വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

അൽപ്പം സ്വകാ​ര്യ​ത കിട്ടാൻ ഞാൻ എന്തു ചെയ്യണം?

അൽപ്പം സ്വകാ​ര്യ​ത കിട്ടാൻ ഞാൻ എന്തു ചെയ്യണം?

 മാതാ​പി​താ​ക്കൾ എന്തിനാണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌?

 നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യു​ന്നത്‌ എന്നാണ്‌ മാതാ​പി​താ​ക്കൾ പറയു​ന്നത്‌. പക്ഷേ അതു നിങ്ങളു​ടെ സ്വകാ​ര്യ​ത​യി​ലേ​ക്കു​ള്ള ഒരു കടന്നു​ക​യ​റ്റ​മാ​യി നിങ്ങൾക്കു തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌:

  •   കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള എറിൻ പറയുന്നു: “പപ്പ എന്റെ ഫോൺ എടുക്കും, പാസ്‌വേഡ്‌ ചോദി​ക്കും, എന്റെ മെസ്സേ​ജു​ക​ളെ​ല്ലാം നോക്കും. അതു തടയാൻ ശ്രമി​ച്ചാൽ ഞാൻ എന്തോ മറയ്‌ക്കു​ന്ന​താ​യി പപ്പ ചിന്തി​ക്കും.”

  •   20-കളുടെ തുടക്ക​ത്തി​ലാ​യി​രി​ക്കുന്ന ഡെൻസി അവളുടെ ഫോൺബിൽ അമ്മ സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തി​യ​തി​നെ​ക്കു​റിച്ച്‌ ഓർമി​ക്കു​ന്നു. അവൾ പറയുന്നു: “ഓരോ നമ്പറും ആരു​ടെ​യാ​ണെ​ന്നും ആ വ്യക്തി എന്തിനാണ്‌ വിളി​ച്ച​തെ​ന്നും എന്താണ്‌ സംസാ​രി​ച്ച​തെ​ന്നും അമ്മ എന്നോടു ചോദി​ക്കു​മാ​യി​രു​ന്നു.”

  •   അമ്മ തന്റെ ഡയറി എടുത്ത്‌ വായി​ച്ച​തി​നെ​ക്കു​റിച്ച്‌ കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള കെയ്‌ല പറയുന്നു: “എന്റെ പല തോന്ന​ലു​ക​ളും ഞാൻ അതിൽ എഴുതി​യി​രു​ന്നു. അമ്മയെ​ക്കു​റി​ച്ചും ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ സംഭവ​ത്തി​നു ശേഷം ഡയറി എഴുതു​ന്നത്‌ ഞാൻ നിറുത്തി.”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങളു​ടെ ക്ഷേമം ഉറപ്പു​വ​രു​ത്തു​ക എന്നതു മാതാ​പി​താ​ക്ക​ളു​ടെ കടമയാണ്‌. ആ ഉത്തരവാ​ദി​ത്വം അവർ എങ്ങനെ നിർവ​ഹി​ക്കു​ന്നു എന്നത്‌ നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തി​ലല്ല. ചില സമയങ്ങ​ളിൽ അവർ അതിരു കടക്കു​ന്നു​ണ്ടോ? ഒരുപക്ഷേ ഉണ്ടാകാം. എന്നാൽ അവർ അതിരു കടക്കുന്നു എന്ന തോന്നൽ കുറയ്‌ക്കാൻ നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാ​നാ​കും എന്നതാണ്‌ സന്തോ​ഷ​ക​ര​മാ​യ കാര്യം.

 നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

 തുറന്ന്‌ ഇടപെ​ടു​ക. “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ” ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എബ്രായർ 13:18) മാതാ​പി​താ​ക്ക​ളോട്‌ ഇടപെ​ടു​മ്പോ​ഴും അങ്ങനെ​യാ​യി​രി​ക്കാൻ ശ്രമി​ക്കു​ക. നിങ്ങൾ എത്ര​ത്തോ​ളം സത്യസ​ന്ധ​രും തുറന്ന്‌ ഇടപെ​ടു​ന്ന​വ​രും ആണോ അത്ര​ത്തോ​ളം സ്വകാ​ര്യ​ത അവർ നിങ്ങൾക്ക്‌ അനുവ​ദി​ച്ചു​ത​രും.

 ചിന്തി​ക്കാൻ: വിശ്വ​സ്‌ത​ത​യു​ടെ കാര്യ​ത്തിൽ നിങ്ങളു​ടെ റെക്കോർഡ്‌ എങ്ങനെ​യു​ള്ള​താണ്‌? മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കു​ന്ന സമയത്തി​നു​ള്ളിൽ നിങ്ങൾ വീട്ടി​ലെ​ത്താ​റു​ണ്ടോ, അതോ ആ കാര്യ​ത്തിൽ അലസത കാണി​ക്കു​ന്നു​ണ്ടോ? സുഹൃ​ത്തു​ക്കൾ ആരൊ​ക്കെ​യാ​ണെന്ന്‌ മറച്ചു​പി​ടി​ക്കാ​റു​ണ്ടോ? തന്ത്രപൂർവ​മാ​ണോ നിങ്ങൾ കാര്യങ്ങൾ ചെയ്യു​ന്നത്‌?

“മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാൻ ഞാൻ പല വിട്ടു​വീ​ഴ്‌ച​ക​ളും ചെയ്യണം. എന്റെ ജീവി​ത​ത്തിൽ നടക്കുന്ന എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവരോ​ടു തുറന്നു​സം​സാ​രി​ക്കും. അവർക്ക്‌ അറി​യേ​ണ്ട​തെ​ല്ലാം ഞാൻ പറയും. അതു​കൊ​ണ്ടു​ത​ന്നെ അവർ എന്നെ വിശ്വ​സി​ക്കു​ക​യും ആവശ്യ​മാ​യ സ്വകാ​ര്യ​ത അനുവ​ദി​ക്കു​ക​യും ചെയ്യുന്നു.”—ഡെലിയ.

 ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തു​ക.” (2 കൊരി​ന്ത്യർ 13:5) വിശ്വ​സ്‌ത​ത​യു​ടെ ഒരു നല്ല രേഖ ഉണ്ടാക്കി​യെ​ടു​ക്കാൻ തീർച്ച​യാ​യും സമയ​മെ​ടു​ക്കും. പക്ഷേ അതു തക്ക മൂല്യ​മു​ള്ള​താണ്‌.

 ചിന്തി​ക്കാൻ: മാതാ​പി​താ​ക്ക​ളും നിങ്ങളു​ടെ പ്രായം കടന്നു​വ​ന്ന​വ​രാണ്‌. അവർ നിങ്ങളു​ടെ ജീവി​ത​ത്തിൽ താത്‌പ​ര്യം കാണി​ക്കു​ന്ന​തി​ന്റെ ഒരു പ്രധാന കാരണം മനസ്സി​ലാ​ക്കാൻ അതു നിങ്ങളെ സഹായി​ക്കു​ന്നു​ണ്ടോ?

 “മാതാ​പി​താ​ക്കൾ അവർ ചെയ്‌ത തെറ്റുകൾ ഇപ്പോ​ഴും ഓർക്കു​ക​യും കൗമാ​ര​ത്തി​ലു​ള്ള തങ്ങളുടെ മക്കൾ അതേ തെറ്റുകൾ ആവർത്തി​ക്ക​രു​തെന്ന്‌ ചിന്തി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെ​ന്നാണ്‌ എനിക്ക്‌ തോന്നു​ന്നത്‌.”ഡാനി​യേൽ.

 സമാനു​ഭാ​വ​മു​ള്ള​വ​രാ​യി​രി​ക്കുക. മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനത്തു​നിന്ന്‌ ചിന്തി​ക്കു​ക. കാര്യ​പ്രാ​പ്‌തി​യു​ള്ള ഒരു ഭാര്യ ‘വീട്ടി​ലു​ള്ള​വർ ചെയ്യു​ന്ന​തെ​ല്ലാം നിരീ​ക്ഷി​ക്കു​ന്നു’ എന്നും ഒരു നല്ല പിതാവ്‌ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും” മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. (സുഭാ​ഷി​ത​ങ്ങൾ 31:27; എഫെസ്യർ 6:4) ഇതിനാ​യി നിങ്ങളു​ടെ ജീവി​ത​ത്തിൽ ഇടപെ​ടു​ക എന്നതല്ലാ​തെ മാതാ​പി​താ​ക്കൾക്കു മറ്റൊരു എളുപ്പ​വ​ഴി​യു​മി​ല്ല.

 ചിന്തി​ക്കാൻ: കൗമാ​ര​ക്കാ​രെ​ക്കു​റിച്ച്‌ ശരിക്ക്‌ അറിയാ​വു​ന്ന ഒരു മാതാ​വോ പിതാ​വോ ആണ്‌ നിങ്ങ​ളെ​ന്നു കരുതുക. എങ്കിൽ യാതൊ​രു നിയ​ന്ത്ര​ണ​വും വെക്കാതെ എല്ലാ കാര്യ​ത്തി​ലും നിങ്ങൾ മകനോ മകൾക്കോ സ്വകാ​ര്യ​ത അനുവ​ദി​ച്ചു​കൊ​ടു​ക്കു​മോ?

“കൗമാ​ര​ത്തി​ലാ​യി​രി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾ നിങ്ങളു​ടെ സ്വകാ​ര്യ​ത​യിൽ ‘കടന്നു​ക​യ​റു​ക​യാ​ണെന്ന്‌’ തോന്നി​യേ​ക്കാം. എന്നാൽ ഇപ്പോൾ മുതിർന്നു​ക​ഴി​ഞ്ഞ​പ്പോൾ മാതാ​പി​താ​ക്കൾ അങ്ങനെ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എനിക്ക്‌ മനസ്സി​ലാ​കു​ന്നുണ്ട്‌. അത്‌ അവരുടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌.”—ജെയിംസ്‌.