വിവരങ്ങള്‍ കാണിക്കുക

തീത്തടാ​കം എന്നാൽ എന്താണ്‌? ശവക്കുഴി, ഗീഹെന്ന എന്നിവ​യ്‌ക്കു തുല്യ​മാ​ണോ അത്‌?

തീത്തടാ​കം എന്നാൽ എന്താണ്‌? ശവക്കുഴി, ഗീഹെന്ന എന്നിവ​യ്‌ക്കു തുല്യ​മാ​ണോ അത്‌?

ബൈബി​ളി​ന്റെ ഉത്തരം

 തീത്തടാ​കം നിത്യ​നാ​ശ​ത്തെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. അതുത​ന്നെ​യാണ്‌ ഗീഹെ​ന്ന​യും അർഥമാ​ക്കു​ന്നത്‌. ഇത്‌ ആലങ്കാ​രി​ക​മാ​യി മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കു​ഴി​യെ കുറി​ക്കു​ന്നു. നരകത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌ ഇത്‌.

അത്‌ അക്ഷരാർഥ​ത്തി​ലു​ള്ള തടാകമല്ല

 ‘തീത്തടാ​ക​ത്തെ​ക്കു​റിച്ച്‌’ പറഞ്ഞി​രി​ക്കു​ന്ന അഞ്ചു ബൈബിൾവാ​ക്യ​ങ്ങ​ളും അക്ഷരാർഥ​ത്തി​ലു​ള്ള തടാക​ത്തെ​യല്ല കുറി​ക്കു​ന്നത്‌. പകരം അതൊരു പ്രതീ​ക​മാണ്‌. (വെളിപാട്‌ 19:20; 20:10, 14, 15; 21:8) പിൻവ​രു​ന്നവ അതി​ലേക്ക്‌ എറിയ​പ്പെ​ടും:

  •   പിശാച്‌. (വെളിപാട്‌ 20:10) പിശാച്‌ ഒരു ആത്മവ്യ​ക്തി​യാ​യ​തി​നാൽ അക്ഷരാർഥ​ത്തി​ലു​ള്ള തീകൊണ്ട്‌ ദണ്ഡിപ്പി​ക്കു​ക സാധ്യമല്ല.—പുറപ്പാട്‌ 3:2; ന്യായാ​ധി​പ​ന്മാർ 13:20.

  •   മരണം. (വെളിപാട്‌ 20:14) അത്‌ അക്ഷരാർഥ​ത്തി​ലു​ള്ള ഒരു വസ്‌തു​വല്ല. പകരം നിഷ്‌ക്രി​യ​മാ​യ, അതായത്‌ ജീവനി​ല്ലാ​ത്ത, അവസ്ഥയെ കുറി​ക്കു​ന്നു. (സഭാപ്രസംഗകൻ 9:10) അതു​കൊണ്ട്‌ അതിനെ അക്ഷരാർഥ​ത്തിൽ അഗ്നിക്കി​ര​യാ​ക്കു​ക അസാധ്യ​മാണ്‌.

  •   ‘കാട്ടു​മൃ​ഗ​വും’ ‘കള്ളപ്ര​വാ​ച​ക​നും.’ (വെളിപാട്‌ 19:20) ഇവയെ​ല്ലാം പ്രതീ​ക​ങ്ങ​ളാ​യ​തു​കൊണ്ട്‌ അവയെ വലി​ച്ചെ​റി​യു​ന്ന തടാക​വും ഒരു പ്രതീകം തന്നെയാ​ണെന്ന്‌ നിഗമനം ചെയ്യു​ന്നത്‌ ന്യായ​മാ​ണെ​ന്നു തോന്നു​ന്നി​ല്ലേ?—വെളി​പാട്‌ 13:11, 12; 16:13.

നിത്യ​നാ​ശ​ത്തി​ന്റെ പ്രതീകം

 തീത്തടാ​കം “രണ്ടാം മരണത്തെ” അർഥമാ​ക്കു​ന്നെ​ന്നു ബൈബിൾ പറയുന്നു. (വെളിപാട്‌ 20:14; 21:8) ആദ്യത്തെ മരണം ആദാമി​ന്റെ പാപഫ​ല​മാ​യി വന്നതാ​ണെന്ന്‌ അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ മരണത്തെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ഇല്ലായ്‌മ ചെയ്യു​ക​യും കാല​ക്ര​മേണ ദൈവം അതിനെ പൂർണ​മാ​യി തുടച്ചു​നീ​ക്കു​ക​യും ചെയ്യും.—1 കൊരി​ന്ത്യർ 15:21, 22, 26.

ആലങ്കാരികാർഥത്തിലുള്ള തീത്തടാ​ക​ത്തിൽനിന്ന്‌ ആർക്കും മോച​ന​മി​ല്ല

 തീത്തടാ​കം മറ്റൊരു തരത്തി​ലു​ള്ള മരണത്തെ അല്ലെങ്കിൽ രണ്ടാം മരണ​ത്തെ​യാണ്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. അതും സമ്പൂർണ​മാ​യ നിഷ്‌ക്രി​യ​ത്വ​ത്തെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തെ​ങ്കി​ലും ഈ രണ്ടാം മരണത്തിൽനിന്ന്‌ വീണ്ടും ഒരു പുനരു​ത്ഥാ​നം ഇല്ലാത്ത​തു​കൊണ്ട്‌ ആദ്യത്തെ മരണത്തിൽനിന്ന്‌ ഇതു വ്യത്യ​സ്‌ത​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ “മരണത്തി​ന്റെ​യും നരകത്തി​ന്റെ​യും താക്കോ​ലു​കൾ” യേശു​വി​ന്റെ കൈക​ളി​ലു​ണ്ടെന്ന്‌ പറഞ്ഞി​രി​ക്കു​ന്നു. ആദാമി​ന്റെ പാപഫ​ല​മാ​യ മരണത്തിൽനിന്ന്‌ ആളുകളെ വിടു​വി​ക്കാൻ യേശു​വിന്‌ അധികാ​ര​മു​ണ്ടെന്ന്‌ ഇത്‌ കാണി​ക്കു​ന്നു. (വെളിപാട്‌ 1:18; 20:13, പി.ഒ.സി.) എന്നാൽ യേശു​വി​ന്റെ കൈയി​ലോ മറ്റാരു​ടെ​യെ​ങ്കി​ലും കൈയി​ലോ തീത്തടാ​ക​ത്തി​ന്റെ താക്കോ​ലു​കൾ ഇല്ല. അതു​കൊണ്ട്‌ എന്നേക്കു​മു​ള്ള ശിക്ഷാ​വി​ധി എന്ന നിലയിൽ നിത്യ​നാ​ശ​ത്തെ​യാണ്‌ ഈ പ്രതീ​കാ​ത്മ​ക​ത​ടാ​കം അർഥമാ​ക്കു​ന്നത്‌.—2 തെസ്സ​ലോ​നി​ക്യർ 1:9.

ഹിന്നോം താഴ്‌വ​ര​യി​ലെ ഗീഹെ​ന്ന​യോ​ടു സമാനം

 ഗീഹെന്ന (ഗ്രീക്ക്‌ geʹen·na) എന്ന പദം 13 തവണ ബൈബി​ളിൽ കാണു​ന്നുണ്ട്‌. തീത്തടാ​ക​ത്തെ​പ്പോ​ലെ നിത്യ​നാ​ശ​ത്തി​ന്റെ പ്രതീ​ക​മാണ്‌ ഇതും. ചില ഭാഷാ​ന്ത​ര​ങ്ങൾ ഇതിനെ നരകം എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഗീഹെന്ന നരകത്തിൽനിന്ന്‌ (എബ്രായ ഷിയോൾ, ഗ്രീക്ക്‌ ഹേഡീസ്‌) വ്യത്യ​സ്‌ത​മാണ്‌.

ഹിന്നോം താഴ്‌വര

 “ഗീഹെന്ന” എന്ന പദത്തിന്റെ അക്ഷരാർഥം “ഹിന്നോം താഴ്‌വര” എന്നാണ്‌. അത്‌ യരുശ​ലേ​മി​നു പുറത്തുള്ള ഒരു താഴ്‌വ​ര​യാണ്‌. ബൈബിൾകാ​ല​ങ്ങ​ളിൽ ചപ്പുച​വ​റു​കൾ കത്തിക്കാൻ ഈ താഴ്‌വര ഉപയോ​ഗി​ച്ചി​രു​ന്നു. വേണ്ടാത്ത സാധനങ്ങൾ കത്തിക്കു​ന്ന​തി​നാ​യി അവിടെ എപ്പോ​ഴും തീ ഉണ്ടായി​രു​ന്നു. എന്നാൽ തീ ഇല്ലാതി​രു​ന്ന ഇടത്ത്‌ പുഴുക്കൾ അവയെ പൂർണ​മാ​യി തിന്നു​ന​ശി​പ്പി​ക്കു​മാ​യി​രു​ന്നു.

 നിത്യ​നാ​ശ​ത്തി​ന്റെ ഒരു പ്രതീ​ക​മാ​യാണ്‌ യേശു ഗീഹെന്ന എന്ന പദം ഉപയോ​ഗി​ച്ചത്‌. (മത്തായി 23:33) ‘ഗീഹെ​ന്ന​യിൽ പുഴുക്കൾ ചാകു​ന്നി​ല്ലെ​ന്നും അവിടത്തെ തീ കെടു​ത്തു​ന്ന​തു​മി​ല്ലെ​ന്നും’ യേശു പറഞ്ഞു. (മർക്കോസ്‌ 9:47, 48) ഹിന്നോം താഴ്‌വ​ര​യി​ലെ സാഹച​ര്യ​വും യശയ്യ 66:24-ലെ പ്രവച​ന​വും ആയിരി​ക്കും യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. ഈ പ്രവചനം ഇങ്ങനെ പറയുന്നു: “അവർ പുറത്ത്‌ ചെന്ന്‌, എന്നോട്‌ എതിർത്തു​നി​ന്ന​വ​രു​ടെ ശവങ്ങൾ കാണും, അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല, അവരുടെ തീ കെട്ടുപോകില്ല, അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.” യേശു​വി​ന്റെ ദൃഷ്ടാന്തം ദണ്ഡന​ത്തെ​യല്ല പകരം സമ്പൂർണ​നാ​ശ​ത്തെ​യാണ്‌ വർണി​ക്കു​ന്നത്‌. പുഴു​വും തീയും ശവശരീ​ര​ങ്ങ​ളെ​യാണ്‌ ഇല്ലാതാ​ക്കു​ക​യും ദഹിപ്പി​ക്കു​ക​യും ചെയ്യു​ന്നത്‌, അല്ലാതെ ജീവനുള്ള ആളുക​ളെ​യല്ല.

 ഗീഹെ​ന്ന​യിൽനിന്ന്‌ തിരി​ച്ചു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യാതൊ​രു സൂചന​യും ബൈബിൾ നൽകു​ന്നി​ല്ല. ‘തീത്തടാ​ക​വും’ ‘എരിയുന്ന ഗീഹെ​ന്ന​യും’ നിത്യ​മാ​യ, എന്നു​മെ​ന്നേ​ക്കു​മു​ള്ള നാശ​ത്തെ​യാണ്‌ പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌.—വെളി​പാട്‌ 20:14, 15; 21:8; മത്തായി 18:9.

എങ്ങനെ​യാണ്‌ ‘രാപ്പകൽ എന്നു​മെ​ന്നേ​ക്കും ദണ്ഡിപ്പി​ക്കു​ന്നത്‌?’

 തീത്തടാ​കം നാശത്തി​ന്റെ പ്രതീ​ക​മാ​ണെ​ങ്കിൽ പിശാ​ചി​നെ​യും കാട്ടു​മൃ​ഗ​ത്തെ​യും കള്ളപ്ര​വാ​ച​ക​നെ​യും രാപ്പകൽ എന്നു​മെ​ന്നേ​ക്കും ദണ്ഡിപ്പി​ക്കു​മെന്ന്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (വെളിപാട്‌ 20:10) ഇത്‌ അക്ഷരാർഥ​ത്തി​ലു​ള്ള ദണ്ഡന​ത്തെ​യല്ല അർഥമാ​ക്കു​ന്നത്‌. അതിനുള്ള നാലു കാരണങ്ങൾ നോക്കാം.

  1.   പിശാ​ചി​നെ എന്നു​മെ​ന്നേ​ക്കും ദണ്ഡിപ്പി​ക്ക​ണ​മെ​ങ്കിൽ അവനെ എന്നേക്കും ജീവ​നോ​ടെ നിലനി​റു​ത്തി​യേ മതിയാ​കൂ. എന്നാൽ അവനെ ഇല്ലാതാ​ക്കു​മെ​ന്നാണ്‌, അല്ലെങ്കിൽ നശിപ്പി​ച്ചു​ക​ള​യു​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.—എബ്രായർ 2:14

  2.   എന്നേക്കു​മു​ള്ള ജീവിതം ദൈവ​ത്തിൽനി​ന്നു​ള്ള സമ്മാന​മാണ്‌, അത്‌ ദൈവ​ത്തിൽനി​ന്നു​ള്ള ശിക്ഷയല്ല.

  3.   കാട്ടു​മൃ​ഗ​വും കള്ളപ്ര​വാ​ച​ക​നും പ്രതീ​ക​ങ്ങ​ളാ​യ​തു​കൊണ്ട്‌ അവയ്‌ക്ക്‌ ദണ്ഡനം അനുഭ​വി​ക്കു​ക സാധ്യമല്ല.

  4.   ഈ വാക്യ​ത്തി​ന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നത്‌ പിശാ​ചി​ന്റെ ദണ്ഡനം എന്നേക്കു​മു​ള്ള നാശ​ത്തെ​യോ വിലക്കി​നെ​യോ ആണ്‌ അർഥമാ​ക്കു​ന്നത്‌ എന്നാണ്‌.

 “ദണ്ഡനം” എന്ന ബൈബിൾപ​ദം ‘തടവി​ലാ​ക്കു​ന്ന​തി​നെ​യും’ അർഥമാ​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌ മത്തായി 18:34-ലെ “ദണ്ഡപ്പി​ക്കു​ന്ന​വർ” എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തെ ‘ജയില​ധി​കാ​രി​കൾ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ‘ദണ്ഡനവും’ ‘തടവും’ തമ്മിൽ പല ഭാഷാ​ന്ത​ര​ങ്ങ​ളും ബന്ധിപ്പി​ക്കു​ന്നു. മത്തായി 8:29-ലെയും ലൂക്കോസ്‌ 8:30, 31-ലെയും സമാന്ത​ര​വി​വ​ര​ണ​ങ്ങൾ നോക്കുക. മത്തായി ‘ഉപദ്രവം’ അഥവാ ‘ദണ്ഡനം’ എന്നു പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ‘അഗാധം’ എന്നാണ്‌. ഇത്‌ സമ്പൂർണ​മാ​യ നിഷ്‌ക്രി​യ​ത്വ​ത്തെ​യോ മരണ​ത്തെ​യോ ആണ്‌ കുറി​ക്കു​ന്നത്‌. (ലൂക്കോസ്‌ 8:30, 31; റോമർ 10:7; വെളി​പാട്‌ 20:1, 3) വാസ്‌ത​വ​ത്തിൽ വെളി​പാ​ടിൽ പല പ്രാവ​ശ്യം ‘ദണ്ഡനം’ എന്ന വാക്ക്‌ മൂലഭാ​ഷ​യിൽ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—വെളി​പാട്‌ 9:5; 11:10; 18:7, 10.