വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ

 “ഞാൻ ബൈബിൾ വായി​ക്കാൻ നോക്കി​യി​ട്ടുണ്ട്‌. പക്ഷേ അതിന്റെ വലുപ്പം കാണു​മ്പോൾ പേടി​തോ​ന്നും!”—ബ്രയാനാ, 15.

 നിങ്ങൾക്ക്‌ ഇങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ ഇനിയുള്ള ഭാഗം ശ്രദ്ധിച്ച്‌ വായിക്കൂ.

 ബൈബിൾ എന്തിനു വായി​ക്കണം?

 ബൈബിൾ വായി​ക്കുക എന്നു പറയു​ന്നത്‌ നിങ്ങൾക്ക്‌ ബോറാ​യി തോന്നു​ന്നു​ണ്ടോ? അങ്ങനെ​യാ​ണെ​ങ്കിൽ അത്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. ആയിര​ത്തി​ല​ധി​കം പേജു​ക​ളുള്ള, ചെറിയ അക്ഷരങ്ങൾ നിറഞ്ഞ, പടങ്ങ​ളൊ​ന്നു​മി​ല്ലാത്ത, ടിവി-യുടെ​യും വീഡി​യോ​ക​ളു​ടെ​യും അടുത്തു​പോ​ലും എത്താത്ത ഒരു പുസ്‌ത​ക​മാ​യി​ട്ടാ​യി​രി​ക്കാം നിങ്ങൾ ബൈബി​ളി​നെ കാണു​ന്നത്‌.

 എന്നാൽ ഈ വിധത്തിൽ ചിന്തി​ച്ചു​നോ​ക്കൂ: നിങ്ങൾക്ക്‌ ഒരു നിധി​പ്പെട്ടി കണ്ടു കിട്ടി​യാൽ അതിൽ എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ആകാംക്ഷ തോന്നി​ല്ലേ?

 ബൈബിൾ അതു​പോ​ലൊ​രു നിധി​പ്പെ​ട്ടി​യാണ്‌. അതിലുള്ള ജ്ഞാനത്തി​ന്റെ രത്‌നങ്ങൾ നിങ്ങളെ. . .

 •   നല്ല തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കും

 •   മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാൻ സഹായി​ക്കും

 •   നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ സഹായി​ക്കും

 •   ടെൻഷൻ മറിക​ട​ക്കാൻ സഹായി​ക്കും

 പണ്ടുകാ​ലത്ത്‌ എഴുതിയ ഈ പുസ്‌തകം നമ്മുടെ കാലത്ത്‌ ഇത്രയും പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.” (2 തിമൊ​ഥെ​യൊസ്‌ 3:16) അതായത്‌, ബൈബി​ളിൽ കാണുന്ന ഉപദേ​ശ​ങ്ങ​ളെ​ല്ലാം വന്നിരി​ക്കു​ന്നത്‌ ഏറ്റവും മികച്ച ഒരു ഉറവി​ട​ത്തിൽനി​ന്നാണ്‌.

ജ്ഞാനത്തിന്റെ അമൂല്യ​ര​ത്‌നങ്ങൾ അടങ്ങിയ ഒരു നിധി​പ്പെ​ട്ടി​യാണ്‌ ബൈബിൾ

 ബൈബിൾ എങ്ങനെ വായി​ക്കണം?

 ഒന്നാമത്തെ വിധം ആദ്യം​തൊട്ട്‌ അവസാ​നം​വരെ വായി​ക്കുക എന്നതാണ്‌. ബൈബി​ളി​ന്റെ ആകമാ​ന​സ​ന്ദേശം എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ അത്‌ സഹായി​ക്കും. ഇതിൽത്തന്നെ പല വിധങ്ങ​ളുണ്ട്‌. അതിൽ രണ്ടെണ്ണം നോക്കാം:

 •    നിങ്ങൾക്ക്‌ ഉൽപത്തി മുതൽ വെളി​പാ​ടു വരെയുള്ള 66 ബൈബിൾപു​സ്‌ത​ക​ങ്ങ​ളും അതിന്റെ ക്രമത്തിൽ വായി​ക്കാ​വു​ന്ന​താണ്‌.

 •    നിങ്ങൾക്ക്‌ ബൈബിൾ കാലാ​നു​ക്ര​മ​ത്തിൽ വായി​ക്കാ​വു​ന്ന​താണ്‌; അതായത്‌ സംഭവങ്ങൾ നടന്ന ക്രമത്തിൽ.

 നുറുങ്ങ്‌: പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അനുബന്ധം എ7-ൽ യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​ത്തി​ലെ പ്രധാ​ന​സം​ഭ​വങ്ങൾ കാലാ​നു​ക്ര​മ​ത്തിൽ കാണാ​വു​ന്ന​താണ്‌.

 രണ്ടാമത്തെ വിധം നിങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന ഒരു പ്രശ്‌ന​വു​മാ​യി ബന്ധപ്പെട്ട ഒരു ബൈബിൾഭാ​ഗം തിര​ഞ്ഞെ​ടു​ക്കുക എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌:

 •   വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന കൂട്ടു​കാ​രെ കണ്ടെത്താൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? എങ്കിൽ യോനാ​ഥാ​ന്റെ​യും ദാവീ​ദി​ന്റെ​യും ജീവി​തകഥ വായി​ക്കുക. (1 ശമുവേൽ 18 മുതൽ 20 വരെയുള്ള അധ്യാ​യങ്ങൾ) ദാവീ​ദി​ന്റെ ഏതു ഗുണങ്ങ​ളാണ്‌ യോനാ​ഥാ​നെ ദാവീ​ദി​ലേക്ക്‌ അടുപ്പി​ച്ചത്‌?

 •   പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാ​നുള്ള കഴിവ്‌ ശക്തമാ​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? എങ്കിൽ പ്രലോ​ഭ​നത്തെ ചെറു​ത്തു​നിന്ന യോ​സേ​ഫി​ന്റെ ജീവി​തകഥ വായി​ക്കുക. (ഉൽപത്തി 39-ാം അധ്യായം) പ്രലോ​ഭ​നങ്ങൾ ചെറു​ത്തു​നിൽക്കാൻ യോ​സേ​ഫിന്‌ ശക്തി ലഭിച്ചത്‌ എവി​ടെ​നി​ന്നാണ്‌?

 •   പ്രാർഥ​ന​യിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടു​മെന്ന്‌ അറിയാൻ ആഗ്രഹ​മു​ണ്ടോ? എങ്കിൽ നെഹമ്യ​യു​ടെ അനുഭവം വായി​ക്കുക. (നെഹമ്യ 2-ാം അധ്യായം) എന്നിട്ട്‌ “ദൈവം അദ്ദേഹ​ത്തി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകി” എന്ന അഭ്യാസം ഉപയോ​ഗിച്ച്‌ ഈ ബൈബിൾഭാ​ഗ​ത്തു​നിന്ന്‌ നിങ്ങൾക്ക്‌ ജീവി​ത​ത്തിൽ പകർത്താ​വുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ കണ്ടെത്തുക.

 നുറുങ്ങ്‌: ബൈബിൾ വായി​ക്കാൻ ഇരിക്കു​മ്പോൾ, ശ്രദ്ധിച്ച്‌ വായി​ക്കാൻ പറ്റുന്ന വിധത്തിൽ ചുറ്റു​പാ​ടു​കൾ ശാന്തമാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക.

 മൂന്നാ​മ​ത്തെ വിധം ഒരു വിവര​ണ​മോ സങ്കീർത്ത​ന​മോ തിര​ഞ്ഞെ​ടുത്ത്‌ വായി​ച്ച​തി​നു ശേഷം നിങ്ങൾക്ക്‌ അതെങ്ങനെ ബാധക​മാ​കു​ന്നു എന്ന്‌ ചിന്തി​ക്കുക എന്നതാണ്‌. വായന​യ്‌ക്കു ശേഷം പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക.

 •    ഈ ഭാഗം എന്തിനാണ്‌ യഹോവ ബൈബി​ളിൽ ഉൾപ്പെ​ടു​ത്തി​യത്‌?

 •    ഈ ഭാഗം യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധ​ത്തെ​ക്കു​റി​ച്ചും എന്താണ്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌?

 •    ഈ വിവരം എന്റെ ജീവി​ത​ത്തിൽ എനിക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം?

 നുറുങ്ങ്‌: ബൈബിൾ വായന​യിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന വീഡി​യോ​കൾക്കും ഭൂപട​ങ്ങൾക്കും മറ്റു സവി​ശേ​ഷ​ത​കൾക്കും ആയി പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പഠനപ്പ​തിപ്പ്‌ ഉപയോ​ഗി​ക്കാം.