വിവരങ്ങള്‍ കാണിക്കുക

എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങൾ?

എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ക്രിസ്‌തീ​യ മതവി​ഭാ​ഗ​ങ്ങൾ?

ബൈബി​ളി​ന്റെ ഉത്തരം

യേശു​ക്രിസ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ പലതരം “ക്രിസ്‌തീ​യ” മതവി​ഭാ​ഗ​ങ്ങൾ രൂപം​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ, സത്യ​ക്രിസ്‌ത്യാ​നി​ത്വം ഒന്നേ ഉള്ളൂ എന്നാണ്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌. ഈ നിഗമ​ന​ത്തിൽ എത്താനുള്ള മൂന്ന്‌ കാരണങ്ങൾ നോക്കാം.

  1. താൻ പഠിപ്പി​ച്ചത്‌ “സത്യം” ആണെന്ന്‌ യേശു പറഞ്ഞു. അതു​പോ​ലെ, ആദിമ​ക്രിസ്‌ത്യാ​നി​കൾ അവരുടെ മതത്തെ “സത്യം” എന്നാണ്‌ വിളി​ച്ചത്‌. (യോഹ​ന്നാൻ 8:32; 2 പത്രോസ്‌ 2:2; 2 യോഹ​ന്നാൻ 4; 3 യോഹ​ന്നാൻ 3) ഇത്‌ കാണി​ക്കു​ന്നത്‌, യേശു​വി​ന്റെ ഉപദേ​ശ​ങ്ങൾക്ക്‌ വിരു​ദ്ധ​മാ​യ കാര്യങ്ങൾ പഠിപ്പി​ക്കു​ന്ന​വർ ശരിയായ ക്രിസ്‌ത്യാ​നി​കൾ അല്ല എന്നാണ്‌.

  2. ക്രിസ്‌ത്യാ​നി​കൾ “എല്ലാവ​രും യോജി​പ്പോ​ടെ സംസാരി”ക്കണമെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 1:10) എന്നാൽ, ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചു​പോ​ലും പല മതവി​ഭാ​ഗ​ങ്ങൾക്കും പല അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അതു​കൊണ്ട്‌, അത്തരം വിഭാ​ഗ​ങ്ങ​ളൊ​ന്നും സത്യമ​ത​മാ​യി​രി​ക്കി​ല്ല.—1 പത്രോസ്‌ 2:21.

  3. അനേകർ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​മെ​ന്നും എന്നാൽ അവർ ദൈവ​കല്‌പ​ന​കൾ അനുസ​രി​ക്കി​ല്ലെ​ന്നും അങ്ങനെ​യു​ള്ള​വ​രെ താൻ തള്ളിക്ക​ള​യു​മെ​ന്നും യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (മത്തായി 7:21-23; ലൂക്കോസ്‌ 6:46) സ്വന്തം താത്‌പ​ര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ സത്യാ​രാ​ധ​ന​യെ ദുഷി​പ്പി​ക്കു​ന്ന മതനേ​താ​ക്ക​ന്മാർ അനേകം ആളുകളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ക​യാണ്‌. (മത്തായി 7:15) ബൈബി​ളിൽനി​ന്നു​ള്ള സത്യ​ത്തെ​ക്കാൾ കർണരസം പകരുന്ന കാര്യങ്ങൾ കേൾക്കാൻ ഇഷ്ടപ്പെ​ടു​ന്ന കുറെ ആളുകൾ അത്തരം കാര്യങ്ങൾ പഠിപ്പി​ക്കു​ന്ന അനുക​ര​ണ​ക്രിസ്‌ത്യാ​നി​കളെ ഇഷ്ടപ്പെ​ടു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 4:3, 4.

ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചു​ള്ള ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ സത്യ​ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ എതിരാ​യി വലി​യൊ​രു മത്സരം (വിശ്വാ​സ​ത്യാ​ഗം) ഉണ്ടാകു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (മത്തായി 13:24-30, 36-43) കാലങ്ങ​ളോ​ളം സത്യ​ക്രിസ്‌ത്യാ​നി​ക​ളെ​യും വ്യാജ​ക്രിസ്‌ത്യാ​നി​ക​ളെ​യും തമ്മിൽ വേർതി​രി​ച്ച​റി​യാൻ കഴിയു​മാ​യി​രു​ന്നി​ല്ല. യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ അപ്പൊസ്‌ത​ല​ന്മാ​രു​ടെ മരണ​ശേ​ഷം വിശ്വാ​സ​ത്യാ​ഗം തഴച്ചു​വ​ളർന്നു. (പ്രവൃ​ത്തി​കൾ 20:29, 30) വിശ്വാ​സ​ത്യാ​ഗി​കൾ ഓരോ​രു​ത്ത​രും ഓരോ വിധത്തി​ലാ​യി​രി​ക്കാം പഠിപ്പി​ക്കു​ന്ന​തെ​ങ്കി​ലും ഈ അനുക​ര​ണ​ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം “സത്യത്തിൽനി​ന്നു വ്യതി​ച​ലി​ച്ചു​പോ​യി.”—2 തിമൊ​ഥെ​യൊസ്‌ 2:18.

സത്യ​ക്രിസ്‌ത്യാ​നി​ക​ളും വ്യാജ​ക്രിസ്‌ത്യാ​നി​ക​ളും തമ്മിലുള്ള വ്യത്യാ​സം കാല​ക്ര​മേണ വ്യക്തമാ​യി​ത്തീ​രു​മെ​ന്നും യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. നമ്മുടെ നാളിൽ അതായത്‌ “യുഗസ​മാപ്‌തി”യിൽ ഇത്‌ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—മത്തായി 13:30, 39.