എനിക്ക് എന്തിനെല്ലാംവേണ്ടി പ്രാർഥിക്കാം?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന്റെ വ്യവസ്ഥകൾക്കു ചേർച്ചയിൽ എന്ത് ആവശ്യങ്ങൾക്കായും നമുക്കു പ്രാർഥിക്കാം എന്നു ബൈബിൾ പറയുന്നു. “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും.” (1 യോഹന്നാൻ 5:14) നമ്മുടെ വ്യക്തിപരമായ ഉത്കണ്ഠകളെക്കുറിച്ച് നമുക്കു പ്രാർഥിക്കാമോ? തീർച്ചയായും. ബൈബിൾ പറയുന്നു: “ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!”—സങ്കീർത്തനം 62:8.
പ്രാർഥനയിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ
ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻവേണ്ടി.—ലൂക്കോസ് 17:5.
നല്ല കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിനുവേണ്ടി അഥവാ ദൈവത്തിന്റെ ചലനാത്മകശക്തിക്കുവേണ്ടി.—ലൂക്കോസ് 11:13.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും പ്രലോഭനം ചെറുക്കാനും ഉള്ള ശക്തിക്കുവേണ്ടി.—ഫിലിപ്പിയർ 4:13.
മനസ്സമാധാനത്തിനും ശാന്തതയ്ക്കും വേണ്ടി.—ഫിലിപ്പിയർ 4:6, 7.
നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനുവേണ്ടി.—യാക്കോബ് 1:5.
ഓരോ ദിവസത്തെയും ആവശ്യങ്ങൾക്കുവേണ്ടി.—മത്തായി 6:11.
തെറ്റുകൾ ക്ഷമിച്ചുകിട്ടാൻവേണ്ടി.—മത്തായി 6:12.