യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ സൈബർ ഗുണ്ടായിസത്തിന് ഇരയായാൽ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ഇന്റർനെറ്റ്, സൈബർ ഗുണ്ടായിസം എളുപ്പമാക്കിയിരിക്കുന്നു. “സൈബർ ഗുണ്ടായിസം ചെയ്യുന്നവരെ നേരിട്ട് കാണാനോ അവർ ആരാണെന്ന് അറിയാനോ കഴിയാത്തതുകൊണ്ട് നല്ല കുട്ടികൾപോലും ഈ നീചമായ പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നു” എന്ന് സൈബർ സേഫ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ചില ആളുകൾ ഇതിന് ഇരകളാകാൻ സാധ്യത കൂടുതലാണ്. ഒതുങ്ങിക്കൂടുന്ന പ്രകൃതമുള്ളവർ, വ്യത്യസ്തരായി കാണപ്പെടുന്നവർ, ആത്മാഭിമാനമില്ലാത്തവർ ഒക്കെയാണ് കൂടുതലും ഇതിന്റെ ഇരകൾ.
ഇരകളാകുന്നവർ ഗുരുതരമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്നു. ഇങ്ങനെയുള്ളവർക്ക് ഏകാന്തതയും വിഷാദവും തോന്നാൻ ഇടയുണ്ട്. ചിലർ ഇതു മൂലം ആത്മഹത്യ ചെയ്തിരിക്കുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ആദ്യം നിങ്ങളോടുതന്നെ ചോദിക്കുക: ‘ഇതു ശരിക്കും ഗുണ്ടായിസമാണോ?’ ചിലപ്പോൾ ആളുകളുടെ സംസാരം നമ്മളെ വേദനിപ്പിച്ചേക്കാം. പക്ഷേ, അവർ കരുതിക്കൂട്ടി അങ്ങനെ പറഞ്ഞതായിരിക്കില്ല. അങ്ങനെ സംഭവിക്കുമ്പോൾ ബൈബിളിന്റെ ജ്ഞാനപൂർവകമായ ഉപദേശം നമുക്ക് അനുസരിക്കാം:
“പെട്ടെന്നു നീരസപ്പെടരുത്. നീരസം വിഡ്ഢിയുടെ ലക്ഷണമല്ലോ?”—സഭാപ്രസംഗകൻ 7:9, അടിക്കുറിപ്പ്.
എന്നാൽ, ആരെങ്കിലും നിങ്ങളെ ഇന്റർനെറ്റിലൂടെ മനഃപൂർവം ശല്യം ചെയ്യുകയോ നാണംകെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ഗുണ്ടായിസം.
നിങ്ങൾ ഇതിന് ഇരയാണെങ്കിൽ ഓർക്കുക: നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് കാര്യം കൂടുതൽ മെച്ചപ്പെടാനോ വഷളാകാനോ ഇടയാക്കിയേക്കാം. പിൻവരുന്ന ഒന്നുരണ്ടു നിർദേശങ്ങൾ പരീക്ഷിച്ചുനോക്കുക.
കണ്ടില്ലെന്നു നടിക്കുക. ബൈബിൾ പറയുന്നു: “അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു; വകതിരിവുള്ളവൻ ശാന്തത പാലിക്കും.”—സുഭാഷിതങ്ങൾ 17:27.
ഈ ഉപദേശം നടപ്പിലാക്കാൻ കഴിയും എന്നതിന്റെ ഒരു കാരണം: “സൈബർ ഗുണ്ടകളുടെ പ്രധാനലക്ഷ്യം ഇരയെ ദേഷ്യം പിടിപ്പിക്കുക എന്നതാണ്. അങ്ങനെ ക്ഷമ നശിച്ച് ഇര തിരിച്ചടിക്കുമ്പോൾ വാസ്തവത്തിൽ ഗുണ്ടയ്ക്ക് ആയുധം വെച്ച് കീഴടങ്ങുന്നതുപോലെയാണ്” എന്ന് നാൻസി വില്യാർഡ് എന്ന എഴുത്തുകാരി സൈബർ ഗുണ്ടായിസത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ (Cyberbullying and Cyberthreats) പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ: ചിലപ്പോൾ മൗനം ഒരു നല്ല മറുപടിയാണ്.
പകരം വീട്ടാനുള്ള പ്രവണതയെ ചെറുക്കുക. ബൈബിൾ പറയുന്നു: ‘ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യരുത്.’—1 പത്രോസ് 3:9.
ഈ ഉപദേശം നടപ്പിലാക്കാൻ കഴിയും എന്നതിന്റെ ഒരു കാരണം: “ദേഷ്യം കാണിക്കുന്നത് മണ്ടത്തരമാണ്. കാരണം കൂടുതൽ ഉപദ്രവിക്കാൻ അത് അവരെ പ്രേരിപ്പിക്കും” എന്ന് സൈബർ സുരക്ഷയെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. തിരിച്ചടിക്കുമ്പോൾ ആ പ്രശ്നത്തിന് നിങ്ങളും അയാളെപ്പോലെതന്നെ കാരണക്കാരനാകുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ: എരിതീയിൽ എണ്ണ ഒഴിക്കരുത്.
മുൻകൈയെടുത്ത് പ്രവർത്തിക്കുക: ബൈബിൾ പറയുന്നു: “തിന്മ നിങ്ങളെ കീഴ്പെടുത്താൻ അനുവദിക്കരുത്.” (റോമർ 12:21) സാഹചര്യം കൂടുതൽ വഷളാക്കാതെതന്നെ സൈബർ ഗുണ്ടായിസം അവസാനിപ്പിക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയും.
ഉദാഹരണത്തിന്:
സൈബർ ഗുണ്ട അയയ്ക്കുന്ന മെസ്സേജ് ബ്ലോക്ക് ചെയ്യുക. “വായിക്കാത്ത കാര്യങ്ങൾ നിങ്ങളെ മുറിപ്പെടുത്തില്ല,” എന്ന് സൈബർ ലോകത്തിലെ ചതിക്കുഴികളെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു.
എല്ലാ തെളിവുകളും സൂക്ഷിച്ചു വെക്കുക, അവ വായിക്കുന്നില്ലെങ്കിൽപ്പോലും. അതിൽ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയയിലോ ബ്ലോഗുകളിലോ വരുന്ന പോസ്റ്റുകൾ, വോയ്സ് മെസ്സേജ് എന്നിവ ഉൾപ്പെടും.
സൈബർ ഗുണ്ടയോട് ഇത്തരം പ്രവർത്തനങ്ങൾ നിറുത്താൻ പറഞ്ഞ് സന്ദേശങ്ങൾ അയയ്ക്കുക. അത്തരം സന്ദേശത്തിൽ നിങ്ങളുടെ വെറുപ്പോ ദേഷ്യമോ സങ്കടമോ ഒന്നും പ്രകടമാക്കാതെ ധൈര്യത്തോടെ അത് ചെയ്യുക. ഇതുപോലെ:
“ഇനി എനിക്ക് മെസ്സേജ് അയയ്ക്കരുത്.”
“പോസ്റ്റ് ചെയ്തിരിക്കുന്നത് പെട്ടെന്ന് മാറ്റുക.”
“ഇത് നിറുത്താൻ ഉദ്ദേശ്യമില്ലെങ്കിൽ അത് നിറുത്താനുള്ള മറ്റു വഴികൾ എനിക്കു നോക്കേണ്ടി വരും.”
നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക. നിങ്ങളുടെ കുറവുകളിലല്ല, നിങ്ങൾക്കുള്ള കരുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (2 കൊരിന്ത്യർ 11:6) ശരിക്കുള്ള ഗുണ്ടകളെപ്പോലെ സൈബർ ഗുണ്ടകളും ദുർബലരായവരെയാണ് അവരുടെ ഇരകളാക്കുന്നത്.
മുതിർന്ന ഒരാളോടു പറയുക. ആദ്യം മാതാപിതാക്കളോടു പറയുക. നിങ്ങളെ ശല്യപ്പെടുത്തുന്ന വ്യക്തി ഉപയോഗിക്കുന്ന വെബ്സൈറ്റ് അധികൃതരോടോ സർവീസ് പ്രൊവൈഡറോടോ പരാതി ബോധിപ്പിക്കാനാകും. സാഹചര്യം കുറച്ചു കൂടി കടുപ്പമുള്ളതാണെങ്കിൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും ഇക്കാര്യം സ്കൂളിലോ പോലീസിലോ അറിയിക്കണം. ഇനി വേണമെങ്കിൽ നിയമ നടപടികളിലേക്കും നീങ്ങാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ: സൈബർ ഗുണ്ട നിങ്ങളെ ഭീഷണിപ്പെടുത്തുന്നത് നിറുത്താൻ അല്ലെങ്കിൽ അയാൾ ശല്യം ചെയ്യുന്നത് കുറയ്ക്കാനെങ്കിലും നിങ്ങൾ എടുക്കുന്ന നടപടികളിലൂടെ കഴിയും.