വിവരങ്ങള്‍ കാണിക്കുക

എന്താണ്‌ പുനരു​ത്ഥാ​നം?

എന്താണ്‌ പുനരു​ത്ഥാ​നം?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളിൽ “പുനരു​ത്ഥാ​നം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അനസ്‌താ​സിസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “എഴു​ന്നേൽപ്പി​ക്കുക” എന്നോ “എഴു​ന്നേ​റ്റു​നിൽക്കുക” എന്നോ ആണ്‌. പുനരു​ത്ഥാ​ന​പ്പെ​ടുന്ന അഥവാ ഉയിർത്തെ​ഴു​ന്നേൽക്കുന്ന ഒരാൾ മരണത്തിൽനിന്ന്‌ എഴു​ന്നേ​റ്റു​വ​രു​ക​യാണ്‌. അയാൾക്കു ജീവൻ തിരി​ച്ചു​കി​ട്ടു​ന്നു. മുമ്പ്‌ ആരായി​രു​ന്നോ അതേ വ്യക്തി​യാ​യി​ട്ടാ​യി​രി​ക്കും അയാൾ തിരി​ച്ചു​വ​രു​ന്നത്‌.—1 കൊരി​ന്ത്യർ 15:12, 13.

 “പുനരു​ത്ഥാ​നം” എന്ന വാക്ക്‌ അങ്ങനെ​തന്നെ പഴയനി​യമം എന്ന്‌ അറിയ​പ്പെ​ടുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലില്ല. എങ്കിലും ആ വാക്കി​ലൂ​ടെ ബൈബിൾ നമ്മളെ പഠിപ്പി​ക്കാൻ ഉദ്ദേശി​ക്കുന്ന ആശയം അവി​ടെ​യും കാണാം. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ ഹോ​ശേ​യ​യി​ലൂ​ടെ ദൈവം ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “ശവക്കു​ഴി​യു​ടെ പിടി​യിൽനിന്ന്‌ ഞാൻ എന്റെ ജനത്തെ മോചി​പ്പി​ക്കും. മരണത്തിൽനിന്ന്‌ ഞാൻ അവരെ വീണ്ടെ​ടു​ക്കും.”—ഹോശേയ 13:14; ഇയ്യോബ്‌ 14:13-15; യശയ്യ 26:19; ദാനി​യേൽ 12:2, 13.

 എവി​ടേ​ക്കാ​യി​രി​ക്കും ആളുകൾ പുനരു​ത്ഥാ​ന​പ്പെ​ടുക? ചിലർ പുനരു​ത്ഥാ​ന​പ്പെ​ടു​ന്നത്‌ സ്വർഗ​ത്തി​ലേ​ക്കാ​യി​രി​ക്കും. അവർ അവിടെ ക്രിസ്‌തു​വി​ന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കും. (2 കൊരി​ന്ത്യർ 5:1; വെളി​പാട്‌ 5:9, 10) ഈ പുനരു​ത്ഥാ​നത്തെ ബൈബിൾ ‘ഒന്നാമത്തെ പുനരു​ത്ഥാ​നം’ എന്നും ‘നേരത്തേ നടക്കുന്ന പുനരു​ത്ഥാ​നം’ എന്നും വിളി​ക്കു​ന്നുണ്ട്‌. (വെളി​പാട്‌ 20:6; ഫിലി​പ്പി​യർ 3:11) അതിന്റെ അർഥം അതിനു ശേഷം മറ്റൊരു പുനരു​ത്ഥാ​നം നടക്കു​മെ​ന്നാണ്‌. രണ്ടാമത്‌ നടക്കുന്ന ആ പുനരു​ത്ഥാ​നം ഭൂമി​യിൽ ജീവി​ക്കാ​നു​ള്ള​വ​രു​ടെ പുനരു​ത്ഥാ​ന​മാണ്‌. മരിച്ച​വ​രിൽ ബഹുഭൂ​രി​പ​ക്ഷം​പേ​രും പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്നത്‌ ഭൂമി​യി​ലേ​ക്കാ​യി​രി​ക്കും.—സങ്കീർത്തനം 37:29.

 എങ്ങനെ​യാ​യി​രി​ക്കും ആളുകൾ പുനരു​ത്ഥാ​ന​പ്പെ​ടുക? മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള അധികാ​ര​വും ശക്തിയും ദൈവം യേശു​വിന്‌ കൊടു​ക്കും. (യോഹ​ന്നാൻ 11:25) ‘സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവർക്കും’ യേശു ജീവൻ തിരി​ച്ചു​കൊ​ടു​ക്കും. അവർക്ക്‌ ഓരോ​രു​ത്തർക്കും അവരുടെ വ്യക്തി​ത്വ​സ​വി​ശേ​ഷ​ത​ക​ളും ഓർമ​ക​ളും എല്ലാം തിരി​ച്ചു​കി​ട്ടും. (യോഹ​ന്നാൻ 5:28, 29) സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വർക്ക്‌ ആത്മശരീ​ര​മാ​യി​രി​ക്കും കിട്ടു​ന്നത്‌. ഭൂമി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വർക്ക്‌ രോഗ​മോ വൈക​ല്യ​ങ്ങ​ളോ ഒന്നുമി​ല്ലാത്ത നല്ല ആരോ​ഗ്യ​മുള്ള മനുഷ്യ​ശ​രീ​രം കിട്ടും.—യശയ്യ 33:24; 35:5, 6; 1 കൊരി​ന്ത്യർ 15:42-44, 50.

 ആരൊക്കെ പുനരു​ത്ഥാ​ന​പ്പെ​ടും? ബൈബിൾ പറയു​ന്നത്‌, ‘നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും’ എന്നാണ്‌. (പ്രവൃ​ത്തി​കൾ 24:15) ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രായ ആളുക​ളാണ്‌ നീതി​മാ​ന്മാർ. നോഹ​യെ​യും സാറ​യെ​യും അബ്രാ​ഹാ​മി​നെ​യും ഒക്കെ​പ്പോ​ലെ. (ഉൽപത്തി 6:9; എബ്രായർ 11:11; യാക്കോബ്‌ 2:21) ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അറിയാ​നോ അനുസ​രി​ക്കാ​നോ അവസരം കിട്ടാതെ മരിച്ചു​പോ​യ​വ​രാണ്‌ നീതി​കെ​ട്ടവർ.

 എന്നാൽ മാറ്റം​വ​രു​ത്താൻ കൂട്ടാ​ക്കാത്ത അങ്ങേയറ്റം ദുഷ്ടരായ ആളുകൾ പുനരു​ത്ഥാ​ന​പ്പെ​ടില്ല. അങ്ങനെ​യു​ള്ളവർ മരിക്കു​മ്പോൾ അവർ എന്നെ​ന്നേ​ക്കു​മാ​യി ഇല്ലാതാ​കു​ന്നു. പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ അവർക്ക്‌ ഒരിക്ക​ലും ജീവൻ തിരി​ച്ചു​കി​ട്ടില്ല.—മത്തായി 23:33; എബ്രായർ 10:26, 27.

 എപ്പോ​ഴാ​യി​രി​ക്കും പുനരു​ത്ഥാ​നം നടക്കുക? സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​നം നടക്കു​ന്നത്‌ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ല​ത്താ​ണെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അത്‌ 1914-ൽ തുടങ്ങി. (1 കൊരി​ന്ത്യർ 15:21-23) ഭൂമി​യി​ലേ​ക്കുള്ള പുനരു​ത്ഥാ​നം നടക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വി​ന്റെ ആയിരം​വർഷത്തെ ഭരണത്തി​ന്റെ സമയത്താ​യി​രി​ക്കും. അന്ന്‌ ഭൂമി മുഴു​വ​നും ഒരു പറുദീ​സ​യാ​യി​ത്തീ​രും.—ലൂക്കോസ്‌ 23:43; വെളി​പാട്‌ 20:6, 12, 13.

 പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാൻ ന്യായ​മായ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌? ഒമ്പതു പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദ​മായ വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. ആ പുനരു​ത്ഥാ​ന​ങ്ങ​ളെ​ല്ലാം നേരിൽ കണ്ട ആളുക​ളു​മുണ്ട്‌. (1 രാജാ​ക്ക​ന്മാർ 17:17-24; 2 രാജാ​ക്ക​ന്മാർ 4:32-37; 13:20, 21; ലൂക്കോസ്‌ 7:11-17; 8:40-56; യോഹ​ന്നാൻ 11:38-44; പ്രവൃ​ത്തി​കൾ 9:36-42; പ്രവൃ​ത്തി​കൾ 20:7-12; 1 കൊരി​ന്ത്യർ 15:3-6) അക്കൂട്ട​ത്തിൽ യേശു ലാസറി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തിയ സംഭവം എടുത്തു​പ​റ​യേണ്ട ഒന്നുത​ന്നെ​യാണ്‌. മരിച്ചിട്ട്‌ നാലു ദിവസ​മായ ലാസറി​നെ​യാണ്‌ യേശു ഉയിർപ്പി​ച്ചത്‌. മാത്രമല്ല, ഒരുപാ​ടു പേരുടെ മുമ്പിൽവെ​ച്ചാണ്‌ യേശു ആ അത്ഭുതം പ്രവർത്തി​ച്ചത്‌. (യോഹ​ന്നാൻ 11:39, 42) അങ്ങനെ​യൊ​രു അത്ഭുതം നടന്ന കാര്യം യേശു​വി​നെ എതിർത്തി​രു​ന്ന​വർക്കു​പോ​ലും നിഷേ​ധി​ക്കാ​നാ​യില്ല. അതു​കൊ​ണ്ടാണ്‌ യേശു​വി​നെ കൊല്ലുന്ന കൂട്ടത്തിൽ ലാസറി​നെ​യും കൂടെ കൊല്ലാൻ അവർ പദ്ധതി​യി​ട്ടത്‌.—യോഹ​ന്നാൻ 11:47, 53; 12:9-11.

 മരിച്ച​വ​രെ ഉയിർപ്പി​ക്കാ​നുള്ള ആഗ്രഹ​വും കഴിവും ദൈവ​ത്തി​നു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു. താൻ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ ഉദ്ദേശി​ക്കുന്ന ഓരോ വ്യക്തി​യെ​യും കുറി​ച്ചുള്ള എല്ലാ വിശദാം​ശ​ങ്ങ​ളും ദൈവം തന്റെ പരിധി​യി​ല്ലാത്ത ഓർമ​യിൽ സൂക്ഷി​ക്കു​ന്നു. തന്റെ അപാര​മായ ശക്തി ഉപയോ​ഗിച്ച്‌ ദൈവം അവരെ​യെ​ല്ലാം പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും. (ഇയ്യോബ്‌ 37:23; മത്തായി 10:30; ലൂക്കോസ്‌ 20:37, 38) ദൈവ​ത്തിന്‌ മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള കഴിവും ശക്തിയും ഉണ്ടെന്നു മാത്രമല്ല അങ്ങനെ ചെയ്യാൻ ദൈവം ആഗ്രഹി​ക്കു​ന്നു​മുണ്ട്‌! മരിച്ച​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള ദൈവ​ത്തി​ന്റെ ആഗ്രഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അങ്ങയുടെ കൈകൾ രൂപം നൽകി​യ​വയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.”—ഇയ്യോബ്‌ 14:15.

പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: മരിക്കു​മ്പോൾ വേർപെ​ട്ടു​പോയ ആത്മാവ്‌ വീണ്ടും ശരീര​വു​മാ​യി ഒന്നിക്കു​ന്ന​താണ്‌ പുനരു​ത്ഥാ​നം.

 സത്യം: ഒരാൾ മരിക്കു​മ്പോൾ അയാൾ ഇല്ലാതാ​കു​ന്നു എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. മരണത്തി​നു ശേഷം പിന്നെ​യും ജീവി​ക്കുന്ന ഒരു ആത്മാവില്ല. (സഭാ​പ്ര​സം​ഗകൻ 9:5, 10) അതു​കൊ​ണ്ടു​തന്നെ മരിക്കു​മ്പോൾ വേർപെ​ട്ടു​പോയ ആത്മാവ്‌ വീണ്ടും ശരീര​വു​മാ​യി ഒന്നിക്കു​ന്ന​താണ്‌ പുനരു​ത്ഥാ​നം എന്നു പറയാൻപ​റ്റില്ല. പുനരു​ത്ഥാ​ന​പ്പെ​ടുന്ന ഒരു വ്യക്തിയെ ദൈവം വീണ്ടും സൃഷ്ടി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌.

 തെറ്റി​ദ്ധാ​രണ: ചിലരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യിട്ട്‌ അപ്പോൾത്തന്നെ നശിപ്പി​ച്ചു​ക​ള​യും.

 സത്യം: ‘മോശ​മായ കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​നം’ കിട്ടു​മെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. (യോഹ​ന്നാൻ 5:29) എന്നാൽ അവരെ ന്യായം വിധിക്കുന്നത്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​ന്ന​തി​നു ശേഷം അവർ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. അല്ലാതെ മരിക്കു​ന്ന​തിന്‌ മുമ്പ്‌ ചെയ്‌ത കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലല്ല. യേശു പറഞ്ഞു: “മരിച്ചവർ ദൈവ​പു​ത്രന്റെ ശബ്ദം കേൾക്കു​ക​യും കേട്ടനു​സ​രി​ക്കു​ന്നവർ ജീവി​ക്കു​ക​യും ചെയ്യുന്ന സമയം വരുന്നു.” (യോഹ​ന്നാൻ 5:25) പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​ന്ന​തി​നു ശേഷം പഠിക്കുന്ന കാര്യങ്ങൾ ‘അനുസ​രി​ക്കു​ന്ന​വ​രു​ടെ’ പേരുകൾ ‘ജീവന്റെ ചുരു​ളിൽ’ രേഖ​പ്പെ​ടു​ത്തും.—വെളി​പാട്‌ 20:12, 13.

 തെറ്റി​ദ്ധാ​രണ: പുനരു​ത്ഥാ​ന​പ്പെ​ടുന്ന ഒരു വ്യക്തിക്ക്‌ അയാൾ മരിക്കു​ന്ന​തി​നു മുമ്പു​ണ്ടാ​യി​രുന്ന അതേ ശരീര​മാ​യി​രി​ക്കും കിട്ടു​ന്നത്‌.

 സത്യം: മരണ​ശേഷം ഒരു വ്യക്തി​യു​ടെ ശരീരം ജീർണിച്ച്‌ ഇല്ലാതാ​യി​പ്പോ​കു​ന്നു.—സഭാ​പ്ര​സം​ഗകൻ 3:19, 20.