നാസി കൂട്ടക്കൊല എന്തുകൊണ്ട് സംഭവിച്ചു, ദൈവം അതു തടയാഞ്ഞത് എന്തുകൊണ്ട്?
ഈ ചോദ്യം ചോദിക്കുന്ന പലരും ഈ ക്രൂരതയുടെ ഫലമായി നികത്താനാകാത്ത നഷ്ടങ്ങൾ സഹിക്കുന്നവരാണ്. അവർക്കു വേണ്ടത് ഉത്തരങ്ങൾ മാത്രമല്ല, ആശ്വാസവുംകൂടെയാണ്. എന്നാൽ മറ്റു ചിലർ, ഈ കൂട്ടക്കൊലയെ ക്രൂരതയുടെ അങ്ങേയറ്റമായാണ് കരുതുന്നത്. അതുകൊണ്ട് അവർക്ക് ഒരു ദൈവമുണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു.
നാസി കൂട്ടക്കൊലയെയും ദൈവത്തെയും കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ
മിഥ്യ: ഈ കൂട്ടക്കൊല ദൈവം അനുവദിച്ചത് എന്തുകൊണ്ടാണെന്നു ചോദിക്കുന്നതു തെറ്റാണ്.
സത്യം: ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നവരും ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഹബക്കൂക്ക് പ്രവാചകൻ ഇങ്ങനെ ചോദിച്ചു: “ഞാൻ ദുഷ്ചെയ്തികൾ കാണാൻ അങ്ങ് എന്തിനാണ് ഇടയാക്കുന്നത്? എന്തിനാണ് അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്? അക്രമവും നാശവും എനിക്കു കാണേണ്ടിവരുന്നത് എന്തുകൊണ്ടാണ്?” (ഹബക്കൂക്ക് 1:3) ഹബക്കൂക്കിനെ കുറ്റപ്പെടുത്തുന്നതിനുപകരം അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ എല്ലാവർക്കും വായിക്കാനായി ദൈവം ബൈബിളിൽ രേഖപ്പെടുത്തി.
മിഥ്യ: മനുഷ്യരുടെ ദുരിതങ്ങൾ ദൈവം ശ്രദ്ധിക്കുന്നേ ഇല്ല.
സത്യം: ദൈവം ദുഷ്ടതയും അതുകൊണ്ട് ഉണ്ടാകുന്ന ദുരിതങ്ങളും വെറുക്കുന്നു. (സുഭാഷിതങ്ങൾ 6:16-19) നോഹയുടെ കാലത്ത് ഭൂമിയിൽ അക്രമം വ്യാപിച്ചപ്പോൾ “ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.” (ഉൽപത്തി 6:5, 6) അതുകൊണ്ട് നാസി കൂട്ടക്കൊല നടന്നപ്പോഴും ദൈവം ഒരുപാട് വേദനിച്ചു എന്നതിന് സംശയമില്ല.—മലാഖി 3:6.
മിഥ്യ: നാസി കൂട്ടക്കൊല ജൂതന്മാർക്കുള്ള ദൈവത്തിന്റെ ശിക്ഷയായിരുന്നു.
സത്യം: ഒന്നാം നൂറ്റാണ്ടിൽ യരുശലേമിനെ നശിപ്പിക്കാൻ ദൈവം റോമാക്കാരെ അനുവദിച്ചു. (മത്തായി 23:37–24:2) എന്നാൽ അതിൽപ്പിന്നെ, പ്രത്യേകപ്രീതി കാണിക്കാനോ ശിക്ഷിക്കാനോ ദൈവം ഒരു വംശത്തെയും തിരഞ്ഞെടുത്തിട്ടില്ല. ദൈവത്തിന്റെ വീക്ഷണത്തിൽ “ജൂതനും ഗ്രീക്കുകാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.”—റോമർ 10:12.
മിഥ്യ: സ്നേഹവാനായ, സർവശക്തനായ ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവം ഈ കൂട്ടക്കുരുതി തടയുമായിരുന്നു.
സത്യം: ദൈവം ഒരിക്കലും ദുരിതങ്ങൾ വരുത്തുന്നില്ലെങ്കിലും ചിലപ്പോൾ അത് താത്കാലികമായി അനുവദിക്കുന്നു.—യാക്കോബ് 1:13; 5:11.
നാസി കൂട്ടക്കൊല ദൈവം അനുവദിച്ചത് എന്തുകൊണ്ടാണ്?
മനുഷ്യരുടെ മറ്റെല്ലാ ദുരിതങ്ങളും അനുവദിച്ചിരിക്കുന്ന അതേ കാരണം കൊണ്ടുതന്നെയാണ് ഈ കൂട്ടക്കൊലയും ദൈവം അനുവദിച്ചത്. കാലങ്ങൾക്കുമുമ്പ് ഉയർന്നുവന്ന ഒരു വിവാദവിഷയത്തിനു തീർപ്പുകല്പിക്കുക എന്നതാണ് ആ കാരണം. ഈ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് ദൈവമല്ല, പിശാചാണെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (ലൂക്കോസ് 4:1, 2, 6; യോഹന്നാൻ 12:31) ദൈവം ഈ കൂട്ടക്കുരുതി അനുവദിച്ചതിന്റെ കാരണം മനസ്സിലാക്കാൻ ബൈബിളിൽനിന്നുള്ള രണ്ട് അടിസ്ഥാന വസ്തുതകൾ സഹായിക്കും.
ദൈവം ഇച്ഛാസ്വാതന്ത്ര്യത്തോടെ മനുഷ്യരെ സൃഷ്ടിച്ചു. ആദ്യത്തെ മനുഷ്യരായിരുന്ന ആദാമിൽനിന്നും ഹവ്വയിൽനിന്നും ദൈവം എന്താണ് പ്രതീക്ഷിച്ചതെന്ന് അവരോടു പറഞ്ഞിരുന്നു. എന്നാൽ അനുസരിക്കാൻ അവരെ നിർബന്ധിച്ചില്ല. ശരിയും തെറ്റും സ്വയം തിരഞ്ഞെടുക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ ആ തെറ്റായ തീരുമാനവും ചരിത്രത്തിലുടനീളം ആളുകൾ എടുത്തിട്ടുള്ള സമാനമായ തീരുമാനങ്ങളും മനുഷ്യർക്കു ദാരുണമായ തിക്തഫലങ്ങൾ സമ്മാനിച്ചിട്ടുണ്ട്. (ഉൽപത്തി 2:17; 3:6; റോമർ 5:12) “ലോകത്തിലെ മിക്ക കഷ്ടപ്പാടിന്റെയും കാരണം നമുക്ക് അനുവദിച്ചിരിക്കുന്ന സ്വതന്ത്രമായ ഇച്ഛാശക്തിയുടെ ദുരുപയോഗമാണ്” എന്ന് യാഥാസ്ഥിതിക ജൂതമതതത്ത്വങ്ങളുടെ പ്രമാണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എന്നാൽ ദൈവം നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തെ അസാധുവാക്കിയില്ല. പകരം തന്നെക്കൂടാതെ കാര്യങ്ങൾ ചെയ്തുനോക്കാൻ മനുഷ്യർക്കു സമയം കൊടുക്കുകയാണ് ചെയ്തത്.
നാസി കൂട്ടക്കൊലയുടെ എല്ലാ ദാരുണഫലങ്ങളും ഇല്ലാതാക്കാൻ ദൈവത്തിനു കഴിവുണ്ട്, ദൈവം അതു ചെയ്യും. മരിച്ചുപോയ ലക്ഷക്കണക്കിന് ആളുകളെ ജീവനിലേക്കു തിരികെകൊണ്ടുവരുമെന്നു ദൈവം ഉറപ്പു തരുന്നു. അതിൽ നാസി കൂട്ടക്കൊലയിൽ മരിച്ചവരും ഉൾപ്പെടും. ആ കൂട്ടക്കുരുതിയുടെ ഭയപ്പെടുത്തുന്ന ഓർമകളും പേറി ജീവിക്കുന്നവരുടെ എല്ലാ വേദനകളും ദൈവം ഇല്ലാതാക്കും. (യശയ്യ 65:17; പ്രവൃത്തികൾ 24:15) മനുഷ്യരോടു ദൈവത്തിനുള്ള സ്നേഹമാണ്, ദൈവം ഈ വാക്കുപാലിക്കുമെന്നതിനുള്ള ഉറപ്പ്.—യോഹന്നാൻ 3:16.
ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും എങ്ങനെയാണ് അതിന്റെ ഫലങ്ങൾ ഇല്ലാതാക്കുന്നത് എന്നും മനസ്സിലാക്കിയത്, ജീവിതത്തിന് ഒരു അർഥം കണ്ടെത്താനും തങ്ങളുടെ വിശ്വാസം നിലനിറുത്താനും നാസി കൂട്ടക്കൊലയുടെ ഇരകളും അതിജീവകരും ആയ പലരെയും സഹായിച്ചിട്ടുണ്ട്.