വിവരങ്ങള്‍ കാണിക്കുക

സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?

സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 സൗഹൃ​ദങ്ങൾ ജീവി​ത​ത്തിൽ വിജയി​ക്കാ​നും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നും സഹായി​ക്കും. നമ്മളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കാ​നും മെച്ചപ്പെട്ട വ്യക്തി​ക​ളാ​ക്കാ​നും നല്ല സുഹൃ​ത്തു​ക്കൾക്കു കഴിയും.—സുഭാ​ഷി​തങ്ങൾ 27:17.

 എന്നാൽ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ ശ്രദ്ധി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. കൂട്ടു​കാർ നല്ലത​ല്ലെ​ങ്കിൽ അതിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​മെന്ന്‌ അത്‌ മുന്നറി​യിപ്പ്‌ തരുന്നു. (സുഭാ​ഷി​തങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33) അങ്ങനെ​യുള്ള സുഹൃ​ത്തു​ക്കൾ ഒരുപക്ഷേ നമ്മളെ​ക്കൊണ്ട്‌ തെറ്റായ തീരു​മാ​നങ്ങൾ എടുപ്പി​ച്ചേ​ക്കാം, നമ്മുടെ നല്ല ഗുണങ്ങൾ നശിപ്പി​ച്ചേ​ക്കാം.

ഈ ലേഖന​ത്തിൽ

 എങ്ങനെ​യുള്ള ആളാണ്‌ ഒരു നല്ല സുഹൃത്ത്‌?

 ഒരു നല്ല സൗഹൃ​ദ​ത്തിൽ ഒരേ ഇഷ്ടങ്ങളും താത്‌പ​ര്യ​ങ്ങ​ളും ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ഉൾപ്പെ​ടു​ന്നു​ണ്ടെന്നു ബൈബിൾ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 119:63 പറയുന്നു: “അങ്ങയെ a ഭയപ്പെ​ടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്ന​വർക്കും ഞാൻ സ്‌നേ​ഹി​തൻ.” ഈ ബൈബി​ളെ​ഴു​ത്തു​കാ​രൻ ആരെ സുഹൃ​ത്താ​ക്കാ​നാണ്‌ ആഗ്രഹി​ച്ചത്‌? ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വരെ.

 ഒരു നല്ല സുഹൃ​ത്തിന്‌ ഉണ്ടായി​രി​ക്കേണ്ട ഗുണങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌:

  •   “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

  •   “പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌; എന്നാൽ കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.”—സുഭാ​ഷി​തങ്ങൾ 18:24.

 ഒരു നല്ല സുഹൃത്ത്‌ വിശ്വ​സ്‌ത​ത​യും സ്‌നേ​ഹ​വും ദയയും ഉദാര​ത​യും ഉള്ള ആളായി​രി​ക്കു​മെന്ന്‌ ഈ വാക്യങ്ങൾ പറയുന്നു. അദ്ദേഹം നമ്മുടെ ജീവി​ത​ത്തി​ലെ ഉയർച്ച​താ​ഴ്‌ച​ക​ളിൽ എപ്പോ​ഴും നമ്മു​ടെ​കൂ​ടെ ഉണ്ടായി​രി​ക്കും. നമ്മൾ തെറ്റായ ഒരു വഴിയി​ലൂ​ടെ പോകു​മ്പോ​ഴോ അല്ലെങ്കിൽ ഒരു തെറ്റായ തീരു​മാ​നം എടുക്കു​മ്പോ​ഴോ ആ സുഹൃത്ത്‌ ധൈര്യ​ത്തോ​ടെ നമ്മളോട്‌ അതു തുറന്ന്‌ പറയും.—സുഭാ​ഷി​തങ്ങൾ 27:6, 9.

 ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ചില നല്ല സുഹൃ​ത്തു​ക്കൾ ആരൊ​ക്കെ​യാണ്‌?

 പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും സംസ്‌കാ​ര​ത്തി​ലും അധികാ​ര​സ്ഥാ​ന​ത്തി​ലും ഒക്കെ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നവർ നല്ല കൂട്ടു​കാ​രാ​യി​രു​ന്ന​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. അത്തരം മൂന്നു സൗഹൃ​ദ​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം.

  •   രൂത്തും നൊ​വൊ​മി​യും. രൂത്ത്‌ നൊ​വൊ​മി​യു​ടെ മരുമ​ക​ളാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ തമ്മിൽ നല്ല പ്രായ​വ്യ​ത്യാ​സം ഉണ്ടായി​രു​ന്നി​രി​ക്കും. കൂടാതെ വ്യത്യസ്‌ത സംസ്‌കാ​ര​ത്തിൽനി​ന്നും ഉള്ളവരാ​യി​രു​ന്നു അവർ. ഇത്ര​യൊ​ക്കെ വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ സൗഹൃദം വളരെ ശക്തമാ​യി​രു​ന്നു.—രൂത്ത്‌ 1:16.

  •   ദാവീ​ദും യോനാ​ഥാ​നും. സാധ്യ​ത​യ​നു​സ​രിച്ച്‌ യോനാ​ഥാ​നു ദാവീ​ദി​നെ​ക്കാൾ 30 വയസ്സു കൂടു​ത​ലു​ണ്ടാ​യി​രു​ന്നു. എന്നാൽ ബൈബിൾ അവരെ​ക്കു​റിച്ച്‌ പറയു​ന്നത്‌, യോനാ​ഥാ​നും ദാവീ​ദും “ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി” എന്നാണ്‌.—1 ശമുവേൽ 18:1.

  •   യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും. അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ഗുരു​വും യജമാ​ന​നും ആയിരു​ന്ന​തു​കൊണ്ട്‌ യേശു​വിന്‌ അവരുടെ മേൽ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 13:13) പക്ഷേ അവർ തനിക്കു പറ്റിയ കൂട്ടു​കാ​ര​ല്ലെന്നു യേശു ചിന്തി​ച്ചില്ല. പകരം താൻ പഠിപ്പിച്ച കാര്യങ്ങൾ അനുസ​രി​ച്ച​വ​രോ​ടു യേശു​വിന്‌ അടുത്ത ഒരു ബന്ധമു​ണ്ടാ​യി​രു​ന്നു. യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു.”—യോഹ​ന്നാൻ 15:14, 15.

 ഒരാൾക്കു ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാൻ കഴിയു​മോ?

 കഴിയും. മനുഷ്യർക്കു ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ കഴിയും. ബൈബിൾ പറയുന്നു: “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.” (സുഭാ​ഷി​തങ്ങൾ 3:32) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ദൈവം സുഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌ മര്യാ​ദ​യും മാന്യ​ത​യും ഉള്ള, സത്യസ​ന്ധ​രായ, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ശ്രമി​ക്കുന്ന ആളുക​ളെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, വിശ്വ​സ്‌ത​നായ അബ്രാ​ഹാ​മി​നെ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തൻ എന്നു ബൈബിൾ വിളി​ക്കു​ന്നുണ്ട്‌.—2 ദിനവൃ​ത്താ​ന്തം 20:7; യശയ്യ 41:8; യാക്കോബ്‌ 2:23.

a ഈ വാക്യ​ത്തിൽ ‘അങ്ങ്‌’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ദൈവ​ത്തെ​യാ​ണെന്ന്‌ ഈ സങ്കീർത്ത​ന​ത്തി​ന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നു.