മാരകമായ പകർച്ചവ്യാധികളെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
അവസാനനാളുകളിൽ മാരകമായ പകർച്ചവ്യാധികൾ (അഥവാ വ്യാപകമായി പകരുന്ന രോഗങ്ങൾ, മഹാമാരികൾ) ഉണ്ടാകുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. (ലൂക്കോസ് 21:11) ഈ പകർച്ചവ്യാധികൾ ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല. ശരിക്കും പറഞ്ഞാൽ, ദൈവരാജ്യത്തിലൂടെ പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു അവസാനം കൊണ്ടുവരാനിരിക്കുകയാണ് ദൈവം.
മഹാമാരികൾ ഉണ്ടാകുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ടോ?
കോവിഡ്-19, എയ്ഡ്സ്, സ്പാനിഷ് ഫ്ളൂ എന്നിങ്ങനെയുള്ള രോഗങ്ങളെക്കുറിച്ചോ മഹാമാരികളെക്കുറിച്ചോ ബൈബിൾ പേരെടുത്ത് മുൻകൂട്ടിപ്പറഞ്ഞിട്ടില്ല. പക്ഷേ, “മാരകമായ പകർച്ചവ്യാധികളും” ‘മാരകരോഗങ്ങളും’ ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നുണ്ട്. (ലൂക്കോസ് 21:11; വെളിപാട് 6:8) ‘വ്യവസ്ഥിതി അവസാനിക്കാൻ പോകുന്നതിന്റെ’, അഥവാ ‘അവസാനകാലത്തിന്റെ’ അടയാളമാണ് ഇത്തരം സംഭവങ്ങൾ.—2 തിമൊഥെയൊസ് 3:1; മത്തായി 24:3.
രോഗങ്ങൾകൊണ്ട് ദൈവം എപ്പോഴെങ്കിലും ആളുകളെ ശിക്ഷിച്ചിട്ടുണ്ടോ?
രോഗങ്ങൾകൊണ്ട് ദൈവം ചില ആളുകളെ ശിക്ഷിച്ചതിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, ദൈവം ചില ആളുകൾക്കു കുഷ്ഠരോഗം വരുത്തി. (സംഖ്യ 12:1-16; 2 രാജാക്കന്മാർ 5:20-27; 2 ദിനവൃത്താന്തം 26:16-21) പക്ഷേ നിഷ്കളങ്കരായ ഒരു കൂട്ടം ആളുകൾക്ക് ഒരു പകർച്ചവ്യാധി പിടിപെടുന്നതുപോലെ ആയിരുന്നില്ല ഈ സംഭവങ്ങൾ. പകരം, ദൈവത്തോടു ധിക്കാരം കാണിച്ച വ്യക്തികൾക്കെതിരെ ദൈവം വരുത്തിയ ന്യായവിധികളായിരുന്നു അവ. അത് അവരെ മാത്രമാണ് ബാധിച്ചത്.
ഇക്കാലത്തെ പകർച്ചവ്യാധികൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ?
അല്ല. എന്നാൽ രോഗങ്ങളും പകർച്ചവ്യാധികളും ഉപയോഗിച്ച് ദൈവം ആളുകളെ ഇന്ന് ശിക്ഷിക്കുന്നുണ്ടെന്ന് ചില ആളുകൾ പറയുന്നു. പക്ഷേ ബൈബിൾ അങ്ങനെ പറയുന്നില്ല. അതെങ്ങനെ അറിയാം?
പണ്ടുകാലത്തും ഇക്കാലത്തും, ദൈവത്തെ ആരാധിക്കുന്നവർക്കു രോഗങ്ങൾ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ദൈവത്തോടു വിശ്വസ്തനായിരുന്ന തിമൊഥെയൊസിനുപോലും ‘കൂടെക്കൂടെയുള്ള അസുഖങ്ങൾ’ ഉണ്ടായി. (1 തിമൊഥെയൊസ് 5:23) പക്ഷേ അതൊന്നും ദൈവം വരുത്തിയതാണെന്നു ബൈബിൾ പറയുന്നില്ല. അതുപോലെ ഇക്കാലത്തും ദൈവത്തെ വിശ്വസ്തമായി ആരാധിക്കുന്നവർക്കു രോഗം വരുകയോ പകർച്ചവ്യാധികൾ പിടിപെടുകയോ ചെയ്യുന്നുണ്ട്. ഇതെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നത് മാത്രമാണ്.—സഭാപ്രസംഗകൻ 9:11.
ഇനി അതു മാത്രമല്ല, ദുഷ്ടമനുഷ്യരെ നശിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ സമയം ഇപ്പോഴല്ല, അതു വരാൻപോകുന്നതേ ഉള്ളൂ എന്നാണ് ബൈബിൾ പറയുന്നത്. ഇപ്പോൾ നമ്മൾ ജീവിക്കുന്നത് “രക്ഷയുടെ ദിവസത്തിൽ” ആണ്. അതായത് ദൈവത്തോട് അടുക്കാനും രക്ഷ നേടാനും ദൈവം എല്ലാ മനുഷ്യർക്കും അവസരം കൊടുത്തിരിക്കുന്ന സമയം. (2 കൊരിന്ത്യർ 6:2) ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കുന്ന ഒരു ആഗോള പ്രസംഗപ്രവർത്തനത്തിലൂടെ ആണ് ദൈവം അതിന് ആളുകളെ സഹായിക്കുന്നത്.—മത്തായി 24:14.
പകർച്ചവ്യാധികൾ ഇല്ലാത്ത ഒരു കാലം വരുമോ?
വരും. ആർക്കും രോഗം വരില്ലാത്ത ഒരു കാലം ഉടനെ വരുമെന്നു ബൈബിൾ മുൻകൂട്ടി പറയുന്നു. ദൈവത്തിന്റെ രാജ്യം ഭൂമിയെ ഭരിക്കുമ്പോൾ എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കൊണ്ടുവരും. (യശയ്യ 33:24; 35:5, 6) ദൈവം എല്ലാ തരം കഷ്ടപ്പാടുകളും വേദനകളും മാത്രമല്ല മരണംപോലും ഇല്ലാതാക്കും. (വെളിപാട് 21:4) അതുപോലെ മരിച്ചുപോയവർക്ക് ദൈവം വീണ്ടും ജീവൻ കൊടുക്കും. അങ്ങനെ അവർക്കും ഭൂമിയിലെ ആ നല്ല അവസ്ഥയിൽ നല്ല ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാൻ പറ്റും.—സങ്കീർത്തനം 37:29; പ്രവൃത്തികൾ 24:15.
രോഗങ്ങളെക്കുറിച്ചുള്ള ബൈബിൾ വാക്യങ്ങൾ
മത്തായി 4:23: “യേശു ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും ഭേദമാക്കുകയും ചെയ്തു.”
അർഥം: ദൈവരാജ്യം മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളുടെ ഒരു ചെറിയ പതിപ്പ് ആയിരുന്നു യേശുവിന്റെ അത്ഭുതങ്ങൾ.
ലൂക്കോസ് 21:11: “മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും.”
അർഥം: എല്ലായിടത്തും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ അവസാനകാലത്തിന്റെ അടയാളങ്ങളുടെ ഒരു ഭാഗമാണ്.
വെളിപാട് 6:8: ‘അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവനു മരണം എന്നു പേര്. ശവക്കുഴി അയാളുടെ തൊട്ടുപുറകേയുണ്ടായിരുന്നു. മാരകരോഗത്താൽ സംഹാരം നടത്താൻ അവർക്ക് അധികാരം ലഭിച്ചു.’
അർഥം: നമ്മുടെ ഈ കാലത്ത് മഹാമാരികൾ ഉണ്ടാകുമെന്നാണ് നാലു കുതിരക്കാരെക്കുറിച്ചുള്ള ഈ പ്രവചനം സൂചിപ്പിക്കുന്നത്.