വിവരങ്ങള്‍ കാണിക്കുക

എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?

എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?

ബൈബി​ളി​ന്റെ ഉത്തരം

 അല്ല. “പണമാണ്‌ എല്ലാ തിന്മക​ളു​ടെ​യും അടിസ്ഥാ​നം” എന്നു പൊതു​വെ പറയാ​റുണ്ട്‌. എന്നാൽ പണം തിന്മയാ​ണെ​ന്നോ എല്ലാ പ്രശ്‌ന​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​കാ​രണം പണമാ​ണെ​ന്നോ ബൈബിൾ പറയു​ന്നില്ല. മറിച്ച്‌, “എല്ലാ തിന്മക​ളു​ടെ​യും തായ്‌വേര്‌ ധനമോ​ഹ​മാ​കു​ന്നു a എന്നാണു ബൈബിൾ പറയു​ന്നത്‌.—1 തിമൊ​ഥെ​യൊസ്‌ 6:10, സത്യവേദ പുസ്‌തകം, ആധുനിക വിവർത്തനം.

 പണത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

 ജ്ഞാന​ത്തോ​ടെ പണം ഉപയോ​ഗി​ച്ചാൽ അതു നമുക്കു പ്രയോ​ജനം ചെയ്യു​മെ​ന്നും അത്‌ ഒരു ‘സംരക്ഷണം’ ആണെന്നു​പോ​ലും ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 7:12) ഉദാര​മാ​യി മറ്റുള്ള​വരെ സഹായി​ക്കു​ന്ന​വരെ ബൈബിൾ അഭിന​ന്ദിച്ച്‌ സംസാ​രി​ക്കു​ന്നു. അതിൽ സാമ്പത്തിക സഹായ​വും ഉൾപ്പെ​ടു​ന്നു. —സുഭാ​ഷി​തങ്ങൾ 11:25.

 എന്നാൽ ജീവി​ത​ത്തി​ലെ മുഖ്യ​ല​ക്ഷ്യം പണം സമ്പാദി​ക്കുക എന്നതാ​യി​രി​ക്ക​രുത്‌ എന്ന മുന്നറി​യി​പ്പു ബൈബിൾ തരുന്നു. “നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തിപ്പെടുക.” (എബ്രായർ 13:5) പാഠം ഇതാണ്‌: പണത്തെ അതിന്റെ സ്ഥാനത്തു നിർത്തുക, സമ്പത്ത്‌ ഉണ്ടാക്കുക എന്നതാ​യി​രി​ക്ക​രുത്‌ നിങ്ങളു​ടെ പ്രധാന ലക്ഷ്യം. ആവശ്യ​മുള്ള കാര്യ​ങ്ങൾകൊണ്ട്‌ തൃപ്‌തി​പ്പെ​ടാൻ നമ്മൾ പഠിക്കണം. ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിവ​പോ​ലുള്ള കാര്യ​ങ്ങൾകൊണ്ട്‌.—1 തിമൊ​ഥെ​യൊസ്‌ 6:8.

 പണസ്‌നേ​ഹ​ത്തിന്‌ എതിരെ ബൈബിൾ മുന്നറി​യി​പ്പു തരുന്നത്‌ എന്തു​കൊണ്ട്‌?

 അത്യാ​ഗ്ര​ഹി​കൾ നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കില്ല. (എഫെസ്യർ 5:5) അതിന്റെ ഒരു കാരണം അത്യാ​ഗ്രഹം വിഗ്ര​ഹാ​രാ​ധ​ന​യു​ടെ അല്ലെങ്കിൽ വ്യാജാ​രാ​ധ​ന​യു​ടെ മറ്റൊരു രൂപമാണ്‌. (കൊ​ലോ​സ്യർ 3:5) മറ്റൊരു കാരണം ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ സ്വന്തമാ​ക്കാൻ ശ്രമി​ക്കു​മ്പോൾ അത്യാ​ഗ്ര​ഹി​യായ വ്യക്തികൾ മൂല്യങ്ങൾ കാറ്റിൽ പറത്തുന്നു. “സമ്പന്നനാ​കാൻ തിടുക്കം കൂട്ടു​ന്ന​വന്റെ നിഷ്‌ക​ളങ്കത പൊയ്‌പോ​കും” എന്ന്‌ സുഭാ​ഷി​തങ്ങൾ 28:20 പറയുന്നു. പണസ്‌നേഹം കൂടി​യാൽ പലരും അന്യാ​യ​മാ​യി പണം സമ്പാദി​ക്കാ​നും അതി​ക്ര​മങ്ങൾ കാട്ടാ​നും തട്ടിപ്പും വെട്ടി​പ്പും നടത്താ​നും ഭീഷണി​പ്പെ​ടു​ത്തി പണം കൈക്ക​ലാ​ക്കാ​നും ആളുകളെ തട്ടി​ക്കൊ​ണ്ടു​പോ​കാ​നും കൊല്ലാൻ പോലും ശ്രമി​ച്ചേ​ക്കാം.

 പണസ്‌നേ​ഹം ഇപ്പറഞ്ഞ​തു​പോ​ലുള്ള മോശം പെരു​മാ​റ്റ​ത്തി​ലേക്കു നയിച്ചി​ല്ലെ​ങ്കിൽ പോലും അതിനു മറ്റു പല പ്രശ്‌ന​ങ്ങ​ളും വരുത്താൻ കഴിയും. ബൈബിൾ പറയുന്നു: “ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണി​യി​ലും വീഴു​ക​യും . . . ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.”—1 തിമൊ​ഥെ​യൊസ്‌ 6:9.

 പണത്തെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന ഉപദേ​ശ​ത്തിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

 പണത്തി​നു​വേ​ണ്ടി, മനസ്സാ​ക്ഷി​ക്കു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​ക​യോ ദൈവ​മു​മ്പാ​കെ ശരിയ​ല്ലാത്ത എന്തെങ്കി​ലും ചെയ്യു​ക​യോ ആണെങ്കിൽ നമുക്ക്‌ ആത്മാഭി​മാ​നം നഷ്ടപ്പെ​ടും. ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും പിന്തു​ണ​യും നമുക്ക്‌ ഉണ്ടാകില്ല. ആത്മാർഥ​മാ​യി തന്നെ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോ​ടു ദൈവം ഇങ്ങനെ പറയുന്നു: “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.” (എബ്രായർ 13:5, 6) ദൈവം ഇങ്ങനെ​യൊ​രു ഉറപ്പും കൂടെ തരുന്നു: “വിശ്വ​സ്‌ത​നായ മനുഷ്യന്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും.”—സുഭാ​ഷി​തങ്ങൾ 28:20.

a ഈ വാക്യത്തെ ഇങ്ങനെ​യും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളു​ടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌.”