ക്ഷമിക്കുക എന്നാൽ എന്ത്?
ബൈബിളിന്റെ ഉത്തരം
തെറ്റു ചെയ്ത വ്യക്തിക്കു മാപ്പു കൊടുക്കുന്നതാണ് ക്ഷമിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ബൈബിളിൽ “ക്ഷമ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം “വിട്ടു കളയുക” എന്നാണ്. ഒരാൾ കടം കൊടുത്തത് തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാത്തതുപോലെയാണ് അത്. യേശു അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ ഈ താരതമ്യമാണ് ഉപയോഗിച്ചത്. “ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന എല്ലാവരോടും ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.” (ലൂക്കോസ് 11:4) സമാനമായി, യേശു ദുഷ്ടദാസനെക്കുറിച്ചുള്ള ദൃഷ്ടാന്തം പറഞ്ഞപ്പോൾ, ക്ഷമിക്കുന്നതിനെ കടം എഴുതിത്തള്ളുന്നതിനോടാണു താരതമ്യം ചെയ്തത്.—മത്തായി 18:23-35.
വിരോധം വെച്ചുകൊണ്ടിരിക്കാതെയും നമ്മൾ അനുഭവിച്ച വേദനയ്ക്കും നഷ്ടത്തിനും പരിഹാരം ചെയ്യണമെന്നു പ്രതീക്ഷിക്കാതെയും അതു പൂർണമായും വിട്ടുകളയുന്നതിനെയാണ് ക്ഷമിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. നിസ്വാർഥസ്നേഹമാണ് യഥാർഥക്ഷമയുടെ അടിസ്ഥാനമെന്നു ബൈബിൾ പഠിപ്പിക്കുന്നു. കാരണം, സ്നേഹം “ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല”—1 കൊരിന്ത്യർ 13:4, 5.
ക്ഷമിക്കുക എന്നാൽ എന്ത് അല്ല
തെറ്റിനു നേരെ കണ്ണടയ്ക്കുന്നത്. മോശമായ പ്രവൃത്തികൾ ചെയ്യുന്നതു നിരുപദ്രവകരമാണെന്നോ സ്വീകാര്യമാണെന്നോ വിചാരിക്കുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നു.—യശയ്യ 5:20.
തെറ്റ് സംഭവിച്ചിട്ടേയില്ല എന്ന മട്ടിൽ നടിക്കുന്നത്. ദൈവം ദാവീദുരാജാവിന്റെ ഗുരുതരമായ തെറ്റുകൾ ക്ഷമിച്ചെങ്കിലും അതിന്റെ പരിണതഫലം അനുഭവിക്കുന്നതിൽനിന്ന് അവനെ ഒഴിവാക്കിയില്ല. ദാവീദിന്റെ തെറ്റുകൾ ദൈവം ബൈബിളിൽ രേഖപ്പെടുത്തിവെക്കുകപോലും ചെയ്തു. അതുകൊണ്ടാണ് ഇന്നും നമ്മൾ അതേക്കുറിച്ച് ഓർക്കുന്നത്.—2 ശമുവേൽ 12:9-13.
മറ്റുള്ളവർ നമ്മളെ മുതലെടുക്കാൻ അനുവദിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഒരാൾക്കു കടം കൊടുത്തു, അദ്ദേഹം അത് ദുരുപയോഗം ചെയ്തു. അതുകൊണ്ട് പറഞ്ഞൊത്തിരുന്നതുപോലെ അദ്ദേഹത്തിന് അതു മടക്കിത്തരാൻ കഴിയുന്നില്ല. അദ്ദേഹം നിങ്ങളോട് ക്ഷമയ്ക്കായി കേണപേക്ഷിക്കുന്നു. നിങ്ങൾക്കു നീരസം വെക്കാതെ അദ്ദേഹത്തോടു ക്ഷമിക്കാനാകും. എപ്പോഴും ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒഴിവാക്കാം. ഒരുപക്ഷേ ആ കടം മുഴുവൻ വേണ്ടെന്നുവെക്കുകപോലും ചെയ്യാം. എന്നാൽ ഇനി ഒരിക്കലും ആ വ്യക്തിക്കു പണം കടം കൊടുക്കില്ലെന്നും നിങ്ങൾക്കു തീരുമാനിക്കാനാകും.—സങ്കീർത്തനം 37:21; സുഭാഷിതങ്ങൾ 14:15; 22:3; ഗലാത്യർ 6:7.
തക്കതായ അടിസ്ഥാനമില്ലാതെ ക്ഷമിക്കുന്നു. മനഃപൂർവവും ഹീനവും ആയ പാപങ്ങൾ ദൈവം ക്ഷമിക്കുന്നില്ല. അതായത്, തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാത്തവരും ചെയ്തികൾക്കു മാറ്റം വരുത്താത്തവരും വേദനിപ്പിച്ചവരോടു ക്ഷമാപണം നടത്താത്തവരും ആയവരോടുള്ള ദൈവത്തിന്റെ വീക്ഷണവും അതാണ്. (സുഭാഷിതങ്ങൾ 28:13; പ്രവൃത്തികൾ 26:20; എബ്രായർ 10:26) അത്തരം അനുതാപമില്ലാത്തവർ ദൈവത്തിന്റെ ശത്രുക്കളായിത്തീരും. ദൈവം അവരോടു ക്ഷമിക്കാത്തതുകൊണ്ട് നമ്മളും അത്തരക്കാരോടു ക്ഷമിക്കാൻ ദൈവം പ്രതീക്ഷിക്കുന്നില്ല.—സങ്കീർത്തനം 139:21, 22.
നിങ്ങളെ ക്രൂരമായി ദ്രോഹിച്ച ആരെങ്കിലും ക്ഷമാപണം നടത്താതിരിക്കുകയും തന്റെ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്യുന്നെങ്കിലോ? ‘കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കാൻ’ ബൈബിൾ ഉപദേശിക്കുന്നു. (സങ്കീർത്തനം 37:8) കുറ്റത്തിനു നേരെ കണ്ണടയ്ക്കില്ലെങ്കിലും കോപാക്രാന്തരാകുന്നതു നമുക്ക് ഒഴിവാക്കാം. ദൈവം ആ വ്യക്തിയോട് കണക്കുചോദിച്ചുകൊള്ളും എന്ന് ഓർക്കുക. (എബ്രായർ 10:30, 31) ഇപ്പോൾ നമ്മളെ ഭാരപ്പെടുത്തുന്ന അതിവേദനയോ ദ്രോഹമോ ഇല്ലാത്ത ഒരു കാലം ദൈവം കൊണ്ടുവരുമെന്ന് അറിയുന്നതിൽനിന്നുള്ള ആശ്വാസവും നമുക്കു നേടാനാകും.—യശയ്യ 65:17; വെളിപാട് 21:4.
ദ്രോഹമാണെന്നു തോന്നിയതെല്ലാം “ക്ഷമിക്കുന്നു.” ചിലപ്പോൾ നമ്മളോട് തെറ്റു ചെയ്തെന്നു വിചാരിക്കുന്ന ആളോടു ക്ഷമിക്കേണ്ട ആവശ്യമേ വരുന്നില്ല. കാരണം ആ വ്യക്തി നമ്മളോടു തെറ്റു ചെയ്തു എന്നതു നമ്മുടെ തോന്നൽ മാത്രമാണ്. അതുകൊണ്ട് ആദ്യംതന്നെ ആ വസ്തുത അംഗീകരിക്കണം. ബൈബിൾ ഇങ്ങനെ പറയുന്നു: “പെട്ടെന്നു നീരസപ്പെടരുത്. നീരസം വിഡ്ഢികളുടെ ഹൃദയത്തിലല്ലേ ഇരിക്കുന്നത്?”—സഭാപ്രസംഗകൻ 7:9. അടിക്കുറിപ്പ്.
ക്ഷമിക്കേണ്ടത് എങ്ങനെ?
ക്ഷമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? തെറ്റിനു നേരെ കണ്ണടയ്ക്കുകയോ അതു നടന്നിട്ടില്ല എന്ന മട്ടിൽ പ്രവർത്തിക്കുകയോ അല്ല—മറിച്ച് നിങ്ങൾ അതു വിട്ടുകളയുന്നു.
ക്ഷമിക്കുന്നതിന്റെ പ്രയോജനങ്ങൾ കണക്കിലെടുക്കുക. കോപമോ വിരോധമോ വിട്ടുകളയുന്നത് ശാന്തനായിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സന്തോഷം വർധിപ്പിക്കാനും നിങ്ങളെ സഹായിക്കും. (സുഭാഷിതങ്ങൾ 14:30; മത്തായി 5:9) അതിലും പ്രധാനമായി, ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെങ്കിൽ മറ്റുള്ളവരോടു നിങ്ങളും ക്ഷമിക്കണം.—മത്തായി 6:14, 15.
സമാനുഭാവം കാണിക്കുക. നമ്മളെല്ലാം അപൂർണരാണ്. (യാക്കോബ് 3:2) മറ്റുള്ളവർ നമ്മളോടു ക്ഷമിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതുപോലെ നമ്മളും മറ്റുള്ളവരോട് ക്ഷമിക്കണം.—മത്തായി 7:12.
ന്യായബോധം കാണിക്കുക. പരാതിക്ക് നിസ്സാരമായ ഒരു കാരണമാണുള്ളത് എങ്കിൽ ബൈബിളിന്റെ ഈ ഉപദേശം നമുക്ക് അനുസരിക്കാം: “അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.”—കൊലോസ്യർ 3:13.
പെട്ടെന്ന് നടപടി സ്വീകരിക്കുക. നിങ്ങളുടെ കോപം മൂർഛിക്കുന്നതിനു മുമ്പുതന്നെ ക്ഷമിക്കാൻ പ്രയത്നിക്കുക.—എഫെസ്യർ 4:26, 27.