വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

മനസ്സാ​ക്ഷി​യെ എനിക്ക്‌ എങ്ങനെ പരിശീലിപ്പിക്കാം?

 നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ ഏതി​നോട്‌ ഉപമി​ക്കാം?

 •   വടക്കു​നോ​ക്കി​യ​ന്ത്രം

 •   കണ്ണാടി

 •   സുഹൃത്ത്‌

 •   ജഡ്‌ജി

 നാലി​നോ​ടും ഉപമി​ക്കാം. അത്‌ എങ്ങനെ​യാ​ണെന്ന്‌ അറിയാൻ തുടർന്ന്‌ വായിക്കൂ.

 എന്താണു മനസ്സാക്ഷി?

 ശരിയും തെറ്റും തിരി​ച്ച​റി​യാൻ നമുക്കുള്ള അവബോ​ധ​മാ​ണു മനസ്സാക്ഷി. ‘നിയമ​ത്തി​ലു​ള്ളത്‌ ഹൃദയ​ങ്ങ​ളിൽ എഴുത​പ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌’ ബൈബിൾ പറയുന്നു. (റോമർ 2:15) ചെയ്യാൻ പോകുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചോ ചെയ്‌തു​ക​ഴിഞ്ഞ ഒരു കാര്യ​ത്തെ​ക്കു​റി​ച്ചോ ശരിയാ​യി വിലയി​രു​ത്താൻ നല്ല മനസ്സാക്ഷി നമ്മളെ സഹായി​ക്കു​ന്നു.

 •   നിങ്ങളു​ടെ മനസ്സാക്ഷി ഒരു വടക്കു​നോ​ക്കി​യ​ന്ത്രം​പോ​ലെ​യാണ്‌. അതു ശരിയായ ദിശ കാണി​ച്ചു​ത​രും, അപ്പോൾ നിങ്ങൾക്കു പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​നാ​കും.

 •   നിങ്ങളു​ടെ മനസ്സാക്ഷി ഒരു കണ്ണാടി​പോ​ലെ​യാണ്‌. അതു നിങ്ങളു​ടെ ധാർമി​ക​നി​ല​വാ​രം വെളി​പ്പെ​ടു​ത്തും. നിങ്ങൾ അകമേ എങ്ങനെ​യുള്ള ആളാ​ണെന്നു തിരി​ച്ച​റി​യി​ക്കും.

 •   നിങ്ങളു​ടെ മനസ്സാക്ഷി ഒരു സുഹൃ​ത്തി​നെ​പ്പോ​ലെ​യാണ്‌. ശ്രദ്ധി​ച്ചാൽ നമുക്കു നല്ല ഉപദേശം കിട്ടും, വിജയി​ക്കാ​നും കഴിയും.

 •   നിങ്ങളു​ടെ മനസ്സാക്ഷി ഒരു ജഡ്‌ജി​യെ​പ്പോ​ലെ​യാണ്‌. തെറ്റായ കാര്യങ്ങൾ ചെയ്‌താൽ അതു ചൂണ്ടി​ക്കാ​ണി​ക്കും.

നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നല്ല മനസ്സാക്ഷി നിങ്ങളെ സഹായി​ക്കും

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: (1) നല്ല തീരു​മാ​ന​മെ​ടു​ക്കാ​നും (2) തെറ്റു തിരു​ത്താ​നും മനസ്സാക്ഷി കൂടിയേ തീരൂ.

 മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 “എപ്പോ​ഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 പത്രോസ്‌ 3:16) പക്ഷേ പരിശീ​ലി​പ്പി​ച്ചി​ല്ലെ​ങ്കിൽ അതു ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

 “ഞാൻ എവി​ടെ​പ്പോ​യെന്ന കാര്യം അച്ഛനോ​ടും അമ്മയോ​ടും പറയി​ല്ലാ​യി​രു​ന്നു, അതു രഹസ്യ​മാ​ക്കി​വെ​ക്കും. ആദ്യ​മൊ​ക്കെ എന്റെ മനസ്സാക്ഷി കുത്തു​മാ​യി​രു​ന്നു. പിന്നെ​പ്പി​ന്നെ എനിക്ക്‌ അങ്ങനെ തോന്നാ​താ​യി.”—ജെനിഫർ.

 പിന്നീട്‌ ജെനിഫർ മാറ്റം വരുത്തി. മാതാ​പി​താ​ക്കളെ വഞ്ചിക്കാ​തെ കാര്യങ്ങൾ തുറന്നു​പ​റ​യാൻ ജെനി​ഫ​റി​ന്റെ മനസ്സാക്ഷി പ്രേരി​പ്പി​ച്ചു.

 ചിന്തി​ക്കാ​നാ​യി: ശരിക്കും എപ്പോ​ഴാ​യി​രു​ന്നു ജെനിഫർ മനസ്സാ​ക്ഷി​ക്കു ചെവി​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്നത്‌?

 “ഇരട്ടജീ​വി​തം നയിക്കു​ന്നതു ജീവിതം ബുദ്ധി​മു​ട്ടു​ള്ള​താ​ക്കും. ഒരിക്കൽ തെറ്റായ തീരു​മാ​ന​മെ​ടു​ക്കാൻ മനസ്സാക്ഷി നിങ്ങളെ അനുവ​ദി​ച്ചാൽ പിന്നീട്‌ അങ്ങോട്ട്‌ തെറ്റായ തീരു​മാ​ന​മെ​ടു​ക്കാൻ ഒരു മടിയും തോന്നില്ല.”—മാത്യു.

 ചിലയാ​ളു​കൾ മനസ്സാ​ക്ഷിക്ക്‌ ഒരു വിലയും കൊടു​ക്കാ​റില്ല. ‘അവർക്കു സദാചാ​ര​ബോ​ധം തീർത്തും നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു’ എന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 4:19) പരിശുദ്ധ ബൈബിൾ, ഈസി- റ്റു-റീഡ്‌ വേർഷൻ അതിനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “അവർക്കു ലജ്ജ നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു” എന്നാണ്‌.

 ചിന്തി​ക്കാ​നാ​യി: തെറ്റായ കാര്യങ്ങൾ ചെയ്യു​മ്പോൾ യാതൊ​രു മനസ്സാ​ക്ഷി​ക്കു​ത്തും തോന്നാത്ത ആളുക​ളു​ടെ ജീവിതം നല്ലതാ​ണെ​ന്നാ​ണോ? അവർക്ക്‌ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകും?

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നല്ലൊരു മനസ്സാക്ഷി നിങ്ങൾക്കു വേണ​മെ​ങ്കിൽ ‘ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി വിവേ​ച​നാ​പ്രാ​പ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പി​ക്കണം.’—എബ്രായർ 5:14.

 മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

 മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യ​വും നല്ല നിലവാ​ര​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കണം. പക്ഷേ നല്ല നിലവാ​രങ്ങൾ എവിടെ കണ്ടെത്താം? ചിലർ നോക്കു​ന്നത്‌:

 •   കുടും​ബം, സംസ്‌കാ​രം

 •   സമപ്രാ​യ​ക്കാർ

 •   പ്രശസ്‌ത​രായ താരങ്ങൾ

 എന്നിവ​രി​ലേ​ക്കാണ്‌. എന്നാൽ, ഇവയെ​ക്കാ​ളെ​ല്ലാം മികച്ച നിലവാ​രം വെക്കാൻ ബൈബി​ളി​നു നമ്മളെ സഹായി​ക്കാ​നാ​കും. അതിൽ ഒട്ടും അതിശ​യി​ക്കേ​ണ്ട​തില്ല. കാരണം, ബൈബിൾ “ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.” നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്നു നമ്മളെ സൃഷ്ടിച്ച ആ ദൈവ​ത്തി​നേ അറിയൂ.—2 തിമൊ​ഥെ​യൊസ്‌ 3:16.

 ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

 നിലവാ​രം: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

 •   പരീക്ഷ​യ്‌ക്കു കോപ്പി​യ​ടി​ക്കാ​നോ മാതാ​പി​താ​ക്ക​ളോ​ടു നുണ പറയാ​നോ മോഷ്ടി​ക്കാ​നോ തോന്നു​മ്പോൾ ബൈബി​ളി​ന്റെ ഈ നിലവാ​രം നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

 •   എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ മനസ്സാക്ഷി നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ ഇപ്പോ​ഴും ഭാവി​യി​ലും എങ്ങനെ പ്രയോ​ജനം ചെയ്യും?

 നിലവാ​രം: “അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കലൂ!”—1 കൊരി​ന്ത്യർ 6:18.

 •   അശ്ലീലം കാണാ​നോ വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാ​നോ തോന്നു​മ്പോൾ ബൈബി​ളി​ന്റെ ഈ നിലവാ​രം നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

 •   അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​ക​ലാൻ മനസ്സാക്ഷി നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ ഇപ്പോ​ഴും ഭാവി​യി​ലും എങ്ങനെ പ്രയോ​ജനം ചെയ്യും?

 നിലവാ​രം: ‘തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരാ​യി പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കുക.’—എഫെസ്യർ 4:32.

 •   നിങ്ങളു​ടെ കൂടപ്പി​റ​പ്പോ സുഹൃ​ത്തോ ആയി എന്തെങ്കി​ലും പ്രശ്‌നം ഉണ്ടാകു​മ്പോൾ ബൈബി​ളി​ന്റെ ഈ നിലവാ​രം നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

 •   ക്ഷമിക്കാ​നും ദയ കാണി​ക്കാ​നും മനസ്സാക്ഷി നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ ഇപ്പോ​ഴും ഭാവി​യി​ലും എങ്ങനെ പ്രയോ​ജനം ചെയ്യും?

 നിലവാ​രം: “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു.”—സങ്കീർത്തനം 11:5.

 •   സിനി​മ​ക​ളോ ടിവി പരിപാ​ടി​ക​ളോ വീഡി​യോ ഗെയി​മു​ക​ളോ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ബൈബി​ളി​ന്റെ ഈ നിലവാ​രം നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

 •   അക്രമം നിറഞ്ഞ വിനോ​ദങ്ങൾ ഒഴിവാ​ക്കാൻ മനസ്സാക്ഷി നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നെ​ങ്കിൽ അത്‌ ഇപ്പോ​ഴും ഭാവി​യി​ലും എങ്ങനെ പ്രയോ​ജനം ചെയ്യും?

 ജീവി​ത​കഥ: “എന്റെ കൂട്ടു​കാർ അക്രമം നിറഞ്ഞ വീഡി​യോ ഗെയി​മു​കൾ കളിക്കു​മാ​യി​രു​ന്നു. ഞാനും കളിക്കു​മാ​യി​രു​ന്നു. ഇനി​യൊ​രി​ക്ക​ലും അങ്ങനെ​യുള്ള ഗെയി​മു​കൾ കളിക്ക​രു​തെന്നു പപ്പ എന്നോടു പറഞ്ഞു. എന്നാൽ കൂട്ടു​കാ​രു​ടെ അടുത്ത്‌ പോകു​മ്പോൾ ഞാൻ കളിക്കു​മാ​യി​രു​ന്നു. അതു ഞാൻ വീട്ടിൽ ആരോ​ടും പറഞ്ഞില്ല. പക്ഷേ എന്റെ പപ്പ എന്നോടു ചോദി​ച്ചു: ‘നിനക്ക്‌ എന്താ പറ്റിയത്‌?’ അപ്പോൾ ഞാൻ പറഞ്ഞു: ‘ഹേയ്‌. എനിക്കു കുഴപ്പം ഒന്നുമി​ല്ല​ല്ലോ.’ ഒരു ദിവസം സങ്കീർത്തനം 11:5 വായി​ച്ച​പ്പോൾ എനിക്ക്‌ വല്ലാത്ത വിഷമം തോന്നി. ഞാൻ ഇപ്പോൾ കളിച്ചു​കൊ​ണ്ടി​രി​ക്കുന്ന വീഡി​യോ ഗെയി​മു​കൾ നിറു​ത്ത​ണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞാൻ അതു നിറുത്തി. ഞാൻ കളിക്കു​ന്നതു നിറു​ത്തി​യതു കണ്ടിട്ട്‌ എന്റെ ഒരു കൂട്ടു​കാ​ര​നും അത്തരം ഗെയി​മു​കൾ കളിക്കു​ന്നതു നിറുത്തി.”—ജെറമി.

 ചിന്തി​ക്കാ​നാ​യി: എപ്പോ​ഴാ​ണു ജെറമി​യു​ടെ മനസ്സാക്ഷി പ്രവർത്തി​ക്കാൻ തുടങ്ങി​യത്‌? മനസ്സാ​ക്ഷിക്ക്‌ എപ്പോ​ഴാ​ണു ജെറമി ശ്രദ്ധ​കൊ​ടു​ക്കാൻ തുടങ്ങി​യത്‌? ഈ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങൾ ശരിക്കും എങ്ങനെ​യുള്ള ആളാ​ണെ​ന്നും നിങ്ങളു​ടെ നിലവാ​രങ്ങൾ എന്താ​ണെ​ന്നും നിങ്ങളു​ടെ മനസ്സാക്ഷി വെളി​പ്പെ​ടു​ത്തും. നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങ​ളെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?