എല്ലാ മതങ്ങളും ഒരുപോലെ ആണോ? അവയെല്ലാം ദൈവത്തിലേക്കു നയിക്കുന്നുവോ?
ബൈബിളിന്റെ ഉത്തരം
അല്ല, എല്ലാ മതങ്ങളും ഒരുപോലെയല്ല. ബൈബിളിൽ ദൈവത്തെ അപ്രീതിപ്പെടുത്തുന്ന മതങ്ങളുടെ അനേകം ഉദാഹരണങ്ങൾ ഉണ്ട്. ഇവയെ അടിസ്ഥാനപരമായി രണ്ടായി തിരിക്കാം.
വിഭാഗം 1: വ്യാജദൈവങ്ങളെ ആരാധിക്കുന്ന മതങ്ങൾ
ബൈബിൾ ഇത്തരം വ്യാജദൈവങ്ങളുടെ ആരാധനയെ കുറിക്കാൻ “മായ,” “വെറും വ്യർഥത,” “നിർഗുണവസ്തു” എന്നീ പദങ്ങൾ ഉപയോഗിക്കുന്നു. (യിരെമ്യ 10:3-5; 16:19, 20) യഹോവയായ a ദൈവം പുരാതന ഇസ്രായേൽ ജനതയോട് ഇപ്രകാരം ആജ്ഞാപിച്ചു: “ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറപ്പാട് 20:3, 23; 23:24) അവർ അന്യദൈവങ്ങളെ ആരാധിച്ചപ്പോൾ, “യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി.”—സംഖ്യ 25:3; ലേവ്യ 20:2; ന്യായാധിപന്മാർ 2:13, 14.
‘ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവയെ’ ആരാധിക്കുന്നതു സംബന്ധിച്ച് ദൈവത്തിന്റെ മനോഭാവം ഇന്നും അതുതന്നെയാണ്. (1 കൊരിന്ത്യർ 8:5, 6; ഗലാത്യർ 4:8) തന്നെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരോടു വ്യാജമതം ആചരിക്കുന്നവരുമായുള്ള സഹവാസം നിറുത്താൻ ദൈവം ആജ്ഞാപിക്കുന്നു, അവൻ ഇപ്രകാരം പറയുന്നു: “അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ.” (2 കൊരിന്ത്യർ 6:14-17) എല്ലാ മതങ്ങളും ഒരുപോലെ ദൈവത്തിലേക്കു നയിക്കുന്നതാണെങ്കിൽ, ദൈവം എന്തിന് ഇങ്ങനെ കൽപിക്കണം?
വിഭാഗം 2: സ്വീകാര്യമല്ലാത്ത വിധത്തിൽ സത്യദൈവത്തെ ആരാധിക്കുന്ന മതങ്ങൾ
ചിലപ്പോഴൊക്കെ ഇസ്രായേല്യർ വ്യാജദൈവങ്ങളുടെ ആരാധനയിലെ വിശ്വാസങ്ങളും ആചാരങ്ങളും കടമെടുത്ത് ദൈവത്തെ ആരാധിച്ചിരുന്നു. എന്നാൽ സത്യമതത്തെ വ്യാജമതങ്ങളുമായി കൂട്ടിക്കുഴയ്ക്കാനുള്ള അവരുടെ ശ്രമത്തെ യഹോവ തള്ളിക്കളഞ്ഞു. (പുറപ്പാട് 32:8; ആവർത്തനം 12: 2-4) തന്റെ നാളിലെ മതനേതാക്കളുടെ ആരാധനാ രീതിയെ യേശു കുറ്റം വിധിച്ചു, കാരണം അവർ ആത്മീയതയുള്ളവരാണെന്നു നടിക്കുകയും അതേസമയം “ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ” അവഗണിക്കുകയും ചെയ്‌തു.—മത്തായി 23:23.
അതുപോലെ ഇന്നും, സത്യത്തിൽ അടിസ്ഥാനപ്പെട്ട മതം മാത്രമേ ആളുകളെ ദൈവത്തിലേക്കു നയിക്കുകയുള്ളൂ. ഈ സത്യം ബൈബിളിലാണ് ഉള്ളത്. (യോഹന്നാൻ 4:24; 17:17; 2 തിമൊഥെയൊസ് 3:16, 17) ബൈബിളിനു വിരുദ്ധമായി പഠിപ്പിക്കുന്ന മതങ്ങൾ യഥാർഥത്തിൽ ആളുകളെ ദൈവത്തിൽനിന്ന് അകറ്റിക്കളയുകയാണ്. ബൈബിളിൽനിന്നാണെന്ന് ആളുകൾ വിചാരിക്കുന്ന പല പഠിപ്പിക്കലുകളും—ത്രിത്വം, ദേഹിയുടെ അമർത്യത, നിത്യദണ്ഡനം എന്നിവ—വ്യാജദൈവങ്ങളെ ആരാധിച്ചവരിൽനിന്ന് കടമെടുത്തതാണ്. ഇത്തരം പഠിപ്പിക്കലുകൾ ഉന്നമിപ്പിക്കുന്ന ആരാധന വ്യർഥമാണ് അല്ലെങ്കിൽ അതുകൊണ്ട് ഒരു “പ്രയോജനവുമില്ല.” കാരണം, അവ മതപരമായ പാരമ്പര്യങ്ങളെ ദൈവത്തിന്റെ നിബന്ധനകൾക്കു പകരം പ്രതിഷ്ഠിക്കുന്നു.—മർക്കോസ് 7:7, 8.
ദൈവം മതപരമായ കാപട്യം വെറുക്കുന്നു. (തീത്തോസ് 1:16) ദൈവത്തോട് അടുക്കാൻ ആളുകളെ സഹായിക്കുന്നതിന് മതം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായിരിക്കണം. അല്ലാതെ, കുറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതിയാകുന്നില്ല. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല. നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന ഇതാണ്: അനാഥർക്കും വിധവമാർക്കും കഷ്ടതകൾ ഉണ്ടാകുമ്പോൾ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.” (യാക്കോബ് 1:26, 27; അടിക്കുറിപ്പ്) ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ, “പവിത്രമായ മതം” എന്നാണു ശുദ്ധവും നിർമലവും ആയ ആരാധനയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
a ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവത്തിന്റെ പേര് യഹോവ എന്നാണ്.

