എന്താണ് മഹതിയാം ബാബിലോൺ?
ബൈബിളിന്റെ ഉത്തരം
ദൈവം തള്ളിക്കളഞ്ഞിട്ടുള്ള, ലോകത്തിലെ എല്ലാ വ്യാജമതങ്ങളുടെയും ആകെത്തുകയാണ് മഹാബാബിലോൺ എന്ന് ബൈബിളിലെ വെളിപാട് എന്ന പുസ്തകം വരച്ചുകാണിക്കുന്നു. a(വെളിപാട് 14:8; 17:5; 18:21) ഈ മതങ്ങൾ തമ്മിൽ ആശയങ്ങളിൽ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ഇവരെല്ലാം സത്യദൈവമായ യഹോവയെ ആരാധിക്കുന്നതിൽനിന്ന് ആളുകളെ അകറ്റുകയാണ് ചെയ്യുന്നത്.—ആവർത്തനപുസ്തകം 4:35.
മഹതിയാം ബാബിലോണിനെ തിരിച്ചറിയാനുള്ള താക്കോൽ
മഹതിയാം ബാബിലോൺ എന്നത് ഒരു അടയാളമാണ്. ബൈബിൾ അവളെ “മഹതിയാം ബാബിലോൺ” എന്ന “നിഗൂഢനാമ”മുള്ള ഒരു “ഒരു സ്ത്രീ” ആയും “മഹാവേശ്യ” ആയും ചിത്രീകരിക്കുന്നു. (വെളിപാട് 17:2, 3, 5) ബൈബിളിലെ വെളിപാട് പുസ്തകത്തിലാണ് അതിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. അത് “അടയാള”രൂപേണ എഴുതിയിരിക്കുന്നതിനാൽ മഹതിയാം ബാബിലോൺ എന്നത് ഒരു അക്ഷരീയസ്ത്രീയെ അല്ല, ആലങ്കാരികസ്ത്രീയെയാണ് അർഥമാക്കുന്നതെന്ന് ന്യായമായും നിഗമനത്തിൽ എത്താൻ കഴിയും. (വെളിപാട് 1:1) മാത്രമല്ല, അവൾ “പെരുവെള്ളത്തിന്മീതെ” ആണ് ഇരിക്കുന്നത്. അത്, ‘വംശങ്ങളെയും പുരുഷാരങ്ങളെയും ജനതകളെയും ഭാഷക്കാരെയും’ അർഥമാക്കുന്നു. (വെളിപാട് 17:1, 15) ഒരു അക്ഷരീയസ്ത്രീക്ക് അങ്ങനെ ഇരിക്കുക സാധ്യമല്ലല്ലോ?
മഹതിയാം ബാബിലോൺ ഒരു അന്തർദേശീയപ്രസ്ഥാനത്തെ അർഥമാക്കുന്നു. അവളെ, “ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനഗരം” എന്ന് വിളിച്ചിരിക്കുന്നു. (വെളിപാട് 17:18) അത് കാണിക്കുന്നത്, അവൾക്ക് അന്തർദേശീയതലത്തിൽ സ്വാധീനം ചെലുത്താൻ കഴിവുണ്ടെന്നാണ്.
മഹതിയാം ബാബിലോൺ എന്നത് രാഷ്ട്രീയപരമോ വാണിജ്യപരമോ ആയ ഒന്നല്ല പകരം, ഒരു മതപ്രസ്ഥാനമാണ്. ‘മന്ത്രവാദങ്ങളും ക്ഷുദ്രപ്രയോഗങ്ങളും’ വളരെ ആഴത്തിൽ വേരോടിയിരുന്ന ഒരു നഗരമായിരുന്നു പുരാതനബാബിലോൺ. (യെശയ്യാവു 47:1, 12, 13; യിരെമ്യാവു 50:1, 2, 38) സത്യദൈവമായ യഹോവയ്ക്ക് എതിരെയുള്ള വ്യാജമതങ്ങളുടെ ആരാധനയായിരുന്നു അവിടെ നടന്നിരുന്നത്. (ഉല്പത്തി 10:8, 9; 11:2-4, 8) ബാബിലോണിലെ ഭരണാധികാരികൾ യഹോവയ്ക്കെതിരായും അവനെ ആരാധിക്കുന്നതിനെതിരായും ധിക്കാരപൂർവം തങ്ങളെത്തന്നെ ഉയർത്തി. (യെശയ്യാവു 14:4, 13, 14; ദാനീയേൽ 5:2-4, 23) കൂടാതെ, മഹതിയാം ബാബിലോൺ “ഭൂതവിദ്യ”യ്ക്ക് പേരുകേട്ടതായിരുന്നു. ഇത്, അവൾ ഒരു മതപരമായ പ്രസ്ഥാനമാണെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു.—വെളിപാട് 18:23.
ഒരു കാരണവശാലും, മഹാബാബിലോൺ ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല. കാരണം, ‘ഭൂരാജാക്കന്മാർ’ അവളെച്ചൊല്ലി വിലപിക്കുന്നുണ്ട്. (വെളിപാട് 17:1, 2; 18:9) ഇനി, “ഭൂമിയിലെ വ്യാപാരി”കളിൽനിന്ന് അവളെ വേർതിരിച്ച് കാണിക്കുന്നതിനാൽ അവൾ വാണിജ്യപരമായ ഒരു ശക്തിയും അല്ല.—വെളിപാട് 18:11, 15.
സിൻ, ഇഷ്ടാർ, ഷാമാഷ് എന്നീ ത്രിമൂർത്തികളുടെ ചിഹ്നത്തോടുകൂടിയ ബാബിലോണിയൻ രാജാവായ നബോണീഡസിന്റെ ശിലാഫലകം.
ലോകത്തുള്ള സകല വ്യാജമതങ്ങളെയും കുറിക്കാൻ മഹതിയാം ബാബിലോൺ എന്ന പദം ഉചിതമാണ്. സത്യദൈവമായ യഹോവയിലേക്ക് എങ്ങനെ അടുക്കാമെന്ന് ആളുകളെ പഠിപ്പിക്കുന്നതിനു പകരം, മറ്റു ദൈവങ്ങളെ ആരാധിക്കാനാണ് വ്യാജമതങ്ങൾ ശ്രമിച്ചിരിക്കുന്നത്. ഇതിനെ ആത്മീയമായ അർഥത്തിലുള്ള “പരസംഗം” എന്നാണ് ബൈബിൾ വിളിക്കുന്നത്. (ലേവ്യപുസ്തകം 20:6; പുറപ്പാടു 34:15, 16) ത്രിത്വദൈവത്തിലുള്ള വിശ്വാസം, മരണശേഷമുള്ള ആത്മാവിന്റെ അമർത്യത, ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവയുടെ ഉത്ഭവം പുരാതന ബാബിലോണിൽനിന്നാണ്. അത് ഇന്നുള്ള സകല വ്യാജമതങ്ങളിലും പടർന്ന് പന്തലിച്ചിരിക്കുന്നു. കൂടാതെ, ഈ മതങ്ങൾ തങ്ങളുടെ ആരാധനയെ ഈ ലോകത്തോടുള്ള സ്നേഹത്തോട് കൂട്ടിക്കലർത്തിയിരിക്കുന്നു. ഇത്തരം അവിശ്വസ്തതയെ ആത്മീയപരസംഗം എന്നാണ് ബൈബിൾ വിളിക്കുന്നത്.—യാക്കോബ് 4:4.
വ്യാജമതത്തിൽ കുന്നുകൂടിയിരിക്കുന്ന ധനവും അവയുടെ പ്രതാപപ്രകടനവും, “ധൂമ്രവർണവും കടുഞ്ചുവപ്പു നിറവുമുള്ള വസ്ത്രങ്ങൾ ധരിച്ചും പൊന്ന്, രത്നം, മുത്ത് എന്നിവയാൽ അലങ്കൃതയായ” മഹതിയാം ബാബിലോണിനെക്കുറിച്ചുള്ള ബൈബിൾവിവരണത്തോട് കൃത്യമായി യോജിക്കുന്നു. (വെളിപാട് 17:4) ‘ഭൂമിയിലെ സകല മ്ലേച്ഛതകളുടെയും’ അല്ലെങ്കിൽ ദൈവത്തെ അപമാനിക്കുന്ന സകല പഠിപ്പിക്കലുകളുടെയും പ്രവൃത്തികളുടെയും ഉറവിടമാണ് മഹതിയാം ബാബിലോൺ. (വെളിപാട് 17:5) മഹതിയാം ബാബിലോണിനെ പിന്തുണയ്ക്കുന്ന “വംശങ്ങളും പുരുഷാരങ്ങളും ജനതകളും ഭാഷക്കാരും” ആണ് വ്യാജമതത്തിലെ അംഗങ്ങൾ.—വെളിപാട് 17:15.
മഹതിയാം ബാബിലോൺ ആണ് “ഭൂമിയിൽ അറുക്കപ്പെട്ട ഏവരുടെയും” രക്തത്തിന് ഉത്തരവാദികളായിരിക്കുന്നത്. (വെളിപാട് 18:24) ചരിത്രത്തിലുടനീളം, അവർ യുദ്ധങ്ങൾക്ക് കാരണമാകുകയും തീവ്രവാദപ്രവർത്തനങ്ങൾ ആളിക്കത്തിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ യഹോവയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. (1 യോഹന്നാൻ 4:8) ഇത് അനേകം രക്തച്ചൊരിച്ചിലുകൾക്ക് വഴിവെച്ചിരിക്കുന്നു. അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വ്യാജമതത്തിൽ നിന്ന് തങ്ങളെത്തന്നെ വേർപെടുത്തിക്കൊണ്ട് ‘അവളെ വിട്ട് പോരേണ്ടത്’ ആവശ്യമാണ്.—വെളിപാട് 18:4; 2 കൊരിന്ത്യർ 6:14-17.
a “എനിക്ക് എങ്ങനെ സത്യമതം കണ്ടെത്താൻ കഴിയും?” എന്ന ലേഖനം കാണുക.