എന്താണ് പെസഹ?
ബൈബിളിന്റെ ഉത്തരം
ബി.സി. 1513-ൽ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ദൈവം ഇസ്രായേല്യരെ വിടുവിച്ചതിന്റെ ഓർമ ജൂതന്മാർ ആഘോഷിച്ചിരുന്നു. അതായിരുന്നു പെസഹ. ഈ പ്രധാനപ്പെട്ട ചടങ്ങ് ഒരോ വർഷവും ജൂത മാസമായ ആബീബ് മാസത്തിന്റെ 14-ാം തീയതി ആചരിക്കാൻ ദൈവം ഇസ്രായേല്യരോട് കല്പിച്ചു. പിന്നീട് ആബീബ് മാസം നീസാൻ എന്ന് വിളിക്കപ്പെട്ടു.—പുറപ്പാട് 12:42; ലേവ്യ 23:5.
പെസഹ എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
ഈജിപ്തിലെ എല്ലാ ആദ്യജാതന്മാരെയും കൊന്ന സന്ദർഭത്തിൽ ഇസ്രായേല്യരെ ദൈവം അതിൽനിന്ന് ഒഴിവാക്കിയ ആ സമയത്തെ കുറിക്കുന്നതാണ് “പെസഹ” എന്ന വാക്ക്. (പുറപ്പാട് 12:27; 13:15) വിനാശകരമായ ആ ബാധ വരുത്തുന്നതിനു മുമ്പ്, ദൈവം ഇസ്രായേല്യരോട് അവരുടെ വാതിലിന്റെ മേൽപ്പടിയിൽ അറുക്കപ്പെട്ട ചെമ്മരിയാടിന്റെയോ കോലാടിന്റെയോ രക്തം തളിക്കാൻ പറഞ്ഞു. (പുറപ്പാട് 12:21, 22, അടിക്കുറിപ്പ്) “പെസഹ” എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കടന്നുപോകൽ’ എന്നാണ്. രക്തം തളിച്ചിരുന്ന വീടുകളെല്ലാം ദൈവം ‘ഒഴിവാക്കി കടന്നുപോയി,’ അവിടെയുള്ള ആദ്യജാതന്മാരെ സംരക്ഷിച്ചു.—പുറപ്പാട് 12:7, 13.
ബൈബിൾകാലങ്ങളിൽ എങ്ങനെയായിരുന്നു പെസഹ ആചരിച്ചിരുന്നത്?
ആദ്യത്തെ പെസഹ a എങ്ങനെ ആചരിക്കണമെന്നു ദൈവം ഇസ്രായേല്യർക്കു നിർദേശങ്ങൾ കൊടുത്തിരുന്നു. പെസഹയുടെ ചില പ്രത്യേകതകളെക്കുറിച്ച് ബൈബിളിൽനിന്ന് മനസ്സിലാക്കാം. അവയിൽ ചിലതാണ് താഴെ കൊടുത്തിരിക്കുന്നത്.
ബലി: ഓരോ കുടുംബവും ഒരു വയസ്സു പ്രായമുള്ള ചെമ്മരിയാടിനെയോ കോലാടിനെയോ ആബീബ് (നീസാൻ) മാസം പത്താം തീയതി തിരഞ്ഞെടുക്കും. എന്നിട്ട്, പതിനാലാം ദിവസം അതിനെ അറുക്കും. ആദ്യത്തെ പെസഹ ആചരണത്തിൽ, ജൂതന്മാർ ആടിന്റെ രക്തം കുറച്ചെടുത്ത് വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിച്ചു. ആട്ടിൻകുട്ടിയെ മുഴുവനായി ചുട്ടെടുത്ത് ഭക്ഷിച്ചു.—പുറപ്പാട് 12:3-9.
ഭക്ഷണം: ചെമ്മരിയാടിനോ കോലാടിനോ പുറമെ, ഇസ്രായേല്യർ പുളിപ്പില്ലാത്ത അപ്പവും കയ്പുചീരയും പെസഹാഭക്ഷണത്തിന്റെ ഭാഗമായി കഴിച്ചിരുന്നു.—പുറപ്പാട് 12:8.
ഉത്സവം: പെസഹയ്ക്കു ശേഷം ഏഴു ദിവസം അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിച്ചു. ആ സമയത്ത് അവർ പുളിപ്പിച്ച അപ്പം കഴിച്ചിരുന്നില്ല.—പുറപ്പാട് 12:17-20; 2 ദിനവൃത്താന്തം 30:21.
പഠനം: ദൈവമായ യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ പെസഹ ആചരണകാലം ഉപയോഗിച്ചു.—പുറപ്പാട് 12:25-27.
യാത്ര: പിൽക്കാലത്ത്, ഇസ്രായേല്യർ പെസഹ ആചരിക്കാൻ യരുശലേമിലേക്കു യാത്ര ചെയ്യുമായിരുന്നു.—ആവർത്തനം 16:5-7; ലൂക്കോസ് 2:41.
മറ്റ് ചിലത്: യേശുവിന്റെ നാളുകളിൽ പെസഹ ആഘോഷത്തിൽ വീഞ്ഞ് ഉപയോഗിച്ചിരുന്നു. കൂടാതെ, ഗീതങ്ങളും ആലപിക്കുമായിരുന്നു.—മത്തായി 26:19, 30; ലൂക്കോസ് 22:15-18.
പെസഹയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ഇസ്രായേല്യർ പെസഹാഭക്ഷണം കഴിച്ചതു നീസാൻ 15-ാം തീയതിയാണ്.
വസ്തുത: നീസാൻ 14-ാം തീയതി സൂര്യാസ്തമയത്തിനു ശേഷം ആടിനെ അറുത്ത് ആ രാത്രിതന്നെ ഭക്ഷിക്കാൻ ദൈവം ഇസ്രായേല്യരോടു കല്പിച്ചു. (പുറപ്പാട് 12:6, 8) ഇസ്രായേല്യർ ദിവസം കണക്കാക്കിയിരുന്നത് സൂര്യാസ്തമയം മുതൽ സൂര്യാസ്തമയം വരെയായിരുന്നു. (ലേവ്യ 23:32) അതുകൊണ്ട് ഇസ്രായേല്യർ നീസാൻ 14-ാം തീയതിയുടെ തുടക്കത്തിൽത്തന്നെ ആടിനെ അറുത്ത് പെസഹാഭക്ഷണം കഴിച്ചിരുന്നു.
തെറ്റിദ്ധാരണ: ക്രിസ്ത്യാനികൾ പെസഹ ആഘോഷിക്കണം.
വസ്തുത: എ.ഡി. 33 നീസാൻ 14-ാം തീയതി, പെസഹ ആഘോഷിച്ചതിനു ശേഷം യേശു ഒരു പുതിയ ആചരണം ഏർപ്പെടുത്തി, കർത്താവിന്റെ അത്താഴം. (ലൂക്കോസ് 22:19, 20; 1 കൊരിന്ത്യർ 11:20) ഈ പുതിയ ആചരണം “പെസഹാക്കുഞ്ഞാടായ ക്രിസ്തു”വിന്റെ ബലിയുടെ ഓർമ ആചരണമാണ്. ഇത് പെസഹ ആചരണം അവസാനിപ്പിച്ചു. (1 കൊരിന്ത്യർ 5:7) യേശുവിന്റെ ബലിമരണം പെസഹാബലിയെക്കാൾ ശ്രേഷ്ഠമാണ്. കാരണം, ഇത് മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് വിടുവിക്കുന്നു.—മത്തായി 20:28; എബ്രായർ 9:15.
a കാലം കടന്നുപോയപ്പോൾ ചില ഭേദഗതികൾ വരുത്തേണ്ടിവന്നു. ഉദാഹരണത്തിന്, ഇസ്രായേല്യർ ആദ്യത്തെ പെസഹ ആചരിച്ചത് “ധൃതിയിൽ” ആയിരുന്നു. കാരണം, ഏതു നിമിഷവും അവർ ഈജിപ്ത് വിട്ട് പോകേണ്ടിവരുമായിരുന്നു. (പുറപ്പാട് 12:11) എന്നാൽ വാഗ്ദത്തദേശത്ത് എത്തിക്കഴിഞ്ഞപ്പോൾ അവർക്കു ധൃതിയിൽ അത് ആചരിക്കേണ്ടിയിരുന്നില്ല.

