വിവരങ്ങള്‍ കാണിക്കുക

ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്ക​ണോ?

ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്ക​ണോ?

ബൈബി​ളി​ന്റെ ഉത്തരം

ക്രിസ്‌ത്യാ​നി​കൾ ആഴ്‌ച​തോ​റു​മു​ള്ള ശബത്ത്‌ ആചരി​ക്കേ​ണ്ട​തി​ല്ല. അവർ “ക്രിസ്‌തു​വി​ന്റെ നിയമ”ത്തിൻകീ​ഴി​ലാണ്‌. ശബത്ത്‌ ആചരണം അതിൽ ഉൾപ്പെ​ടു​ന്നി​ല്ല. (ഗലാത്യർ 6:2; കൊലോസ്യർ 2:16, 17) നമുക്ക്‌ അത്‌ എങ്ങനെ അറിയാം? അതിന്‌ ആദ്യം ശബത്തിന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

എന്താണു ശബത്ത്‌?

“വിശ്ര​മി​ക്കു​ക; നിറു​ത്തു​ക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​വാ​ക്കിൽനിന്ന്‌ വന്നിരി​ക്കു​ന്ന പദമാണു “ശബത്ത്‌.” പുരാതന ഇസ്രാ​യേൽ ജനതയ്‌ക്കു നൽകിയ കല്‌പ​ന​ക​ളി​ലാണ്‌ ഈ പദം ആദ്യമാ​യി ഉപയോ​ഗി​ച്ചു​കാ​ണു​ന്നത്‌. (പുറപ്പാട്‌ 16:23) ഉദാഹ​ര​ണ​ത്തിന്‌, പത്തു കല്‌പ​ന​ക​ളിൽ നാലാ​മ​ത്തേത്‌ ഇതാണ്‌: “ശബത്തു​ദി​വ​സം വിശു​ദ്ധ​മാ​യി കണക്കാക്കി അത്‌ ആചരി​ക്കാൻ ഓർക്കുക. ആറു ദിവസം നീ അധ്വാ​നി​ക്ക​ണം, നിന്റെ പണിക​ളെ​ല്ലാം ചെയ്യണം. ഏഴാം ദിവസം നിന്റെ ദൈവ​മാ​യ യഹോ​വ​യ്‌ക്കു​ള്ള ശബത്താണ്‌. അന്നു നീ ഒരു പണിയും ചെയ്യരുത്‌.” (പുറപ്പാട്‌ 20:8-10) വെള്ളി​യാ​ഴ്‌ച സൂര്യാ​സ്‌ത​മ​യം​മു​തൽ ശനിയാ​ഴ്‌ച സൂര്യാ​സ്‌ത​മ​യം​വ​രെ​യാ​യി​രു​ന്നു ശബത്തു​ദി​വ​സം. ആ സമയത്ത്‌ ഇസ്രാ​യേ​ല്യർ തങ്ങളുടെ സ്ഥലത്തു​നിന്ന്‌ എങ്ങോ​ട്ടെ​ങ്കി​ലും പോകു​ക​യോ തീ കത്തിക്കു​ക​യോ വിറകു പെറു​ക്കു​ക​യോ ചുമടു ചുമക്കു​ക​യോ ചെയ്യരു​താ​യി​രു​ന്നു. (പുറപ്പാട്‌ 16:29; 35:3; സംഖ്യ 15:32-36; യിരെമ്യ 17:21) ശബത്തു ലംഘി​ക്കു​ന്ന​തു മരണശിക്ഷ അർഹി​ക്കു​ന്ന ഒരു കുറ്റമാ​യി​രു​ന്നു.—പുറപ്പാട്‌ 31:15.

യഹൂദ​ക​ല​ണ്ട​റി​ലെ മറ്റു ചില ദിവസ​ങ്ങ​ളെ​യും, 7-ാമത്തെ​യും 50-ാമത്തെ​യും വർഷങ്ങ​ളെ​യും ശബത്ത്‌ എന്നു വിളി​ച്ചി​രു​ന്നു. ശബത്തു​വർഷ​ങ്ങ​ളിൽ നിലം കൃഷി ചെയ്യാതെ വിട്ടേ​ക്ക​ണ​മാ​യി​രു​ന്നു. കടം വീട്ടാൻ ഇസ്രാ​യേ​ല്യ​രെ നിർബ​ന്ധി​ക്കാ​നും പാടി​ല്ലാ​യി​രു​ന്നു.—ലേവ്യ 16:29-31; 23:6, 7, 32; 25:4, 11-14; ആവർത്തനം 15:1-3.

യേശുവിന്റെ ബലി​യോ​ടെ ശബത്തു​നി​യ​മം കാലഹ​ര​ണ​പ്പെ​ട്ടു

ശബത്തു​നി​യ​മം ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

മോശ​യി​ലൂ​ടെ നൽകിയ നിയമങ്ങൾ അനുസ​രി​ച്ചി​രു​ന്ന ജനതയ്‌ക്കു മാത്ര​മാ​ണു ശബത്തു​നി​യ​മ​വും ബാധക​മാ​യി​രു​ന്നത്‌. (ആവർത്തനം 5:2, 3; യഹസ്‌കേൽ 20:10-12) മറ്റൊരു ജനത​യോ​ടും ദൈവം ശബത്ത്‌ ആചരി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എന്തിനു ജൂതന്മാർപോ​ലും, യേശു​ക്രി​സ്‌തു​വി​ന്റെ ബലിയി​ലൂ​ടെ പത്തു കല്‌പ​ന​കൾ ഉൾപ്പെ​ടെ​യു​ള്ള “നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ട്ടി”രുന്നു. (റോമർ 7:6, 7; 10:4; ഗലാത്യർ 3:24, 25; എഫെസ്യർ 2:15) മോശ​യു​ടെ നിയമം അനുസ​രി​ക്കു​ന്ന​തി​നു പകരം, ക്രിസ്‌ത്യാ​നി​കൾ സ്‌നേ​ഹ​ത്തി​ന്റെ ശ്രേഷ്‌ഠ​നി​യ​മം പിൻപ​റ്റു​ന്നു.—റോമർ 13:9, 10; എബ്രായർ 8:13.

ശബത്തി​നെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

തെറ്റി​ദ്ധാ​രണ: ദൈവം ഏഴാം ദിവസം വിശ്ര​മി​ച്ച​പ്പോ​ഴാ​ണു ശബത്ത്‌ ഏർപ്പെ​ടു​ത്തി​യത്‌.

വസ്‌തുത: ബൈബിൾ പറയുന്നു: “ഏഴാം ദിവസത്തെ ദൈവം അനു​ഗ്ര​ഹിച്ച്‌ അതിനെ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ച്ചു; കാരണം ഉദ്ദേശി​ച്ച​വ​യെ​ല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത്‌ ഏഴാം ദിവസം വിശ്ര​മി​ക്കാൻതു​ട​ങ്ങി.” (ഉൽപത്തി 2:3) ഇതു മനുഷ്യർക്കു നൽകിയ ഏതെങ്കി​ലും നിയമമല്ല, പകരം സൃഷ്ടി​പ്പി​ന്റെ ഏഴാം ദിവസം ദൈവം എന്തു ചെയ്‌തു എന്നു മാത്രം പറയുന്ന ഒരു വാക്യ​മാണ്‌. മോശ​യു​ടെ കാലത്തി​നു മുമ്പ്‌ ആരെങ്കി​ലും ശബത്ത്‌ ആചരി​ച്ച​താ​യി ബൈബിൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

തെറ്റി​ദ്ധാ​രണ: മോശ​യു​ടെ നിയമം ലഭിക്കു​ന്ന​തി​നു മുമ്പു​ത​ന്നെ ഇസ്രാ​യേ​ല്യർക്കു ശബത്തു​നി​യ​മ​മു​ണ്ടാ​യി​രു​ന്നു.

വസ്‌തുത: “നമ്മുടെ ദൈവ​മാ​യ യഹോവ ഹോരേബിൽവെച്ച്‌ (അതായത്‌, സീനായ്‌ പർവത​ത്തി​നു സമീപ​മു​ള്ള പ്രദേശം.) നമ്മോടു ഒരു നിയമം ചെയ്‌തു​വ​ല്ലോ” എന്നു മോശ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. ആ നിയമ​ത്തിൽ അഥവാ ഉടമ്പടി​യിൽ ശബത്തു​നി​യ​മ​വും ഉൾപ്പെ​ട്ടി​രു​ന്നു. (ആവർത്തനം 5:2, 12) ഇസ്രാ​യേ​ല്യർക്കു ശബത്ത്‌ തികച്ചും പുതിയ ഒരു കാര്യ​മാ​യി​രു​ന്നെന്ന്‌ അവരുടെ അനുഭവം വ്യക്തമാ​ക്കു​ന്നു. അവർ ഈജി​പ്‌തിൽ ആയിരു​ന്ന​പ്പോൾത്ത​ന്നെ ശബത്ത്‌ ആചരി​ച്ചി​രു​ന്ന​വ​രാ​ണെ​ങ്കിൽ ഈജി​പ്‌തിൽനി​ന്നു​ള്ള മോച​ന​ത്തെ​ക്കു​റിച്ച്‌ ശബത്ത്‌ അവരെ ഓർമി​പ്പി​ക്കു​മെ​ന്നു ദൈവം പറഞ്ഞത്‌ എങ്ങനെ ശരിയാ​കും? (ആവർത്തനം 5:15) ഇനി, ഏഴാം ദിവസം മന്ന പെറു​ക്ക​രു​തെന്ന്‌ അവരോ​ടു പറയേ​ണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (പുറപ്പാട്‌ 16:25-30) രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആദ്യത്തെ ശബത്തു​ലം​ഘ​ന​ത്തി​ന്റെ കാര്യ​ത്തിൽ എന്തു ചെയ്യണ​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?—സംഖ്യ 15:32-36.

തെറ്റി​ദ്ധാ​രണ: ശബത്ത്‌ സ്ഥിരമായ ഒരു ഉടമ്പടി​യാ​യ​തു​കൊണ്ട്‌ അത്‌ ഇപ്പോ​ഴും ആചരി​ക്ക​ണം.

വസ്‌തുത: ചില ബൈബിൾപ​രി​ഭാ​ഷ​കൾ ശബത്തിനെ ഒരു “നിത്യ​നി​യ​മ​മാ​യി” പരാമർശി​ക്കു​ന്നു​വെ​ന്നതു ശരിയാണ്‌. (പുറപ്പാട്‌ 31:16) എന്നാൽ ‘നിത്യം’ എന്നതിന്റെ എബ്രാ​യ​പ​ദ​ത്തി​നു “ദീർഘ​കാ​ല​ത്തേ​ക്കു നിലനിൽക്കു​ന്ന” എന്നും അർഥമാ​ക്കാ​നാ​കും. അത്‌ അവശ്യം എന്നേക്കും എന്ന്‌ ആയിരി​ക്ക​ണ​മെ​ന്നി​ല്ല. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രാ​യേ​ല്യ​പൗ​രോ​ഹി​ത്യ​ത്തെക്കു​റിച്ച്‌ പറഞ്ഞ​പ്പോ​ഴും ബൈബിൾ ഇതേ പദം ഉപയോ​ഗി​ച്ചു. പക്ഷേ ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ ദൈവം ആ ക്രമീ​ക​ര​ണം നിറു​ത്ത​ലാ​ക്കി.—പുറപ്പാട്‌ 40:15; എബ്രായർ 7:11, 12.

തെറ്റി​ദ്ധാ​രണ: യേശു ശബത്ത്‌ ആചരി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളും അങ്ങനെ ചെയ്യണം.

വസ്‌തുത: യേശു ഒരു ജൂതനാ​യി​രു​ന്ന​തു​കൊണ്ട്‌ മോശ​യു​ടെ നിയമം അനുസ​രി​ക്കാൻ ചെറു​പ്പം​മു​ത​ലേ ബാധ്യ​സ്ഥ​നാ​യി​രു​ന്നു. അതു​കൊ​ണ്ടാ​ണു യേശു ശബത്ത്‌ ആചരി​ച്ചത്‌. (ഗലാത്യർ 4:4) എന്നാൽ യേശു​വി​ന്റെ മരണ​ത്തോ​ടെ ശബത്ത്‌ ഉൾപ്പെ​ടെ​യു​ള്ള നിയമ ഉടമ്പടി നീക്കം ചെയ്യ​പ്പെ​ട്ടു.—കൊലോസ്യർ 2:13, 14.

തെറ്റി​ദ്ധാ​രണ: ഒരു ക്രിസ്‌ത്യാ​നി​യാ​യ​ശേ​ഷ​വും പൗലോസ്‌ അപ്പോ​സ്‌ത​ലൻ ശബത്ത്‌ ആചരിച്ചു.

വസ്‌തുത: ശബത്തിൽ പൗലോസ്‌ സിന​ഗോ​ഗിൽ പ്രവേ​ശി​ച്ചു​വെ​ന്ന​തു ശരിയാണ്‌. പക്ഷേ അതു ജൂതന്മാ​രോ​ടൊ​പ്പം ശബത്ത്‌ ആചരണ​ത്തിൽ പങ്കെടു​ക്കാ​നാ​യി​രു​ന്നില്ല, സുവാർത്ത പ്രസം​ഗി​ക്കാ​നാ​യി​രു​ന്നു. (പ്രവൃത്തികൾ 13:14; 17:1-3; 18:4) അന്നാളു​ക​ളിൽ, സിന​ഗോ​ഗിൽ ആരാധ​ന​യ്‌ക്കാ​യി വന്നിരി​ക്കു​ന്ന​വ​രോ​ടു പ്രസം​ഗി​ക്കാൻ സന്ദർശ​ക​രാ​യ പ്രസം​ഗ​ക​രെ ക്ഷണിക്കുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു. അതനു​സ​രിച്ച്‌ പൗലോസ്‌ സിന​ഗോ​ഗിൽ സുവാർത്ത പ്രസം​ഗി​ച്ചെ​ന്നേ ഉള്ളൂ. (പ്രവൃത്തികൾ 13:15, 32) അദ്ദേഹം ശബത്തിൽ മാത്രമല്ല “ദിവസേന” പ്രസം​ഗി​ച്ചി​രു​ന്നു.—പ്രവൃത്തികൾ 17:17.

തെറ്റി​ദ്ധാ​രണ: ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്കേ​ണ്ട​തു ഞായറാ​ഴ്‌ച​യാണ്‌.

വസ്‌തുത: ആഴ്‌ച​യി​ലെ ആദ്യദി​വ​സ​മാ​യ ഞായറാ​ഴ്‌ച ക്രിസ്‌ത്യാ​നി​കൾ വിശ്ര​മി​ക്കാ​നും ആരാധി​ക്കാ​നും ആയി മാറ്റി​വെ​ക്ക​ണ​മെന്ന കല്‌പ​ന​യൊ​ന്നും ബൈബി​ളി​ലി​ല്ല. ആദ്യകാ​ല​ത്തെ ക്രിസ്‌ത്യാ​നി​കൾക്കു മറ്റേ​തൊ​രു ദിവസ​വും​പോ​ലെ ഞായറാ​ഴ്‌ച​യും ഒരു പ്രവൃ​ത്തി​ദി​വ​സ​മാ​യി​രു​ന്നു. ഒരു സർവവി​ജ്ഞാ​ന​കോ​ശം (The International Standard Bible Encyclopedia) പറയുന്നു: “ആദ്യ​മൊ​ന്നും ഞായറാ​ഴ്‌ച​ക​ളിൽ ശബത്തി​ലേ​തു​പോ​ലു​ള്ള കാര്യ​ങ്ങ​ളൊ​ന്നും ചെയ്‌തി​രു​ന്നി​ല്ല. പിന്നീട്‌ 4-ാം നൂറ്റാ​ണ്ടാ​യ​പ്പോൾ കോൺസ്റ്റ​ന്റ​യ്‌നാണ്‌ (ഒരു പുറജാ​തീ​യ റോമൻ ചക്രവർത്തി) ഞായറാ​ഴ്‌ച​ക​ളിൽ ചില ജോലി​കൾ ചെയ്യാൻ പാടി​ല്ലെന്ന ഉത്തരവി​റ​ക്കി​യത്‌.” *

അങ്ങനെ​യെ​ങ്കിൽ ഞായറാ​ഴ്‌ച ഒരു പ്രത്യേക ദിവസ​മാ​യി​രു​ന്നെ​ന്നു സൂചി​പ്പി​ക്കു​ന്ന വിവര​ണ​ങ്ങ​ളെ സംബന്ധി​ച്ചോ? ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ അപ്പോ​സ്‌ത​ലൻ “ആഴ്‌ച​യു​ടെ ഒന്നാം ദിവസം,” ഞായറാ​ഴ്‌ച സഹാരാ​ധ​ക​രോ​ടൊ​പ്പം ഭക്ഷണത്തി​നു കൂടി​വ​ന്ന​താ​യി ബൈബിൾ പറയുന്നു. അതിൽ അസ്വാ​ഭാ​വി​ക​മാ​യി ഒന്നുമില്ല. കാരണം അടുത്ത ദിവസം പൗലോസ്‌ യാത്ര പുറ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. (പ്രവൃത്തികൾ 20:7) അതു​പോ​ലെ ആഴ്‌ച​യു​ടെ ഒന്നാം ദിവസ​മാ​യ ഞായറാ​ഴ്‌ച ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ഒരു തുക നീക്കി​വെ​ക്കാൻ ചില സഭക​ളോട്‌ ആവശ്യ​പ്പെ​ട്ടു. ഇവിടെ അത്‌ ഓരോ​രു​ത്തർക്കും ചെലവു​കൾ ആസൂ​ത്ര​ണം ചെയ്യു​ന്ന​തി​നു​ള്ള ഒരു പ്രാ​യോ​ഗി​ക​ക്ര​മീ​ക​രണം മാത്ര​മാ​യി​രു​ന്നു. ഓരോ​രു​ത്ത​രും സംഭാ​വ​ന​കൾ സ്വന്തം വീടു​ക​ളിലാ​ണു നീക്കി​വെ​ച്ചി​രു​ന്നത്‌; അതു യോഗ​സ്ഥ​ലത്ത്‌ കൊണ്ടു​പോ​യി കൊടു​ത്തി​രു​ന്നി​ല്ല.—1 കൊരിന്ത്യർ 16:1, 2.

തെറ്റി​ദ്ധാ​രണ: വിശ്ര​മി​ക്കാ​നും ആരാധി​ക്കാ​നും വേണ്ടി ആഴ്‌ച​യിൽ ഒരു ദിവസം മാറ്റി​വെ​ക്കു​ന്ന​തു ശരിയല്ല.

വസ്‌തുത: ആ തീരു​മാ​നം ബൈബിൾ ഓരോ ക്രിസ്‌ത്യാ​നി​ക്കും വിടുന്നു.—റോമർ 14:5.

^ ഖ. 21 ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡി​യ, രണ്ടാം പതിപ്പ്‌, വാല്യം 13, പേജ്‌ 608-ഉം കാണുക.