കന്യാമറിയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ബൈബിളിന്റെ ഉത്തരം
യേശുവിന്റെ അമ്മയായ മറിയയ്ക്കു കന്യകയായിരിക്കുമ്പോൾത്തന്നെ യേശുവിനു ജന്മം നൽകാനുള്ള ശ്രേഷ്ഠമായ പദവി ലഭിച്ചെന്നു ബൈബിൾ പറയുന്നു. ഈ അദ്ഭുതത്തെക്കുറിച്ച് ബൈബിൾപുസ്തകമായ യശയ്യയിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതിന്റെ നിവൃത്തി മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തിൽ കാണാം.
മിശിഹയുടെ ജനനത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യശയ്യ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഇതാ, യുവതി ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.” (യശയ്യ 7:14) ദൈവപ്രചോദിതമായി സുവിശേഷയെഴുത്തുകാരനായ മത്തായി യശയ്യയുടെ ഈ പ്രവചനത്തെ മറിയയ്ക്കു ബാധകമാക്കി. മറിയ അദ്ഭുതകരമായി ഗർഭിണിയായി എന്ന കാര്യം പറഞ്ഞശേഷം മത്തായി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതെല്ലാം സംഭവിച്ചത് യഹോവ പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്. ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇതാ, കന്യക a ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.’ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം ‘ദൈവം ഞങ്ങളുടെകൂടെ’ എന്നാണ്.)”—മത്തായി 1:22, 23.
സുവിശേഷയെഴുത്തുകാരനായ ലൂക്കോസും മറിയയുടെ അദ്ഭുതകരമായ ഗർഭധാരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. ദൈവം ഗബ്രിയേൽ ദൂതനെ അയച്ചതു “ദാവീദുഗൃഹത്തിലെ യോസേഫ് എന്ന പുരുഷനുമായി വിവാഹം നിശ്ചയിച്ചിരുന്ന ഒരു കന്യകയുടെ അടുത്തേക്കാണ്” എന്ന് അദ്ദേഹം എഴുതി. (ലൂക്കോസ് 1:26, 27) താൻ ഒരു കന്യകയാണെന്ന കാര്യത്തിൽ മറിയയ്ക്കു സംശയമില്ലായിരുന്നു. താൻ മിശിഹയായ യേശുവിന്റെ അമ്മയാകുമെന്നു കേട്ടപ്പോൾ മറിയ ഇങ്ങനെ ചോദിച്ചു: “ഞാൻ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത സ്ഥിതിക്ക് ഇത് എങ്ങനെ സംഭവിക്കും?”—ലൂക്കോസ് 1:34.
കന്യാജനനം സംഭവിച്ചത് എങ്ങനെ?
മറിയ ഗർഭിണിയായതു പരിശുദ്ധാത്മാവിനാൽ, അതായത് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയുടെ ഫലമായി, ആണ്. (മത്തായി 1:18) മറിയയോട് ദൂതൻ പറഞ്ഞത് ഇങ്ങനെയാണ്: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്, b വിളിക്കപ്പെടും.” (ലൂക്കോസ് 1:35) ദൈവം തന്റെ മകന്റെ ജീവനെ അദ്ഭുതകരമായി മറിയയുടെ ഉദരത്തിലേക്കു മാറ്റിക്കൊണ്ട് മറിയ ഒരു കുഞ്ഞിനെ ഗർഭംധരിക്കാൻ ഇടയാക്കി.
കന്യാജനനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
യേശുവിനു പൂർണതയുള്ള മനുഷ്യശരീരം കൊടുക്കുന്നതിനുവേണ്ടിയാണു ദൈവം യേശുവിനെ ഒരു കന്യകയിലൂടെ ജനിപ്പിച്ചത്. എങ്കിലേ മനുഷ്യകുടുംബത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ യേശുവിനു കഴിയൂ. (യോഹന്നാൻ 3:16; എബ്രായർ 10:5) ദൈവം യേശുവിന്റെ ജീവൻ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. അതിനു ശേഷം അപൂർണതയുടെ ഒരു കണികപോലും വയറ്റിൽ വളരുന്ന കുഞ്ഞിനെ ബാധിക്കാത്ത വിധത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അതിനെ സംരക്ഷിച്ചിട്ടുണ്ടാകണം.—ലൂക്കോസ് 1:35.
അങ്ങനെ യേശു ഒരു പൂർണമനുഷ്യനായി ജനിച്ചു, ആദാം പാപം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന അവസ്ഥയിൽ. “ക്രിസ്തു പാപം ചെയ്തില്ല” എന്നു യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നു. (1 പത്രോസ് 2:22) അതുകൊണ്ട് മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുന്നതിനുള്ള മോചനവില കൊടുക്കാൻ പൂർണമനുഷ്യനായ യേശുവിനു കഴിഞ്ഞു.—1 കൊരിന്ത്യർ 15:21, 22; 1 തിമൊഥെയൊസ് 2:5, 6.
മറിയ നിത്യകന്യകയായിരുന്നോ?
മറിയ നിത്യകന്യകയായിരുന്നെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. മറിച്ച് മറിയയ്ക്കു വേറെയും മക്കൾ ഉണ്ടായിരുന്നെന്നു ബൈബിൾ പറയുന്നു.—മത്തായി 12:46; മർക്കോസ് 6:3; ലൂക്കോസ് 2:7; യോഹന്നാൻ 7:5.
യേശുവിനു കൂടപ്പിറപ്പുകളുണ്ടായിരുന്നെന്നു ബൈബിൾ പഠിപ്പിക്കുന്നു
മറിയ “അമലോദ്ഭവ” ആയിരുന്നോ?’
അല്ല. അമലോദ്ഭവം എന്ന പഠിപ്പിക്കലിനെക്കുറിച്ച് പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “അമ്മയുടെ ഗർഭത്തിൽ കന്യാമറിയം ഉണ്ടായതുമുതൽ ജന്മപാപമില്ലാതെയാണ് വളർന്നുവന്നത്. ബാക്കി മനുഷ്യരെല്ലാം കൈമാറിക്കിട്ടിയ പാപവുമായി പിറന്നപ്പോൾ . . . അതുല്യമായ ദൈവകൃപയാൽ മറിയ ജന്മപാപമില്ലാതെ ജനിക്കാനിടയായി.” c
മറിയ ജന്മപാപത്തിൽനിന്ന് മോചിതയാണെന്ന കാര്യം ബൈബിൾ പഠിപ്പിക്കുന്നില്ല എന്നതാണു സത്യം. (സങ്കീർത്തനം 51:5; റോമർ 5:12) മോശയുടെ നിയമം അമ്മമാരോട് അർപ്പിക്കാൻ പറഞ്ഞ പാപയാഗം അർപ്പിച്ചതിലൂടെ മറിയതന്നെ താനൊരു പാപിയാണെന്ന കാര്യത്തിനു തെളിവ് നൽകി. (ലേവ്യ 12:2-8; ലൂക്കോസ് 2:21-24) പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം പറയുന്നു: “അമോലോദ്ഭവം എന്ന ആശയം തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നില്ല. . . . (അതു) സഭയുടെ പഠിപ്പിക്കലാണ്.”
മറിയയെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
മറിയ, വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും താഴ്മയുടെയും നല്ല ആത്മീയതയുടെയും മികച്ച മാതൃക വെച്ചു. നമ്മൾ അനുകരിക്കേണ്ട വിശ്വസ്തരിൽ ഒരാളാണു മറിയയും.—എബ്രായർ 6:12.
യേശുവിന്റെ അമ്മയെന്ന അതുല്യമായ പദവി മറിയയ്ക്കുണ്ടെങ്കിലും മറിയയെ ആരാധിക്കണമെന്നോ മറിയയോടു പ്രാർഥിക്കണമെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. യേശു മറിയയ്ക്കു പ്രത്യേകബഹുമതി കൊടുക്കുകയോ തന്റെ അനുഗാമികളോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്തില്ല. സുവിശേഷങ്ങളിലെ ചില പരാമർശങ്ങളും പ്രവൃത്തികളുടെ പുസ്തകത്തിലെ ഒരു പരാമർശവും ഒഴിച്ചാൽ, മറിയയുടെ പേര് പുതിയ നിയമം എന്നു പൊതുവേ അറിയപ്പെടുന്ന ഭാഗത്തുള്ള ബാക്കി 22 പുസ്തകങ്ങളിലും കാണുന്നില്ല.—പ്രവൃത്തികൾ 1:14.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ മറിയയ്ക്കു പ്രത്യേക സ്ഥാനമോ ആദരവോ കൊടുത്തിരുന്നതായി തിരുവെഴുത്തുകളിൽ എവിടെയും ഒരു തെളിവുമില്ല. മറിച്ച്, ക്രിസ്ത്യാനികൾ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്.—മത്തായി 4:10.
a യശയ്യാപ്രവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന “യുവതി” എന്നതിന്റെ എബ്രായപദം അൽമാ എന്നാണ്. അതിന് കന്യകയെയോ കന്യകയല്ലാത്ത സ്ത്രീയെയോ കുറിക്കാനാകും. എന്നാൽ “കന്യക” എന്ന് അർഥം വരുന്ന പാർഥെനൊസ് എന്ന ഗ്രീക്കുപദമാണ് മത്തായി ഉപയോഗിച്ചത്.
b “ദൈവത്തിന്റെ മകൻ,” അഥവാ “ദൈവപുത്രൻ” എന്ന പദപ്രയോഗത്തെ ചിലർ എതിർക്കുന്നു. കാരണം ദൈവം ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് അത് അർഥമാക്കുമെന്നാണ് അവരുടെ വാദം. എന്നാൽ ഈ ആശയത്തെ തിരുവെഴുത്തുകൾ പിന്താങ്ങുന്നില്ല. ബൈബിൾ യേശുവിനെ “ദൈവപുത്രൻ” എന്നും ‘എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവൻ’ എന്നും വിളിക്കുന്നതിന്റെ കാരണം ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരു വ്യക്തിയും ദൈവത്തിന്റെ ആദ്യസൃഷ്ടിയും യേശുവായതുകൊണ്ടാണ്. (കൊലോസ്യർ 1:13-15) ആദ്യമനുഷ്യനായ ആദാമിനെയും “ദൈവത്തിന്റെ മകൻ” എന്ന് ബൈബിൾ വിളിക്കുന്നു. (ലൂക്കോസ് 3:38) ആദാമിനെ സൃഷ്ടിച്ചതു ദൈവമായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
c രണ്ടാം പതിപ്പിന്റെ വാല്യം 7, പേജ് 331.