ദയാവധത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ദയാവധത്തെക്കുറിച്ച് a ബൈബിൾ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. ഈ വിഷയത്തെക്കുറിച്ച് സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കാൻ ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും ബൈബിൾ പറയുന്നത് നമ്മെ സഹായിക്കുന്നു. ഒരാൾ മരിക്കാൻ ഇടവരുത്തുന്നത് സ്വീകാര്യമല്ല. എന്നാൽ മരിക്കാറായ ഒരാളുടെ ജീവൻ എങ്ങനെയെങ്കിലും കുറച്ച് കാലംകൂടി നീട്ടിക്കൊണ്ടുപോകണമെന്നു നിർബന്ധമില്ല.
“ജീവന്റെ ഉറവ്” ആയ ദൈവത്തെ സ്രഷ്ടാവ് എന്ന് ബൈബിൾ പരിചയപ്പെടുത്തുന്നു. (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:28) ദൈവത്തിന്റെ കണ്ണിൽ ജീവൻ വളരെ മൂല്യവത്തായ ഒന്നാണ്. അതുകൊണ്ടുതന്നെ സ്വന്തം ജീവൻ എടുക്കുന്നതും മറ്റുള്ളവരുടെ ജീവൻ എടുക്കുന്നതും ദൈവം കുറ്റം വിധിക്കുന്നു. (പുറപ്പാട് 20:13; 1 യോഹന്നാൻ 3:15) കൂടാതെ നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാൻ ന്യായമായ മുൻകരുതലുകൾ എടുക്കണമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. (ആവർത്തനം 22:8) ജീവൻ എന്ന സമ്മാനത്തെ മൂല്യവത്തായി നമ്മൾ കാണാൻ ദൈവം ആഗ്രഹിക്കുന്നെന്ന് വ്യക്തം.
ഒരു വ്യക്തിക്ക് മാരകമായ രോഗമാണെങ്കിലോ?
മരണവുമായി മല്ലിടുന്ന ഒരാളുടെ ജീവനോ മരിക്കുമെന്ന് ഉറപ്പുള്ള ഒരാളുടെ ജീവനോ എടുക്കുന്നത് ബൈബിൾ നിസ്സാരമായി കാണുന്നില്ല. ഉദാഹരണം, ഇസ്രായേൽ രാജാവായ ശൗലിന്റെ അനുഭവം. ഒരു യുദ്ധത്തിൽ ഗുരുതരമായി മുറിവേറ്റ ശൗൽ തന്റെ സേവകനോട് തന്റെ ജീവൻ എടുക്കാൻ പറഞ്ഞു. (1 ശമുവേൽ 31:3, 4) പക്ഷേ സേവകൻ അത് ചെയ്തില്ല. എന്നാൽ മറ്റൊരാൾ, താനാണ് ശൗലിന്റെ ജീവനെടുത്തതെന്ന് അവകാശപ്പെട്ടുകൊണ്ട് ദാവീദിന്റെ അടുക്കൽ വന്നു. ദാവീദ് അയാളെ രക്തപാതകി എന്നു വിളിച്ചു. ഈ സന്ദർഭത്തിൽ ദൈവത്തിന്റെ വീക്ഷണമാണ് ദാവീദ് പ്രതിഫലിപ്പിച്ചത്.—2 ശമുവേൽ 1:6-16.
എന്തു വില കൊടുത്തും ജീവൻ നീട്ടിക്കൊണ്ടുപോകണോ?
ഉടനെ മരിക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ളപ്പോൾ, അത്തരമൊരാളുടെ ജീവൻ നീട്ടിക്കൊണ്ടുപോകണമെന്ന് ബൈബിൾ പറയുന്നില്ല. പകരം ജീവനെക്കുറിച്ച് സമനിലയുള്ള വീക്ഷണമാണ് ബൈബിളിനുള്ളത്. പാപപൂർണമായ നമ്മുടെ അവസ്ഥയുടെ പരിണതഫലമാണ് മരണമെന്ന മുഖ്യശത്രു. (റോമർ 5:12; 1 കൊരിന്ത്യർ 15:26) മരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല, എന്നാൽ അതിനെ പേടിക്കുന്നുമില്ല. കാരണം മരിച്ചവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്നു ദൈവം വാക്കു തന്നിരിക്കുന്നു. (യോഹന്നാൻ 6:39, 40) ജീവനെ ആദരിക്കുന്ന ഒരു വ്യക്തി ലഭ്യമായിരിക്കുന്ന ഏറ്റവും നല്ല ചികിത്സ തേടും. എന്നാൽ ആസന്നമായിരിക്കുന്ന മരണത്തെ വെറുതെ നീട്ടിക്കൊണ്ടുപോകാൻവേണ്ടി മാത്രം വൈദ്യനടപടികൾ സ്വീകരിക്കണമെന്നല്ല അതിന്റെ അർഥം.
ആത്മഹത്യ ക്ഷമ കിട്ടാത്ത പാപമാണോ?
അല്ല, ആത്മഹത്യയെ ക്ഷമ ലഭിക്കുകയില്ലാത്ത പാപങ്ങളുടെ പട്ടികയിൽ ബൈബിൾ ഉൾപ്പെടുത്തുന്നില്ല. എന്നാൽ സ്വന്തം ജീവൻ എടുക്കുന്നത് ഗുരുതരമായ പാപംതന്നെയാണ്. b ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് മാനസികപ്രശ്നമോ അമിതമായ ഉത്കണ്ഠയോ പാരമ്പര്യമായി കിട്ടിയ പ്രവണതയോ ഒക്കെ ആയിരിക്കാം. (സങ്കീർത്തനം 103:13, 14) പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ബൈബിളിലൂടെ ദൈവം ആശ്വാസം കൊടുക്കുന്നു. കൂടാതെ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നും ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 24:15) ഇതു കാണിക്കുന്നത് ആത്മഹത്യപോലുള്ള ഗുരുതരമായ തെറ്റുകൾ ചെയ്തവർക്കുപോലും പുനരുത്ഥാനമുണ്ടെന്നു നമുക്ക് പ്രതീക്ഷിക്കാം എന്നാണ്.
a ദയാവധം എന്നാൽ “ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങൾമൂലം കടുത്ത വേദനയനുഭവിക്കുന്ന രോഗികളെ, അവരുടെ ആവശ്യപ്രകാരം മരിക്കാൻ അനുവദിക്കുന്ന സമ്പ്രദായം” ആണ്. (സർവവിജ്ഞാനകോശം, വാല്യം 14) ചില രാജ്യങ്ങളിൽ, ഒരു രോഗിയുടെ ജീവൻ അവസാനിപ്പിക്കാൻ ഡോക്ടറുടെ സഹായം തേടുന്നു. അതിനെ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ എന്നാണ് വിളിക്കുന്നത്.
b ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആത്മഹത്യകളെല്ലാം ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാത്ത ആളുകൾ ചെയ്തതാണ്.—2 ശമുവേൽ 17:23; 1 രാജാക്കന്മാർ 16:18; മത്തായി 27:3-5.