വിവരങ്ങള്‍ കാണിക്കുക

മറിയ ദൈവമാതാവാണോ?

മറിയ ദൈവമാതാവാണോ?

ബൈബി​ളി​ന്റെ ഉത്തരം

 അല്ല. മറിയ ദൈവ​മാ​ത​വാ​ണെ​ന്നോ ക്രിസ്‌ത്യാ​നി​കൾ മറിയയെ ആരാധി​ക്ക​ണ​മെ​ന്നോ വന്ദിക്ക​ണ​മെ​ന്നോ ബൈബിൾപ​ഠി​പ്പി​ക്കു​ന്നില്ല. a നോക്കാം:

  •   താൻ ദൈവ​മാ​താ​വാ​ണെന്ന്‌ മറിയ ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടില്ല. ബൈബിൾ പറയു​ന്നത്‌, മറിയ ‘ദൈവ​പു​ത്രനു’ ജന്മം നൽകി​യെ​ന്നാണ്‌, അല്ലാതെ ദൈവ​ത്തി​നല്ല.​—മർക്കോസ്‌ 1:1; ലൂക്കോസ്‌ 1:32.

  •   മറിയ ദൈവ​മാ​താ​വാ​ണെ​ന്നോ പ്രത്യേ​ക​ഭക്തി അർഹി​ക്കു​ന്നു​ണ്ടെ​ന്നോ യേശു​ക്രി​സ്‌തു ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. യേശു​വി​ന്റെ അമ്മയാ​യ​തു​കൊണ്ട്‌ മറിയയെ അനുഗൃ​ഹീത എന്നു വിശേ​ഷി​പ്പിച്ച ഒരു സ്‌ത്രീ​യെ യേശു ഇങ്ങനെ പറഞ്ഞു​കൊ​ണ്ടു തിരുത്തി: “അല്ല, ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”​—ലൂക്കോസ്‌ 11:27, 28.

  •   “ദൈവ​മാ​താവ്‌,” “തിയോ​റ്റോ​ക്കോസ്‌” (ദൈവത്തെ വഹിച്ചവൾ) എന്നീ പദങ്ങൾ ബൈബി​ളി​ലില്ല.

  •   ബൈബി​ളിൽ “ആകാശ​രാ​ജ്ഞി” എന്നു പരാമർശി​ക്കു​ന്നത്‌ വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രാ​യേ​ല്യർ ആരാധി​ച്ചി​രുന്ന ഒരു വ്യാജ​ദേ​വ​ത​യെ​യാണ്‌, അല്ലാതെ മറിയ​യെയല്ല. (യിരെമ്യ 44:15-19) “ആകാശ​രാ​ജ്ഞി” ഒരു ബാബി​ലോ​ണി​യൻ ദേവത​യായ ഇഷ്‌തർ (അസ്റ്റാർട്ടീ) ആയിരി​ക്കാൻ സാധ്യ​ത​യുണ്ട്‌.

  •   ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ മറിയയെ ആരാധി​ക്കു​ക​യോ മറിയ​യ്‌ക്കു പ്രത്യേക ബഹുമ​തി​കൾ കൊടു​ക്കു​ക​യോ ചെയ്‌തില്ല. മറിയ​യെ​ക്കു​റി​ച്ചുള്ള ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഒരു ചരി​ത്ര​കാ​രൻ പറയു​ന്നത്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ “വ്യക്തി​കളെ ആരാധി​ച്ചി​രി​ക്കാൻ സാധ്യ​ത​യില്ല” എന്നാണ്‌. “മറിയ​യ്‌ക്ക്‌ ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യം നൽകി​യാൽ അതു മറ്റുള്ളവർ ദേവീ​പൂ​ജ​യാ​യി കണക്കാ​ക്കു​മെന്ന്‌ അവർ ഭയന്നും കാണും.”

  •   ദൈവം എല്ലാ കാലത്തും ഉണ്ടായി​രു​ന്നെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:1, 2; യശയ്യ 40:28) ദൈവ​ത്തി​നു തുടക്ക​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ദൈവ​ത്തിന്‌ ഒരു അമ്മ ഉണ്ടായി​രി​ക്കുക സാധ്യമല്ല. ദൈവത്തെ ഗർഭപാ​ത്ര​ത്തിൽ വഹിക്കാൻ മറിയ​യ്‌ക്കു കഴിയി​ല്ലാ​യി​രു​ന്നു. കാരണം, സ്വർഗ​ങ്ങൾക്കു​പോ​ലും ദൈവത്തെ ഉൾക്കൊ​ള്ളാൻ കഴിയി​ല്ലെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌.​—1 രാജാ​ക്ക​ന്മാർ 8:27.

മറിയ “ദൈവ​മാ​താവ്‌” അല്ല യേശു​വി​ന്റെ അമ്മയാണ്‌

 ദാവീദ്‌ രാജാ​വി​ന്റെ കുടും​ബ​പ​ര​മ്പ​ര​യിൽ വരുന്ന ഒരു ജൂതവം​ശ​ജ​യാ​യി​രു​ന്നു മറിയ. (ലൂക്കോസ്‌ 3:23-31) മറിയ​യു​ടെ വിശ്വാ​സ​വും ഭക്തിയും മറിയയെ ദൈവ​ത്തി​നു പ്രിയ​മു​ള്ള​വ​ളാ​ക്കി. (ലൂക്കോസ്‌ 1:28) യേശു​വി​ന്റെ അമ്മയാ​കാൻ ദൈവം മറിയയെ തിര​ഞ്ഞെ​ടു​ത്തു. (ലൂക്കോസ്‌ 1:31, 35) മറിയ​യ്‌ക്കു യോ​സേ​ഫി​ലൂ​ടെ വേറെ മക്കളും ഉണ്ടായി​രു​ന്നു.​—മർക്കോസ്‌ 6:3.

 മറിയ യേശു​വി​ന്റെ ഒരു ശിഷ്യ​യാ​യി​ത്തീർന്നെന്നു ബൈബിൾ പറയു​ന്നു​ണ്ടെ​ങ്കി​ലും മറിയ​യെ​ക്കു​റിച്ച്‌ കൂടു​ത​ലൊ​ന്നും ബൈബി​ളിൽ കാണു​ന്നില്ല.​—പ്രവൃ​ത്തി​കൾ 1:14.

a പല മതവി​ഭാ​ഗ​ങ്ങ​ളും മറിയ ദൈവ​മാ​താ​വാ​ണെന്ന്‌ പഠിപ്പി​ക്കു​ന്നു. അവർ മറിയയെ “ആകാശ​രാ​ജ്ഞി” എന്നോ “ദൈവത്തെ വഹിച്ചവൾ” എന്ന്‌ അർഥം വരുന്ന തിയോ​റ്റോ​ക്കോസ്‌ എന്ന ഗ്രീക്ക്‌ പദം ഉപയോ​ഗി​ച്ചോ പരാമർശി​ക്കാ​റുണ്ട്‌.