എന്തായിരുന്നു ആദിപാപം?
ബൈബിളിന്റെ ഉത്തരം
ആദാമും ഹവ്വയും ആയിരുന്നു പാപം ചെയ്ത ആദ്യത്തെ മനുഷ്യർ. “ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്” തിന്നുകൊണ്ട് അവർ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. ഇതിനെയാണ് ഇന്നു പലരും ആദിപാപം a എന്നു വിളിക്കുന്നത്. (ഉൽപത്തി 2:16, 17; 3:6; റോമർ 5:19) ആ മരത്തിലെ പഴം ആദാമും ഹവ്വയും കഴിക്കാൻ പാടില്ലായിരുന്നു. കാരണം അതു ദൈവത്തിന്റെ അധികാരത്തെ, അതായത് ശരിയും തെറ്റും ഏതാണെന്നു തീരുമാനിക്കാനുള്ള, ദൈവത്തിന്റെ അവകാശത്തെയാണു സൂചിപ്പിച്ചിരുന്നത്. ആദാമും ഹവ്വയും ആ മരത്തിലെ പഴം കഴിച്ചപ്പോൾ, ശരിയും തെറ്റും ഞങ്ങൾതന്നെ തീരുമാനിച്ചോളാം എന്നാണു ഫലത്തിൽ അവർ ദൈവത്തോടു പറഞ്ഞത്. ഇങ്ങനെ അവർ ദൈവത്തിന്റെ അധികാരത്തെ തള്ളിക്കളഞ്ഞു.
“ആദിപാപം” ആദാമിനെയും ഹവ്വയെയും ബാധിച്ചത് എങ്ങനെ?
പാപം ചെയ്തതുകൊണ്ട് ആദാമും ഹവ്വയും വയസ്സുചെന്ന് മരിച്ചു. ദൈവവുമായുള്ള സൗഹൃദവും നല്ല ആരോഗ്യത്തോടെ എന്നെന്നും ജീവിക്കാനുള്ള അവസരവും ആണ് അവർ നഷ്ടപ്പെടുത്തിയത്.—ഉൽപത്തി 3:19.
“ആദിപാപം” നമ്മളെ ബാധിക്കുന്നത് എങ്ങനെ?
ആദാമും ഹവ്വയും അവരുടെ പാപപൂർണമായ അവസ്ഥ മക്കൾക്കും കൈമാറി. അത് മക്കൾക്കു മാതാപിതാക്കളിൽനിന്ന് ജനിതക തകരാറുകൾ കൈമാറി കിട്ടുന്നതുപോലെയായിരുന്നു. (റോമർ 5:12) അങ്ങനെ എല്ലാ മനുഷ്യരും “പാപത്തിൽ” b ജനിക്കാൻ ഇടയായി.—സങ്കീർത്തനം 51:5; എഫെസ്യർ 2:3.
അങ്ങനെ കൈമാറികിട്ടിയ പാപം അഥവാ അപൂർണത കാരണം നമ്മൾ രോഗികളാകുകയും വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നു. (റോമർ 6:23) കൂടാതെ നമ്മൾ നമ്മുടെതന്നെ തെറ്റുകളുടെയും മറ്റുള്ളവർ വരുത്തുന്ന തെറ്റുകളുടെയും പരിണതഫലം അനുഭവിക്കേണ്ടിവരുന്നു.—സഭാപ്രസംഗകൻ 8:9; യാക്കോബ് 3:2.
“ആദിപാപം”—അതിന്റെ ഫലങ്ങളിൽനിന്ന് നമുക്ക് മോചനമുണ്ടോ?
ഉണ്ട്. “നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി” യേശു മരിച്ചു എന്നാണ് ബൈബിൾ പറയുന്നത്. (1 യോഹന്നാൻ 4:10, അടിക്കുറിപ്പ്.) യേശുവിന്റെ ബലി പാപത്തിന്റെ പരിണതഫലത്തിൽനിന്ന് നമ്മളെ മോചിപ്പിക്കുന്നു. കൂടാതെ ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയ, ആരോഗ്യത്തോടെ എന്നേക്കും ജീവിക്കാനുള്ള അവസരവും അതു തുറന്നുതരുന്നു.—യോഹന്നാൻ 3:16. c
“ആദിപാപം”—തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ആദിപാപം കാരണം നമുക്ക് ഇനി ഒരിക്കലും ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിയില്ല.
വസ്തുത: ആദാമും ഹവ്വയും ചെയ്ത പാപത്തിനു ദൈവം നമ്മളെ കുറ്റപ്പെടുത്തുന്നില്ല. നമ്മൾ അപൂർണരാണെന്നു ദൈവത്തിനു അറിയാം. അതുകൊണ്ട് നമ്മൾക്കു ചെയ്യാൻ കഴിയുന്നതിലധികമായി നമ്മളിൽനിന്ന് ഒന്നും ദൈവം പ്രതീക്ഷിക്കില്ല. (സങ്കീർത്തനം 103:14) പാപത്തിന്റെ പരിണതഫലം നാം അനുഭവിക്കുന്നുണ്ടെങ്കിലും ദൈവവുമായി ഒരു അടുത്ത സൗഹൃദം ആസ്വദിക്കാനുള്ള അവസരം നമുക്കുണ്ട്.—സുഭാഷിതങ്ങൾ 3:32.
തെറ്റിദ്ധാരണ: സ്നാനപ്പെട്ടാൽ ആദിപാപത്തിൽനിന്ന് മോചനം കിട്ടും. അതുകൊണ്ട് ശിശുക്കളെ സ്നാനപ്പെടുത്തണം.
വസ്തുത: രക്ഷനേടുന്നതിനു സ്നാനം ഒരു പ്രധാനപ്പെട്ട പടിയാണ്. എങ്കിലും ഒരു വ്യക്തിയെ പാപത്തിൽനിന്ന് ശുദ്ധനാക്കുന്നത് യേശുവിന്റെ ബലിയിലുള്ള വിശ്വാസമാണ്. (1 പത്രോസ് 3:21; 1 യോഹന്നാൻ 1:7) അങ്ങനെയുള്ള വിശ്വാസത്തിനു ആദ്യം ശരിയായ അറിവ് നേടണം. ശിശുക്കൾക്ക് അതിനു കഴിയില്ലല്ലോ? അതുകൊണ്ട് ശിശുസ്നാനത്തെ ബൈബിൾ അംഗീകരിക്കുന്നില്ല. ആദിമകാല ക്രിസ്ത്യാനികൾക്കിടയിൽ അതു വ്യക്തമായിരുന്നു. അവർ സ്നാനപ്പെടുത്തിയതു ശിശുക്കളെ ആയിരുന്നില്ല. ദൈവവചനത്തിൽ വിശ്വാസമുണ്ടായിരുന്ന വിശ്വാസികളായ “പുരുഷന്മാരെയും സ്ത്രീകളെയും” ആയിരുന്നു.—പ്രവൃത്തികൾ 2:41; 8:12.
തെറ്റിദ്ധാരണ: ഹവ്വ ആദ്യം വിലക്കപ്പെട്ട കനി കഴിച്ചതുകൊണ്ട് ദൈവം സ്ത്രീകളെ ശപിച്ചു.
വസ്തുത: ദൈവം ശപിച്ചതു സ്ത്രീകളെയല്ല, ഹവ്വയെ തെറ്റുചെയ്യാൻ പ്രേരിപ്പിച്ച “പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ” ആണ്. (വെളിപാട് 12:9; ഉൽപത്തി 3:14) മാത്രമല്ല, ആദിപാപത്തിന്റെ പ്രധാന ഉത്തരവാദിയായി ദൈവം കണ്ടത് ആദ്യമനുഷ്യനായ ആദാമിനെയാണ്, അല്ലാതെ ഹവ്വയെയല്ല.—റോമർ 5:12.
ആദാം ഭാര്യയെ ഭരിക്കുമെന്നു ദൈവം പറഞ്ഞത് എന്തുകൊണ്ട്? (ഉൽപത്തി 3:16) അങ്ങനെയൊരു പ്രസ്താവന നടത്തിയതിലൂടെ ദൈവം അത്തരം പെരുമാറ്റത്തെ ന്യായീകരിക്കുകയായിരുന്നില്ല. പാപത്തിന്റെ ദുഃഖകരമായ പരിണതഫലത്തെക്കുറിച്ച് ദൈവം പറയുകയായിരുന്നു. ഭാര്യയെ സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് ദൈവം പുരുഷന്മാരിൽനിന്ന് ആവശ്യപ്പെടുന്നത്. കൂടാതെ സ്ത്രീകൾക്ക് ആഴമായ ബഹുമാനം കൊടുക്കാനും ദൈവം പ്രതീക്ഷിക്കുന്നു.—എഫെസ്യർ 5:25; 1 പത്രോസ് 3:7.
തെറ്റിദ്ധാരണ: ലൈംഗിക ബന്ധമായിരുന്നു ആദിപാപം.
വസ്തുത: ആദിപാപം ലൈംഗിക ബന്ധമായിരുന്നില്ല എന്നു പിൻവരുന്ന കാരണങ്ങൾ വ്യക്തമാക്കുന്നു:
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത് എന്ന് ദൈവം ആദാമിനോടു പറഞ്ഞത് ആദാം ഏകനായിരുന്ന സമയത്തായിരുന്നു. —ഉൽപത്തി 2:17, 18.
‘സന്താനസമൃദ്ധിയുള്ളവരായി പെരുകാൻ’ ദൈവമാണ് ആദാമിനോടും ഹവ്വയോടും പറഞ്ഞത്. (ഉൽപത്തി 1:28) ദൈവം പറഞ്ഞ ഒരു കാര്യം ചെയ്തതിന്റെ പേരിൽ ദൈവംതന്നെ ആദ്യ ദമ്പതികളെ ശിക്ഷിച്ചാൽ അതു അവരോടു കാണിക്കുന്ന ക്രൂരതയാകുമായിരുന്നു.
ആദാമും ഹവ്വയും വെവ്വേറെയാണ് പാപം ചെയ്തത്. ആദ്യം ഹവ്വ പാപം ചെയ്തു, പിന്നീട് ആദാമും.—ഉൽപത്തി 3:6.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബൈബിൾ അംഗീകരിക്കുന്നു.—സുഭാഷിതങ്ങൾ 5:18, 19; 1 കൊരിന്ത്യർ 7:3.
a “ആദിപാപം” എന്ന പ്രയോഗം ബൈബിളിലില്ല. സാത്താൻ ഹവ്വയോടു പറഞ്ഞ നുണയും അവന്റെ വഞ്ചനനിറഞ്ഞ സംസാരവും ആണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ പാപം.—ഉൽപത്തി 3:4, 5; യോഹന്നാൻ 8:44.
b ബൈബിളിൽ “പാപം” എന്ന പദം, തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിനെ മാത്രമല്ല കുറിക്കുന്നത്. അപൂർണമായ അല്ലെങ്കിൽ പാപപൂർണമായ അവസ്ഥ അവകാശമാക്കിയതിനെയും കുറിക്കുന്നു.
c യേശുവിന്റെ ബലിയെക്കുറിച്ചും നമുക്ക് അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാം എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ ““യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ” എന്ന ലേഖനം കാണുക.