വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

പ്രണയ​ത്ത​കർച്ച​യിൽ എങ്ങനെ തളരാതിരിക്കാം?

പ്രണയ​ത്ത​കർച്ച​യിൽ എങ്ങനെ തളരാതിരിക്കാം?

 ”ഗേൾഫ്ര​ണ്ടു​മാ​യി പിരി​ഞ്ഞ​പ്പോൾ ഞാൻ വല്ലാതെ തകർന്നു​പോ​യി. ജീവി​ത​ത്തിൽ ഞാൻ അനുഭ​വി​ച്ചി​ട്ടു​ള്ള ഏറ്റവും വലിയ മനോ​വേ​ദന അതായി​രു​ന്നു,” സ്റ്റീവൻ പറയുന്നു.

 നിങ്ങൾക്ക്‌ ഇതു​പോ​ലൊ​രു അനുഭവം ഉണ്ടായി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങൾക്കു​ള്ള​താണ്‌.

 ബന്ധം തകർന്ന​പ്പോൾ തോന്നി​യത്‌ എന്താണ്‌?

 ഒരു പ്രണയ​ത്ത​കർച്ച ഇരുകൂ​ട്ടർക്കും വേദന​യു​ണ്ടാ​ക്കു​ന്നു.

 •   ബന്ധം അവസാ​നി​പ്പി​ക്കാൻ നിങ്ങളാ​ണു മുൻ​കൈ​യെ​ടു​ത്ത​തെ​ങ്കിൽ ഒരുപക്ഷേ ജാസ്‌മെ​നു തോന്നി​യ​തു​പോ​ലെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കും. ജാസ്‌മെൻ പറയുന്നു: “ഞാൻ സ്‌നേ​ഹി​ച്ചി​രു​ന്ന ഒരാളെ വേദനി​പ്പി​ച്ചു എന്നത്‌ എനിക്കു താങ്ങാ​വു​ന്ന​തി​ലും അധിക​മാ​യി​രു​ന്നു. വീണ്ടും ഒരിക്ക​ലും അതു​പോ​ലെ​യൊ​ന്നു സംഭവി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല.”

 •   ബന്ധം അവസാ​നി​പ്പി​ക്കാൻ മുൻ​കൈ​യെ​ടു​ത്തത്‌ നിങ്ങൾ അല്ലെങ്കിൽ, പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെ​ട്ട​തു​പോ​ലെ​യാ​യി​രി​ക്കാം അപ്പോൾ തോന്നുക എന്നാണു ചിലർ പറയു​ന്നത്‌. “ഞാൻ അനുഭ​വി​ച്ചത്‌ അത്തരത്തി​ലു​ള്ള ഒരു ദുഃഖ​മാണ്‌ എന്നാണ്‌ എനിക്കു തോന്നു​ന്നത്‌. ഇതൊ​ന്നും സംഭവി​ച്ചി​ട്ടി​ല്ലെന്ന തോന്ന​ലും ദേഷ്യ​വും നിരാ​ശ​യും വിഷാ​ദ​വും ഒക്കെ കുറെ കാല​ത്തേക്ക്‌ എന്നെ അലട്ടി. ഏറെക്കു​റെ ഒരു വർഷം കഴിഞ്ഞ​പ്പോ​ഴാണ്‌ ഈ ബന്ധം അവസാ​നി​ച്ചെന്ന കാര്യം എനിക്ക്‌ ഉൾക്കൊ​ള്ളാ​നാ​യത്‌,” ജാനെറ്റ്‌ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: പ്രണയ​ത്ത​കർച്ച കടുത്ത നിരാ​ശ​യി​ലേ​ക്കും ഹൃദയ​ദുഃ​ഖ​ത്തി​ലേ​ക്കും നിങ്ങളെ തള്ളിവി​ട്ടേ​ക്കാം. ഒരു ബൈബിൾ എഴുത്തു​കാ​രൻ പറഞ്ഞതു​പോ​ലെ, “തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 17:22.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 •  ഒരു പക്വത​യു​ള്ള സുഹൃ​ത്തി​നോട്‌ ഉള്ളുതു​റ​ക്കു​ക. “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു,” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​ത​ങ്ങൾ 17:17) നിങ്ങളു​ടെ വികാ​ര​ങ്ങൾ മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യു​ള്ള ഒരു സുഹൃ​ത്തി​നോ​ടോ പങ്കു​വെ​ക്കു​ക. നിങ്ങളു​ടെ സാഹച​ര്യ​ത്തെ ശരിയായ വിധത്തിൽ കാണു​ന്ന​തി​നു അവർക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

   “മാസങ്ങ​ളോ​ളം ഞാൻ എന്നെത്തന്നെ ഒറ്റപ്പെ​ടു​ത്തി. എന്റെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു മറ്റാ​രോ​ടും സംസാ​രി​ക്കാ​തെ ഒഴിഞ്ഞു​മാ​റി​ന​ട​ന്നു. ഉറ്റസു​ഹൃ​ത്തു​ക്ക​ളോട്‌ എന്റെ ഹൃദയം തുറന്ന​പ്പോ​ഴാണ്‌ സത്യത്തിൽ എനിക്ക്‌ ആശ്വാസം ലഭിച്ചത്‌. അവർക്കു നമ്മളെ ആശ്വസി​പ്പി​ക്കാ​നാ​കും.”ജാനെറ്റ്‌.

 •  സംഭവി​ച്ച​തിൽനി​ന്നു പാഠം ഉൾക്കൊ​ള്ളു​ക. ഒരു ബൈബിൾ പഴമൊ​ഴി പറയു​ന്നത്‌ ഇതാണ്‌: “ജ്ഞാനം നേടുക, വകതി​രിവ്‌ സമ്പാദി​ക്കു​ക.” (സുഭാ​ഷി​ത​ങ്ങൾ 4:5) നമ്മളെ​ക്കു​റി​ച്ചു നന്നായി മനസ്സി​ലാ​ക്കാ​നും നിരാ​ശ​യെ നമ്മൾ എങ്ങനെ കൈകാ​ര്യം ചെയ്‌തു എന്നു തിരി​ച്ച​റി​യാ​നും നമുക്കു​ണ്ടാ​യ മോശം അനുഭ​വ​ങ്ങൾ സഹായി​ക്കും.

   “ഒരു പ്രണയ​ബ​ന്ധം തകർന്ന​പ്പോൾ ഒരു സുഹൃത്ത്‌ എന്നോടു ചോദി​ച്ചു: ഈ ബന്ധത്തിൽനിന്ന്‌ നീ പഠിച്ച പാഠം എന്താണ്‌? ആ പാഠങ്ങൾ ഇനി​യൊ​രു പ്രണയ​ബ​ന്ധ​ത്തിൽ നിന്നെ എങ്ങനെ സഹായി​ക്കും?”സ്റ്റീവൻ.

 •  പ്രാർഥി​ക്കു​ക. “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും,” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 55:22) ദുഃഖത്തെ മറിക​ട​ക്കാൻ പ്രാർഥ​ന​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. പ്രണയ​ത്ത​കർച്ച​യെ മറ്റൊരു കോണിൽനി​ന്നു വീക്ഷി​ക്കാ​നും പ്രാർഥന സഹായി​ക്കും.

   “എപ്പോ​ഴും പ്രാർഥി​ക്കു​ക. നിങ്ങളു​ടെ സാഹച​ര്യ​ത്തെ​യും വിഷമ​ത്തെ​യും നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തി​നെ​ക്കാൾ നന്നായി യഹോ​വ​യ്‌ക്ക്‌ അറിയാം.”— മാർഷെ.

 •  മറ്റുള്ള​വ​രെ സഹായി​ക്കു​ക. ബൈബിൾ പറയുന്നു: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.” (ഫിലി​പ്പി​യർ 2:4) മറ്റുള്ള​വ​രെ സഹായി​ക്കാൻ നിങ്ങൾ എത്ര കൂടുതൽ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു​വോ പ്രണയ​ത്ത​കർച്ച​യിൽനി​ന്നു കരകയ​റാൻ അത്ര എളുപ്പ​മാ​യി​രി​ക്കും.

   “പ്രണയം തകരു​മ്പോൾ ലോകം അവസാ​നി​ച്ച​തു​പോ​ലെ തോന്നും. മറ്റേ​തൊ​രു വേദന​യെ​ക്കാ​ളും വലുതാണ്‌ ഈ ഹൃദയ​വേ​ദന. എന്നാൽ പയ്യെപയ്യെ കാര്യങ്ങൾ ശരിയാ​യി വരുന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. മുറി​വു​ണ​ങ്ങാൻ അൽപ്പം സമയം കൊടു​ക്ക​ണ​മെ​ന്നു മാത്രം.”എവ്‌ലിൻ.