന്നാ​ലും അതു ജനങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒന്നായി​രു​ന്നു. അപ്പോൾപ്പി​ന്നെ മരം കോച്ചുന്ന തണുപ്പത്ത്‌ ഇങ്ങനെ ഒരു ദീർഘ​ദൂ​ര​യാ​ത്ര നടത്താൻ ജനത്തെ നിർബ​ന്ധി​ച്ചു​കൊണ്ട്‌ സീസർ അവരെ കൂടുതൽ ബുദ്ധി​മു​ട്ടി​ക്കു​മോ? സീസർ അങ്ങനെ അവരെ പ്രകോ​പി​പ്പി​ക്കാൻ തീരെ സാധ്യ​ത​യി​ല്ല!

  2.   ചെമ്മരിയാടുകൾ. അന്ന്‌ “രാത്രി​യിൽ ആട്ടിൻപ​റ്റ​ത്തെ കാത്തു​കൊണ്ട്‌ ഇടയന്മാർ വെളി​മ്പ്ര​ദേ​ശത്ത്‌ കഴിയു​ന്നു​ണ്ടാ​യി​രു​ന്നു.” (ലൂക്കോസ്‌ 2:8) യേശു​വി​ന്റെ കാലത്തെ ദൈനം​ദി​ന ജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയു​ന്ന​ത​നു​സ​രിച്ച്‌ “പെസഹ​യു​ടെ മുമ്പുള്ള ആഴ്‌ച [മാർച്ച്‌ അവസാനം]” മുതൽ നവംബർ പകുതി വരെ ആട്ടിൻകൂ​ട്ട​ങ്ങൾ തുറസ്സായ സ്ഥലത്ത്‌ കഴിയു​മാ​യി​രു​ന്നു. അത്‌ ഇങ്ങനെ​യും പറയുന്നു: “മഞ്ഞുകാ​ലത്ത്‌ അവ കൂട്ടിന്‌ അകത്ത്‌ കഴിഞ്ഞു​കൂ​ടും. ഈ ഒറ്റക്കാ​ര​ണ​ത്താൽത്ത​ന്നെ പരമ്പരാ​ഗ​ത​മാ​യി ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്ന തീയതി, അതായത്‌ മഞ്ഞുകാ​ലത്ത്‌ ആണ്‌ യേശു ജനിച്ചത്‌ എന്ന വിശ്വാ​സം, ശരിയാ​കാൻ സാധ്യ​ത​യി​ല്ല. കാരണം സുവി​ശേ​ഷ​ങ്ങൾ പറയു​ന്നത്‌ ആട്ടിട​യ​ന്മാർ വെളി​മ്പ്ര​ദേ​ശത്ത്‌ ആയിരു​ന്നെ​ന്നാണ്‌.”

ശരത്‌കാ​ല​ത്തി​ന്റെ തുടക്ക​ത്തിൽ

 എ.ഡി. 33 വസന്തത്തി​ലെ പെസഹ​ദി​വ​സ​മാ​യി​രുന്ന നീസാൻ 14-ാം തീയതി​യിൽനിന്ന്‌, അതായത്‌ യേശു മരിച്ച ദിവസ​ത്തിൽനിന്ന്‌, പുറ​കോട്ട്‌ എണ്ണിയാൽ നമുക്ക്‌ യേശു​വി​ന്റെ ജനനത്തീ​യ​തി ഏകദേശം കണക്കു​കൂ​ട്ടി​യെ​ടു​ക്കാൻ പറ്റും. (യോഹന്നാൻ 19:14-16) തന്റെ മൂന്നര വർഷക്കാ​ല​ത്തെ ശുശ്രൂഷ തുടങ്ങി​യ​പ്പോൾ യേശു​വിന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ജനിച്ചത്‌ ബി.സി. 2-ലെ ശരത്‌കാ​ല​ത്തി​ന്റെ തുടക്ക​ത്തിൽ ആയിരു​ന്നു.—ലൂക്കോസ്‌ 3:23.

ഡിസംബർ 25-നു ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കാൻ കാരണം എന്താണ്‌?

 ഡിസംബർ 25-നാണ്‌ യേശു ജനിച്ചത്‌ എന്നതിന്‌ യാതൊ​രു തെളി​വു​മി​ല്ലാ​ത്ത സ്ഥിതിക്ക്‌, പിന്നെ എന്തു​കൊ​ണ്ടാണ്‌ ഈ തീയതി​യിൽ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നത്‌? ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, വസന്തവി​ഷു​വ​ത്തിൽ നടത്തുന്ന, “പുറജാ​തി റോമാ​ക്കാ​രു​ടെ ‘അജയ്യനായ സൂര്യന്റെ ജന്മദി​നാ​ഘോ​ഷ’വുമായി ഒത്തുവ​രാൻ” മതനേ​താ​ക്കൾ തിര​ഞ്ഞെ​ടു​ത്ത തീയതി​യാ​യി​രി​ക്കാം ഇത്‌. അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ “മറ്റു മതങ്ങളിൽനിന്ന്‌ പരിവർത്ത​നം ചെയ്‌തു​വ​രു​ന്ന​വർക്കു ക്രിസ്‌ത്യാ​നി​ത്വം കൂടുതൽ ആകർഷ​ക​മാ​യി തോന്നാൻവേ​ണ്ടി​യാ​യി​രു​ന്നു” ഇതെന്ന്‌ പല പണ്ഡിത​ന്മാ​രും വിശ്വ​സി​ക്കു​ന്നു.