വിവരങ്ങള്‍ കാണിക്കുക

“ആൽഫയും ഒമേഗ​യും” ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

“ആൽഫയും ഒമേഗ​യും” ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 സർവശ​ക്ത​നാ​യ ദൈവ​മായ യഹോ​വ​യെ​യാണ്‌ “ആൽഫയും ഒമേഗ​യും സൂചി​പ്പി​ക്കു​ന്നത്‌. ഈ പദപ്ര​യോ​ഗം ബൈബി​ളിൽ മൂന്നു തവണ വരുന്നുണ്ട്‌.—വെളി​പാട്‌ 1:8; 21:6; 22:13. a

ദൈവം തന്നെത്തന്നെ“ആൽഫയും ഒമേഗ​യും എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 വെളി​പാട്‌ പുസ്‌ത​ക​വും ‘പുതിയ നിയമ​ത്തി​ലെ’ മറ്റു പുസ്‌ത​ക​ങ്ങ​ളും എഴുതി​യത്‌ ഗ്രീക്ക്‌ ഭാഷയി​ലാ​യി​രു​ന്നു. ഗ്രീക്ക്‌ അക്ഷരമാ​ല​യി​ലെ ആദ്യ​ത്തെ​യും അവസാ​ന​ത്തെ​യും അക്ഷരങ്ങ​ളാണ്‌ ആൽഫയും ഒമേഗ​യും. അതു​കൊണ്ട്‌ യഹോവ മാത്ര​മാണ്‌ തുടക്ക​വും ഒടുക്ക​വും എന്നു ചിത്രീ​ക​രി​ക്കാ​നാണ്‌ ഈ അക്ഷരങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (വെളി​പാട്‌ 21:6) അനന്ത ഭൂതകാ​ലം​മു​തൽ യഹോവ മാത്ര​മാണ്‌ സർവശക്തൻ, ഇനി എന്നു​മെ​ന്നേ​ക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും. ‘നിത്യ​ത​മു​തൽ നിത്യ​ത​വ​രെ​യുള്ള’ ഒരേ ഒരാൾ യഹോവ മാത്ര​മാണ്‌.—സങ്കീർത്തനം 90:2.

ആരാണ്‌ “ആദ്യനും അന്ത്യനും?”

 ബൈബി​ളിൽ ഈ പദങ്ങൾ ദൈവ​മായ യഹോ​വ​യെ​യും പുത്ര​നായ യേശു​വി​നെ​യും സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌, എന്നാൽ വ്യത്യസ്‌ത അർഥങ്ങ​ളിൽ. രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം.

  •   യശയ്യ 44:6-ൽ (സത്യ​വേ​ദ​പു​സ്‌തകം) യഹോവ പറയുന്നു: “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാ​തെ ഒരു ദൈവവുമില്ല.” യഹോ​വ​യാണ്‌ എന്നെന്നും സത്യ​ദൈ​വ​മെ​ന്നും ഇതു​പോ​ലെ മറ്റൊരു ദൈവ​വു​മി​ല്ലെ​ന്നും ആണ്‌ യഹോവ ഇവിടെ പറയു​ന്നത്‌. (ആവർത്തനം 4:35, 39) അതു​കൊണ്ട്‌ ഇവിടെ “ആദ്യനും അന്ത്യനും” എന്ന പദപ്ര​യോ​ഗ​ത്തിന്‌ “ആൽഫയും ഒമേഗ​യും എന്നതിന്റെ അതേ അർഥമാണ്‌.

  •   കൂടാതെ, വെളി​പാട്‌ 1:17, 18; 2:8 എന്നീ വാക്യ​ങ്ങ​ളിൽ “ആദ്യനും (പ്രോ​ട്ടോസ്‌, ആൽഫയല്ല) അന്ത്യനും (എസ്‌ക്ക​റ്റോസ്‌, ഒമേഗയല്ല)” എന്ന പദപ്ര​യോ​ഗം കാണു​ന്നുണ്ട്‌. മരിച്ചിട്ട്‌ ജീവനി​ലേക്കു വന്ന ഒരാ​ളെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്ന​തെന്നു പശ്ചാത്ത​ല​ത്തിൽനിന്ന്‌ വ്യക്തമാണ്‌. അതു​കൊണ്ട്‌ ഈ വാക്യങ്ങൾ ദൈവ​ത്തെ​ക്കു​റി​ച്ചല്ല പറയു​ന്നത്‌. കാരണം ദൈവം ഒരിക്ക​ലും മരിച്ചി​ട്ടില്ല. (ഹബക്കൂക്ക്‌ 1:12) എന്നാൽ യേശു മരിക്കു​ക​യും ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്‌. (പ്രവൃ​ത്തി​കൾ 3:13-15) അമർത്യ​നായ ആത്മവ്യ​ക്തി​യാ​യി സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട ആദ്യത്തെ മനുഷ്യൻ (‘ആദ്യൻ’) യേശു​വാണ്‌. യേശു ഇനി “എന്നു​മെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കും.” (വെളി​പാട്‌ 1:18; കൊ​ലോ​സ്യർ 1:18) അതിനു ശേഷമുള്ള എല്ലാ പുനരു​ത്ഥാ​ന​ങ്ങ​ളും യേശു​വി​ലൂ​ടെ​യാണ്‌ നടന്നത്‌. (യോഹ​ന്നാൻ 6:40, 44) അതു​കൊണ്ട്‌ യഹോവ നേരിട്ട്‌ ഉയിർപ്പിച്ച അവസാ​നത്തെ മനുഷ്യ​നും (‘അന്ത്യൻ’) യേശു​ത​ന്നെ​യാണ്‌. (പ്രവൃ​ത്തി​കൾ 10:40) ഈ അർഥത്തിൽ യേശു​വി​നെ “ആദ്യനും അന്ത്യനും” എന്നു വിളി​ക്കാ​നാ​കും.

വെളി​പാട്‌ 22:13 യേശു​വാണ്‌ “ആൽഫയും ഒമേഗ​യും” എന്ന്‌ തെളി​യി​ക്കു​ന്നു​ണ്ടോ?

 ഇല്ല. വെളി​പാട്‌ 22:13-ലേത്‌ ആരുടെ വാക്കു​ക​ളാ​ണെന്ന്‌ വ്യക്തമല്ല. ആ അധ്യാ​യ​ത്തി​ലു​ട​നീ​ളം പലരു​ടെ​യും സംഭാ​ഷണം കാണാം. വെളി​പാ​ടി​ലെ ഈ ഭാഗ​ത്തെ​ക്കു​റിച്ച്‌ പ്രൊ​ഫ​സ്സ​റായ വില്യം ബാർക്ലെ ഇങ്ങനെ എഴുതി: “കാര്യങ്ങൾ പ്രത്യേക ക്രമത്തി​ലൊ​ന്നു​മല്ല എഴുതി​യി​രി​ക്കു​ന്നത്‌. . . . മിക്ക​പ്പോ​ഴും ആരാണ്‌ സംസാ​രി​ക്കു​ന്ന​തെന്ന്‌ ഉറപ്പിച്ച്‌ പറയാ​നും ബുദ്ധി​മു​ട്ടാണ്‌.” [യോഹന്നാന്റെ വെളി​പാട്‌ (ഇംഗ്ലീഷ്‌) വാല്യം 2, പരിഷ്‌ക​രിച്ച പതിപ്പ്‌, പേജ്‌ 223] അതു​കൊണ്ട്‌ വെളി​പാട്‌ 22:13-ലെ “ആൽഫയും ഒമേഗ​യും” വെളി​പാ​ടി​ന്റെ മറ്റു ഭാഗങ്ങ​ളിൽ ഈ വിശേ​ഷണം നൽകി​യി​രി​ക്കുന്ന അതേ വ്യക്തി​യെ​ത്ത​ന്നെ​യാ​യി​രി​ക്കണം സൂചി​പ്പി​ക്കു​ന്നത്‌, അതായത്‌ ദൈവ​മായ യഹോ​വയെ.

a ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ വെളി​പാട്‌ 1:11-ൽ ഇത്‌ നാലാ​മ​തൊ​രു തവണയും വരുന്നുണ്ട്‌. എന്നാൽ പുരാതന ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ അത്‌ ഇല്ലായി​രു​ന്നു, അതു പിന്നീട്‌ കൂട്ടി​ച്ചേർത്ത​താണ്‌. അതു​കൊ​ണ്ടു​തന്നെ മിക്ക ആധുനിക പരിഭാ​ഷ​ക​ളും ഇത്‌ ഒഴിവാ​ക്കി​യി​ട്ടുണ്ട്‌.