കുറ്റബോധത്തിൽനിന്ന് പുറത്തുകടക്കാൻ ബൈബിൾ എന്നെ സഹായിക്കുമോ?
ബൈബിളിന്റെ ഉത്തരം
സഹായിക്കും. കുറ്റബോധത്തിൽനിന്ന് പുറത്തുകടക്കാൻ എന്തു ചെയ്യണമെന്നു ബൈബിൾ പറയുന്നുണ്ട്. (സങ്കീർത്തനം 32:1-5) ചെയ്തുപോയ ഒരു തെറ്റിനെപ്പറ്റി നമുക്കു ശരിക്കും വിഷമം തോന്നുന്നുണ്ടെങ്കിൽ ദൈവം നമ്മളോടു ക്ഷമിക്കും; ആ വിഷമത്തിൽനിന്ന് കരകയറാൻ സഹായിക്കും. (സങ്കീർത്തനം 86:5) കുറ്റബോധമുള്ളത് ഒരു കണക്കിനു നല്ലതാണെന്നു ബൈബിൾ പറയുന്നു. കാരണം കുറ്റബോധം തോന്നുമ്പോൾ നമ്മൾ ആ തെറ്റു തിരുത്തും, അതു വീണ്ടും ചെയ്യാതിരിക്കാൻ ശരിക്കും ശ്രമിക്കും. (സങ്കീർത്തനം 51:17; സുഭാഷിതങ്ങൾ 14:9) എന്നാലും അമിതമായ കുറ്റബോധം നമുക്കു നല്ലതല്ലെന്നും ബൈബിൾ പറയുന്നു. ദൈവത്തിനു നമ്മളെ ഇനി ഒരിക്കലും സ്നേഹിക്കാനാകില്ല എന്നു ചിന്തിച്ചാൽ അതു ദോഷം ചെയ്യും. അങ്ങനെയുള്ള അമിതമായ കുറ്റബോധം നമ്മൾ ‘കടുത്ത ദുഃഖത്തിൽ ആണ്ടുപോകാൻ’ കാരണമാകും.—2 കൊരിന്ത്യർ 2:7.
എപ്പോഴാണു നമുക്കു കുറ്റബോധം തോന്നുന്നത്?
അതിനു പല കാരണങ്ങളുണ്ട്. പ്രിയപ്പെട്ട ആരെയെങ്കിലും വേദനിപ്പിച്ചെന്നു തോന്നുമ്പോഴോ ശരിയാണെന്നു നമുക്ക് അറിയാവുന്ന ഒരു കാര്യം ചെയ്യാതിരിക്കുമ്പോഴോ ഒക്കെ നമുക്കു വിഷമം തോന്നിയേക്കാം. പക്ഷേ ചിലപ്പോൾ തെറ്റൊന്നും ചെയ്യാതെയും കുറ്റബോധം തോന്നാം. ഉദാഹരണത്തിന്, നമ്മളെക്കുറിച്ചുതന്നെ അമിതമായ പ്രതീക്ഷകൾ വെച്ചാൽ നമുക്കു വിഷമിക്കാനേ സമയമുണ്ടാകൂ. അങ്ങനെയുള്ള കുറ്റബോധംകൊണ്ട് ഒരു പ്രയോജനവുമില്ല. അതുകൊണ്ടാണു നമ്മളെക്കുറിച്ചുതന്നെ ന്യായമായ പ്രതീക്ഷകൾ വെക്കാൻ ബൈബിൾ പറയുന്നത്.—സഭാപ്രസംഗകൻ 7:16.
കുറ്റബോധം തോന്നുമ്പോൾ എന്തു ചെയ്യണം?
പറ്റിപ്പോയ തെറ്റ് ഓർത്ത് നിരാശപ്പെട്ടിരിക്കുന്നതിനു പകരം, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. എന്തൊക്കെയാണ് അത്?
തെറ്റുകൾ സമ്മതിക്കുക. ‘എന്നോടു ക്ഷമിക്കണേ’ എന്ന് യഹോവയോടു a പ്രാർഥിക്കുക. (സങ്കീർത്തനം 38:18; ലൂക്കോസ് 11:4) ചെയ്തുപോയത് ഓർത്ത് നിങ്ങൾക്കു ശരിക്കും വിഷമമുണ്ടെങ്കിൽ, വീണ്ടും ആ തെറ്റു ചെയ്യാതിരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കും. (2 ദിനവൃത്താന്തം 33:13; സങ്കീർത്തനം 34:18) മറ്റാർക്കും കാണാൻ കഴിയാത്ത ഒരു കാര്യം യഹോവയ്ക്കു കാണാം—നമ്മുടെ മനസ്സ്. കൂടാതെ മാറ്റം വരുത്താൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളുംകൂടെ കാണുമ്പോൾ, ‘ദൈവം വിശ്വസ്തനും നീതിമാനും ആയതുകൊണ്ട് നമ്മുടെ പാപങ്ങൾ ക്ഷമിക്കും.’—1 യോഹന്നാൻ 1:9; സുഭാഷിതങ്ങൾ 28:13.
ഇനി, നിങ്ങൾ മറ്റ് ആരോടെങ്കിലും ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റ് അംഗീകരിക്കുകയും ആ വ്യക്തിയോടു മാപ്പു ചോദിക്കുകയും ചെയ്യണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു ധൈര്യവും താഴ്മയും ആവശ്യമാണ്. എങ്കിലും ആത്മാർഥമായി ക്ഷമ ചോദിക്കുന്നതുകൊണ്ട് രണ്ടു പ്രയോജനങ്ങളുണ്ട്. അത് നിങ്ങളുടെ കുറ്റബോധത്തിന്റെ ഭാരം കുറയ്ക്കും, നിങ്ങൾ തമ്മിലുള്ള പ്രശ്നവും പരിഹരിക്കും.—മത്തായി 3:8; 5:23, 24.
ദൈവത്തിന്റെ കരുണ എടുത്തുകാണിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, 1 യോഹന്നാൻ 3:19, 20 നോക്കാം. നമ്മുടെ ‘ഹൃദയം നമ്മളെ കുറ്റപ്പെടുത്തിയേക്കാം’ എന്ന് ആ വാക്യം പറയുന്നു. അതായത്, നമ്മൾ നമ്മളെക്കുറിച്ചുതന്നെ വളരെ മോശമായി ചിന്തിച്ചേക്കാം, ദൈവത്തിന്റെ സ്നേഹം കിട്ടാൻ നമുക്ക് അർഹതയില്ലെന്നുപോലും. എങ്കിലും അതേ വാക്യംതന്നെ, ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ്’ എന്ന് പറയുന്നു. അത് എങ്ങനെയാണ്? യഹോവയ്ക്കു നമ്മളെക്കുറിച്ച് എല്ലാം അറിയാം, നമ്മുടെ ചിന്തകളും കുറവുകളും എല്ലാം. അപൂർണരായിട്ടാണു നമ്മൾ ജനിച്ചതെന്നും അതുകൊണ്ട് തെറ്റു ചെയ്യാനുള്ള ചായ്വുണ്ടെന്നും ദൈവത്തിന് അറിയാം. b (സങ്കീർത്തനം 51:5) അതുകൊണ്ട്, ചെയ്തുപോയ തെറ്റ് ഓർത്ത് ശരിക്കും വിഷമിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല.—സങ്കീർത്തനം 32:5.
ചെയ്തുപോയതിനെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കരുത്. തെറ്റു ചെയ്തെങ്കിലും പിന്നീട് മാറ്റം വരുത്തിയ ഒരുപാടു പേരുടെ വിവരണങ്ങൾ ബൈബിളിലുണ്ട്. അതിന് ഒരു ഉദാഹരണമാണ്, പിന്നീട് പൗലോസ് അപ്പോസ്തലൻ എന്ന് അറിയപ്പെട്ട തർസൊസുകാരനായ ശൗലിന്റേത്. ഒരു പരീശനായിരുന്ന അദ്ദേഹം യേശുവിന്റെ അനുഗാമികളെ ക്രൂരമായി ഉപദ്രവിച്ചു. (പ്രവൃത്തികൾ 8:3; 9:1, 2, 11) എന്നാൽ താൻ എതിർക്കുന്നതു ദൈവത്തെയും ക്രിസ്തുവിനെയും ആണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പശ്ചാത്തപിക്കുകയും മാറ്റം വരുത്തുകയും ചെയ്തു. പിന്നെയുള്ള കാലം നല്ലൊരു ക്രിസ്ത്യാനിയായി ജീവിച്ചു. പണ്ടു താൻ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഓർത്ത് പൗലോസിനു ശരിക്കും വിഷമമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതുതന്നെ ചിന്തിച്ചുകൊണ്ടിരുന്നില്ല. ദൈവം തന്നോട് എത്ര വലിയ കരുണയാണു കാണിച്ചിരിക്കുന്നതെന്നു മനസ്സിലാക്കിയ പൗലോസ് ദൈവത്തിന്റെ വേലയിൽ മുഴുകി. ലഭിക്കാനിരിക്കുന്ന നിത്യജീവനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നു.—ഫിലിപ്പിയർ 3:13, 14.
കുറ്റബോധത്തെയും ക്ഷമ ലഭിക്കുന്നതിനെയും കുറിച്ചുള്ള ബൈബിൾവാക്യങ്ങൾ
സങ്കീർത്തനം 51:17: “ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ.”
അർഥം: നിങ്ങൾക്ക് ഒരു തെറ്റു പറ്റിയെന്നോർത്ത് ദൈവം നിങ്ങളെ ഉപേക്ഷിക്കില്ല. ദൈവത്തെ വേദനിപ്പിച്ചതിൽ നിങ്ങൾക്കു ശരിക്കും വിഷമമുണ്ടെങ്കിൽ ദൈവം നിങ്ങളോടു കരുണ കാണിക്കും.
സുഭാഷിതങ്ങൾ 28:13: “സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല; അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.”
അർഥം: ചെയ്ത തെറ്റു ദൈവത്തോട് ഏറ്റുപറയുകയും ജീവിതത്തിൽ മാറ്റം വരുത്തുകയും ചെയ്താൽ ദൈവം നമ്മളോടു ക്ഷമിക്കും.
യിരെമ്യ 31:34: “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.”
അർഥം: ദൈവത്തിന്റെ കരുണ യഥാർഥമാണ്. ക്ഷമിച്ചുകഴിഞ്ഞാൽ പിന്നെ ദൈവം ആ തെറ്റ് ഓർത്തിരിക്കുന്നില്ല.
a ദൈവത്തിന്റെ പേരാണ് യഹോവ.—പുറപ്പാട് 6:3.
b ആദ്യമനുഷ്യനായ ആദാമിൽനിന്ന് പാപം കൈമാറിക്കിട്ടിയതുകൊണ്ട്, തെറ്റു ചെയ്യാനുള്ള ഒരു ചായ്വോടെയാണു നമ്മൾ ജനിക്കുന്നത്. ആദാമും ഭാര്യയായ ഹവ്വയും ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും പൂർണതയുള്ള ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവരുടെ മക്കൾക്കും പൂർണതയുള്ള ജീവൻ ലഭിക്കാനുള്ള അവസരം നഷ്ടമായി.—ഉൽപത്തി 3:17-19; റോമർ 5:12.